Slider

മാളികപ്പുറം

0


വർഷങ്ങള്ക്കു മുൻപൊരു മണ്ഡലകാലത്ത് അമ്മാവന്മാരോടൊപ്പം ഞാൻ മലകേറി. 
എന്നും രാവിലെ പിടിച്ചു കുളിപ്പിച്ച് നെറ്റിയിൽ ഭസ്മവുമിട്ട് അമ്മമ്മ സ്കൂളിലേക്ക് വിടും. ഞായറാഴ്ച തൈരും കൂട്ടി കഴിക്കുന്ന പഴയൻ ചോറ് മിസ്സായി. കഴുത്തിൽ കിടക്കുന്ന മാലകാരണം ഭാസ്കരൻ സാറിന്റെ കുറെ തല്ല് ഒഴിവായിക്കിട്ടി. എല്ലാർക്കും ഒരു ബഹുമാനം.. അങ്ങങ്ങനെ ആ ദിവസം വന്നു. വീട്ടിനടുത്തുള്ളവർക്കെല്ലാം കഞ്ഞിയും കപ്പ, കാച്ചിൽ, ചേമ്പ്, ചേന, കടല ഇതൊക്കെ ചേർത്ത ഒരു പുഴുക്കും കൊടുത്തു. എന്നാ ടേസ്റ്റാണെ ന്നോ..
വൈകിട്ട്എല്ലാരുംകൂടി അമ്പലത്തിലേക്ക്. അവിടെവെച്ചു കെട്ടുമുറുക്കി. കുഞ്ഞമ്മാവനും കൂട്ടുകാരും എല്ലാരും കൂടി ഏഴമ്മാവന്മാർ.. കൂടെ ഞാനും.. ടെമ്പോവാനിൽ യാത്ര തുടങ്ങി. നേരം വെളുക്കാനായപ്പോ പമ്പയിൽ. മുങ്ങിക്കുളിച്ചു. ഒരു കല്ലെടുക്കാൻ പറഞ്ഞതും നല്ല മുഴുത്തഒരെണ്ണം താങ്ങിയെടുത്തു.
"അത്രേം വേണ്ട മോളെ ചെറുതൊന്നു മതി". ചെറിയ കല്ലൊന്നും നോക്കിയിട്ട് കിട്ടിയില്ല. ഒടുവിൽ മീഡിയം സൈസിൽ ഒരെണ്ണം കിട്ടി. പമ്പയ്ക്കടുത്തുള്ളഒരു കടയിൽ നിന്ന് നല്ല മൊരിഞ്ഞ ദോശയും കഴിച്ചു കട്ടൻ ചായയും കുടിച്ചു മല കേറാൻ തുടങ്ങി. തലയിലെ ഇരുമുടിക്കെട്ടിന് നല്ല ഭാരമുണ്ട്. വഴിയിലെ കടകളിൽ വായിനോക്കി അങ്ങനെ നടന്നു. അപ്പോഴാണ് കുറേപ്പേരെ പല്ലക്കിൽ കൊണ്ടുപോകുന്നത് കണ്ടത്.
"എനിക്കതിൽ കേറണം"
"നിന്നെ ഇതിൽ കേറ്റാം.." എന്ന് പറഞ്ഞ് അമ്മാവൻ ഒരു കഴുതയെ ചൂണ്ടിക്കാണിച്ചു. പണ്ട് റെക്കോഡ് ബുക്കിൽ കളർ അടിച്ചതിൻ്റെ കലി പുള്ളിക്ക് മാറീട്ടില്ല.
"മടുത്തു".. പിറുപിറുക്കൽ കേട്ടിട്ടെന്നവണ്ണം കൂടെ വന്ന കൂട്ടുകാരനമ്മാവൻ എന്നെയെടുത്തു തോളത്തിരുത്തി.. എവിടെയോ എത്തിയപ്പോ ഒരു കല്ല്തന്നിട്ട് എറിയാൻപറഞ്ഞു..ഒരൊറ്റ ഏറായിരുന്നു. പിന്നെ പതിനെട്ടാം പടി.. സത്യമായിട്ടും ഒരൊറ്റ പടിപോലുംഞാൻ ചവുട്ടീല്ല. സൈഡിൽ നിന്ന പോലീസ് അങ്കിൾമാർ കൈമാറി കൈമാറി മുകളിലെത്തി. അവിടെ എത്തിയപ്പോ അമ്മാവൻ ഒരു തേങ്ങാ തന്നിട്ട്ഉരുട്ടാൻ പറഞ്ഞു.. മാളികപ്പുറത്തമ്മക്ക് വേണ്ടി.. നല്ല ഉരുണ്ട തേങ്ങാ.. അടിപൊളി.. ഉരുട്ടാൻ തുടങ്ങി.. എന്നെപ്പോലെ കുറെകുട്ടികളുണ്ട്. ദേ,ഞാൻ ഉരുട്ടിക്കൊണ്ടുവന്നത് വേറൊരു പെൺകുട്ടി തട്ടിയെടുത്തോണ്ട് പോകുന്നു. ടാലന്റ് ഉള്ളതുകൊണ്ട് പ്രോബ്ലം സോൾവായി.. എന്റെ പിറകെവന്ന ഒരു നാളികേരം അടിച്ചുമാറ്റി ഞാൻ ഉരുട്ടി. ഒടുവിൽ അയ്യനെ കാണാനെത്തി. വീണ്ടും ആരോ തോളിലേറ്റി. അപ്പോളാണ് ചിത്രഗീതത്തിലോ സ്മൃതിലയത്തിലോ കണ്ട പാട്ട് ഓർമവന്നത്..
"വീട്ടിലൊരു കൊച്ചനുജനായി കൂടെവരണേ" എന്ന് പറഞ്ഞു.. വേറൊന്നും പറഞ്ഞില്ല. പക്ഷെ ആ വിളി അയ്യപ്പൻ കേട്ട് കേട്ടോ.. ഒരു കുഞ്ഞനുജൻ വീട്ടിലുണ്ടായി. അരവണയും കടിച്ചാ പൊട്ടാത്ത ഉണ്ണിയപ്പവും മാലയും മോതിരവും പൊരിയും ഒക്കെ വാങ്ങി മലയിറങ്ങി. വ്രതം തെറ്റിച്ചാപുലി പിടിക്കുമെന്നു അമ്മമ്മപറഞ്ഞിരുന്നു. പക്ഷെ എന്നെ പിടിച്ചില്ല കേട്ടോ.. ഒരു നിർണായക നിമിഷത്തിൽ ഞാൻ അച്ചാറിട്ട പഴയൻ കഞ്ഞിവെള്ളം കുടിച്ചിരുന്നു.. അറിവില്ലാപൈതങ്ങളുടെ തെറ്റ് പൊറുത്തുതരണേ എന്ന് പറഞ്ഞാ ചെയ്തത്.. അതാകും.. പുലി വന്നില്ല. വീട്ടിലെത്തി, മാലയൂരി.. ഇഷ്ടമുള്ളതൊക്കെ ആർത്തിയോടെ ഭക്ഷിച്ചു.. ഭാസ്കരൻ സാറിനെ കാണുമ്പോ മാത്രം ഓർക്കുമായിരുന്നു.. മാല ഊരണ്ടായിരുന്നുവെന്നു. ഇനിയും പറ്റിയാൽ പോണം.. വയസ്സായിട്ടു.. നല്ലോണം വ്രതമൊക്കെയെടുത്ത്..


By UmaPradeep
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo