Slider

രമേശന്റെ മനസ്

0

Image may contain: 1 person
ഗോപാലേട്ടന്റെ വീടിന്റെ ഓട് പൊളിച്ചു മേയലിന്റെ ഇടയിലാണ് തെക്കേലെ തങ്കമണി ചേച്ചി ഓടി കിതച്ചു വന്നത്..
രമേശാ നീ വേഗം ആശുപത്രിയിലേക്ക്‌ ചെല്ല് അമൃതയെ ആശുപത്രിയിലേക്ക്‌ കൊണ്ടു പോയേക്കുവാ.
ദൈവമേ, അമൃതക്കെന്താ, ഞാൻ വീട്ടിന്ന് പോരുമ്പോൾ ഏനക്കേടൊന്നും പറഞ്ഞില്ലല്ലോ.
രാവിലെ മുതൽ വല്ലാത്ത ശർദ്ധിയും തല ചുറ്റലും ആയിരുന്നു. നിന്നെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്ത കാരണം ഞാൻ ഇങ്ങോട്ട് ഓടി വന്നതാ..
തങ്കമണി ചേച്ചി ശർദ്ധി എന്നു പറഞ്ഞതും ഗോപാലേട്ടനും കൂടെയുള്ള പണിക്കാരും വല്ലാത്തൊരു ചിരി അങ്ങ് ചിരിച്ചു.
വീടിന്റെ മച്ചിലേക്കു ഏണിയുടെ എല്ലാ പടികളും ചവിട്ടി കയറിയ രമേശൻ തിരിച്ചിറങ്ങാൻ നാലു പടി പോലും തികച്ചു ചവിട്ടിയില്ല.
ഈശ്വരാ, കല്യാണം കഴിഞ്ഞിട്ട് മാസം ഒന്നു തികഞ്ഞില്ല. വല്ല ഗ്യാസും എങ്ങാനും ആയിരിക്കണേ.
അമ്മേടെ വാതത്തിന്റെ മരുന്നും കഷായവും, രാജീവിന്റെ പഠിത്തം, ഉമേടെ കൊച്ചിന്റെ നൂലുകെട്ടു, ഉഷേടെ കല്യാണം അതിന്റെ ഇടയിൽ ഒരു കുഞ്ഞു കൂടി ആയാൽ എല്ലാം തകിടം മറയുമല്ലോ.
താഴെ എത്തിയ രമേശൻ നൂറെ നൂറിൽ വർക്കിംഗ്‌ ഡ്രസ്സ്‌ മാറി, എന്നിട്ട് സുകേശനെ വിളിച്ചു.
സുകേശ.. നീയും രവിയും അടുക്കളയിൽ നിന്നും തുടങ്ങ്, ജോസേട്ടനും ആ പുതിയ പയ്യനും പൊളിച്ചു പുതിയ മരം കേറ്റട്ടെ.
അപ്പോഴേക്കും ഞാൻ ഇങ്ങെത്താം.
നിങ്ങളു പോയി വാ രമേശേട്ടാ., ഇത് ഞങ്ങളേറ്റു, പിന്നെ വരുമ്പോൾ ഒരു ഫുള്ളും കൊണ്ടു വന്ന മതി, അച്ഛനാവാൻ പോവല്ലേ..
സുകേശൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
അവന്റെ ഒരു കൊല ചിരി,
രമേശൻ പിറുപിറുത്തു കൊണ്ടു തന്റെ യമഹ സ്റ്റാർട്ട്‌ ആക്കി നേരെ ആശുപത്രിയിലേക്ക്‌ വിട്ടു.
ദൈവമേ ഇത് ഗ്യാസ് തന്നെ ആകണെ.
ബൈക്കിൽ ആശുപത്രിയിലേക്ക്‌ കുതിക്കുമ്പോഴും രമേശൻ ഗ്യാസിനെ വിടാതെ പിടിച്ചു.
അവറാൻ ചേട്ടന്റെ തട്ടുകടയിൽ നിന്നും ഇന്നലെ വൈകിട്ടു വീട്ടിൽ മേടിച്ചു കൊണ്ടുവന്ന കപ്പയും ഇറച്ചിയും രമേശന്റെ ഗ്യാസിന് ബലം കൂട്ടി.
ആശുപത്രിയിൽ എത്തി ഫോണെടുത്തു രാജീവിനെ വിളിച്ചു..
ഹലോ ഏട്ടാ ഏട്ടനിതെവിടാ..
മറു തലക്കെ ഉഷേടെ ശബ്ദം കേട്ടു.
ഞാൻ ഇവിടെത്തി മോളെ. നിങ്ങളിവിടെ അമൃതക്ക് എങ്ങനെ ഉണ്ട്..
ഒക്കെ പറയാം ചേട്ടൻ ആദ്യം ഒരു കിലോ ഓറഞ്ചു മേടിച്ചു കൊണ്ടു വാ..
ഓറഞ്ചോ, അതെന്തിനാ മോളെ.
ഏട്ടത്തിക്ക്..
ഹലോ, ഹെലോ,
ഏട്ടത്തിക്ക് എന്നു പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്തു.
എന്തോ, ഉഷേടെ സംസാരത്തിൽ ഒരു സന്തോഷം പോലെ രമേശന് തോന്നി.
രമേശൻ വീണ്ടും ദൈവത്തെ വിളിച്ചു.
ഈശ്വരാ, ഇനിയിത് ഗ്യാസ് അല്ലെയോ.
ഉഷ പറഞ്ഞത് പോലെ രമേശൻ തൊട്ടടുത്ത കടയിൽ കയറി ഒരു കിലോ ഓറഞ്ചു മേടിച്ചു.
കടയിൽ നിന്നും തിരിഞ്ഞതും വീണ്ടും ഫോൺ വന്നു.
ഹെലോ, ഉഷേ.
ഏട്ടാ, ഏട്ടനിതെവിടാ,.
അപ്പുറത്ത് രാജീവിന്റെ ശബ്ദം കേട്ടു.
ഏട്ടൻ ഇവിടെ എത്തിയെട.
ആ ഏട്ടൻ മുകളിലേക്ക് വരുമ്പോൾ ഒരു പാക്കെറ്റ് ലഡു മേടിച്ചോണ്ട് പോരേട്ടോ.
ലഡ്ഡു എന്നു കേട്ടതും രമേശന്റെ കണ്ണ് രണ്ടും പുറത്തേക്കു തള്ളി..
ഇതുവരെ മുറുകെ പിടിച്ച ഗ്യാസിനെ തന്റെ മനസ്സിലിട്ടു ഒരായിരം ഭരണി പാട്ട് പാടി ഒരു പാക്കറ്റ് ലഡുവുമായി രമേശൻ ആശുപത്രിയിലേക്ക്‌ കയറി.
ആശുപത്രി വരാന്തയിൽ എന്നെ കണ്ടപ്പോൾ രാജീവ് സന്തോഷം കൊണ്ടു ഓടി വന്നു..
രാജീവിന്റെ വരവ് കണ്ടപ്പോൾ തന്നെ രമേശൻ ഒരച്ഛനാകാൻ പോകുന്നു എന്നു മനസ്സിൽ ഊട്ടി ഉറപ്പിച്ചു..
ഏട്ടാ,, റിസൾട്ട്‌ വന്നു എനിക്ക് ക്ലാസ്സ്‌ ഉണ്ട്.
രമേശന്റെ കയ്യിലിരുന്ന ലഡുവിന്റെ കവർ രാജീവ്‌ പിടിച്ചു വാങ്ങി പൊട്ടിച്ചു അതിൽ നിന്നും ഒരു ലഡുവെടുത്തു രമേശന് കൊടുത്തു.
ലഡു വാങ്ങേണ്ട താമസം..
ഉഷ ഓടി വന്നു ഏട്ടാ ആ ഓറഞ്ചു ഇങ്ങ് തന്നേ എന്നു പറഞ്ഞ് കയ്യിൽ നിന്നും ഓറഞ്ചു കിറ്റ് മേടിച്ചു.
ഓ രാവിലെ മുതൽ ഒന്നും കഴിക്കാതെ ഇരിക്കാണ് എന്നും പറഞ്ഞ് അവൾ ഒറഞ്ചേടുത്തു തൊലി ഉരിഞ്ഞു.
രാജീവും ഉഷയും അമൃതയെ പറ്റി ഒന്നും പറഞ്ഞില്ല..
രമേശൻ നേരെ അമ്മക്കരികിലെത്തി.
അമ്മേ അമൃത എവിടെ..
ആ, അവള് അകത്തുണ്ടെടാ, നീ ഒരു നൂറു രൂപ ഇങ്ങെടുത്തേ ഞാനെന്തേലും കഴിച്ചിട്ട് വരട്ടെ, ഒരൊറ്റ നിപ്പായിരുന്നെ രാവിലെ മുതൽ.
ലഡ്ഡുവിന്റെ കവറു കൊണ്ടു രാജീവും, ഓറഞ്ചിന്റെ കിറ്റ് കൊണ്ടു ഉഷയും, പോക്കറ്റിൽ ആകെ ഉണ്ടായിരുന്ന നൂറു രൂപ കൊണ്ടു അമ്മയും താഴേക്ക്‌ ഇറങ്ങി പോകുന്നത് രമേശൻ നിസ്സഹായതതോടെ നോക്കി നിന്നു..
അടുത്ത നിന്ന നഴ്സിനോട് അമൃതയെ ചോദിച്ചപ്പോൾ. അവർ അകത്തേക്കു വിരൽ ചൂണ്ടി,അവിടെ ഉണ്ടെന്ന് പറഞ്ഞു.
അകത്തു കടന്നപ്പോൾ ക്യാഷുവാലിറ്റി റൂമിന്റെ ഒരു മൂലയിൽ അമൃതയെ ട്രിപ്പ്‌ ഇട്ടു കിടത്തിയിരിക്കുന്നത് കണ്ടു രമേശൻ ഓടി ചെന്നു.
രമേശനെ കണ്ടതും അമൃത ഒന്നെഴുനേൽക്കാൻ ശ്രമിച്ചു..
എന്ത് പറ്റി മോളെ.. എന്നു പറഞ് രമേശൻ ബെഡിനരികിലായി ഇരുന്നു.
ഒന്നുല്ല്യ, രമേശേട്ടാ ചെറിയൊരു ഷീണം.
രാവിലെ കഴിച്ചത് പിടിച്ചില്ല അതാണ്.
ഞാൻ കരുതി നമുക്കിടയിലേക്കു ഒരാളും കൂടി വരാൻ പോകുന്നു എന്നു..
ഒരു കള്ള ചിരി വിടർത്തി രമേശൻ അമൃതയോടു പറഞ്ഞു..
ആ, വൈകാതെ തന്നെ ആ അഥിതി ഇങ്ങെത്തുട്ടോ എന്നു രമേശന്റെ മൂക്കിന് നുള്ളി കൊണ്ടവൾ നാണത്തോടെ പറഞ്ഞു.
സന്തോഷം കൊണ്ടു രമേശൻ അവളെ നെഞ്ചോടു ചേർക്കുമ്പോഴും രമേശന്റെ മനസ് വീണ്ടും പറഞ്ഞു.
"അമ്മയുടെ വാതത്തിന്റെ കഷായം, രാജീവിന്റെ പഠിത്തം, ഉമയുടെ കൊച്ചിന്റെ നൂലുകെട്ടു, ഉഷയുടെ കല്യാണം.."
Aneesh.p.t
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo