ഒരൊന്നൊന്നര സമ്മാനം !
$$$$$$$$$$$$$$$$$$$$$
$$$$$$$$$$$$$$$$$$$$$
ടി, ഇയ്യ് വെജാറാവണ്ട. അനക്ക് ലീവ് കിട്ടാത്തൊണ്ടല്ലേ. ഞാൻ ഇന്ന് പണിക്കു പോണില്ല. മോളെ കൂടെ അടിച്ചു പൊളിക്കും. ബാക്കി ഇയ്യ് വന്നിട്ട് വൈകുന്നേരം ആഘോഷിക്കാം... അടിപൊളി ബിരിയാണി ആയിക്കോട്ടെ ! എന്താ ഒക്കെ അല്ലേ ? ഞാൻ ഷൈബുവിനോട് വരുമ്പോ കേക്ക് വാങ്ങി വരാൻ പറഞ്ഞിട്ടുണ്ട്.
ഉപ്പ എന്റെ പിറന്നാൾ ആഘോഷിക്കാനുള്ള പ്ലാൻ ഉമ്മാനോട് രഹസ്യമായി പറയാനെന്ന മട്ടിൽ ഉറക്കെ ഉറക്കെ പറയുന്നുണ്ട്.
എന്റെ മനസിൽ അതൊന്നുമല്ലായിരുന്നു. ഇന്നാണ് ബ്രോക്കർ പറഞ്ഞ ചെക്കൻ വിളിക്കണ ദിവസം. എന്നാലും ന്റെ ബ്രോക്കറെ എന്റെ ബെർത്ഡേയ് ക്ക് വേണായിരുന്നോ ഈ ചതി. ഉപ്പന്റെ ഫോണിലായിരിക്കോ വിളിക്ക ? അതോ എന്റെ ഫോണിലേക്കോ ? ആവോ ആർക്കറിയാം !
ഏയ് ഞമ്മക്ക് പേടിയൊന്നുല്ല. ന്നാലും വീട്ടുകാർ പരസപരം ഇഷ്ടപെട്ട ആലോചന ആണ്. ഇനി എന്റെയും ചെക്കന്റേയും സമ്മതം മാത്രമാണ് ബാക്കി. അതും കൂടിയായാൽ അടുത്തത് കല്യാണം !ന്നാലും ഞമ്മക്കൊരു പേടി അല്ലാ ഒരു ടെൻഷൻ. ഒരുപാട് ആൺകുട്ടികൾ കസിൻസ് ആയും ഫ്രണ്ട്‌സ് ആയും ഉണ്ട്. പക്ഷെ, ഇതു അതു പോലെ അല്ലല്ലോ ! ഒരിക്കലും കാണാത്ത ഒരു ചെക്കൻ, ഭാവിയിൽ ഞമ്മളെ കെട്ട്യോനാവാൻ ചാൻസുള്ള ചെക്കൻ.
ഇതിപ്പോ അതൊന്നല്ല പ്രശ്നം. എന്റെ ഭാഷയാണ് പ്രശ്നം ! തമിഴ്നാട്ടിൽ പഠിപ്പും ജോലിയുമൊക്കെയായി അഞ്ചാറു കൊല്ലം അവിടെ നിന്നപ്പോഴേക്കും സംസാരം എല്ലാം തമിഴും, കേരളത്തിലെ എല്ലാ ജില്ലകളും ചേർന്നതായി.
ർണീം...... ർണീം.... ണീം.....
ഉപ്പാന്റെ ഫോൺ... ഗൾഫിലെ നമ്പർ !
പടച്ചോനെ എനിക്ക് വയറു വേദന എടുക്കുന്നു . നെഞ്ച് പുകയുന്നു . തൊണ്ടേല് എന്തോ കെട്ടി നിൽക്കാണല്ലോ ! ഫോൺ കട്ട് ചെയ്താലോ ??
ന്റെ പടച്ചോനേ, ന്നെ കാത്തോളി......
ഹലോ, ആരാ ?
ഹലോ, അസ്സലാമു അലൈകും. എന്റെ പേര് ഷബീർ. ഇന്ന് വിളിക്കുമെന്ന് പറഞ്ഞിരുന്നു.
ഹോ എന്റെ കൂട്ടരെ, ഇത്രയും കേട്ടപ്പോഴേക്കും എനിക്ക് ചുറ്റും ആയിരം റോസാ പൂക്കൾ വിരിഞ്ഞ പോലെ തോന്നി. എന്തു നല്ല സുഗന്ധം !
ചെക്കൻ വീണ്ടും സംസാരം തുടർന്നു.
എനിക്കു ലീവ് അടുത്തൊന്നും കിട്ടാൻ ചാൻസില്ല. എനിക്ക് ഇയാളെ ഇഷ്ട്ടായി ട്ടോ. പിന്നെ ന്റെ ഫോട്ടോ കണ്ടല്ലോ ല്ലേ. അത്ര ഒന്നും കളർ ഇല്ലാട്ടോ . സ്റ്റുഡിയോന്നു എടുത്തതാ, അതോണ്ട് ആ കണക്കു വെച്ചു നോക്കിയാൽ മതി. ഇയാൾക്ക് ഇനി എന്നെ കണ്ടിട്ടാണ് തീരുമാനിക്കാൻ പറ്റോന്നു ഉള്ളെങ്കിൽ ഞാൻ എമർജൻസി ലീവെടുത്തു വരാം.
ചെക്കൻ പിന്നെയും സംസാരം തുടർന്നു. പക്ഷെ, ഞാനൊന്നും കേട്ടില്ല. കാരണം മ്മള് ഫ്ലാറ്റ് !
അങ്ങനെ ജനുവരി 29 നു ഉപ്പയും ഉമ്മയും എനിക്ക് ഒരു സമ്മാനം തന്നു. ഒരൊന്നന്നര സമ്മാനം !
ആ സമ്മാനം എനിക്ക് എപ്പോഴും കൂട്ട് തരും, അപകടങ്ങളിൽ ആ സമ്മാനം ഉറപ്പുള്ള ഒരു മതിലായി നിന്ന് രക്ഷിക്കും, സങ്കടങ്ങൾ വരുമ്പോൾ ആ സമ്മാനം ഒരു കോമാളിയുടെ വേഷം കെട്ടും, തണുക്കുമ്പോൾ സുഖമുള്ള ചൂട് പകരും, സ്നേഹം ഒരു പിശുക്കും കൂടാതെ വാരി കോരി തരുന്ന സമ്മാനം.
ഒരുപാട് തയ്യാറെടുപ്പിനു ശേഷം ഡിസംബർ 20 നു ഉപ്പ എന്റെ കയ്യിൽ വെച്ചു തന്നു ആ സമ്മാനം !
എന്റെ മരണം വരെ ആ സമ്മാനം കൂടെയുണ്ടാകും, ഒരിക്കൽ പോലും പിരിയാതെ..തീർച്ച !
#hudashabeer
#hudashabeer
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക