നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്ദ്രിക-4

ചന്ദ്രിക-4.....
...............
അന്ന് രാത്രിയിൽ ഒട്ടും ഉറക്കം വന്നില്ല..കണ്ണടക്കുമ്പോൾ അവളുടെ മുഖം കണ്ണ് തുറന്നാൽ അവളുടെ കറുത്ത കൂവള മിഴികൾ... അവളെക്കാളും എത്രയോ സുന്ദരി പിള്ളേരെ കോളേജിൽ കണ്ടിട്ടുണ്ട്..എന്നിട്ടും അവരോടൊന്നും തോന്നാത്ത എന്തോ ഒന്ന് അവളോട്‌ മാത്രം തോന്നുന്നതെന്തേ...അവളുടെ കണ്ണുകളിലെ തിളക്കത്തിന് എന്തോ കാന്തിക ശക്തിയുണ്ട്....അവളെ ഈശ്വരൻ എനിക്കായ് പടച്ചതാണെന്ന് ഒരു തോന്നൽ...
പിറ്റേന്ന് മുതൽ എൻ്റെ ജീവിതത്തിന് എന്തോ മാറ്റം വന്നത് പോലെ..ഞായറാഴ്ച മാത്രമുണ്ടായിരുന്ന ഫ്രാൻസിസിൻ്റെ വീട്ടിലേക്കുള്ള യാത്ര ദിവസേനെയായി.ഡിഗ്രിക്ക് നല്ല മാർക്കുണ്ടായിരുന്നതിനാൽ അതേ കോളേജിൽ പീ.ജിക്ക് അഡ്മിഷൻ കിട്ടുമായിരുന്നിട്ടും അവൾ പഠിക്കുന്ന കോളേജിലേക്ക് ഞാൻ അഡ്മിഷൻ വാങ്ങിയത് അവളെ ദിവസവും കാണുന്നതിന് വേണ്ടി മാത്രമായിരുന്നു... എൻ്റെ പ്രണയം അവളോട് പറയണം..പലപ്പോഴും പറയാൻ വേണ്ടി അടുത്തേക്ക് ചെല്ലും എന്തോ ഒരുൾഭയം...ഒരു ദിവസം അവളോട് അത് പറയുക തന്നെ ചെയ്തു
"എടി..കൊച്ചേ..ഞാൻ നിന്നെ വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടുപോയല്ലോ..."
"അതിനെന്താ...ഇഷ്ടപ്പെട്ടോളൂ...പക്ഷെ എനിക്ക് ഇഷ്ടമല്ല"
അവളുടെ ആ മുഖത്തടിച്ചുള്ള മറുപടി എന്നെ കൂടുതൽ കരുത്തനാക്കിയതേയുള്ളു...എൻ്റെ പ്രണയ ദൂതു പറയുന്ന ഹംസമാവാൻ പ്രാഞ്ചി തയ്യാറായി..എന്നിട്ടും യാതൊരു പുരോഗതിയും ഉണ്ടായില്ല...വഞ്ചി അപ്പോഴും നിരുന്നക്കര തന്നെ
അന്ന് എൻ്റെ പിറന്നാളായിരുന്നു..മുതിർന്നതിന് ശേഷം എൻ്റെ പിറന്നാൾ ദിനം ഞാൻ ഓർക്കാറില്ലായിരുന്നു...അന്നായിരുന്നു ആ സംഭവം.....എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമ്മാനം ലഭിച്ച സംഭവം
അന്നും പതിവ് പോലെ കോളേജിൽ പോയതായിരുന്നു...ഒരു ചെറിയ പ്രോജക്ട് തയ്യാറാക്കാൻ ലാബിലേക്ക് പോക്കേണ്ടത് അവളുടെ ക്ലാസ് മുറിയുടെ മുന്നിലൂടെയാണ്..പതിവ് പോലെ ഞാൻ അവളെ ക്ലാസിൽ നോക്കി..അവർക്ക് ക്ലാസ് ഒഴിവാണെന്ന് തോന്നുന്നു..അവളുടെ മുന്നിൽ കുറച്ചു പേപ്പറുകൾ ഞാൻ കണ്ടു.അതിലെന്തോ അവൾ എഴുതുന്നു..വല്ല നോട്സും ആയിരിക്കും..പെട്ടെന്ന് അവളെന്നെ കണ്ടു..നോട്ടം തിരിച്ചു കളഞ്ഞു.പ്രോജക്ട് ചെയ്തു കഴിഞ്ഞതിനു ശേഷം ഞാൻ തിരിച്ചു വരുമ്പോൾ അവളുടെ ക്ലാസ് റൂമിന് മുന്നിൽ എന്നെയും കാത്ത് അവൾ നില്ക്കുന്നുണ്ടായിരുന്നു..അവളെ മൈൻ്റ് ചെയ്യാതെ പോയപ്പോൾ പുറകിൽ നിന്നൊരു വിളി
"ബാലുവേട്ടാ"തിരിഞ്ഞ് നോക്കി അവളുടെ അടുത്തേക്ക് നടന്നു
"ഹാപ്പി ബർത്ത്ഡേ"ശരിക്കും ഞാനൊന്ന് ഞെട്ടി..ഇവളെങ്ങനെ എൻ്റെ പിറന്നാൾ ദിനം ഓർത്തു..പ്രാഞ്ചി പറഞ്ഞ് കാണും..
അവൾ ഒരു ചെറിയ സമ്മാനപൊതി എനിക്ക് നേരെ നീട്ടി...മുതിർന്നതിന് ശേഷം എനിക്കാദ്യമായി കിട്ടിയ പിറന്നാൾ സമ്മാനം...അന്നേരം പൊട്ടിച്ച് നോക്കാൻ എൻ്റെ മനസ്സ് വെമ്പി..പക്ഷെ അതിനെ പിടിച്ചു നിർത്തി..ക്ലാസിൽ ആരുമില്ലാത്ത നേരത്ത് ആ സമ്മാനപൊതി ഞാൻ പതുക്കെ അഴിച്ചു.. വർണ്ണ കടലാസ്സിനുള്ളിൽ പേപ്പർ കൊണ്ട് നല്ല മനോഹരമായി വെട്ടിയുണ്ടാക്കിയ ഒരു കുഞ്ഞു ബോക്‌സ്... അതഴിച്ചപ്പോൾ വീണ്ടും ചെറിയൊരു ബോക്‌സ്... ക്ഷമക്കെട്ട് അതും അഴിച്ചപ്പോൾ അതിനുള്ളിലുണ്ടായിരുന്ന ആ സമ്മാനം കണ്ട് ഞാൻ തുള്ളിച്ചാടി..
തെർമോകോൾ കൊണ്ട് ഒരു ഹൃദയത്തിൻ്റെ മാതൃകയുണ്ടാക്കി അതിൽ ചുകന്ന മഷി കൊണ്ട് ഇങ്ങനെ എഴുതിയിരിക്കുന്നു...
"എനിക്കും ഇഷ്ടമാണ്"...ലോകം കീഴടക്കിയവനെ പോലെ ഞാൻ ആർത്തട്ടഹസിച്ചു...
പിന്നീടുള്ള ദിവസങ്ങളിൽ കോളേജ് ക്യാമ്പസിലെ വാകമരവും വലിയ കിളിചുണ്ടൻ മാവും അക്വോഷ്യ മരങ്ങളും ഞങ്ങളുടെ പ്രേമ സല്ലാപങ്ങൾ കണ്ട് നാണിച്ച് മുഖം താഴ്ത്തി,പ്രേമ കിന്നരികൾ കേട്ട് ചെവി പൊത്തി...
ഒരു ദിവസം കോളേജ് വിട്ട് വരുമ്പോൾ വീടിന്റെ ഉമ്മറത്ത് എന്നെയും കാത്ത് അമ്മാവന്മാരും അളിയന്മാരും നില്ക്കുന്നു... വലിയമ്മാവൻ്റെ കൈയിൽ വലിയൊരു വടി.വന്ന് കയറിയപ്പോൾ തന്നെ കിട്ടി തുടയിൽ രണ്ടെണ്ണം..പത്തിരുപതു വയസ്സായ ഒരു ചെറുപ്പക്കാരനാണ് ഞാനെന്ന് പോലും അവർ ഓർത്തില്ല..
"എടാ..കുരുത്തംകെട്ടവനെ ആരാടാ അവൾ"...മുടിയഴിച്ചിട്ട ഭദ്രക്കാളിയെ പോലെ അമ്മ ഉറഞ്ഞു തുള്ളി
"ആര്"
"ആരെന്ന് നിനക്കറിയില്ല അല്ലേടാ"...ചെറിയമ്മാവൻ്റെ സ്വരം കനത്തിരുന്നു
"നിനക്ക് പ്രേമിക്കാൻ നസ്രാണിച്ചിയെ മാത്രമേ കിട്ടിയുള്ളു അല്ലേടാ"വലിയമ്മാവൻ്റെ കൈയിലെ വടിയുടെ ചൂട് ഞാൻ പിന്നെയും അറിഞ്ഞു.
ഇതൊന്നും കാണാനാവാത്തത് കൊണ്ടായിരിക്കണം അച്ഛൻ അകത്തേക്ക് പോയി.അടി കിട്ടിയപ്പോൾ എനിക്ക് എവിടെ നിന്നോ ശക്തി കിട്ടിയപ്പോലെ
"നിങ്ങളെന്നെ തല്ലി കൊന്നാലും എൻ്റെ കൊക്കിൽ ജീവനുണ്ടേൽ ഞാൻ അവളെയേ കെട്ടൂ"
"പിന്നെ നീ കെട്ടും...നീയിനി കോളേജിൽ പോയാല്ലല്ലേ അവളെ കാണു..നീയിവിടെ നിന്ന് പുറത്തിറങ്ങിയാൽ നിൻ്റെ കാല് ഞങ്ങൾ വെട്ടും"
"മാഷാണ് ഇവനെ ഇങ്ങനെ ലാളിച്ച് വഷളാക്കിയത്"
പിന്നെ ശരിക്കും വീട്ട് തടങ്കലിൽ ആയിരുന്നു.. കോളേജ് പഠനം മുടങ്ങി എന്നു തന്നെ പറയാം.. ഞാനും എനിക്ക് ആവൂന്ന വിധത്തിൽ പ്രതിഷേധിച്ചു..ഒരു ദിവസം വൈകുന്നേരം അച്ഛൻ റൂമിലേക്ക് വന്നു
"മോനെ...നിൻ്റെ നന്മയേ കരുതിയാണ് അമ്മാവന്മാർ നിന്നെ തല്ലിയത്..അതിൽ എനിക്കും വിഷമമുണ്ട്.ഇന്നുവരെ ഒരു കുട്ടികളെ പോലും ഞാൻ നുള്ളി നോവിച്ചിട്ടില്ല..അതുകൊണ്ട് തന്നെ രാഘവൻ മാഷിന്റെ ക്ലാസിൽ നിന്ന് ഒരു കുട്ടികളും വിട്ടുനിന്നിട്ടില്ല..എല്ലാ മാഷുമാരും പറയും കുട്ടികളെ അടിച്ച് പഠിപ്പിക്കണമെന്ന് എന്നാലേ അവർ നന്നാവൂന്ന്..എൻ്റെ മോനെ അച്ഛൻ ഇതുവരെ അടിച്ചിട്ടില്ല..നീ വഴി തെറ്റി പോകില്ലെന്ന് അച്ഛനറിയാം"
"അച്ഛാ ഞാൻ...അവളെ..അവളെ ഒരുപാട് സ്നേഹിക്കുന്നു..അവളൊരു പാവം പെണ്ണാണാച്ഛാ"
"എനിക്കറിയാം എൻ്റെ മോനെ..അച്ഛൻ മോനോട് ഒരു കാര്യം പറയാം..നീ അനുസരിക്കണം...നിങ്ങളുടെ കല്ല്യാണം അച്ഛൻ നടത്തി തരാം...പക്ഷെ അതിനു മുമ്പ് നിനക്ക് നല്ലൊരു ജോലി വേണം...ഇനിയിപ്പോൾ കോളേജിൽ പോയി പഠിക്കുകയൊന്നും വേണ്ട...എൻ്റെ സുഹൃത്ത് അബ്ദു നിനക്ക് നല്ലൊരു വീസ ശരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്.. അവൻ്റെ മോൻ ബഷീർ ദുബായിലുണ്ട്..നാലഞ്ച് വർഷം എൻ്റെ മോൻ അവിടെ പോയി പണിയെടുത്ത് കുറച്ചു കാശുമായി വരുമ്പോൾ നിൻ്റെ അമ്മാവന്മാർക്ക് പിന്നെ ഒരെതിർപ്പും ഉണ്ടാവില്ല..അച്ഛൻ അപ്പോഴെക്കും അവരോട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താം"
"അച്ഛാ.."
"നിനക്ക് അച്ഛനെ വിശ്വാസമില്ലേടാ..ഇന്നുവരെ നിൻ്റെ അച്ഛൻ നുണ പറഞ്ഞിട്ടുണ്ടോ?അച്ഛൻ മോന് വാക്ക് തരുന്നു... അഞ്ച് വർഷം കഴിഞ്ഞ് നീ വന്നാലുടൻ നിൻ്റെയും അവളുടെയും കല്ല്യാണം ആരെതിർത്താലും ഞാൻ നടത്തി തരും"
ചന്ദ്രികയോട് അനുമതി വാങ്ങാൻ അവളുടെ വീട്ടിൽ പോയപ്പോഴാണ് എൻ്റെ അതേ അവസ്ഥയിൽ തന്നെയാണ് അവളും അവിടെ കഴിയുന്നതെന്ന് മനസ്സിലായത്...തല്ലിയും ഭീഷണി പെടുത്തിയും ആത്മഹത്യ ഭീഷണി മുഴുക്കിയും ഞാനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് വീട്ടുകാർ പറഞ്ഞപ്പോൾ മരിച്ചാലും ബാലുവിനെ മറന്ന് മറ്റൊരു ജീവിതം തനിക്കുണ്ടാവില്ലെന്ന് അവൾ തീർത്ത് പറഞ്ഞു..
"കൊച്ചേ...അഞ്ചുകൊല്ലമെന്നത് വേഗം അങ്ങ് തീരും..ആരെതിർത്താലും എൻ്റെച്ഛൻ നമ്മോടൊപ്പമുണ്ട്..അത് മതി..പോയിട്ട് ഞാൻ കത്തിടാം..മറുപടി വൈകരുത്.. എന്ത് പ്രശ്നമുണ്ടായാലും പിടിച്ചു നില്ക്കണം"
അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ കരള് പറിഞ്ഞു പോകുന്ന വേദനയായിരുന്നു...ദുബായിൽ എത്തിയ അന്ന് തന്നെ അവൾക്ക് ഞാനെഴുതി..അതിനുള്ള മറുപടിയും വേഗത്തിൽ വന്നു..അടുത്തിരിക്കുമ്പോഴല്ല അകന്നിരിക്കുമ്പോഴാണ് സ്നേഹത്തിന് മധുരം കൂടുക എന്ന് ഞങ്ങൾക്ക് മനസ്സിലായി... ബഷീറിന്റെ സഹായത്താൽ നല്ലൊരു കമ്പനിയിൽ മോശമല്ലാത്ത ഒരു ജോലി സമ്പാദിക്കാൻ സാധിച്ചു...എഴുത്തുകൾ മുറയ്ക്ക് നടന്നു...
ആദ്യമൊക്കെ എഴുത്തിനുള്ള മറുപടി പെട്ടെന്ന് കിട്ടിയിരുന്നു.. പിന്നെ പിന്നെ എൻ്റെ കത്തിനുള്ള മറുപടി എനിക്ക് കിട്ടാതായി..ഒരു ദിവസം അച്ഛൻ്റെ കത്ത് കിട്ടി...വീട്ടിൽ ഫോൺ കിട്ടിയെന്നും ഇനി അതിലേക്ക് വിളിച്ചാൽ മതിയെന്നും പറഞ്ഞു.അപ്പോഴും ചന്ദ്രികയെ കുറിച്ച് ഒന്നും അറിയാൻ പറ്റാതെ ഞാൻ വിഷമിച്ചു..രണ്ടു ദിവസം കഴിഞ്ഞപ്പോൾ എനിക്കൊരു കത്ത് കിട്ടി..അത് തുറന്ന് നോക്കിയ ഞാൻ ഞെട്ടി അതൊരു കല്ല്യാണകുറിയായിരുന്നു.
Chandrika weds Alex Philip
അമേരിക്കയിൽ ജോലി ചെയ്യുന്ന ഏതോ ഒരുവനുമായി അവളുടെ കല്ല്യാണം..എനിക്കത് സങ്കല്പിക്കാവുന്നതിനുമപ്പുറമായിരുന്നു.എല്ലാവരും രാത്രി ഷിഫ്റ്റിൽ ജോലിക്ക് കയറിയപ്പോൾ സുഖമില്ലെന്ന് പറഞ്ഞ് ഞാൻ റൂമിലേക്ക് തിരിച്ചു വന്നു..ചന്ദ്രികയില്ലാത്ത ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ കൂടി പറ്റിയില്ല...ബാത്റൂമിൽ കയറി എൻ്റെ കൈയിലെ വെയിൻ മുറിച്ച് ഞാൻ ആത്മഹത്യക്ക് ശ്രമിച്ചു.. എന്തോ ആവശ്യത്തിന് റൂമിലേക്ക് വന്ന സഹമുറിയൻ മരണത്തിനോട് മല്ലിട്ട് കിടക്കുന്ന എന്നെയും എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടി...
ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി
ആർക്ക് വേണ്ടിയാണോ ഞാൻ അത്രയും അടി കൊണ്ടത്? ആർക്ക് വേണ്ടിയാണ് ഞാൻ എൻ്റെ പഠിപ്പ് കളഞ്ഞ് ഈ മണലാരണ്യത്തിൽ വന്ന് കഷ്ടപ്പെടുന്നത്?...എല്ലാം ശൂന്യം
ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ഛൻ്റെ ഫോൺ വന്നു...അച്ഛൻ്റെ സംസാരത്തിലും നിരാശയുണ്ടായിരുന്നു
"മോനെ...നീ വിഷമിക്കണ്ട..നിന്നെ വേണ്ടാത്തവളെ നിനക്കെന്തിനാടാ..എൻ്റെ മോനിനി കടുംകൈ ഒന്നും ചെയ്യരുത്.. നമ്മളും ഇവിടം വിടുകയാണ്..എനിക്കും ഇവിടം മടുത്തു..എനിക്കിനി ഒന്നര കൊല്ലം മാത്രമേ സർവ്വീസുള്ളു.അച്ഛന് വെള്ളാട്ടുള്ള യൂപി സ്ക്കുളിലേക്ക് ഹെഡ്മാഷായി പ്രെമോഷനായി..ഇവിടുത്തെ വീടും പറമ്പും വില്ക്കാൻ അമ്മാവന്മാരോട് പറഞ്ഞിട്ടുണ്ട്..ഞാൻ അവളുടെ വീട്ടിൽ പോയിരുന്നു.. പള്ളിക്കാരും സമുദായക്കാരും അവരെ സമുദായത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് അവള് മറ്റൊരു കല്ല്യാണത്തിന് സമ്മതിച്ചത് പോലും..എൻ്റെ മോൻ എല്ലാം മറക്കണം...പുതിയൊരു ജീവിതം ഉണ്ടാക്കണം...അവിടുത്തെ ജോലി മതിയാക്കി നീ ഇങ്ങ് വാ"
"ഞാൻ വരാം അച്ഛാ..കുറച്ചു കൂടി കഴിയട്ടെ..അച്ഛൻ പേടിക്കണ്ട...അച്ഛൻ്റെ ബാലു ഇപ്പോൾ പഴയതിനെക്കാളും ഉഷാറാ"
അഞ്ച് വർഷത്തേക്ക് ദുബായിലേക്ക് പോയ ഞാൻ പിന്നെയും രണ്ട് വർഷം കഴിഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയത്..അപ്പോഴേക്കും അച്ഛൻ റിട്ടയേർഡ് ആയിരുന്നു. എല്ലാം മറന്നു എല്ലാവരെയും മറന്നു.കൂട്ടത്തിൽ പ്രാഞ്ചിയേയും...നാട്ടിൽ ഞാൻ എത്തുമ്പോഴേക്കും അമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരു പെൺകുട്ടിയുമായി എൻ്റെ വിവാഹം ഉറപ്പിച്ചിരുന്നു... 'നിർമ്മല' സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പൊട്ടി പെണ്ണ്...ഞാൻ പിന്നെയും ദുബായിലേക്ക് പോയി..ഇപ്പോൾ എല്ലാം മതിയാക്കി തിരിച്ചു വന്നിരിക്കുന്നു... അതിനിടയിൽ ഞങ്ങൾക്ക് രണ്ട് ആൺകുട്ടികളുണ്ടായി...
*****
"മോഹനേട്ടാ...നമ്മുടെ സാധനം റെഡിയായോ"
പ്രാഞ്ചി ആരോടൊ സംസാരിക്കുന്നത് കേട്ടാണ് എൻ്റെ ചിന്തകൾ മുറിഞ്ഞത്.അവൻ ബൈക്ക് നിർത്തി തൊട്ടു മുന്നിലുള്ള കടയിൽ നിന്ന് സാധനങ്ങൾ അടങ്ങിയ സഞ്ചി വാങ്ങി എൻ്റെ കൈയിൽ ഏല്പ്പിച്ചു... വീട്ടിലേക്കുള്ള കുറച്ച് പലവ്യഞ്ജനങ്ങളാണ്...
ബൈക്ക് കുറച്ചു കൂടി മുന്നോട്ടു പോയി...ഒരു ഇടവഴിയിൽ വണ്ടി നിർത്തി..
"ഇറങ്ങ് വീടെത്തി"
എൻ്റെ കാലുകൾക്ക് എന്തോ തളർച്ച പോലെ..അവൻ എൻ്റെ കൈയിൽ നിന്ന് സാധനങ്ങൾ വാങ്ങി മുമ്പിൽ നടന്നു...
(തുടരും)
ബിജു പെരുംചെല്ലൂർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot