Slider

റബേക്ക എന്ന രാജകുമാരി - ഭാഗം 2

0
റബേക്ക എന്ന രാജകുമാരി -
********************************** ഭാഗം 2
ആ സന്ധ്യക്ക് എന്റെ കൈയ്യിൽ മുറുകെ പിടിച്ച് കുരിശിനും അമ്പലത്തിനുമിടയിലുള്ള കൽ തറയിൽ നമ്പ്യാം കുന്നിലേക്ക് നോക്കിയിരിക്കുകയായിരുന്നു അവൾ.
നല്ല നിറം അല്ലെ ? അവൾ എന്നോട് ചോദിച്ചു.
ആവോ എനിക്കറിയില്ല .എന്റെ മറുപടി കേട്ട് അവൾ ഉണ്ട കണ്ണുരുട്ടി അതൊട്ടും ഇഷ്ടപ്പെടാ ത്തതുപോലെ എന്നെ കുറേ നേരം നോക്കി.
ഉദയത്തിനും അസ്തമയത്തിനും ഒരേ നിറമാണ്
ഈ ചുവപ്പ് .അതെന്താന്നറിയാമോ? വീണ്ടും ചോദ്യം
ഇല്ല … ഞാൻ വീണ്ടും പറഞ്ഞു.
“പൊട്ടൻ ഈ മണ്ണിൽ ഒരിക്കലും മരിക്കാത്ത നിറമാണത് .എത്ര കാലം കഴിഞ്ഞാലും ഒരു മാറ്റവും ഉണ്ടാവാത്ത നിറം .അതുകൊണ്ടാ ചോര ചുവന്നത് അതുകൊണ്ടാ പ്രേമിക്കുമ്പോ കൊടുക്കുന്ന പൂക്കൾ ചുവന്നത്. മരപൊട്ടൻ
എഴുത്തുകാരനാണത്രെ ഒന്നും അറിയില്ല…”
അവൾ എന്നെ പരിഹസിച്ചു.പിന്നെ ഉറക്കെചിരിച്ചു. അതു കേട്ടപ്പോൾ
എനിക്ക് നല്ല ദേഷ്യം തോന്നി. ഒരോന്ന് പറയാൻ കണ്ട നേരം ….ഇങ്ങോര് പ്രേമിച്ചിട്ടുണ്ടോ ? വീണ്ടും ഒരു വെറും ചോദ്യം വന്നു അതിനും ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
പിന്നെ കുറേ നേരം അവൾ മിണ്ടിയില്ല .
മിണ്ടാതെ താഴേക്ക് നോക്കി നിന്നു.ആ സമയം എന്റെ മനസ്സ് നിറയെ എപ്പോഴോ കഴിഞ്ഞുപോയ ആ പഴയ കാലമായിരുന്നു അതിലാവട്ടെ ഒരിക്കലും പറയാനാവാതെ പോയ ഒരു പാട് വാക്കുകളും.
നമ്പ്യാം കുന്നിനു താഴെ ഇപ്പോ മുന്തിരി കൃഷി ചെയ്യുന്നുണ്ട്. അല്ലെ ? കുറേ കഴിഞ്ഞ്
അവൾ വളരെ ഗൗരവമായി എന്നോട് ചോദിച്ചു. ഞാൻ ഉവ്വ് എന്നു തലയാട്ടി. അവൾ എന്നേ തന്നെ കുറേ നേരം നോക്കി നിന്നു.
എങ്കിൽ പോവാം ….?
എങ്ങട് ……? എനിക്കത് മനസ്സിലായില്ല
നമുക്ക് ഗ്രാമങ്ങളിൽ രാപാർക്കാം. അതിരാവിലെ എഴുന്നേറ്റ് മുന്തിരിവള്ളികൾ തളിരിട്ടോ എന്നും മാതള നാരകം പൂവിട്ടോ എന്നും നോക്കാം. അവിടെ വച്ച് കൈയ്യിലുണ്ടെങ്കിൽ കുറച്ച് പ്രേമം തരാം ന്തേ ..?പോവാം ല്ലെ ?.
അവൾ അതു പറഞ്ഞപ്പോൾ ഇതുവരെയും
സമനിലയും സാമാന്യ ബോധവുമില്ലാതിരുന്ന കുറേ വരങ്ങൾ കേട്ട ചെവി ഇതും ഒരു വരമാണെന്ന് വിചാരിച്ച് നടുങ്ങി.ഞാനവളെ കണ്ണെടുക്കക്കാതെ നോക്കി. എന്റെ ആ നിൽപ്പിന് എനിക്ക് മറുപടിയായി കിട്ടിയത് മല കുലുങ്ങുന്ന തരത്തിൽ ഒരു പൊട്ടിച്ചിരിയായിരുന്നു.
“അയ്യട എന്നു വച്ചാൽ പത്മരാജനല്ലെ ലോലമിൽ ഫോഡിന്റെ പത്മരാജൻ... "
അവൾ പിന്നെയും ചിരിച്ചു .പിന്നെ മുഖം വശത്തേക്ക് കോട്ടി എന്നെ കളിയാക്കി. എന്നും എന്റെയീ ഞെട്ടൽ എല്ലാ കാലവും അവൾക്ക് വെറും കളിതമാശയായിരുന്നു. അതോർത്ത
പ്പോൾ പെട്ടെന്ന് കണ്ണുനിറയുമോ എന്ന പേടി തോന്നിയപ്പോൾ ഞാൻ മുഖം വെട്ടിച്ചു കളഞ്ഞു .പതിയെ കുറേ കഴിഞ്ഞ് അവളുടെ ചിരിക്കൊപ്പം ചേർന്നു.
Part ...3
എന്നും സന്ധ്യയോട് ചേർന്ന് ആനവണ്ടി അരണ മലയിറങ്ങി തുടങ്ങും പിന്നീട് ആളനക്കമില്ലാതെ പരന്നു കിടക്കുന്ന മലമ്പാതയിലൂടെ ദൂരെ വളരെ ദൂരെ പാതിരാത്രിയിൽ ആരു വിളിച്ചാലും ഉണരാത്ത മട്ടിൽ ബോധം കെട്ടുറങ്ങുന്ന മഹാ നഗരത്തിന്റെ നടുവിൽ കൂടി സ്വന്തം സ്റ്റാന്റിലെത്തി പുലർച്ചെവരെയുള്ള ചെറിയ മയക്കത്തിലേക്ക് പ്രവേശിക്കും. അതൊക്കെ എന്നേക്കാൾ നന്നായി അറിയാവുന്നവളാണ് രാജകുമാരി റെബേക്ക .കാരണം കുറേ നാൾ അവളീ നഗരത്തിന്റെ സന്തതിയായിരുന്നു.
തിരികെ മലയിറങ്ങിയപ്പോൾ റബേക്ക എന്നോടൊന്നും പറയാതെ മൗനമായി തികഞ്ഞ അലസതയോടെ ഏറ്റവും നടുവിലെ സീറ്റുകളി ലൊന്നിൽ കയറിയിരിക്കുകയായിരുന്നു ഉണ്ടായത് .കൂടെ ഞാനും കയറി. പകൽ കഴിച്ച കള്ളിന്റെ പതപ്പും നടപ്പിന്റെ കിതപ്പും എന്റെ ഇടതുഭാഗത്തിന് ഭാരം കൂട്ടി വളരെ വേഗം തന്നെ അവളെ ഉറക്കി കിടത്തി. കുറേ നേരം കഴിഞ്ഞ് തണുപ്പു കീറി മുറിച്ച് KSRTC പറ പറക്കുമ്പോൾ തലേന്ന് മുതൽ റെയിൽവെ സ്റ്റേഷനിൽ കാത്തു നിൽക്കുന്ന ആ നിർഗ്ഗുണ പരബ്രഹ്മമായിരുന്നു എന്റെ കണ്ണിലും നെഞ്ചിലും. അയാൾ ഇനി കിട്ടിയ തീവണ്ടിയിൽ പോയിട്ടുണ്ടാവുമോ എല്ലാമുപേക്ഷിച്ച് .അങ്ങനെ ചിന്തിക്കാൻ മനസ്സ് വല്ലാതെ പ്രേരിപ്പിക്കുന്നു. ഓരോന്നോർത്ത് ഞാനും മയങ്ങി പോയി. നാളെ ഇവളെ തീവണ്ടി ഓഫിസിൽ എത്തിക്കുന്നതു മാത്രമായിരുന്നു ഉറക്കത്തിലും തെളിഞ്ഞു വന്ന ഒരേയൊരു രംഗം.
അർദ്ധരാത്രിയോടെ നഗരത്തിൽ പ്രവേശിച്ച
വണ്ടി കുറ്റാകുറ്റിരുട്ടുമൂലം തിരച്ചറിയാൻ വയ്യാത്ത ഏതൊ ഒരു തെരുവിൽ നിർത്തിയ
പ്പോൾ ഞാൻ തോളിൽ ഉറങ്ങിക്കിടന്നിരുന്ന രാജകുമാരിയേയും വലിച്ചിറക്കി ആതിരിച്ചറി യാൻ വയ്യാത്ത തെരുവിൽ വണ്ടിയിറങ്ങി.ഞങ്ങളെ ഒറ്റക്കാക്കി ആന ദൂരെ മറഞ്ഞു കഴിഞ്ഞു. ഒരു നിലാവു പോലുമില്ലാതെ ഇരുണ്ടു കിടക്കുന്ന നഗരം. എന്നാലും പക്ഷെ ഇടക്കിടെ മിനി തെളിയുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് തെളിഞ്ഞതിൽ നിന്നും ഞാൻ അദ്രുമാൻ തെരുവ് വ്യക്തമായി കണ്ടു.
“ ..ഛെ ഇവിടെ ഇറങ്ങണ്ടായിരുന്നു'. ഞാൻ ആരോടെന്നില്ലാതെ പറയുന്നത് കേട്ട് ഇപ്പോ വീഴും എന്ന മട്ടിൽ നിന്നിരുന്ന റെബേക്ക എന്നെ നോക്കി.
"അതെന്താ …." ..? അവൾ ചോദിച്ചു.
“ഒന്നുമില്ലെ അതിന് ?.. ഇത് അദ്രുമാൻ തെരുവാ കൊച്ചെ…” ഞാൻ ഒച്ചയിട്ടപ്പോൾ ആതിനെന്ത് കുഴപ്പം എന്നായി അവൾ.
ടൗണിൽ നിന്നും അൽപ്പം വടക്കു മാറിയുള്ള ഒരു ചുവന്ന തെരുവാണ് അദ്രുമാൻ. പാതിരാത്രിയിൽ ഒരുത്തൻ ഒരു പെണ്ണുമായി കറങ്ങി നടക്കുന്നത് കണ്ടാൽ അതു മതി എല്ലാം കഴിയാൻ. മാത്രമല്ല സ്ത്രീയെ മോഹിച്ചു വിശന്നു വലഞ്ഞു വരുന്നവർ പ്രശ്നമുണ്ടാക്കാനും സാധ്യതയുണ്ട്.ഞാൻ ഇത്തരം പേടികൾ അവളോട് മറച്ചു വച്ചില്ല.
അവൾ ചെറുതായി ചിരിച്ചു. പിന്നെ കുണുങ്ങി
ക്കൊണ്ട് എന്റെ വലതു ഭാഗം ചേർന്ന് നടന്നു .
എന്താ ഇത്ര ചിരിക്കാൻ ?
“ ഓ ഒന്നുല്ല നിങ്ങൾ ഒരു തെരുവിനെ ചുവപ്പിച്ചതിന്റെ കാരണമോർത്ത് ചിരിച്ചു പോയതാണ്.” അതു പറഞ്ഞ് എന്റെ ഓരം ചേർന്ന് നടക്കുമ്പോൾ അവൾ എന്നെ തന്നെ കുറേ നേരം നോക്കിയാണ് നടന്നത് . ഞാൻ പ്രതികരിക്കുന്നില്ല എന്നു കണ്ടപ്പോൾ പതിയെ കൈ കൊണ്ട് വായ പൊത്തി ചിരിച്ചു .അതു പിന്നെ ഉറക്കെ വലിയ ശബ്ദത്തിലായപ്പോൾ എനിക്കവളുടെ വായ പൊത്തി പിടിക്കാതെ മറ്റുമാർഗ്ഗമില്ലായിരുന്നു.
ദൂരെ വെട്ടത്തിൽ കുറേ രൂപങ്ങൾ കാണുന്നുണ്ട്. ഏതോ പീടിക തിണ്ണയിൽ ആരെയൊ പ്രതീക്ഷിച്ചു നിൽക്കുന്ന മുല്ലപ്പൂ ചൂടിയ മുഷിഞ്ഞ സാരികൾ.
ഛെ ഇനിയെങ്ങോട്ട് പോവും…? ആ കാഴ്ച കൂടി ആയപ്പോൾ എന്റെ സദാചാര മനസ്സിലെ ഒരു ശബ്ദം അറിയാതെ പുറത്തിറങ്ങി.
“നമുക്കവരോട് വഴി ചോദിക്കാം.” ആ സ്ത്രീ രൂപങ്ങളെ ചൂണ്ടി റെബേക്ക എന്നോടായി പറഞ്ഞു. വേണ്ട വേണ്ട അവരാരാന്ന് നിനക്കറിയില്ലെ .? ഞാൻ വീണ്ടും ദേഷ്യപ്പെട്ടു.
“അറിയാം അവർ രാധമാർ കൃഷ്ണന്റെ സ്വന്തം രാധമാർ.ഒരോ ഇണയിലും പ്രണയം തിരയുന്ന സ്വന്തം കൃഷ്ണനെ തിരയുന്ന രാധ. പാവങ്ങൾ .അതിന് എഴുത്തുകാരൻ ഇങ്ങനെ ചൂടാവുന്ന തെന്തിനാ…? ഞാനവളുടെ തലക്കിട്ട് സഹികെട്ട് ഒരു തട്ടുവച്ചു കൊടുത്തു .”മിണ്ടാതെ നടന്നോണം പതിരാത്രി വട്ടു പറയുന്നു. മിണ്ടിപോവരുത്…”
എന്നാൽ ആ കലിപ്പൊന്നും അവളുടെ മുന്നിൽ ഏൽക്കില്ല എന്നുറപ്പ് .അത് പിന്നെയും തുടർന്നു കൊണ്ടിരുന്നു.
എന്തിനാ ചൂടാവുന്നെ.? അല്ലെങ്കിലും സത്യം കേട്ടാൽ നിങ്ങൾ എഴുത്തുകാർ ചൂടാവും .കാരണം നുണയെഴുതി ജീവിക്കുന്നവരല്ലെ നിങ്ങൾ . നുണയൊ ?എന്ത് നുണ ഞാൻ കലിപ്പിച്ചു.
“എഴുതുന്നതെല്ലാം നുണയല്ലെ ഒരുനല്ല നുണയനെ നല്ല എഴുത്തുകാരനാവാൻ കഴിയു.” അതു പറഞ്ഞ് അവൾ വീണ്ടും ചിരിച്ചു .ഞാൻ പിന്നെം അവളുടെ വായ പൊത്തി.
നീ എന്തു വേണെ പറഞ്ഞോ ചിരിക്കാണ്ടിരുന്നാ മതി. ഞാൻ കെഞ്ചി
ശരി ശരി എങ്കി നമുക്ക് രാധമാരെക്കുറിച്ച് പറയാം അവൾ തല കുലുക്കിക്കൊണ്ട് പറഞ്ഞു. എനിക്കത് സമ്മതിക്കാതെ മറ്റുവഴിയില്ലായിരുന്നു.
അവൾ പറഞ്ഞു തുടങ്ങി. “ അതായത് ഒരാണിന് പെണ്ണിന്റെ അടുത്തു പോവാൻ പ്രത്യേകിച്ച് ഒന്നും വേണ്ട ആ സമയം അയാൾക്കത് കാമം തീർക്കാനുള്ള വെറും ശരീരമാവും പക്ഷെ പെണ്ണിന് ഒരിക്കലും അത് പറ്റില്ല.”
അതെന്താ ? ഞാൻ ചോദിച്ചു
ഒരുത്തിക്ക് പ്രേമം തോന്നാതെ ഒരിക്കലും ഒരാളെ സ്വീകരിക്കാനാവില്ല അതു തന്നെ .
അതെന്താന്ന്.? വീണ്ടും ചോദ്യം
അതങ്ങനാ അത്ര തന്നെ. അവൾ പറഞ്ഞു നിർത്തി. ശരി സമ്മതിച്ചു. സമ്മതിച്ചേക്കാം അപ്പോ നിർത്തുമല്ലൊ അതോർത്ത് ഞാനും അത് പറഞ്ഞു നിർത്തി.
“പതിനാറായിരത്തി എട്ടു പേർ കൃഷ്ണനെ പ്രേമിച്ചു ആർക്കും ആ പ്രണയം തിരിച്ചു കിട്ടിയില്ല
അവർ നിഷേധിക്കപ്പെട്ടു .കിട്ടാതെ പോയ പ്രണയവും രാധമാരും പുരാണത്തിലൊരിടത്തും
പിന്നെ വന്നില്ല അവരെ കുറിച്ച് നിങ്ങൾ എഴുത്തുകാർ പിന്നീടൊന്നും എഴുതിയുമില്ല .
പാവം രാധമാർ. .” പിന്നെ കുറേ നേരം അവൾ മിണ്ടാതെ നടന്നു .അൽപ്പം കഴിഞ്ഞ് വീണ്ടും പറഞ്ഞു തുടങ്ങി. “നിങ്ങൾ കണ്ണടച്ചിരുന്നാലും സത്യം സത്യമായിട്ട് തന്നെ അറിയാനാവും”.ഒന്നാലോചിച്ച് അവൾ പറഞ്ഞു.
എന്ത് സത്യം..? എനിക്കത് മനസ്സിലായില്ല
കൃഷ്ണനും കൃസ്തുവും ഒന്നാണെന്ന സത്യം.
അത് കേട്ട് ഞാനൊന്ന് ഞെട്ടി .അതു ശ്രദ്ധിക്കാതെ പറഞ്ഞു കൊണ്ടെ ഇരിക്കുകയായിരുന്നു റെബേക്ക .
“കൃഷ്ണൻ കൃസ്തുവായി ജനിച്ചപ്പോൾ രാധ മഗ്ദലന മറിയമായി ജനിച്ചു. രണ്ടു പേരും പ്രണയിച്ചു .രണ്ടു പേരും ആരാധിച്ചു .പക്ഷെ കൃഷ്ണനെ രാധക്കു കിട്ടിയില്ല .മറിയക്ക് കൃസ്തുവിനേയും .പാവം എന്നിട്ടിപ്പോൾ നിങ്ങൾ കണ്ടാൽ വഴിമാറുന്നു. കഷ്ടം .ഓർത്തോളു ഇവരെല്ലാം ഒരിക്കൽ പ്രണയം നിഷേധിക്കപ്പെട്ടവ രാവും എന്നുറപ്പ്. വാക്കുകൾ മുറിഞ്ഞു പോവാതെ അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു .കേട്ടപ്പോൾ ഒരു വലിയ തത്വം പോലെയാണ് എനിക്ക് തോന്നിയത് .
നിനക്കിതൊക്കെ എവിടുന്നു കിട്ടി. ഒരു നിമിഷം അത്ഭുതത്തോടെ അവളെ നോക്കി. കള്ള് തലക്ക് കിടന്ന് വട്ടം കറങ്ങുവാണല്ലെ…? ഞാൻ അവളെ കളിയാക്കി.
പിന്നെ… എന്നു വച്ചാ ഇതൊക്കെ കള്ളല്ലെ. എടക്ക് ബൈബിള് താഴ്ത്തി വച്ചിട്ട് മറ്റുള്ളതൊക്കെ ഒന്നു വായിക്കണം .അവൾ എന്നെ നോക്കി വീണ്ടും ഉണ്ടക്കണ്ണുരുട്ടി .ഞാനത് പറഞ്ഞു കഴിഞ്ഞ ഉടനെ വ്യക്തമായി ഒരു മറുപടിയും പറഞ്ഞു.
അങ്ങനെ നടന്നു നടന്ന് ഞങ്ങൾ അന്ദ്രുമാൻ തെരുവിന്റെ അങ്ങേയറ്റത്ത് എത്തി. അവിടെ വച്ച് വഴി രണ്ടായി പിരിയുകയാണ്. ഒന്ന് വെസ്റ്റ് കോസ്റ്റ് പോലീസ് സ്റ്റേഷനിലേക്കുള്ള വഴിയാണ് മറ്റൊന്ന് റെയിൽവെ സ്റ്റേഷനിലേക്കും .
“മതി നടന്നത് കാല് കഴക്കുന്നു ഇനി ഇന്ന് നമുക്ക് ഇവിടെ കിടക്കാം.” തൊട്ടു ചേർന്ന പീടികയുടെ വരാന്ത ചൂണ്ടി കാണിച്ച് അവൾ എന്നോട് പറഞ്ഞു.
ഇവിടെയൊ ? .ഞാൻ നോക്കിയപ്പോൾ കറുത്ത കരിമ്പടം പുതച്ച് കുറേ ആളുകൾ അവിടിവിടെ യായി പൊടി പിടിച്ച ആ പഴയ വരാന്തയിൽ പുതച്ചുമൂടി കിടക്കുന്നതാണ് കണ്ടത്.
ഇവിടെ തന്നെ ..അതിനെന്താ ? രാധമാരെ പേടിച്ചിട്ടാണോ .? പേടിക്കെണ്ട അവർ ഉപദ്രവിക്കില്ല. ഇതെന്റെ കൃഷ്ണനാണെന്ന് ഞാൻ പറഞ്ഞോളാം .അതു പറഞ്ഞ് അവൾ വീണ്ടും ചിരിച്ചു. എങ്കിലും എനിക്കെന്തോ അതത്ര പന്തിയായി തോന്നിയില്ല.
മം എന്താ… ?ഒന്നും പറയണ്ട. ഇത് വരം മൂന്ന്
വീണ്ടും എതിർക്കാനായി വായ തുറന്ന എന്റെ നേരെ അവൾ വലതു കൈയ്യിലെ മൂന്നു വിരലുകൾ ഉയർത്തി കൊണ്ട് പറഞ്ഞു. പിന്നെ എതിർത്തിട്ട് കാര്യമില്ലല്ലൊ അതു കൊണ്ട് ഒന്നും മറുത്തു പറയാതെ അവൾ പറഞ്ഞത് കേട്ടു.
ഏതാണ്ട് അഞ്ഞൂറ് മീറ്റർ അപ്പുറത്ത് കോസ്റ്റൽ’ പോലിസ് സ്റ്റേഷനാണ് .വരാന്തയുടെ ഓരം ചേർന്ന ഒരു ചെറിയ അരമതിലിൽ ആരോ രണ്ടായി മടക്കിയിട്ടിരുന്ന ഒരു ചണചാക്ക് ഞാൻ നിലത്ത് വിരിച്ചു കൊടുത്തിരുന്നു അതിൽ ചുരണ്ടു കൂടി കിടക്കുകയാണ് റബേക്ക .രാത്രി തണുപ്പു പൊഴിച്ചു തുടങ്ങിയിരിക്കുന്നു. മറ്റൊരാളിന്റെ ഭാര്യയാണ് എന്റെ തൊട്ടടുത്ത് അതും നഗരത്തിലെ ഒരു ചുവന്ന തെരുവിന്റെ ഓരത്തുള്ള പീടിക തിണ്ണയിൽ സ്വന്തം വീട്ടിൽ എന്നതുപോലെ കിടന്നുറങ്ങുന്നത്. ഓർത്തിട്ട് എന്തോ വലിയ അപകടം വരാൻ പോവുന്നു എന്ന് മനസ്സ് വല്ലാതെ പറഞ്ഞു കൊണ്ടിരുന്നു. ഇവളെയും വിളിച്ചെഴുന്നേൽപ്പിച്ച് പതിയെ റെയിൽവേ സ്‌റ്റേഷനിലേക്ക് പോയാലൊ അയാൾ ചിലപ്പോൾ ഇപ്പോഴും കാത്തു നിൽക്കുന്നുണ്ടാവും .എങ്കിൽ അതോടെ കഥ പൂർത്തിയാവും, എല്ലാം ശുഭമാവും. അതെ അതു തന്നെ വഴി .ഛെ ഇത് നേരത്തെ ചെയ്യേണ്ടതായി
രുന്നു. അങ്ങനെ നിശ്ചയിച്ച് അവളെ വിളിക്കാനാഞ്ഞു.
പക്ഷെ അത് വേണ്ടി വന്നില്ല .കണ്ണിൽ മിന്നിയ രൂക്ഷമായ ഒരു ചുവപ്പ് വെളിച്ചവും കൂടെ
ആരടാ അവിടെ….. എന്ന ചോദ്യവും കേട്ട് ഞാൻ തല തിരിച്ചു. അതൊരു പഴയ പോലീസ് ജീപ്പായിരുന്നു. മുകളിൽ കറക്കുന്ന ചുവന്ന ലാമ്പുമായി അത് ഞങ്ങൾക്ക് കുറച്ചകലെ മാറി നിന്നു വിറച്ചുകൊണ്ടിരുന്നു.
“നാക്കെറങ്ങി പോയോടാ എന്താടാ അവിടെ പരിപാടി.” ആക്രോശം പോലുള്ള ചോദ്യം വീണ്ടും
വന്നു.
“നാവൊക്കെ ഉണ്ട് നിങ്ങളുദ്ദേശിക്കുന്ന പരിപാടിയും നടക്കുന്നുണ്ട്…." .എന്റെ തൊട്ടടുത്തു നിന്നും വെടിയുണ്ട പോലെ ദാ പോവുന്നു ഒരു മറുപടി .
അതുകേട്ട് ഞാനും പോലിസുകാരും ഒരുപോലെ ഞെട്ടി. കിടന്ന കിടപ്പിൽ റെബേക്ക വിളിച്ചു പറഞ്ഞതാണ് ഇപ്പോ കേട്ടത്. അപ്പോ ഇവള് ഉറങ്ങുവല്ലാരുന്നോ?. കർത്താവെ ഇനി ..? എന്റെ തല സ്ഥലകാലബോധം നഷ്ടപെട്ട് ചുറ്റി തിരിഞ്ഞു. തീർന്നു സകല മാനവും ജീവിതവും ഇതാ കപ്പല് കയറാൻ പോവുന്നു. അരൊക്കെയോ ഓടി വരുന്നതു പോലെ തോന്നി.ബോധം പോകുമെന്നുറപ്പായപ്പോൾ ഞാൻ പതിയെ പിറകിലെ ഭിത്തിയിലേക്ക് ചാരി കണ്ണടച്ചു നിന്നു.
ആ രാത്രി ബാക്കിയുള്ള സമയം കിടന്നുറങ്ങാൻ അവർ ഭംഗിയുള്ള രണ്ട് കൊച്ചുമുറികൾ ഞങ്ങൾക്ക് തന്നു.നേരെ നോക്കിയാൽ അഴികളുള്ള വലിയ വാതിൽ പിടിപ്പിച്ച രണ്ടു കൊച്ചുമുറികൾ. ഒൻപതാം ക്ലാസിൽ വയലാ സ്കൂളിൽ ഒരുമിച്ച് പഠിച്ച ഒരു ഉണ്ണികൃഷ്ണനാ
യിരുന്നു കോസ്റ്റൽ പോലിസ് സ്റ്റേഷൻ S.I. അവൻ വെളുപ്പിനെ ഈ ഈയുള്ളവന്റെ എന്തോ ഭാഗ്യം കൊണ്ട് സ്റ്റേഷനിലെത്തി പഴയ സഹപാടിയെ തിരിച്ചറിഞ്ഞു എന്നതുകൊണ്ട് മാത്രം രാവിലെ മാനത്തിനും ശരീരത്തിനും അധികം പരിക്ക് പറ്റാതെ വെളിയിലിറങ്ങാൻ പറ്റി.
വീണ്ടും ഒരു പ്രഭാതം കാണാനാവുന്നു.
അസ്സലായിട്ടുണ്ട്. ഉണർന്നു തുടങ്ങാത്ത നഗരത്തിലെ കാലിയായ ഫുട്പാത്തിൽ കൂടി നടക്കുമ്പോൾ ഞാൻ രാജകുമാരിയോട് പറഞ്ഞു.
എന്ത് ...?
അല്ല മൂന്നാമത്തെ വരം .
അവൾ പെട്ടെന്ന് തിരിച്ചൊന്നും പറഞ്ഞില്ല .
എന്നാൽ കുറേ കഴിഞ്ഞ് ഇത് രാധയുടെ പ്രതികാരമാണെന്ന് പറഞ്ഞ് ഞങ്ങൾ നടക്കുന്നതിനിടയിൽ കണ്ട തെരുവു മതിലിലി
ലെ മായാത്ത ഒരു പോസ്റ്ററിൽ എഴുതിയ
മഹേഷിന്റെ പ്രതികാരം എന്ന ടൈറ്റിൽ ചൂണ്ടി കാണിച്ചു. ഇപ്പോൾ ചിരിച്ചത് ഞാനാണ്.
ഇനിയുമുണ്ടോ ഇതേപോലെയുള്ള
മനോഹരമായ വരങ്ങൾ ….? ഞാൻ ചോദിച്ചു.
എന്നാൽ ആ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല .മിണ്ടാതെ ഒരു വിഷാദഛായയിൽ നടക്കുകയായിരുന്നു ഏറെ നേരം. ആ മുഖഭാവം റബേക്കയുടേത് ആയിരുന്നില്ല .അല്ലെങ്കിൽ ഒരിക്കലും വിഷാദഭാവം അവൾക്ക് ചേരുന്നില്ല എന്നു പറയുന്നതാവും കുറച്ചു കൂടി ശരി.
അങ്ങനെ ഞങ്ങളുടെ നടപ്പ് ഇന്ത്യൻ റെയിൽവെയുടെ പെർമിറ്റ് ഗ്രില്ലുകളുടെ വെളുത്ത രൂപം നിൽക്കുന്ന ഏതോ ഒരു കോണിലെത്തി
എഴുത്തുകാരാ നമ്മുടെ റെയിൽവേക്ക് ചുവപ്പുനിറമുള്ള ഒരു തീവണ്ടിയില്ലെ …?
ആസമയം ദൂരെ പാളങ്ങളിലേക്ക് നോക്കി അവൾ മറ്റൊരു ചോദ്യം ചോദിച്ചു
ഉണ്ട് ….രാജധാനി. എന്തേ?
അതെപ്പോഴാ എനിക്കതൊന്നു കാണണം
ഓ അതിനെന്താ കണ്ടാ മതിയല്ലൊ കേറണ്ടല്ലൊ കാണിച്ചിരിക്കും ഇന്നു തന്നെ കാണിച്ചിരിക്കും ഉറപ്പ്.അല്ലാ ഇതാ നാലമത്തെ വരമാണല്ലൊ അല്ലെ ?. എന്റെ ഉള്ളിൽ ഒരു ചെറിയ ആശ്വാസം തോന്നി.
മം .വരം അത് തന്നാ .പക്ഷെ അങ്ങനെ എളുപ്പം കാണിക്കാൻ ഈ എയുത്തുകാരൻ വിചാരിച്ചാൽ നടക്കില്ല. അവൾ പെട്ടെന്ന് പറഞ്ഞു.
പിന്നെ ..? എനിക്ക് വീണ്ടും ഉളളിൽ എന്തോ അപകടം മണത്തു .ഈ വെളഞ്ഞവിത്ത് എന്തോ മനസ്സിൽ കരുതിയാണ് പുറപ്പാട് .അതുകൊണ്ട് ഞാൻ അവള് മൊഴിയുന്നതും കാത്ത് ചെവി കൂർപ്പിച്ചിരുന്നു. ആ പേടി ശരിയുമായിരുന്നു.
“എന്നാ കേട്ടോ എനിക്ക് ആ ട്രെയിൻ പോവുമ്പം അതിന്റെ മുകൾഭാഗം കാണണം അതും മുനിസിപ്പൽ ബ്രിഡ്ജിനു മുകളിൽ നിന്ന് താഴെ പാളത്തിൽ കൂടി രാജധാനി പോവുന്ന നേരത്ത് .ഇതാ എന്റെ നാലാമത്തെ വരം. പിന്നെ ഞാൻ ഒന്നും ചോദിക്കൂല. ഓക്കെ..? " ...അവൾ വലത്തു കൈയുടെ തള്ളവിരൽ ഉയർത്തി ചോദിച്ചു.
പക്ഷെ ഇനി രാജധാനി വൈകിട്ടേ ഉള്ളു. ഞാൻ പറഞ്ഞു.
അല്ല ഇപ്പോ ഒരു രാജധാനിയുണ്ട് ഉറപ്പ്. അവൾ മുന്നിൽ കിടക്കുന്ന പാളത്തിലേക്ക് നോക്കി. എനിക്കത് കേട്ട് ചിരി വന്നു ഞാൻ വർഷത്തിൽ എല്ലാ ദിവസവും യാത്ര തന്നെയാണ്.അതുകൊണ്ട് തന്നെ എല്ലാ തീവണ്ടികളുടേയും സമയം ഏറെ കുറേ കാണാപാഠമാണ് ആ എന്നോടാ പീറ പെണ്ണിന്റെ കളി.
“ശരി അര മണിക്കൂർ നമുക്ക് ആ പാലത്തിൽ
കാത്തിരിക്കാം അതിനിടക്ക് ആ വണ്ടി വരണം ഇല്ലെങ്കിൽ പിന്നെ ഞാൻ പറയുന്നതെന്തും അനുസരിക്കേണ്ടി വരും...." .ഒടുവിൽ അവളെ അനുസരിപ്പിക്കാൻ ഒരു വഴി തെളിഞ്ഞതിൽ എനിക്ക് സന്തോഷം തോന്നി. ഞാനങ്ങനെ പറയാൻ രണ്ടു കാരണങ്ങളുണ്ടായിരുന്നു.
ഒന്ന് ആ പാലം പുതിയതായി പണിതിട്ടതാണ് അതിന്നു താഴെയുള്ള പാളത്തിൽ വൈദ്യുത ലൈനുകൾ പോലുമില്ല അതുകൊണ്ട് ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്ന വണ്ടികൾ പോലും അതുവഴി ചുരുക്കമായെ ഉണ്ടാവാറുള്ളു. രണ്ട് രാജധാനി ഇന്ന് അർദ്ധരാത്രി മാത്രമാണ് എത്തിച്ചേരുക അതാണെങ്കിൽ ഇലട്രിക് എഞ്ചിനും. അത് നൂറിൽ നൂറ്റിയൻപത് ശതമാനം ഉറപ്പ് .അതുകൊണ്ട് അവൾ തോൽക്കുമെന്ന് എനിക്കുറപ്പായിരുന്നു.
എല്ലാം പറഞ്ഞുറപ്പിച്ച് മുനിസിപ്പൽ പാലത്തിനു മുകളിൽ നിൽക്കുകയാണിപ്പോൾ. താഴെ വടക്ക് ഏതെക്കെയൊ സ്റ്റേഷനുകളിലേക്ക് നീണ്ടു പോകുന്ന ഒരു തീവണ്ടി പാത കാണാം. പന്തയം വച്ച് എന്നോട് പുറം തിരിഞ്ഞ് തെക്കുഭാഗത്തെ പാളത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് രാജകുമാരി റെബേക്ക. അവൾ ഓരോ നിമിഷവും ഓരോ ചലനവും സൂക്ഷിച്ച് നോക്കി നിൽക്കുന്നു.
തോറ്റാൽ എന്താണ് സമ്മാനം ... ആ നോക്കി നിൽപ്പ് കണ്ട് എനിക്ക് ഒരു തമാശ ചോദ്യം ചോദിക്കാൻ തോന്നി.
“ഞാൻ ഈ എഴുത്തുകാരൻ പറയുന്നതെന്തും കേൾക്കും. എന്തും '' .അവൾ തല വെട്ടിച്ച് എന്നെ നോക്കാതെ പറഞ്ഞു. ശരി എന്ന് ഞാൻ തലയാട്ടുകയും ചെയ്തു.
നിമിഷങ്ങൾ അടർന്നു വീണു കൊണ്ടേയിരുന്നു. എപ്പോഴൊ ഒരു തീവണ്ടിയുടെ കൂവൽ ദൂരെ കേട്ടപ്പോൾ ഞാൻ ഉള്ളാലെ ഞെട്ടി. ഒരു തീവണ്ടിയുടെ ശബ്ദം കേൾക്കുന്നുണ്ടോ ?അത് പതിവുള്ള വണ്ടിയല്ലല്ലൊ അതും ഈ സമയത്ത്. ഞാൻ കാതോർക്കുമ്പോൾ ചെറുചിരിയോടെ റബേക്ക എന്നെ വിളിച്ചു.
ഏയ്…… അവൾ കൈവരിയിൽ ടൈറ്റാനിക്കിലെ നായിക കപ്പലിന്റെ പിൻഭാഗത്ത് നിൽക്കുന്നതു പോലെ നിൽക്കുകയാണ്. അതു കണ്ട് ഞാൻ ഞെട്ടിപ്പോയി .
താഴെയിറങ്ങ് പെണ്ണെ ... കൈയ്യെങ്ങാനും വിട്ട് പോയാൽ … ഞാനവളെ വഴക്കു പറഞ്ഞു .
അവൾ എന്നെ നോക്കി ചിരിച്ചു. “ഇനി പറ ഞാനാണ് ജയിക്കുന്നതെങ്കിൽ എനിക്കെന്തു തരും “ അവൾ ചോദിച്ചു.
എന്തു തരാൻ .ഒന്നും കൊടുക്കാൻ എന്റെ പക്കലില്ലായിരുന്നു മനസ്സു പോലും. അതു കൊണ്ട് ഞാൻ മിണ്ടാതെ നിന്നു. അതിനും മറുപടി റബേക്ക തന്നെയാണ് പറഞ്ഞത്.
എനിക്ക് സ്വാതന്ത്ര്യം തരണം പറക്കാനുള്ള സ്വാതന്ത്ര്യം.. അവൾ പറഞ്ഞു.
“ഓ തരാം വണ്ടി വന്നാലല്ലെ .അതന്നേരം ആലോചിക്കാം തൽക്കാലം കുഞ്ഞ് ഇങ്ങോട്ട് തിരിച്ച് കയറ്. “ എന്നാൽ അത് മുഴുമിക്കുന്നതിനു മുൻപെ വീണ്ടും അതേ കൂവൽ കുറച്ചു കൂടി ശക്തിയായി കേട്ടു .ഒപ്പം ഒരു ചിരിയും
അതെ അതോടെ കൈവരിയിലെ അതേ നിൽപ്പിൽ രാജകുമാരി ചിരി തുടങ്ങിയിരിക്കുന്നു. ഞാൻ തെക്കുഭാഗത്തേക്ക് തന്നെ ശ്രദ്ധിച്ചു.അതാ ദൂരെ പാളത്തിൽ ഒരു കറുത്തപൊട്ട് .അത് ക്രമേണ അടുത്തടുത്തു വരുന്നു .അതാ അത് ചുവപ്പു നിറമാവുന്നു.അതെ ചുവന്ന നിറമുള്ള ഒരു തീവണ്ടിയായി അതു മാറി കഴിഞ്ഞു.ആ നിമിഷം ഒന്നുകൂടി അത് കൂവി വിളിച്ചു. അതേ സമയം വിജയിയായി എന്റെ അപ്പുറത്ത് ഒരു ഭ്രാന്തിയേപോലെ ആർത്തട്ടഹസിച്ച് ചിരിക്കുന്ന റബേക്ക. അതെ അത് രാജധാനിയാണ് .മുന്നിൽ ഘടിപ്പിച്ച ഒരു ഡിസൽ എഞ്ചിന്റെ ശക്തിയിൽ പാലത്തിനു നേരെ പാഞ്ഞു വരുന്ന രാജധാനി .
“എഴുത്തുകാരാ നിങ്ങള് തോറ്റു .എനിക്ക് എന്റെ അഞ്ചാമത്തെ വരം വേണം എനിക്ക് പറക്കണം.”.അവൾ ഒരു വല്ലാത്ത ശബ്ദത്തിൽ എന്നെ നോക്കി പറഞ്ഞു .മുഴക്കമുള്ള തീവണ്ടിയുടെ ശബ്ദം അതിനിടയിൽ ചിരിക്കുന്ന റബേക്ക അവളുടെ ചിരിയുടെ ശബ്ദം .എന്തോ എനിക്ക് പേടി തോന്നി അവൾ മറ്റാരോ ആയതു പോലെ.
പറക്കണംന്ന് വച്ചാൽ ..? ഞാൻ പാതിയിൽ നിർത്തി
“ ആ ചുവപ്പിലേക്ക് എനിക്ക് പറന്നിറങ്ങണം.” അതേ ശബ്ദത്തിൽ അതേ ഭാവത്തിൽ ആ കൈവരിയിൽ നിന്നും വിറച്ചുകൊണ്ട് അവൾ എന്നോട് പറഞ്ഞു.
എനിക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല
എന്റെ അനുവാദത്തിന് അവൾ കാത്തുനിന്നതുമില്ല.നാവിലുള്ളത് എന്തെങ്കിലും ഞാൻ മുഴുമിക്കുന്നതിനു മുൻപെ അവൾ പാലത്തിനു താഴെ ഓടിയടുത്ത ചുവപ്പിലേക്ക് ഒരു ശലഭത്തേ പോലെ പറന്നിറങ്ങി. പിന്നെ കണ്ട കാഴ്ച ഭീമാകാരനായ ഒരിഴജന്തു തന്റെ വായിലേക്ക് വീണ ഇരയെ ഒറ്റ കുതിപ്പിനു കടിച്ചെടുക്കുന്നതു പോലെ പറന്നിറങ്ങിയ രാജകുമാരിയുമായി പാലത്തിനടിയിലേക്ക് പാഞ്ഞുകയറിയ ചുവന്ന തീവണ്ടിയാണ്.
ആ ഒരു നിമിഷം മാത്രം .പിന്നെ എന്റെ സമനില വീണു കിട്ടിയപ്പോൾ ഒരു വല്ലാത്ത ഇരമ്പലോടെ താഴെ രാജധാനി നീങ്ങിക്കൊണ്ടിരുന്ന പാലത്തിന് മറുകരയിലേക്ക് ഞാനോടി പോയി നോക്കി .അപ്പുറത്ത് പാളത്തിനിരുവശവും അന്ന് പ്രഭാതത്തിൽ പൂവിട്ട ധാരാളം കാട്ടുപൂക്കൾ കാണാമായിരുന്നു. എന്നാൽ മഞ്ഞ നിറമുണ്ടായിരുന്ന അവയിൽ പലതിലും ചുവന്ന ചെറുതുള്ളികൾ സ്ഥാനം പിടിച്ചിരിക്കുന്നു. ചോരയുടെ നിറമുള്ള ചുവന്ന ചെറുതുള്ളികൾ .
ആ പൂക്കളിലേക്ക് അതിലെ ചുവന്നതുള്ളി
കളിലേക്ക് .പാലത്തിന്റെ സിമന്റ് കൈവരിയിൽ തന്നെ കൈ പിടിച്ച് ഞാൻ ഏറെ നേരം നോക്കി .അങ്ങനെ എത്ര നേരം നിന്നു എന്നെനിക്ക
റിയില്ല എപ്പോഴോ കൈകൾ വിയർത്ത് വിയർപ്പുതുള്ളികൾ വിരലുകളിലേക്ക് ഒഴുകിയപ്പോഴാണ് സ്വബോധത്തിലേക്ക് മടങ്ങി വന്നത്. അപ്പോഴേക്കും കൈവരി എന്റെ മുറിയിലെ കറുത്ത മേശയായും താഴെ നീണ്ടു കിടന്ന നീളമുള്ള പാളങ്ങൾ ഒരു വെള്ള കടലാസായും പൂക്കൾ നിറഞ്ഞ ചുവന്ന തുള്ളികൾ ചുവന്ന നിറമുള്ള അക്ഷരങ്ങളായും രൂപാന്തരപ്പെടിരുന്നു.
അക്ഷരങ്ങൾ നിറഞ്ഞ രണ്ടു പേപ്പറുകളിലെ വരികൾ മൂന്നാമത്തെപേജിലെ അവസാന പാരഗ്രാഫിനോട് മുട്ടിയുരുമ്മി നിൽക്കുന്നു. ഞാനൊരിക്കൽ കൂടി ,ഒരു പ്രാവശ്യം കൂടി തീവണ്ടിയാഫിസിൽ അവളെ കാത്തു നിൽക്കുന്ന ആ മനുഷ്യനെ അവസാന പാരഗ്രാഫിൽ എഴുതിയിട്ടത് വായിച്ചു. എനിക്കയാളോട് ദു:ഖം തോന്നി ,പിന്നെ ദേഷ്യവും .കുറേ കഴിഞ്ഞപ്പോൾ അതൊരു സഹതാപമായി മാറി,കൈകളിൽ ഭാഗ്യം കൊണ്ടു ചെന്നു കൊടുത്ത പ്രണയസാഗരത്തെ നഷ്ടപ്പെടുത്തിയ വിഢിത്തമോർത്തുള്ള സഹതാപം .അത്രമാത്രം അടുത്ത നിമിഷം കൈയ്യിൽ കിട്ടിയ ഒരു നീല മഷിപേന കൊണ്ട് ഞാൻ ആ അവസാന പാരഗ്രാഫ് വെട്ടിക്കളഞ്ഞു. എന്നന്നേക്കുമായി.
*******
Tail End….
കഥ പ്രസിദ്ധികരിക്കപ്പെട്ട് കുറച്ചു കാലത്തേക്ക് വലിയ ബഹളം തന്നെ ആയിരുന്നു. ചിലർ അനുമോദിച്ചും അനുകൂലിച്ചും കത്തുകളെഴുതി. മറ്റു ചിലർ ശാസിച്ചും മതത്തെ അവഹേളിച്ചവന് ഭീഷണി ഉയർത്തിയും കുറേ അക്ഷരങ്ങളും വാക്കുകളും എന്റെ പേർക്ക് കൊടുത്തയച്ചു. എത്തിയിരുന്നതെല്ലാം സൂക്ഷിക്കാനായി ആ മുറിയുടെ അലമാരകൾ ഞാനുപയോഗിച്ചു. എന്നാൽ വളരെക്കാലം കഴിഞ്ഞാണ് ആ പൗഡർ ടിൻ എന്നെ തേടി എത്തുന്നത്. ഒരു പ്രൈവറ്റ് കൊറിയറുകാരൻ എന്റെ നമ്പർ തപ്പി പിടിച്ച് അത് വിളിച്ചു പറയുകയായിരുന്നു. എന്തായാലും വേണ്ടില്ല ഞാനത് പോയി വാങ്ങിച്ചു. ഒരു ചെറിയ വെള്ള നിറമുള്ള പൗഡർ ടിൻ. സൂക്ഷിച്ചു നോക്കിയപ്പോൾ അതിന്റെ മുകൾഭാഗം മുൻപ് ആരോ ഇളക്കിയതിനു ശേഷം തിരികെ ഘടിപ്പിച്ചതാണ് എന്നെനിക്കു തോന്നി .അകത്ത് എന്തോ കിലുങ്ങുന്നു എന്നാൽ മുകളിലെ ദ്വാരത്തിൽ കൂടി ഒന്നും വരുന്നുമില്ല. ഒടുവിൽ അതിന്റെ മുകൾഭാഗം ഞാൻ ഇളക്കി മാറ്റി. ആ വിടവിൽ കൂടി ടിന്നിന് അകത്തുള്ളതത്രയും പുറത്തേക്കിട്ടു. അത് കുറേ ചുവന്ന പൂക്കളുടെ ഇതളുകളായിരുന്നു. പലതരത്തിലുള്ള കുഞ്ഞു ചുവന്ന പൂക്കളുടെ അടർത്തിയ ഇതളുകൾ .
ടിൻ മേശപ്പുറത്ത് വച്ച് അത് കൊറിയർ ചെയ്യപ്പെട്ട കവറിനു പുറത്തെ ഫ്രം അഡ്രസ്സ് പരിശോധിച്ചു. അവിടെ ഒരഡ്രസ് കാണാനായില്ല പകരം ഒരു വാചകം എഴുതിയിരുന്നു .”പണ്ട് പണ്ടൊരു രാജകുമാരി” .എന്ന്.
ഞാൻ ആ പൗഡർ ടിന്നുമായി പുറത്തിറങ്ങി നടന്നു. ദൂരെ ജറിമിയാസിന്റെ വീട് കാണാം .ഒരു മൂന്നു കൊല്ലമായി അത് പൂട്ടിക്കിടക്കുകയാണ് .അയാളും ആ വീട്ടുകാരും എവിടെയാണെന്ന് ഇന്നാർക്കും അറിയില്ല. ആ തിരോധാനത്തിന് മരണത്തിന്റെ മണമുണ്ട് .ഒരു നാണക്കേടിന്റെ ഓർമ്മകളുണ്ട്. അതിനു ശേഷം ആ തൊടിയും വീടും ഇന്നൊരു വലിയ പ്രേത ഭവനം പോലെ തോന്നിക്കുന്നതിനാൽ ആരും അവഴി പോകാറുമില്ല. ഞാൻ ഗേറ്റു കടന്നു ചെന്നു. എനിക്ക് ഈ നാട്ടിലെത്തിയതിൽ പിന്നെ നാട്ടുകാർ പറഞ്ഞു കേട്ടുള്ള അറിവു മാത്രമെ ആ കാടുപിടിച്ചു കിടക്കുന്ന മുറ്റത്തെ പൂന്തോട്ടത്തിനേയും അതിന്റെ ഒത്ത നടുക്കുള്ള ആ കല്ലറയേയും കുറിച്ചുള്ളു. നടന്നു നടന്ന് ഞാൻ കല്ലറക്കു തൊട്ടു മുൻപിലെത്തി. അത് വല്ലാതെ കാടുപിടിച്ചിരിക്കുന്നു. മൂന്നു വർഷങ്ങളുടെ ശൂന്യതയും നിശബ്ദതയും അവിടെ തങ്ങിനിൽക്കുന്നു. പറയാൻ കുറയേറെയുണ്ട് ബാക്കി .ഒരാത്മഹത്യ കാരണം ആട്ടിയിറക്കപ്പെട്ട പള്ളിമുറ്റത്തു നിന്നും "വിശുദ്ധൻമാരുടെ" സെമിത്തേരിയിൽ പ്രവേശിക്കാതെ ഇവിടെയെത്തിയ ദിവസം മുതലുള്ള കഥകൾ.അവയെല്ലാം മൗനമായി ഉള്ളിലൊളിപ്പിച്ച് ഒരു രാജകുമാരി ഇവിടെ ഉറങ്ങുന്നു. അവളുറങ്ങുന്ന തിന് അടുത്തുള്ള സ്ഥലങ്ങളിലെല്ലാം ചുവന്ന പൂക്കൾ നിറച്ച് അവളുടെ സഖിമാർ അവൾക്ക് കാവൽ നിൽക്കുന്നു. അതിന്റെ മുകളിലേക്ക് ഞാനാ പൂവിതളുകൾ എറിഞ്ഞു. ഒരു പൊട്ടി ചിരി കേട്ടുവോ അപ്പോൾ ? ഇല്ല .കേൾക്കാൻ വഴിയില്ല. കാരണം ഒരിക്കലും ഉറക്കത്തിൽ ചിരിക്കാത്തവളാണ് എന്റെ രാജകുമാരി.
ഇവിടെ റബേക്ക എന്ന അദ്ധ്യായം വായിച്ചവസാനിക്കുന്നു
നന്ദി.

Jyothilal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo