Slider

സ്‌പർശം

0
എത്ര ശവങ്ങളെയാണ് ഈ സർക്കാർ ആശുപത്രിയുടെ മോർച്ചറിയിൽ നിന്നും പുറത്തേയ്ക്കു ഉന്തിയിട്ടുള്ളത്.
ആത്മാവ് നഷ്ടമായ ശരീരങ്ങളെ ശവങ്ങളെന്നല്ലാതെ എന്താണ്‌
ഞാനിപ്പോൾ വിളിക്കേണ്ടത്...
ഉന്തുവണ്ടിപോലൊരു ജീവിതത്തിൽ
നന്മയും തിന്മയും വേർതിരിച്ചു മുന്നോട്ടു ജീവിക്കുന്നവർ എത്രപേരുണ്ടാകും.
ജീവനുള്ള ശവങ്ങളായി
ജീവിക്കുന്നവരാണ് നമ്മളിൽ ഏറെയും
എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ....
ഓർമ്മയുള്ള നാൾ മുതൽ മരണത്തെ ഭയത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്.
മരണം നടന്നവീടുകളുടെ പരിസരത്തുപോലും അടുക്കാറില്ല.
വീടിനടുത്തെ ചുടലപ്പറമ്പിൽ നിന്നും എരിഞ്ഞമരുന്ന ശരീരത്തിന്റെ ഗന്ധത്തെ പോലും ഭയപ്പെട്ടിരുന്നു...
"നമുക്ക് ഈ ജോലിവേണ്ട അച്ഛാ."
'അമ്മ ഉരുളകളാക്കി വായിലേയ്ക്ക്
വെച്ചു തന്ന ചോറ് വായുടെ ഒരുഭാഗത്തേയ്‌ക്ക് മാറ്റി അച്ഛനോട് പറയുമ്പോൾ ആ മുഖത്തു പുഞ്ചിരിയായിരുന്നു‌...
വിശപ്പ് എങ്ങനെയാകുമെന്നും
അതിന്റെ കാഠിന്യം എത്രമാത്രം ഭയാനകമായിരിക്കുമെന്നു അറിയാത്ത
മകന് പുഞ്ചിരിച്ചുകൊണ്ടു അച്ഛൻ തന്ന മറുപടി ഗ്രഹിച്ചെടുക്കാൻ ഒരുപാട്
നാളുകൾ വേണ്ടിവന്നു...
എന്താണോ ഞാൻ ഏറ്റവും കൂടുതൽ വെറുത്തിരുന്നത് ഭയപ്പെട്ടിരുന്നത് അത് തൊഴിലായി ഏറ്റെടുക്കേണ്ടി വന്ന മാനസികാവസ്ഥ എങ്ങനെയാകും.?
എന്റെ ജീവിതത്തിൽ രണ്ടു ചോദ്യങ്ങൾ മുന്നോട്ടുവന്നു.
അച്ഛന്റെ പാത പിന്തുടരണമോ.?
വിശപ്പിന്റെ കയ്പ്പ് അനുഭവിച്ചു മുന്നോട്ടു ജീവിക്കണമോ.?കൂടപ്പിറപ്പുകളുടെ മുഖത്തു നോക്കുമ്പോൾ അധികം ചിന്തിക്കേണ്ടി വന്നിരുന്നില്ല തീരുമാനത്തിൽ എത്തിച്ചേരുവാൻ...
അച്ഛന്റെ മരണത്തിന്റെ ഗന്ധം
എന്റെ മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തിയിരുന്നു.അങ്ങനെ
സർക്കാർ ആശുപത്രിയിലെ
മോർച്ചറിയിലെ കാവൽക്കാരനായി
ഞാൻ പ്രവേശിച്ചു...

കൂടുതൽ മനുഷ്യരും ഭയപ്പെടുന്നത് മരണത്തെയാണെന്നുള്ള തിരിച്ചറിവ്.
ഉറ്റവർ നഷ്ടമാകുമ്പോഴുള്ള വേദനകൾ.
എല്ലാം എന്റെ കണ്മുന്നിൽ
അലമുറയിട്ട ശബ്ദത്തിലൂടെ കടന്നുപോയി.
മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെയാണെന്നത്
എത്ര വലിയ ശരിയാണ്....
അങ്ങനെ ദിവസങ്ങൾ വർഷങ്ങളെ പിന്നിലാക്കി കടന്നു പൊയ്ക്കൊണ്ടിരുന്നു.
സൂര്യൻ ഇപ്പോഴും കിഴക്കുതന്നെയാണ് ഉദിക്കുന്നതെങ്കിലും മാറ്റങ്ങൾ ഈ പ്രപഞ്ചത്തിൽ ഓരോനിമിഷവും അനവധിയായിരുന്നു....
ഐസ് കട്ടയിൽ നിന്നും ശവങ്ങളെ സൂക്ഷിക്കാൻ ഫ്രീസറുകൾ ഉടലെടുത്തു.
ഇന്ന് ചുടലപ്പറമ്പുകളില്ല.ശരീരത്തെ
ചുട്ടുചാമ്പലാക്കുന്ന ഉപകരണങ്ങൾ മാത്രം...
കാവൽക്കാരനു മാത്രം
മാറ്റമുണ്ടായിരുന്നില്ല.
അവന്റെ ശരീരത്തിനും മനസ്സിനും
മാറ്റങ്ങളുണ്ടായിട്ടുണ്ടാകും...
കണ്ണുനീര് എത്ര കാഠിന്യമുള്ള ഹൃദയങ്ങളെയും അലിയിക്കുവാൻ കഴിവുള്ള ദ്രാവകമാണ്.ഇന്നിപ്പോൾ അതിനു പഴയതുപോലുള്ള വീര്യം ഉണ്ടോ?
കാലങ്ങൾ കടന്നുപോകുമ്പോഴും മനുഷ്യ മനസ്സാക്ഷി മരവിച്ചിരിക്കുന്നുവോ.
എല്ലാവരും ഒന്ന് ആഴത്തിൽ
ചിന്തിക്കുന്നതു നല്ലതാകും...
എന്റെ മനസ്സും അതുപോലെയൊക്കെയായി തീർന്നു എന്നുവേണം പറയുവാൻ.ശവം ഏറ്റുവാങ്ങുവാൻ വരുന്നവരുടെ മനസ്സുകൾ എങ്ങനെയാകുമെന്നു അറിയുവാൻ ഞാൻ ശ്രമിച്ചിരുന്നുവോ.ഇല്ല,വരുന്നവരുടെ പോക്കറ്റിലെ വലിപ്പവും അതിനുള്ളിലുള്ള തുട്ടിനെയും മാത്രമാണ്‌ ഞാനിപ്പോൾ ആഗ്രഹിക്കുന്നത്...
"ഡാ ദാമു പോസ്റ്റുമാർട്ടം കഴിഞ്ഞു.
ബോഡി പുറത്തേയ്ക്കു എടുത്തോളൂ."
പോസ്റ്റുമാർട്ടം കഴിഞ്ഞു പുറത്തിറങ്ങിയ ഡോക്ടർ പറഞ്ഞു കടന്നു പോകുമ്പോഴും
ശവം ഏറ്റെടുക്കാൻ വരുന്ന ആളുടെ പോക്കറ്റില് നിന്നും കനത്തിനു വല്ലതും തടയുമോ എന്ന ചിന്തയിലായിരുന്നു
എന്റെ മനസ്സ്...
വീട്ടിൽ നിന്നും ഇറങ്ങുവാൻ നേരം മോളുപറയുന്നുണ്ടായിരുന്നു.
"അച്ഛാ പൂക്കളുള്ള ഫ്രോക്ക് വാങ്ങിച്ചോണ്ട് വരണേന്നു. "വല്ലതും കിട്ടിയിരുന്നെങ്കിൽ മോൾക്ക് വാങ്ങിക്കൊണ്ടു പോകാമായിരുന്നു.കുറച്ചുദിവസം
കൊണ്ടേ മോള് ആവശ്യപ്പെടുന്നതാണ്.
ആകെയൊരു മകളല്ലേ ഉള്ളു.
ആത്മഗതമായി പറഞ്ഞു
ശവവും ഉന്തി പുറത്തേയ്ക്കിറങ്ങി...
പുറത്തു ആരെയും കാണുന്നുണ്ടായിരുന്നില്ല.
തൂക്കിയിട്ടിരുന്ന ബോർഡിൽ നിന്നും
പേരു മനസ്സിലാക്കി...
"ലക്ഷ്മിയുടെ ആരെങ്കിലും ഇവിടെയുണ്ടോ."ഹോസ്പിറ്റൽ വരാന്തയിലൂടെ ഉച്ചത്തിൽ പേര് വിളിച്ചുനടന്നു.
"വല്ലാത്ത ഗതികേടായല്ലൊ."
പിറുപിറുത്തുകൊണ്ട് മുന്നിലേയ്ക്ക് നടക്കുമ്പോഴാണ് പാന്റ്സിലൊരു
പിടിത്തം വീണത്...
തലകുനിച്ചു കീഴ്‌പ്പോട്ടു നോക്കി.
"എന്താണ് മോളെ."
എന്റെ മകളുടെ
പ്രായമെ വരുള്ളൂ ഈ കുഞ്ഞുമോൾക്ക്.
കീറിപ്പറിഞ്ഞ വേഷം.ജടപിടിച്ച മുടി.
കലങ്ങിയ കണ്ണുകളുമായി എന്റെ മുഖത്തേയ്ക്കു തന്നെ നോക്കിനില്ക്കുകയാണ്...
"മോളുടെ ആരെങ്കിലുമാണോ ലക്ഷ്മി."
കുറച്ചു നേരത്തെ മൗനത്തിനു
ശേഷം അവൾ തലയാട്ടി...
"മോളുടെ ആരാണ്.?
ബന്ധുക്കളാരും വന്നില്ലേ.?
മോളുടെ അച്ഛനെവിടെ".?
അങ്ങനെ ചോദ്യങ്ങളോരോന്നും
കുട്ടിയുടെ മുന്നിലേയ്ക്ക് വെച്ചു.
എല്ലാത്തിനും ഉത്തരം മൗനമായിരുന്നു...
കുറച്ചുനേരങ്ങൾക്കു ശേഷം ആംഗ്യഭാഷയിൽ എന്തൊക്കെയോ
അവൾ പറയാൻ ശ്രമിക്കുന്നുണ്ട്..
സംസാര ശേഷിയില്ലാത്ത കുഞ്ഞെന്നു തിരിച്ചറിയുവാൻ കുറച്ചു സമയം
വേണ്ടി വന്നു...
മോളെയും കൂട്ടി ലക്ഷ്മിയെ(അവളുടെ അമ്മയെ) പരിചരിച്ച നേഴ്‌സിന്റെ അടുക്കലേയ്ക്കു നീങ്ങി. അവിടെനിന്നും
വിവരങ്ങൾ കിട്ടാതിരിക്കില്ല.
"ദാമു ചേട്ടാ നിങ്ങൾക്കിന്നു പണിയായല്ലൊ.
ആ സ്ത്രീയ്ക്ക് ബന്ധുക്കളാരും ഉണ്ടെന്നു തോന്നുന്നില്ല.നാടോടി കൂട്ടങ്ങളാണ്.പക്ഷെ ലക്ഷ്മി ഭിക്ഷക്കാരി ഒന്നുമല്ല കേട്ടോ.
പൂവുകൾ റോഡുകളിൽ കൊണ്ടുനടന്നു
വില്പ്പന ചെയ്യുകയായിരുന്നു.
പാവം എല്ലാം മോളുടെ വരും
ഭാവി ഓർത്തിട്ടാകും...
പനി മൂർച്ഛിച്ചപ്പോഴാണ് കയറിവന്നത്.
കൂടെയുള്ളത് മോളാണെന്ന് ആ സ്ത്രീ പറഞ്ഞിരുന്നു.അതിനാണങ്കിൽ സംസാര ശേഷിയുമില്ല.രണ്ടു ദിവസം മുന്നെ കുറച്ചു നടോടി സ്ത്രീകൾ വന്നിരുന്നു.ലക്ഷ്മിയെ കാണാനല്ല ഈ കുഞ്ഞിനെ കൊണ്ടു പോവുകയായിരുന്നു അവരുടെ ലക്ഷ്യം...
അമ്മയാണെങ്കിൽ കുട്ടിയെ വിട്ടുകൊടുക്കത്തുമില്ല.അങ്ങനെ വഴക്കായി.
നമ്മളാണ് എല്ലാത്തിനെയും പറഞ്ഞു വിട്ടത്.
ഇങ്ങനെയായി തീരുമെന്ന് കരുതിയില്ല.
ഇല്ലെങ്കിൽ അന്നെ അവരുടെ കൂടെ ഈ കുട്ടിയെ പറഞ്ഞയച്ചേനെ."...
കുറച്ചു നേരം ആ മോളുടെ മുഖത്തേയ്ക്കു തന്നെ നോക്കി നിന്നു.നിസ്സാഹായതയോടെ എന്റെ കൈയിൽ പിടിമുറുക്കി നില്ക്കുന്ന മോളോട് എന്താണ്‌ പറയുക.ജീവിതത്തിൽ ഇങ്ങനെയൊരു പ്രതിസന്ധി ഘട്ടം ഉണ്ടായിട്ടില്ല...
ശവത്തെ എരിച്ചു കളയാം
ഈ മകളെ എന്താണു ചെയ്യുക.
ആകെയുണ്ടായിരുന്ന അമ്മയും നഷ്ടമായി.
ഇനി പെരുവഴിയാണല്ലോ കുഞ്ഞിന് ശരണം.
അവളുടെ 'അമ്മ എന്താണോ നടക്കരുതെന്നു ആഗ്രഹിച്ചത് അതുതന്നെ ഒടുവിൽ സംഭവിക്കുമല്ലോ ദൈവമേ...
" മോളെ അമ്മയെ കാണണ്ടേ ."വെള്ളപുതച്ച അമ്മയുടെ ശരീരം അവസാനമായി കാണുമ്പോൾ ഒന്ന് കരയാനുള്ള ആവതുപോലും ഈ കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നില്ല...
കടയിൽ നിന്നും വാങ്ങി കൊടുത്ത പൊതിച്ചോറ് ആർത്തിയോടെ മോള് കഴിക്കുമ്പോൾ ചൂളയിൽ എരിക്കുവാൻ അമ്മയുടെ ശവവുമായി ആമ്പുലൻസ് പോയിരുന്നു.വിശപ്പിനുമുന്നിൽ മരണം ചെറുതായോ?...
ഓരോ അനുഭവങ്ങളാണ് നമ്മളെ
പലതും ചിന്തിപ്പിക്കുന്നതും പഠിപ്പിക്കുന്നതും...
"ദാമുച്ചേട്ടാ... "നേഴ്‌സ് സാവിത്രിയുടെ ശബ്ദമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്‌.
"നിങ്ങള് രക്ഷപ്പെട്ടു.നാടോടി കൂട്ടങ്ങൾ കുഞ്ഞിനെ ഏറ്റെടുക്കാൻ മുന്നോട്ടുവന്നു.
സമാധാനമായോ."വലിയൊരു
പൊല്ലാപ്പിൽ നിന്നും തലയൂരിയ ആത്മസംതൃപ്തിയായിരുന്നോ എനിക്കു.?
എന്റെ കൈയിൽ നിന്നും കുഞ്ഞുമോള്
പിടി വിടുന്നുണ്ടായിരുന്നില്ല.വലിച്ചുമാറ്റി അവരെ ഏൽപ്പിച്ചു...
"കൊണ്ടുപോയ്‌ക്കോളൂ കുട്ടിയെ."
ഭാര്യയോട് നടന്ന സംഭവങ്ങളെല്ലാം വിവരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് എനിക്കു കാണാമായിരുന്നു.പക്ഷെ എന്റെ
കണ്ണുകൾ നിറഞ്ഞിരുന്നില്ല...
"നാടോടികൂട്ടത്തിലെ കുഞ്ഞുങ്ങളെ
ഞാൻ കണ്ടെടി.സഹിക്കുന്നതിനും
അപ്പുറമായിരുന്നു ആ കാഴ്ചകൾ.
കണ്ണില്ലാത്തവർ.കാലുകൾ മുടന്തി നടക്കുന്നവർ.ശരീരത്തിന്റെ അവിടെയിവിടെയായി പൊള്ളിനില്ക്കുന്ന വൃണങ്ങൾ.അങ്ങനെ എത്ര എത്ര കുഞ്ഞുങ്ങളാണ് കഷ്ടത അനുഭവിക്കുന്നത്.
അവരുടെ മുഖത്ത് നിറഞ്ഞുനിന്ന ഭയം എന്റെകണ്ണിൽ നിന്നും മറയുന്നില്ല...
കൈപിടിച്ച് മാറ്റുമ്പോൾ
നിസ്സഹായതയോടെ എന്റെ മുഖത്തു
നോക്കി നടന്നകലുകയായിരുന്നു പാവം മോള്.ഞാൻ എത്രക്രൂരനായിരിക്കുന്നു
ആ നിമിഷം...
ഇന്നോ നാളെയോ ഭിക്ഷാടകയുടെ
രൂപത്തിൽ മോളെ ഞാൻ കാണാനിടയാകും.
എന്റെ മുന്നിൽ അവൾ കൈനീട്ടും.
ഞാൻ അടർത്തിവിട്ട കൈകളിൽ
ഭിക്ഷയുടെ പാത്രം.ഞാനെടുത്ത തീരുമാനം തെറ്റായിപ്പോയോടി."..
"ഇല്ല ചേട്ടാ ഒരിക്കലുമില്ല,ചേട്ടനെടുത്ത
തീരുമാനമാണ് ശരി."എന്റെ നെഞ്ചിൽ തലവെച്ചു ഭാര്യ പറയുമ്പോൾ.
മനസ്സിന് നല്ല തണുപ്പ് അനുഭവപ്പെടുകയായിരുന്നു.
"എനിക്കതു മതി.നിന്റെ
വാക്കുകളാണ് എനിക്കുള്ള സമാധാനം."
"അച്ഛന്റെ മുത്തെ അടുത്തുവാ".
ജോലികഴിഞ്ഞു കവലയിൽ നിന്നും പൂക്കളുള്ള ഫ്രോക്കും വാങ്ങി വീട്ടിൽ വന്നുകയറുമ്പോൾ മുറ്റത്തു എന്നെയും പ്രധീക്ഷിച്ചു നില്ക്കുന്ന എന്റെ മക്കൾ.
അവരുടെ ചുണ്ടിലെ പുഞ്ചിരി.
ഓ..ഞാനെത്ര ഭാഗ്യവാനാണ്...
മുത്തെ എന്ന് വിളികേൾക്കുമ്പോൾ
ഓടിവന്നു കാലിൽ കയറി
കവിളിൽ മത്സരിച്ചു തരുന്ന മുത്തം. ഭൂമിയിലെ നിഷ്കളങ്കമായ
സ്നേഹത്തിന്റെ ചില അടയാളങ്ങളാണ്.
കുരുന്നുകളെ നെഞ്ചോട് ചേർത്തുവെയ്ക്കാൻ കിട്ടുന്ന ഏതൊരു നിമിഷവും
അച്ഛന്റെ ഭാഗ്യം തന്നെയാണ്...
ഇപ്പോൾ എന്റെകാലുകൾക്കു സമാസമം ബലമുണ്ട്.രണ്ടുകാലുകളിലായി
രണ്ടുമക്കൾ.തളരില്ല ദേവികയും മുത്ത് ലക്ഷ്മിയും എന്റെകാലുകൾക്ക് ബലമായി കൂടെയുള്ളപ്പോൾ എങ്ങനെത്തളരും
എന്റെ കാലുകൾ...
മുത്തുലക്ഷ്മിയെ നാടോടി കൂട്ടത്തിൽ വിട്ടേച്ചുപോരുവാൻ എന്റെ മനസ്സ് അനുവദിച്ചിരുന്നില്ല.ഞാൻ അത്ര ക്രൂരനാണോ.?അങ്ങനെ ഒഴുവാക്കി പോയിരുന്നെങ്കിൽ ഒരിക്കലും എന്റെ മകളുടെ അച്ഛനായിരിക്കുവാൻ
എനിക്ക് ഒരുയോഗ്യതയും ഉണ്ടായിരുന്നിരിക്കില്ല.
ചില തീരുമാനങ്ങൾ നിമിഷ നേരം
കൊണ്ട് എടുക്കേണ്ടിവരും.നന്മയുടെ കരസ്പർശങ്ങൾ നമുക്ക് തുണയായി കൂട്ടിനുണ്ടാകും.നമ്മൾ വഴിമാറി സഞ്ചരിക്കുമ്പോൾ നേർവഴികാട്ടിത്തരുവാൻ മാലാഖമാരുടെ രൂപത്തിൽ ചിലർ കടന്നുവരും.അങ്ങനെയൊരു കുഞ്ഞു സ്പർശനവുമായി കടന്നുവന്ന
മാലാഖയാണ് നമ്മുടെ മുത്തുലക്ഷ്‌മി...
ശരൺ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo