Slider

ദേവൂട്ടി

0

" സൂരജേട്ട ഉറങ്ങിയോ ...?", തന്റെ നെഞ്ചിലെ രോമങ്ങൾക്കിടയിലൂടെ വിരലോടിച്ചുകൊണ്ട് ദേവു ചോദിച്ചു.
" എന്താ പെണ്ണേ.., ഉറങ്ങാനുള്ള പ്ലാൻ ഒന്നുമില്ലേ?...."
" അതല്ല സൂരജേട്ട..., എനിക്കൊരാഗ്രഹം.... നമ്മുടെ ആ പഴയ വീടിലെ.. അവിടെ ഒന്നുകൂടി പോകണം.. ആ തൊടിയിലും വരമ്പിലും ഒന്നുകൂടെ നടക്കണം... പിന്നെ നമ്മൾ ഒന്നിച്ചിരിക്കുന്ന ആ വാകമരമില്ലേ... അതിന്റെ ചോട്ടിൽ ഒന്നൂടി ഇരിക്കണം....., സൂരജേട്ടനുമായിട്ട്.." ,
നിസ്സാരമായ ആഗ്രഹമാണ് ദേവു പറഞ്ഞെങ്കിലും സൂരജിന്റെ കാതുകളിൽ മുഴങ്ങിയിരുന്നത് ഡോക്ടർ കിരണിന്റെ ശബ്ദമായിരുന്നു.
സൂരജും ദേവുവും വിവാഹിതരായിട്ട് ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു. പരസ്പരം സ്നേഹിച്ചാണ് അവർ വാഹിതരായത് . രണ്ട്‌ കുടുംബങ്ങൾക്കും അവരുടെ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നില്ല. നഗരത്തിലെ പ്രമുഖ ഐ.ടി കമ്പനിയിൽ ജോലിയായിരുന്നു സൂരജിന്. MBA വരെ പഠിച്ചെങ്കിലും ദേവു ജോലിക്കായി ശ്രമിച്ചതേയില്ല. അവളുടെ ലോകം മുഴുവൻ സൂരജായിരുന്നു. ജോലി കഴിഞ്ഞു വന്നാൽ അവൾ സൂരജിനെ ഇടംവലം തിരിയാൻ സമ്മതിക്കില്ല. കൊച്ചുകുട്ടിയെപ്പോലെ അവൾ സൂരജിന്റെ പുറകെ നടക്കും. അത് സൂരജും ഒരുപാട് ആസ്വദിച്ചിരുന്നു.
" ദേവൂട്ടി....... ഞാൻ ഇറങ്ങുവാ....",
ദേവുവിന്റ അരക്കെട്ടിലൂടെ അവളെ ചേർത്തു പിടിച്ചു കൊണ്ട് സൂരജ് പറഞ്ഞു.
" ആരേലും കാണും...., വിട് സൂരജേട്ട...", സൂരജിന്റെ കയ്യിൽ നിന്നും അവൾ കുതറിമാറി.
" എനിക്കൊന്നും തരാനില്ലേ...", ദേവു ചോദിച്ചു
" ഓ.. എന്തോ തരാനാ.. ആരെങ്കിലും ഒക്കെ കാണും..",
സൂരജ് അൽപ്പം ഗൗരവത്തിൽ പറഞ്ഞു.
" അയ്യടാ....", സൂരജിനെ കെട്ടിപ്പിടിച്ച് ദേവു അവനൊരു മുത്തം നൽകി.
സൂരജിന്റെ കാർ തന്റെ കണ്ണിൽ നിന്നു മറയുന്നത് വരെ അവൾ നോക്കിനിന്നു.
ഓഫീസിൽ എത്തിയ ശേഷം സൂരജിന് ഒരു കോൾ വന്നു.
" മോനെ, ഇന്ദിരാമ്മയാ വിളിക്കുന്നെ..., ദേവു ഒന്ന് തലക്കറങ്ങി വീണു, ഞങ്ങൾ ഇവിടെ സിറ്റി ഹോസ്പിറ്റലിൽ ഉണ്ട്, മോൻ ഒന്ന് വാ ഇങ്ങോട്ട്...",
വീട്ടുജോലിക്കായി വെച്ചിരിക്കുന്ന ഇന്ദിരാമ്മ ആണ്‌ വിളിച്ചത്‌. ദേവുവിന് ഈയിടെയായി ചെറിയ തലവേദന ഒക്കെ ഉണ്ടായിരുന്നു. എന്തായാലും സൂരജ് ആശുപത്രിയിലേക്ക് വണ്ടി പായിച്ചു.
' അവൾക്ക് ചിലപ്പോൾ വിശേഷം ഉണ്ടായിരിക്കും....... അതായിരിക്കും തലക്കറങ്ങി വീണത്... വേറേ ക്ഷീണം ഒന്നും ഉണ്ടായിരുന്നില്ലല്ലോ......', സൂരജിന്റെ ചിന്തകൾ പല രീതിയിൽ പാഞ്ഞു.
" വരൂ സൂരജ്.. ഇരിക്ക്,....", ഡോക്ടർ പറഞ്ഞു.
"സൂരജ്..., ഞാൻ പറയാൻ പോകുന്നത് നിങ്ങൾ ഉൾക്കൊള്ളണം..", സൂരജിന് ടെൻഷൻ ഇരട്ടിച്ചു
" എന്തായാലും പറയ് ഡോക്ടർ...."
" സൂരജ്.., കുറച്ചുനാൾ മുമ്പായിരുന്നെങ്കിൽ..., ഇതിപ്പോൾ ഫൈനൽ സ്റ്റേജ് ആണ്... ഒരു കീമോയോ ഒന്നും ഇതിനൊരു സൊലൂഷൻ അല്ല..., ദേവുവിന് ബ്രെയിൻ കാൻസർ ആണ്...."
ഡോക്ടറിന്റെ വാക്കുകൾ സൂരജിന്
വിശ്വസിക്കാനായില്ല, തൊണ്ടയിൽ കുരുങ്ങിയ അയാളുടെ സ്വരം ഇടറിയിരുന്നു. മരവിച്ച ശരീരം മാത്രമായി നിശ്ചലനായി ഇരിക്കുകയായിരുന്നു സൂരജ്.
" എന്റെ ദേവുവിനെ രക്ഷിക്കാൻ ഒരു വഴിയുമില്ലേ.."
നിർജീവമായിരിക്കുന്ന അയാളുടെ കണ്ണുകളിലേക്ക് ഡോക്ടർ നോക്കി, പ്രതീക്ഷയുടെ ഒരു തിളക്കം അയാളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു.
" സോറി സൂരജ്, ഏറിയാൽ കുറച്ചു മണിക്കൂറുകൾ അല്ലെങ്കിൽ നിങ്ങളുടെ പ്രാർത്ഥനകൾക്ക് ശക്തി ഉണ്ടെങ്കിൽ ഒന്നോ രണ്ടോ ദിവസം, ഈ അവസ്ഥയിൽ നമുക്ക് ഒന്നും ചെയ്യാനാകില്ല...",
ശ്വാസമടക്കിപ്പിടിച്ചു കൊണ്ട് പറഞ്ഞതത്രയും സൂരജ് കേൾക്കുകയായിരുന്നു.
" ദേവു ഒന്നും അറിയണ്ട..കൊണ്ടുപോകുവാ ഞാൻ അവളെ.., അവൾ.....",
തന്റെ മുന്നിലിരുന്ന് വിതുമ്പുന്ന സൂരജിനെ ഡോക്ടർ ആശ്വസിപ്പിച്ചു. ഹൃദയം പിളരുന്ന വേദനയിൽ സൂരജ് അറിയാതെ ഡോക്ടറിന്റെ നെഞ്ചിലേക്ക് ചാഞ്ഞു പോയി
....................................
"........ സൂരജേട്ടനുമായിട്ട് ഇരിക്കണം...., ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ?.......", ദേവു ചോദിച്ചു
" അല്ല ഇന്ന് ആശുപത്രിയിൽനിന്ന് വന്നതുമുതൽ ഞാൻ ശ്രദ്ധിക്കുവാ... എന്നിക്ക് ഒന്നുമില്ല സൂരജേട്ടാ.. ക്ഷീണം കൊണ്ട് തലചുറ്റിയതാ... ഇന്നലെ ഉറക്കം കുറഞ്ഞതിന്റെയാ.... അതേ നേരത്തെ ഉറങ്ങാൻ സമ്മതിക്കണേ.....", ദേവു സൂരജിനോട് ചേർന്ന് കിടന്നുകൊണ്ട് പറഞ്ഞു
" നമ്മുക്ക് നാളെ തന്നെ പോണം കേട്ടോ... അവിടെ",
ചിണുങ്ങിയുള്ള അവളുടെ സ്വരത്തിൽ കരച്ചിലടക്കി പിടിച്ചു കൊണ്ട് സൂരജ് പറഞ്ഞു
" പോകാം..., നാളെ തന്നെ പോകാം....,ഇപ്പൊ നി ഉറങ്ങിക്കോ....."
" ആ...., നല്ല സൂരജേട്ടൻ..",
സൂരജിന്റെ നെഞ്ചിൽ ഒരു മുത്തം നൽകിക്കൊണ്ട് ദേവു പറഞ്ഞു
' ദൈവമേ.., അവളുടെ ഈ ആഗ്രഹം നടത്താനുള്ള ആയുസ്സ് നീ അവൾക്ക് കൊടുക്കണെ....", മനസ്സിൽ ഒരായിരം വട്ടം സൂരജ് അത് പറയുന്നുണ്ടായിരുന്നു.
രാത്രിയിലെപ്പോഴോ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് സൂരജ് പാതി മയക്കത്തിൽ നിന്നും ഉണർന്നത്. ദേവു ഇപ്പോഴും തന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്നു. അവളെ തലോടിക്കൊണ്ട് എപ്പോഴാണ് മായക്കത്തിലേക്ക് പോയതെന്ന് അയാൾക്ക് അറിയില്ലായിരുന്നു. അവളെ ചുറ്റിവരിഞ്ഞു കൊണ്ട് സൂരജ് അയാളുടെ കൈകൾ അവളുടെ നെറുകയിൽ വച്ചു. അസ്സഹനീയമായ ഒരു തണുപ്പ് അവളെ പൊതിഞ്ഞിരിക്കുകയായിരുന്നു.
" ദേവു.., മോളെ എഴുന്നേൽക്ക്..", സൂരജ് അലറി വിളിച്ചു..
" ദേവൂ,.........." നിശ്ശബ്ദമായിരുന്നു സൂരജിന്റെ ആ നിലവിളി.
പുറത്ത് മിന്നലുകൾ തന്റെ പ്രഹരങ്ങൾ ഭൂമിയെ ഏൽപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുറന്നിട്ട ജാലകത്തിലൂടെ ഒരു നേർത്ത തണുപ്പ് സൂരജിന്റെ നെറുകയിൽ വന്നു പതിച്ചു.
ഈറനണിഞ്ഞ മുടികളുമായി തന്റെ പുറകെ നടന്ന്.. തന്റെ മാറോടലിയാൻ ഇനി ദേവു ഈ ലോകത്തില്ല.
ഒരുദിവസത്തെ ആയുസ്സാണ് സൂരജ് ദൈവത്തോട് ചോദിച്ചത്, പക്ഷേ തമ്പുരാന്റെ പുസ്തകത്തിൽ ദേവുവിന്റെ അവസാന നാഴികയും കഴിഞ്ഞിരിക്കുന്നു.
ദേവുവിന്റെ ആഗ്രഹം പോലെ ആ പഴയ വീട്ടിലേക്ക് സൂരജ് യാത്രയായി. തൊടിയിലും പാടവരമ്പത്തൂടെയുമെല്ലാം അയാൾ നടന്നു നീങ്ങി. ദേവുവിന് ഏറ്റവും പ്രിയപ്പെട്ട ആ വാകമരച്ചുവട്ടിൽ ഇപ്പോൾ സൂരജ് തനിച്ചിരിക്കുകയാണ്.
തന്റെ നെറുകയിൽ വീഴുന്ന ഓരോ തളിരിലകളും ദേവുവിന്റെ തലോടൽ ആണെന്ന് അയാൾക്ക് ഉറപ്പായിരുന്നു. അന്ന് തുറന്നിട്ട ജാലകത്തിലൂടെ തന്റെ നെറുകയിൽ പതിച്ച ആ നേർത്ത തണുപ്പ് ഇന്നും അയാൾ അനുഭവിക്കുകയാണ്.......
ഒരു പക്ഷെ അത് ദേവുവിന്റെ വിരഹത്തിൽ ചാലിച്ച ചുംബനമായിരിക്കാം......
ആത്മാവിന്റെ അടങ്ങാത്ത പ്രണയത്തിൻ ചുംബനം.....
.
.
ദീപു അത്തിക്കയം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo