നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാർക്കപ്പണിക്കാരി വാസന്തി

Image may contain: 1 person, beard and closeup

രണ്ടു ദിവസം മുമ്പ് വായിച്ച ഒരു കഥയാണ് ഈ കഥ എഴുതുവാൻ പ്രേരിപ്പിച്ചത്...മറ്റൊരു ജീവിതത്തിൽ നിന്ന് അറിയാതെ നുള്ളിയെടുത്ത ചില ഏടുകൾ...
..........................................................
വാർക്കപ്പണിക്കാരി വാസന്തി.....
അതെ....
ആ പേരെലാണ് അവൾ അറിയപ്പെടുന്നത്...
വാസന്തിയുടെ അച്ഛൻ അവൾ സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ മരണമടഞ്ഞു.
പിന്നീട് അമ്മയായിരുന്നു അവൾക്ക് എല്ലാം...
അമ്മയും വാസന്തിയുമല്ലാതെ ആറുപേർ കൂടി അവൾക്ക് താഴെയായി ആ വീട്ടിൽ ഉണ്ടായിരുന്നു.
രണ്ടു നേരത്തെ ആഹാരത്തിനുപോലും വഴിയില്ലാതെ കടന്നുപോയ അവളുടെ ബാല്യം. ..
നിത്യരോഗിയായ അമ്മയും സഹോദരങ്ങളും അവളുടെ ഉള്ളിൽ പ്രായത്തേക്കാൾ പക്വതയേറിയ ചില തീരുമാനങ്ങളെടുക്കുവാൻ പ്രേരിപ്പിച്ചു..
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരു ദിവസം അവൾ അമ്മയോടു പറഞ്ഞു.
'അമ്മേ... ഞാൻ ഇനി മുതൽ സ്കൂളിൽ പോകുന്നില്ല...'
'അതെന്താ... ടീച്ചർ വഴക്ക് പറഞ്ഞോ...?'
'അതല്ല അമ്മേ... എത്ര ദിവസം എന്ന് കരുതിയാ ഈ പട്ടിണി കിടക്കുക... കൊയ്തു കിട്ടിയ നെല്ലൊക്കെ തീർന്നു...
സ്കൂളിൽ നിന്ന് കിട്ടുന്ന ഉപ്പുമാവുകൊണ്ട് എങ്ങനെയാ ഇത്രയും പേരുടെ വിശപ്പ് മാറ്റുക...?
'അമ്മക്കറിയാം മോളെ...
എന്ത് ചെയ്യാനാ...
ദൈവം നമ്മളെ ചതിച്ചില്ലേ..
ഇല്ലായിരുന്നെങ്കിൽ എനിക്ക് എവിടെയെങ്കിലും വീട്ടു പണിക്കെങ്കിലും പോകാനുള്ള ആരോഗ്യം തരുമായിരുന്നില്ലേ..
കർമ്മദോഷമാവും...'
അമ്മയുടെ കണ്ണുകൾ ഈറനണിയുന്നതുകണ്ട് അല്പനേരം അവൾ മിണ്ടാതിരുന്നു...
'അമ്മേ... തെക്കേതിലെ ജാനുച്ചേച്ചി പറഞ്ഞു അമ്മയോട് ചോദിച്ചു സമ്മതം വാങ്ങി വന്നാൽ എന്നേയും ചേച്ചിയുടെ കൂടെ വാർക്കപ്പണിക്കായി കൊണ്ടു പോകാമെന്ന്...
മണ്ണും ഇഷ്ടികയും ചുമക്കാനാണ്... പണി കഴിഞ്ഞാൽ ഒരു ദിവസം അമ്പതുരൂപ കിട്ടും... അതുകൊണ്ട് നമുക്ക് റേഷനരി വാങ്ങി എന്നും കഞ്ഞി കുടിച്ചൂടെ അമ്മേ...
ഉണ്ണികൾ വിശന്നു കരയുന്നത് കാണേണ്ടല്ലോ അമ്മേ... '
'നീ പറയുന്നത് ശരിയാണ്... അമ്മക്കറിയാം. .. എന്നാലും ഈ പതിമൂന്നാമത്തെ വയസ്സിൽ എന്റെ മോളെ ആ പൊരിവെയിവത്ത് കല്ലും മണ്ണും ചുമക്കാൻ വിടാൻ അമ്മയ്ക്ക് വയ്യ. ..'
'അത് സാരമില്ല അമ്മെ.... കുറച്ചു ദിവസത്തെ വിഷമമേ കാണൂ എന്നാണ് ജാനുച്ചേച്ചി പറഞ്ഞത്. അമ്മ സമ്മതിച്ചാമതി... എനിക്ക് ഒരു വിഷമവുമില്ല.'
ഒരു നിമിഷം എന്തോ ആലോചിച്ച് ആ അമ്മ അവൾക്ക് അനുവാദം കൊടുത്തു. ..
...................................................
'ജാനുച്ചേച്ചീ....'
'ആരാത്....?'
'ഞാനാ ചേച്ചി വാസന്തി...'
'ആ... മോളാണോ.... നീ അവിടെ ഇറയത്തിരിക്ക്... ഞാൻ ഇപ്പോൾ പണി കഴിഞ്ഞു വന്ന് കുളിച്ചതെ ഉള്ളൂ.... ഈ നനഞ്ഞ് മുണ്ടും ജാക്കറ്റും ഒന്നു മാറട്ടെ.
'ശരി ചേച്ചി....'
വാസന്തി ജാനുവിന്റെ വീട്ടിൽ മുറ്റത്ത് ഒരു അരികിലായി നിന്ന ചെന്തെങ്ങിൽ ചാരി നിന്നു...
'ആ... നീ എന്താ മോളെ അവിടെ നിന്നത്... ഇവിടെ ഈ ഇറയത്ത് ഇരിക്കാമായിരുന്നില്ലേ..?'
'സാരല്യ ചേച്ചി....'
'വാ... ഇവിടെ ഇരിക്ക്....'
ജാനു... പാതി കീറി തുടങ്ങിയ ഒരു കുഞ്ഞിപ്പായ നിവർത്തിയിട്ട് അവളെ വിളിച്ചു....
വാസന്തി അവിടെ പോയിരുന്നു...
'ചേച്ചി... ഞാൻ അമ്മയോട് ചോദിച്ചു... അമ്മ ആദ്യം സമ്മതിച്ചില്ല... പിന്നെ ഞാൻ നിർബന്ധിച്ച് സമ്മതിപ്പിച്ചു... നാളെ ഞാനും വരട്ടെ ചേച്ചി പണിക്ക്. ...?'
'നാളെ നീ വരണ്ട. .. ഞാൻ ആ മേസ്തരിയോട് പറഞ്ഞിട്ട് മറ്റന്നാൾ മുതൽ നീ വന്നാമതി...'
'ഉം... ശരി ചേച്ചി...'
'ആ ...പിന്നെ ഒരു കാര്യം....
ഉച്ചയ്ക്ക് എന്തെങ്കിലും കഴിക്കാൻ കൊണ്ടു പോകണം. പണിക്ക് പോകുന്നിടത്ത് ഒന്നും കഴിക്കാൻ കിട്ടില്ല...'
'അതിപ്പോ എന്താ കൊണ്ടു പോവുക...?'
അവൾക്ക് അതിന് ഉത്തരം ഇല്ലായിരുന്നു...
വാസന്തിയുടെ മൗനവും മുഖം താഴ്ത്തിയുള്ള നില്പും കണ്ടു ജാനു പറഞ്ഞു.
'മോള് വെഷമിക്കണ്ട... ചേച്ചിക്കറിയാം അവിടത്തെ അവസ്ഥ.... ഇന്ന് കഞ്ഞി വെച്ചോ അവിടെ....?'
അതിനുത്തരം പറഞ്ഞത് അവളുടെ കണ്ണുകൾ ആയിരുന്നു.... കണ്ണുനീർ തുള്ളികളായി....
'മോള് അവിടെ നിക്ക്.. ചേച്ചി ഇപ്പൊ വരാം..'
എന്ന് പറഞ്ഞ് ജാനു അകത്തേക്ക് പോയി..
കീറിത്തുടങ്ങിയ പുള്ളി പാവാടയുടെ ഒരറ്റം കൊണ്ടു കണ്ണു തുടച്ച് വാസന്തി അവിടെ നിന്നു....
അല്പം കഴിഞ്ഞ് ജാനു ഒരു ചെറിയ വട്ടിയുമായി അവിടേക്ക് വന്നു. .ഹ
'ദാ.. മോളേ.... റേഷനരിയാണ്... ഇന്നലെ വാങ്ങിയതാ. .ഒരു മൂന്നു നാഴിയുണ്ട്.. കല്ലും പുഴുക്കട്ടയും കാണും. .. വെടിപ്പാക്കാൻ ചേച്ചിക്കു നേരം കിട്ടീല... മോള് അതു കണ്ടു പോയി ചേറ്റി വൃത്തിയാക്കി എടുത്ത് കഞ്ഞി വെക്ക്. . കൊറച്ചു അരി ബാക്കി വെച്ചൊ... നാളെ കഴിഞ്ഞു പണിക്ക് പോകേണ്ടതല്ലെ...'
വാസന്തി ആ അരി വാങ്ങി ജാനുവിനോട് യാത്ര പറഞ്ഞ് ഇറങ്ങി...
നീണ്ടു മെലിഞ്ഞ ആ ഏഴാം ക്ലാസ്സുകാരിയുടെ പാദങ്ങൾ അകന്ന് അകന്ന് പോകുന്നത് ജാനു നോക്കി നിന്നു...
'പാവം കുട്ടി....'
അവളറിയാതെ ഉള്ളിൽ നിന്നും ഒരു നെടുവീർപ്പ് ഉയർന്നു വന്നു....
...........................................
'വാസന്തീ.... വാസന്തീ....'
'ദാ വരുണൂ ചേച്ചി...'
ഒരു കൈയിൽ അലൂമിനിയത്തിന്റെ ഒരു ചോറ്റുപാത്രവും മറു കൈയ്യിൽ ഒരു തുവർത്തുമുണ്ടും ചിമ്മാടുമായി വാസന്തി ഓടി വന്നു.
"പോകാം...'
'ഉം....'
അന്ന് ഒരു വീടിന്റെ പണിയാണ് എന്നാണ് ജാനുവരി പറഞ്ഞത്...
വാസന്തിയുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു പരിഭ്രാന്തി ഉണ്ടായിരുന്നു. എങ്കിലും ജാനുവിനോട് അത് പറഞ്ഞില്ല.
വെട്ടുകല്ലുകൊണ്ടാണ് വീട് പണിതു തുടങ്ങിയിട്ടുള്ളത്. തറയുടെ പണി കഴിഞ്ഞു. ഇനി മുകളിലേക്ക് പണിയണം. മൂന്നു പണിക്കാർ കൂടി അവിടെ ഉണ്ടായിരുന്നു.. പുരുഷന്മാർ... അവർ കട്ട പണിക്കാർ ആയിരുന്നു.... അവർക്കു വേണ്ട സിമന്റ് കൂട്ടി എടുത്ത് കൊടുക്കുക... അതായിരുന്നു ജാനുവിനും വാസന്തിക്കും ഉള്ള ജോലി...
വാസന്തിയെ കണ്ടു പണിക്കാരൻ രമണൻ ചോദിച്ചു...
'ജാനുവേച്ചീ... ഇതാരാ പുതിയ ഇറക്കുമതി..?'
'ടാ മോനെ.... ചങ്ങമ്പുഴക്കുട്ടാ... നീ പണിയാൻ വന്നതല്ലേ.... നിനക്ക് സിമന്റ് കൂട്ടിയത് കിട്ടുന്നണ്ടോ എന്ന് നോക്കിയാൽ പോരെ.... അത് ആരാ എടുത്ത് തരുന്നത് എന്ന് കൂടി അറിയണോ....?'
'ഞാൻ ചുമ്മാ ചോദിച്ചതാ ചേച്ചി... ചേച്ചി അതിനെന്തിനാ ചൂടാവുന്നത്....?'
'ചുമ്മാതാണേൽ നിനക്ക് കൊള്ളാം... അല്ലെങ്കിൽ ജാനു ആരാന്ന് മോനറിയും...'
'എന്താ ജാനൂ... കാലത്ത് തന്നെ. ..'
'ഒന്നും ഇല്ല കുറുപ്പേട്ടാ....'
'ഇതാരാ ജാനു കൂടെ ഒരു പെൺ കൊച്ച്. ..'
'അത് നമ്മുടെ മരിച്ചുപോയ രാമേട്ടന്റെ മൂത്ത മോളാ. .. അതും പണിക്ക് വരട്ടെ എന്ന് ചോദിച്ചു.... കഷ്ടപ്പാടാ... ഞാൻ വിളിച്ചു കൊണ്ടു വന്നതാണ്....'
'ങാ.. എന്ത് ചെയ്യാനാ... ഓരോരുത്തരുടെ വിധി....
സമയം കളയണ്ട.... സിമന്റ് കൂട്ടിക്കൊ.... ആ കൊച്ചിന് കൊറച്ചു മണൽ വെച്ചു കൊടുത്താമതി ജാനു.... ആദ്യായിട്ടല്ലെ....'
'ശരി ചേട്ടാ.....'
ജാനു അന്ന് വാസന്തിയെക്കൊണ്ട് അധികം പണി എടുപ്പിച്ചില്ല... ഒരു അനിയത്തിയേപ്പോലെ അവളെ കൂടെ നിർത്തി...
വിശ്രമ വേളകളിൽ അവളെ ആശ്വസിപ്പിക്കാനും അവൾ സമയം കണ്ടെത്തി. ..
വൈകീട്ട് പണി കഴിഞ്ഞു തിരിച്ചു വരുന്ന വഴി ജാനു ചോദിച്ചു....
'വാസന്തീ... നാളെ വരില്ലെ.....?'
'വരാം ചേച്ചി....'
'ശരീരം വേദന ഉണ്ടാകും കുറച്ചു ദിവസം... വീട്ടിൽ പോയി വെള്ളം ചൂടാക്കി കുളിച്ചാമതി... ശീലമായി കഴിയുമ്പോൾ എല്ലാം ശരിയാവും...'
'ഉം...'
'ദാ.... ഈ അമ്പത് രൂപ നിനക്കുള്ളതാ... '
ജാനു അവളുടെ ബ്ലൗസിനിടയിൽ തിരുകിയ അമ്പത് രൂപ എടുത്ത് വാസന്തിക്കു കൊടുത്തു.
വാസന്തിയുടെ കണ്ണിൽ വല്ലാത്തൊരു തിളക്കമായിരുന്നു ആ സമയത്ത്... അവൾ അതു വാങ്ങി സന്തോഷത്തോടെ തന്റെ വീട്ടിലേക്ക് ഓടി....
പിന്നീട് ഉള്ള ഓരോ ദിവസങ്ങളും പുതിയ പുതിയ കാൽവെപ്പുകളായിരുന്നു വാസന്തിക്ക്...
ചുട്ടു പൊള്ളുന്ന വെയിലത്തും വേദനയിൽ കുതിർന്ന മനസ്സിൽ നിശ്ചയദാർഷ്ട്യത്തോടെ ജീവിതത്തിന്റെ ഓരോ പടവുകളും അവർ കയറി തുടങ്ങി.
അമ്മയുടേയും സഹോദരങ്ങളുടേയും ഒട്ടിയ വയറും കരയുന്ന മുഖങ്ങളും അവളുടെ മനസ്സിന് കൂടുതൽ ശക്തി പകർന്നു...
വേദനയുടേയും കഷ്ടപ്പാടുകളുടേയും വിശപ്പിന്റേയും നിലവിളികൾ ആ വീട്ടിൽ കേൾക്കാതായി തുടങ്ങി....
ഓരോ കെട്ടിടങ്ങളും പണിതുയർത്തുന്നതോടെ തലയിൽ പേറുന്ന കരിങ്കല്ലിനേക്കാൾ ശക്തമായി തന്റെ കുഞ്ഞു മനസ്സിനെ നിയന്ത്രിച്ചു നിർത്തുവാൻ ജാനുച്ചേച്ചി അവളെ പഠിപ്പിച്ചു. ..
ഇതിനിടയിൽ എപ്പോഴോ കൗമാരം അവളോട് വിട പറയാൻ തുടങ്ങിയിരുന്നു. ..
യൗവ്വനത്തിന്റെ പടിവാതിലിൽ അവൾ മുട്ടി വിളിക്കാൻ തുടങ്ങിയപ്പോൾ പല കഴുകൻ കണ്ണുകളേയും അവൾക്ക് നേരിടേണ്ടി വന്നു. ..
അറിഞ്ഞും അറിയാതെയും കൂടെയുള്ള പണിക്കാരായ പുരുഷന്മാർ അവളുടെ യൗവ്വനത്തെ നുള്ളി നോവിക്കുവാൻ ശ്രമിച്ചു. ..
പലതും അവൾ കണ്ടില്ലെന്നു നടിച്ചു...
എല്ലാം പറഞ്ഞു കൊടുത്തിരുന്നു ജാനുച്ചേച്ചി...
അമ്മയും കൂടപ്പിറപ്പുകളും.... ആ ചിന്ത അവളുടെ മനസ്സിന് ശക്തി പകർന്നു....
ഒരു ദിവസം അമ്മ പറഞ്ഞു....
'മോളേ... നീ ഇപ്പോൾ ചെറിയ കുട്ടിയല്ല.... വലിയ പെണ്ണായി.... സൂക്ഷിക്കണം. ...'
'അമ്മ പേടിക്കേണ്ട... എന്നെ നോക്കാൻ എനിക്കറിയാം... ഒരാളും എന്റെ സമ്മതമില്ലാതെ എന്നെ ഒന്നും ചെയ്യില്ല... അതിനുള്ള തന്റേടമൊക്കെ എനിക്കുണ്ട്. .
'ഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്നു ഇലയിൽ വീണാലും കേട് ആർക്കാ.... അത് മറക്കരുത്...'
'ഇല്ല അമ്മേ... അമ്മ പേടിക്കേണ്ട....'
പക്ഷേ...
അപ്രതീക്ഷിതമായിട്ടാണ് അന്ന് അത് സംഭവിച്ചത്....
(അടുത്ത ഭാഗം നാളെ... എല്ലാവരും വായിച്ചു അഭിപ്രായം പറയണം.... പ്രോത്സാഹനം വേണം... നന്ദി )
***മണികണ്ഠൻ അണക്കത്തിൽ***

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot