നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രതികാരം


മുറിയിലെ ഏകാന്തത അവളെ
വല്ലാതെ പേടിപ്പെടുത്തി.
ഈ ലോകത്ത് താൻ ഒറ്റപ്പെട്ട് പോയത് പോലെ.
ഇല്ല ഇനിയും തനിക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല.
തന്റെ മാനം ഇന്ന് ഏതോ ഒരു പുരുഷന് അടിയറ വെക്കണം.
അത് ആരാണെന്ന് അവൾക്ക് മാത്രമെ അറിയൂ. റോസിന്.
തന്നെ ചതിച്ച് ഇവിടെ എത്തിച്ച ആ യക്ഷിക്ക്..
തനിക്കിഷ്ഠമില്ലാഞ്ഞിട്ടും അവളുടെ നിർബന്ധത്തിന് വഴങ്ങി ബാറിൽ ജോലി ചെയ്തതിന്റെ ബാക്കിപത്രം.
ലഹരി തലക്ക് പിടിക്കുമ്പോൾ ചിലർ തങ്ങളെ കയറി പിടിക്കുന്നത് നിത്യ സംഭവമാണ്.
"അതൊന്നും കാര്യമാക്കണ്ട. കസ്റ്റമറെ സന്തോഷിപ്പിക്കണം".
പരാതി പറഞ്ഞപ്പോൾ അവളിൽ നിന്ന് ലഭിച്ച പ്രതികരണം കേട്ട് ഞെട്ടി.
പിന്നീടൊരിക്കൽ അവൾ പറഞ്ഞു.
സ്ഥിരമായി ബാറിൽ വരുന്ന ഏതോ പണച്ചാക്കിന് തന്റെ സൗന്ദര്യം വല്ലാതെ പിടിച്ച് പോയത്രെ .
"നിനക്കും എനിക്കും ഗുണമുള്ള കാര്യമാണ്..
ഒന്ന് കണ്ണടച്ചാൽ ലഭിക്കാൻ പോകുന്നത് വൻ സൗഭാഗ്യമാണ്. "
ഇത് വരെ എതിർത്ത് പിടിച്ച് നിന്നു.
ഇന്ന് അവൾ ഡ്യൂട്ടിക്ക് പോകാൻ റെഡിയാകുമ്പോൾ പറഞ്ഞു.
"നീ ഇന്ന് വരണ്ട.
അയാൾ ഇന്ന് ഇവിടെ വരും.
പറഞ്ഞ പോലെ അനുസരിച്ചാൽ നിനക്ക് നല്ലത്.
അല്ലെങ്കിൽ ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലൊ. കൊന്ന് കളയും"
ഭീഷണിയുടെ സ്വരം.
"ബോസിനോട് ഞാൻ ലീവ് പറഞ്ഞോളാം".
അകന്ന ബന്ധുകൂടിയായ അവളോടുള്ള പക ഇരട്ടിച്ചു.
റോസ് പോയിക്കഴിഞ്ഞു്
ഒന്നും ചിന്തിക്കാതെ അവൾ ഒരു തീരുമാനമെടുത്തു.
ഇനിയും അവൾ ഒരു പെൺകുട്ടിയെയും ചതിക്കരുത്.
പെട്ടി തുറന്ന് പഴയ ഒരു സാരി പുറത്തെടുത്തു.
ഡൈനിംഗ് ടേബിൾ വലിച്ചിട്ട് സാരി ഫാനിൽ കെട്ടി.
ടേബിൾ വലിച്ച് മാറ്റി.
ചെയർ എടുത്ത് ഫാനിന് ചുവട്ടിൽ ഇട്ട് സാരിയിൽ കുരുക്കുണ്ടാക്കി.
ഭ്രാന്തമായ ഒരാവേശമായിരുന്നു.
പുറത്തെ ചെറുചലനങ്ങൾ പോലും അവളിൽ ഞെട്ടലുളവാക്കി.
എപ്പോഴും ഒരു വിടന്റെ ഡോർ ബെൽ പ്രതീക്ഷിച്ചു.
അവൾ ചുറ്റുപാടും നോക്കി.
പെട്ടെന്നാണ് മറന്ന് വെച്ച് പോയ റോസിയുടെ ഫോൺ കണ്ണിൽ പെട്ടത്.
വന്യമായ ഒരാനന്ദം അവളുടെ കണ്ണുകളിൽ മിന്നി മറഞ്ഞു.
അവൾ അമ്മക്ക് ഫോൺ ചെയ്തു.
തന്റെ സങ്കടങ്ങളുടെ ഭാണ്ഡം ഇറക്കി വെച്ചു.
എല്ലാം കേട്ട് അമ്മ ശബ്ദിക്കാനാകാതെ തേങ്ങി.
അൽപം കഴിഞ്ഞു ചോദിച്ചു.
"മോളെ നീ ഇത് വരെ ഇതൊന്നും പറഞ്ഞില്ലല്ലൊ".
"അമ്മെ ഞാൻ അവളുടെ തടവറയിലായിരുന്നു..
എനിക്ക് ഫോൺ തരില്ലായിരുന്നു.
തന്നാൽ തന്നെ അവളുടെ മുന്നിൽ വെച്ച് മാത്രമെ ഫോൺ ചെയ്യാൻ പാടുള്ളു.
ഞാൻ അമ്മക്കും ചേട്ടനും വിളിക്കുമ്പോൾ ഒരു ഇയർഫോൺ അവളുടെ ചെവിയിലായിരിക്കും.
നമ്മുടെ കടമെല്ലാം വീട്ടാമെന്നും സ്വന്തമായി ഒരു വീട് വെക്കാമെന്നും സ്വപ്നം കണ്ടല്ലെ അമ്മെ അവളെ വിശ്വസിച്ച് ഞാൻ ഇങ്ങോട് പോന്നത്..
30000 രൂപ ശമ്പളമുള്ള ബൂട്ടീഷൻ വിസയാണെന്ന് പറഞ്ഞപ്പോൾ നമ്മുടെ ബന്ധുവല്ലെ എന്ന് കരുതി വിശ്വസിച്ചു പോയി.
ഇവിടെ എത്തിയപ്പോളല്ലെ അവളുടെ തനിനിറം മനസ്സിലായത്.
കുറഞ്ഞ കാലത്തെ സഹവാസത്തിനിടയിൽ ഒരു കാര്യം എനിക്ക് തീർച്ചയായി.
അനുസരിച്ചില്ലെങ്കിൽ അവൾ എന്നെ കൊല്ലാനും മടിക്കില്ല.
പെട്ടെന്നാണ് കാളിംഗ് ബെൽ ശബ്ദിച്ചത്.
അമ്മെ ഞാൻ പോകുകയാണ്.
എല്ലാ വിവരങ്ങളും അമ്മ പോലീസിനോട് പറയണം".
"മോളെ "
അമ്മ വീണ്ടും വിതുമ്പുന്നതിനിടെ ഫോൺ കട്ട് ചെയ്തു.
അവൾ ഫാനിൽ തൂങ്ങിയാടുന്ന സാരിയിലേക്ക് നോക്കി.
ഇനിയും കാത്ത് നിൽക്കാൻ വയ്യ.
അവൾ അടിമുടി വിറക്കുന്നുണ്ടായിരുന്നു.
കത്തെഴുതി വെക്കണോ?
ഒരു നിമിഷം ചിന്തിച്ചു.
വേണ്ട. അതും അവളുടെ കൈയിലേ ലഭിക്കു.
കാര്യമില്ലെന്നറിയാം , എന്നാലും
കുട്ടുകാരി ലളിതയെ വിളിച്ച് താൻ മരിക്കാൻ പോകുകയാണെന്നും ഉത്തരവാദി റോസ് ആണെന്നും മാത്രം പറഞ്ഞു് മറുപടിക്ക് കാതോർക്കാതെ കട്ട് ചെയ്തു.
അവളും റോസിനെ പേടിച്ച് ഇവിടെ കഴിഞ്ഞു് കൂടുകയാണ്. പാവം.
ചെയറിൽ കയറി സാരി കഴുത്തിൽ മുറുക്കി.
ചെയർ തട്ടിമാറ്റുമ്പോൾ അവളുടെ മനസ്സ് നിറയെ റോസിനോടുള്ള പക മാത്രമായിരുന്നു.
"ചേട്ടാ, ഇവൾ പറയുന്നത് മുഴുവൻ കള്ളമാണ്.
ഇവളാണ് ഞാൻ ആത്മഹത്യ ചെയ്യാൻ കാരണക്കാരി .
ചേട്ടൻ വിഷമിക്കുമെന്ന് കരുതി ഞാൻ ഒന്നും അറിയിക്കാതിരുന്നതാണ്.
അമ്മയോട് ഞാൻ കുറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
ചേട്ടാ.... ചേട്ടാ.... അമ്മയോട് ചോദിക്ക് ചേട്ടാ "...
അവളുടെ ആത്മാവു് ആർത്തലച്ച് വിളിച്ച് കൊണ്ടിരുന്നു.
താൻ ഇപ്പോൾ മരിച്ച വെറുമൊരു ബോഡിയാണെന്ന സത്യം ഉൾകൊള്ളാൻ അവൾക്കാവുന്നില്ല.
ദൈവമെ താൻ ചെയ്തത് വെറുതെ ആയല്ലൊ.
അവൾ ഇപ്പോൾ എന്റെ രക്ഷക ചമയുകയാണ്.
"നീ വലിയ ശീലാവതി ചമയണ്ട.
മരിക്കുന്നതിന് മുൻപ് എന്റെ കുഞ്ഞ് എല്ലാം പറഞ്ഞെടീ നിന്നെ പറ്റി ".
ങേ , തന്റെ അമ്മയുടെ ശബ്ദം.
"എടീ ദുഷ്ടേ , എന്റെ മോൾ എന്ത് ദ്രോഹമാടീ നിന്നോട് ചെയ്തത്.
അവളെ ജീവനോടെ എനിക്ക് തരാമായിരുന്നില്ലേ ടീ.
നാലു് കുഞ്ഞു മക്കളെയല്ലേ നീ അനാഥരാക്കിയത്.
നിന്റെ മനം മയക്കുന്ന വാഗ്ദാനങ്ങളിൽ മയങ്ങി എന്തെല്ലാം സ്വപ്നം കണ്ടാണ് എന്റെ കുഞ്ഞ് നിന്റെ കൂടെ വന്നത്.
നല്ല ശമ്പളത്തോടെ , അവൾ പഠിച്ച ബ്യൂട്ടീഷൻ ജോലിക്കെന്ന് പറഞ്ഞല്ലേ രണ്ടു ലക്ഷം രൂപയും പറ്റിച്ചെടുത്ത് നീ അവളെ കൊണ്ടുപോയത്."
പറയമ്മേ എല്ലാം പറയ്. അവളുടെ ആത്മാവ് മന്ത്രിച്ചു.
"എന്നിട്ട് നീയവളെ ചതിച്ചു.
ഇപ്പോൾ നീ നല്ല പിള്ള ചമയാൻ അവളുടെ ശവവുമായി വന്നിരിക്കുന്നു.
നിന്റെ അവിടുത്തെ കൊണവതിയാരമൊക്കെ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്റെ മോൾക്കിന്ന് ഈ ഗതി വരില്ലായിരുന്നു.
നീ ഒരു കാലത്തും ഗതി പിടിക്കില്ലെടീ ദ്രോഹി "
നിന്റെ തലയിൽ ഇടിത്തീ വീഴും.
അമ്മയുടെ വാക്കുകൾ അവിടെ കൂടി നിന്നവരിൽ അവളോട് അമർഷമുളവാക്കി..
തന്റെ വയൽപക്കത്തെ ചില സ്ത്രീകൾ അവളെ അകത്ത് കൊണ്ട് പോയി പൂട്ടിയിട്ടു.
തന്റെ ബോഡി എത്തിയതറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമായി ധാരാളം പേർ എത്തിയിട്ടുണ്ട്.
പല വിധ ചർച്ചകളും നടക്കുന്നു.
ആരോ അറിയിച്ചതനുസരിച്ച് പോലീസും സ്ഥലം MLA യും വന്നു.
നാട്ടുകാരുടെയും ചേട്ടന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ റോസിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാൻ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
തന്നെ പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പാണ് .
എവിടെ തന്റെ പൊന്നോമന മക്കൾ?
ആറ് വർഷം മുൻപ് ഒന്നിച്ച് പിറന്ന തന്റെ മൂന്ന് മക്കൾ.
പത്ത് വയസ്സ് കാരിയായ തന്റെ മുത്ത മകൾ.
ഒരു വാശിക്ക് ഫാനിൽ തൂങ്ങിയപ്പോൾ താൻ അവരെ പാടെ മറന്നു.
അവരെ നോക്കുന്ന സുഖമില്ലാത്ത തന്റെ അമ്മയെ മറന്നു.
ജീവിത പ്രാരാബ്ധങ്ങളിൽ പെട്ട് മറ്റൊരു ഗൾഫ് രാജ്യത്ത് കഷ്ടപ്പെടുന്ന തന്റെ ഭർത്താവിനെ മറന്നു.
അവരുടെ സങ്കടങ്ങൾ മറന്നു.
എല്ലാറ്റിനും കാരണക്കാരി അവളാണ്. അവൾ മാത്രം.
തന്നെ പോലെ എത്രയോ പേരുടെ ജീവിതം തുലച്ചവൾ.
പണത്തിന് വേണ്ടി സ്വന്തം വർഗത്തെ കൂട്ടി കൊടുക്കുന്നവൾ.
പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണെന്ന് അവൾ തിരിച്ചറിഞ്ഞു..
എന്റെ പൊന്ന് മക്കളേ മാപ്പ് തരൂ, പാപിയായ ഈ അമ്മക്ക്.
മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി , റെസ്റ്റോറൻറുകളിലും ബാറുകളിലും ഹോട്ടലുകളിലും ജീവിതം ഹോമിക്കുന്ന സഹോദരിമാർക്ക് സമർപ്പിക്കുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
ബഷീർ വാണിയക്കാട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot