Slider

അഗ്നിമേഘങ്ങൾ

0
Image may contain: 2 people

ചാരം മൂടിയ കനലടുപ്പായി തീരുന്ന നീലാകാശത്തിൽ ഉഗ്രപ്രതാപിയായ സൂര്യൻ ചമയങ്ങളഴിച്ച് നിറം പകരുന്നതും നോക്കി ആ പടിക്കെട്ടിൽ അവളിരിക്കാൻ തുടങ്ങിയിട്ട് നേരമേറെയായി....
ഇതവളുടെ കഥയാണ്.
മേഘയുടെ ....
കുറച്ചു ദിവസങ്ങൾക്കു മുമ്പുവരെ ഏതൊരു സാധാരണ പെൺക്കുട്ടിയേയും പോലെ ഇരുന്നവൾ...
ഇന്നവൾ ഏറെ മാറിയിരിക്കുന്നു ....
അവളുടെ ചുണ്ടുകൾ നിശബ്ദമാണ്.
ഹൃദയത്തിന്റെ നാവുകൾ മരവിച്ചു തുടങ്ങിയിരിക്കുന്നു.
ഉരുകിയൊലിക്കാൻ വെമ്പി നിൽക്കുന്ന പുകഞ്ഞുറഞ്ഞു പോയ ഒരഗ്നിപർവ്വതം ഉളളിൽ വഹിക്കുന്നുണ്ടവൾ.
..........................
"മേഘൂട്ടി ... നീയെന്താ ഈ ഇരുട്ടത്തിങ്ങനെ ഒറ്റക്കിരിക്കണേ?
ത്രിസന്ധ്യ നേരത്ത് ഇങ്ങനെ മൂടിക്കെട്ടി ഇരിക്കാനേ പാടില്യ ...
അപ്പഴാ ഇവിടെ ഒരാള് ഇങ്ങനെ."
''ഒന്നൂല്യ അച്ഛാ.. വെറുതെ ഇങ്ങനെ ഇരുന്നൂന്ന് മാത്രം "
"അങ്ങനെ വെറുതെ ഇരിക്കുന്ന സ്വഭാവം ഇല്ലല്ലോ
എന്റെ കുട്ടിക്ക്.
എന്താണെങ്കിലും അച്ഛനോട് പറഞ്ഞൂടേ.... ഇങ്ങനെ വീർത്തു കെട്ടി ഇരിക്കാതെ. "
"അച്ഛനറിയാവുന്നതല്ലേ എല്ലാം ... കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് ഞാൻ എന്തായി തീർന്നൂന്ന്.
അച്ഛന്റെ മേഘൂട്ടിയല്ല ഇപ്പോൾ ഞാൻ
പത്രക്കാരും ടി വി ക്കാരും എല്ലാരും കൂടി ചേർന്ന് ആഘോഷിക്കുന്ന ഒരു ഇരയാണ്.
എല്ലാവരേയും ഒളിച്ച് ഇങ്ങോട്ട് ഓടി പോന്നതാ ഞാൻ
ഇവിടെ ആരും എന്നെ അറിയില്ല ... ആരും കാണില്ല..
തുറിച്ചു നോട്ടവും കൊള്ളി വെച്ച സംസാരങ്ങളും ... ഒന്നിനേയും നേരിടാൻ വയ്യ ....
അച്ഛനറിയോ... രണ്ടു ദിവസം മുമ്പ് എന്റെ മൊഴിയെടുക്കാൻ വന്ന പോലീസുകാർ എന്തൊക്കെയാ ചോദിച്ചേന്ന്.....
അവരെങ്ങനെയൊക്കെയാ എന്തൊക്കെയാ ചെയ്തേ.... എവിടൊക്കെയാ തൊട്ടേ ... ..... അങ്ങനെ കേട്ടാലറക്കുന്ന കുറേയേറെ ചോദ്യങ്ങൾ....
എനിക്കോർത്തെടുക്കാൻ പറ്റണില്ലാന്ന് പറഞ്ഞപ്പോൾ.... വീണ്ടും വീണ്ടും ഓരോന്ന് കുത്തി ചോദിച്ചു കൊണ്ടേയിരുന്നു.
അന്നു വൈകുന്നേരം ക്ലാസ് കഴിഞ്ഞു നടന്നു വരുന്ന സമയത്ത് ഒരു കാർ എന്റെടുത്ത് കൊണ്ട് നിർത്തി അതിലിരുന്ന ഒരാൾ ഏതോ ഒരഡ്രസ്സ് കാണിച്ച് വഴി ചോദിച്ചു.
മറുപടി പറയുന്നതിന് മുമ്പ് തന്നെ അവരെന്നെ ആ കാറിനകത്തേക്ക് വലിച്ചിട്ടു.
ഒച്ച വെക്കാൻ തുടങ്ങിയപ്പോ അവരെന്റെ വായിലേക്ക് തുണി കുത്തിക്കയറ്റി... കൈയും കാലും പിടിച്ചമർത്തി വെച്ച് അനങ്ങാൻ പറ്റാത്ത വിധം ഞെരിക്കുകയായിരുന്നു.
അവർ നാലു പേരുണ്ടായിരുന്നു.
ആ കാറിനകത്തിട്ട് അവരെല്ലാവരും കൂടി എന്റെ പച്ച മാംസം കൊത്തി പറിക്കുകയായിരുന്നു .
ഒന്ന് ആർത്ത് കരയാൻ പോലും കഴിഞ്ഞില്ല എനിക്ക് .
ആ ചെകുത്താൻമാരുടെ ആർത്തി പൂണ്ട കണ്ണുകൾ ഇറച്ചിക്കഷ്ണങ്ങൾക്ക് കടിപിടി കൂടുന്ന ചെന്നായ്ക്കളുടേതു പോലെ തിളങ്ങുന്നുണ്ടായിരുന്നു.
അതിലൊരുവന് ചെമ്പിച്ച് നീണ്ട താടിരോമങ്ങളുണ്ടായിരുന്നു.
വക്രിച്ച് വികൃതമായ അവന്റെ ചിരിയിൽ .... അവന്റെ കൂർത്ത പല്ലുകളിൽ ... ചെമ്പൻ താടിരോമങ്ങളിൽ എന്റെ തന്നെ ചോര കട്ടപിടിച്ച്
നിൽക്കുന്നുണ്ടായിരുന്നു.
അവറ്റകളുടെ ഉമിനീരിന്റേയും ചലത്തിന്റേയും ദുർഗന്ധമാണ് ഇപ്പോൾ ഈ ശരീരത്തിന് ...
നഖങ്ങളുടെ മൂർച്ച കൊണ്ട് കുത്തിക്കീറിയ മുറിവുകളിൽ പുഴുക്കൾ നുരക്കുകയാണ്.
കുത്തിയൊഴുകുന്ന ഈ കറുത്ത രക്തത്തിലൂടെ അവറ്റകൾ എന്നിലവശേഷിപ്പിച്ച എല്ലാ വൃത്തികേടുകളും ഒന്നൊലിച്ചു പോയിരുന്നെങ്കിൽ ...
മാനം നഷ്ടപ്പെട്ട ഒരു പെൺകുട്ടിയാണ് ഇപ്പോൾ ഞാൻ...
എല്ലാവർക്കും ഒരു പരിഹാസ കഥാപാത്രം.
അറപ്പും വെറുപ്പും ഉളവാക്കുന്ന ഒരു കാഴ്ച്ച വസ്തു.
കണ്ണടച്ചാൽ ചുറ്റിലും തെളിയുന്നത് അന്നത്തെ ആ ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകളും കൂർത്ത പല്ലുകളുമാണ്.
കാതുകളിൽ അവറ്റകളുടെ ആക്രോശങ്ങളും വേഗമേറിയ ഉച്ഛ്വാസനിശ്വാസങ്ങളും വന്നലക്കുകയാണ്.
ഇങ്ങനെയൊരു ജൻമം .. ഇനിയെന്തിനാ ...
വെറി തീർത്ത് വഴിയിൽ കളഞ്ഞിട്ടു പോകുന്നതിന് മുമ്പ് ബാക്കിയുള്ള ജീവനും കൂടി എടുക്കാമായിരുന്നു അവറ്റകൾക്ക് .
പറ്റണില്ല അച്ഛാ.... വല്ലാതെ പേടിയാകുന്നു.
തളർന്നു പോകുന്നു.
ഇതൊന്നും നേരിടാനുള്ള ധൈര്യം എനിക്കില്ല."
" മേഘൂട്ടീ....
എന്തൊക്കെയാ നീ ഈ പറയുന്നത്.
ഇങ്ങനെയൊന്നും ചിന്തിക്കാൻ കൂടി പാടില്ല.
അച്ഛന്റെ കുട്ടിക്ക് ഒരു അപകടം പറ്റി.
ശരീരത്തിനേറ്റ മുറിവുകൾക്ക് മരുന്ന് വെക്കാം.
മനസ്സിനേറ്റ മുറിവുകൾ ഉണക്കേണ്ടത് നീ തന്നെയാണ്.
എന്റെ കുട്ടിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
ഈ മാനമെന്ന് പറയുന്നത് ശരീരത്തിന്റെ ഒരു പ്രത്യേകഭാഗത്ത് താഴിട്ടു പൂട്ടി വച്ചിരിക്കുന്ന ഒരു സാധനമൊന്നുമല്ല .... ആർക്കു വേണമെങ്കിലും ബലമായ് എടുത്തു കൊണ്ടു പോകാൻ ...
മാനം നില കൊള്ളുന്നത് മനുഷ്യന്റെ ശരീരത്തിലല്ല .....ആത്മാവിലാണ്.
നോക്കിലും വാക്കിലും പ്രവൃത്തിയിലുമാണ്.
മാനം നഷ്ടപ്പെട്ടത് അവർക്കാണ്. അന്തസ്സില്ലാതെ അവർ കാണിച്ച നീചപ്രവൃത്തിയിലൂടെ ...
അപ്പോൾ വേദനിക്കേണ്ടത് ആ നികൃഷ്ടജൻമങ്ങളല്ലേ....
നിനക്ക് നഷ്ടപ്പെട്ടത് നിന്റെ സ്വാതന്ത്യമാണ്.
ആ നെറികേടിനെ പ്രതിരോധിക്കാനോ അതിനെതിരെ പ്രതികരിക്കാനോ സാധിക്കാതെ പോയ സ്വാതന്ത്യം.
പിന്നെ നാട്ടുകാരുടെ കാര്യം... പോകാൻ പറയൂ...
നമ്മൾ ജീവിക്കേണ്ടത് .... നമുക്ക് വേണ്ടിയും നമ്മളെ സ്നേഹിക്കുന്നവർക്കും വേണ്ടിയാണ്.
വല്ലവരും തുറിച്ചു നോക്കിയാലോ കുത്തുവാക്ക് പറഞ്ഞാലോ .... നീയത് ശ്രദ്ധിക്കേണ്ട ...
എത്ര നേരം... എത്ര കാലം .... നോക്കും അവർ ...
നമുക്ക് ചുറ്റുമുള്ള ലോകത്തിൽ പല തരത്തിലുള്ള ആളുകളുണ്ടാകും.
എല്ലാവരും ഉയർന്ന നിലവാരത്തിലുള്ളവരായി കൊള്ളണമെന്നില്ല .എന്ന് കരുതി അവരുടെ നിലവാരത്തിലേക്ക് താഴേണ്ട കാര്യം നമുക്കില്ല.
നിന്റെ ഈ ഒളിച്ചോട്ടം ഒരു പ്രശ്നത്തിനും പരിഹാരമല്ല.
കൃത്യമായ ഉത്തരങ്ങൾ കൈയ്യിലുള്ളപ്പോൾ ചോദ്യങ്ങളെ എന്തിന് ഭയക്കണം... എന്റെ കുട്ടി.
ജീവിതത്തിന്റെ ഈ കരകാണാക്കടൽ താണ്ടാൻ മനസ്സിനെ ഒരു തോണിയാക്കണം.
പരിഭ്രമിക്കാതെ അത് നന്നായി തുഴയാനുള്ള പരിശീലനങ്ങളാണ് ഓരോ അനുഭവങ്ങളും .
ഇപ്പോൾ നീ കടന്നു പോകുന്നത് ചുട്ടുപൊള്ളുന്ന ഒരനുഭവത്തിലൂടെയാണ്.
അതിൽ നീ കത്തിയെരിയുകയല്ല വേണ്ടത് .
ആ ചൂട് നിന്റെ നെഞ്ചിലേക്കെടുത്ത് അവിടെ ഒരു തിരി തെളിയിക്കണം...
ആ വെളിച്ചം മുന്നോട്ടുള്ള വഴി കാട്ടും ...
ആ തീയിൽ നീ സ്വയം ജ്വലിക്കുമ്പോൾ .... അതിന്റെ താപത്തിൽ അവർ കരിഞ്ഞു ചാമ്പലാകണം ......
നഷ്ടങ്ങൾ അവർക്കാണ് എന്ന് അവർ തിരിച്ചറിയണം.
നിന്റെ ഹൃദയത്തിലെ നീറ്റലിൽ അവരുടെ കണ്ണുകൾ എരിഞ്ഞൊഴുകണം.....
അത് കാണണം നീ...
നിന്റെ ഓരോ ഉത്തരങ്ങളിലും അവർക്ക് നേരെ ആയിരം ചോദ്യചിഹ്നങ്ങളുയരണം.
അന്ന്... അവിടെ ....ജയിക്കും എന്റെ കുട്ടി...
അതിരില്ലാത്ത ആകാശത്തിലൂടെ സ്വതന്ത്രമായി ഒഴുകി നടക്കുന്ന വെൺമേഘക്കെട്ടുകളോടുള്ള ഇഷ്ടം കൊണ്ടാണ് എന്റെ കുട്ടിയെ അച്ഛൻ മേഘ എന്ന് ചൊല്ലി വിളിച്ചത്.
ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ട് നിനക്ക്.
വഴി വെട്ടേണ്ടതും നീ തന്നെയാണ്.
അങ്ങനെയുള്ള എന്റെ മേഘൂട്ടിയാണ് ഇങ്ങനെ കാർമേഘക്കെട്ടായി ഒന്നും നേരിടാനുള്ള ധൈര്യമില്ല എന്നും പറഞ്ഞ് കരഞ്ഞു തളർന്നിരിക്കുന്നത്.
നിന്നെ ഈ അവസ്ഥയിൽ കണ്ടിട്ട് അമ്മയും കണ്ണനും ആകെ സങ്കടപ്പെട്ടിരിക്കുകയാണ്.
നിങ്ങളെ രണ്ടു പേരെയും ഒരു കരക്കെത്തിക്കാൻ ഒരു പാട് കഷ്ടപ്പെടുന്നുണ്ട് നിന്റെ അമ്മ ..
അവളെ വിഷമിപ്പിച്ചാൽ അച്ഛന്റെ വിധം മാറുമേ... പറഞ്ഞേക്കാം ...
അച്ഛന്റെ മിടുക്കി കുട്ടി... എണീറ്റ് കണ്ണും മുഖവുമൊക്കെ കഴുകി അകത്തേക്ക് കയറി പോയേ...
വേഗാവട്ടെ... ചെല്ല്...
...................
അവൾ പതുക്കെ കണ്ണു തുറന്നു. ഇപ്പോൾ അവൾക്കു
ചുറ്റും ഇരുട്ടില്ല ...
നല്ല പാൽവെളിച്ചം .
ശരീരത്തിലാകെ കെട്ടു പിണഞ്ഞു കിടക്കുന്ന ഇ.സി.ജിയുടെ വയറുകളും ഓക്സിജൻ മാസ്കുമൊന്നും അവൾക്ക് ഭാരമായി തോന്നിയില്ല.
അവൾക്കിപ്പോൾ ശ്വാസതടസ്സമില്ല ...
ശരീരം വേദനിക്കുന്നുണ്ടെങ്കിലും പുഴുക്കളരിക്കുന്നില്ല ...
അവളുടെ കൈയും കാലും അനങ്ങുന്നുണ്ട്.
ചുണ്ടുകൾ " അച്ഛാ " എന്ന് മന്ത്രിച്ചുവെങ്കിലും എന്തോ ഓർത്തിട്ടെന്ന പോലെ അമ്മ എന്ന് തിരുത്തി അവൾ.
അവൾക്കിപ്പോൾ എല്ലാം കാണാം കേൾക്കാം...
നാളെയെക്കുറിച്ച് സംശയങ്ങളില്ല അവളിൽ ...
അതിരറ്റ വിസ്തൃതിയിൽ അനന്ത കോടി ആദിത്യൻമാർ ഒരുമിച്ചുദിച്ചുയരുന്ന തീവ്രതയിൽ
സ്വന്തം പുനഃസൃഷ്ടിക്കായി ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു
അവൾ ....
അഞ്ജു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo