നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തീറാധാരം

തീറാധാരം
ഞങ്ങള്‍ വിശ്വാസികളാണ്.
താലികെട്ടിയവന്‍ ഭര്‍ത്താവെന്നും
താലിയണിഞ്ഞവള്‍ ഭാര്യയെന്നും
വേഷ്ടിയും ചന്ദനക്കുറിയും പ്രൗഢസ്ത്രീകളുടെ അടയാളമെന്നും
ചൊവ്വാദോഷമുള്ള പെണ്ണുങ്ങള്‍ കെട്ടുമുടങ്ങി കെട്ടിക്കിടക്കുമെന്നും
ആണ്‍കുട്ടികള്‍ ക്രിക്കറ്റുകളിക്കുമെന്നും
തറവാട്ടുമുറ്റത്തെ മുല്ലത്തറയില്‍ കാരണവന്മാരും
പാലച്ചോട്ടില്‍ നാഗത്തന്മാരും വാഴുന്നുവെന്നും
അമ്പലത്തിലെ ദെെവമല്ല പള്ളിയിലെ ദെെവമെന്നും
തനിക്കു രക്ഷ തന്റെ ദെെവം മാത്രമാണെന്നും ,
പ്രപഞ്ചോത്ഭവത്തിനുമെത്രയോ മുന്‍പ് ഹിമാലയത്തില്‍
മനുഷ്യരുണ്ടായിരുന്നുവെന്നും
ഭാരതത്തിലില്ലാത്തതൊന്നുമില്ലെന്നും
ആദിയില്‍ ഒന്നുമില്ലായിരുന്നുവെന്നും
മരിച്ചവര്‍ ജനിച്ചുമരിച്ച് കാലചക്രം തിരിയിന്നുവെന്നും
കവിതയ്ക്ക് ഛന്ദസ്സും ദേവതയും ഉണ്ടെന്നും
കഥകളി കാണാത്തവര്‍ കഥയില്ലാത്തവരാണെന്നും
നമ്മള്‍ തെരഞ്ഞെടുത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും
പണം എണ്ണേണ്ടത് ആവശ്യമില്ലാത്ത ഡിജിറ്റല്‍ ലോകത്തില്‍
ദാരിദ്ര്യം ഉണ്ടാവില്ലെന്നും
സാധുക്കളെ അസാധുവാക്കാന്‍ ഒരു പ്രഖ്യാപനം പോരുമെന്നും
മനുഷ്യനു കഴിയാത്തത് സന്യാസിമൗലവിമാര്‍ പരിഹരിക്കുമെന്നും
വിലക്കിഴിവ് ശരിക്കും വിലക്കിഴിവാണെന്നും
ലോകം വലിയൊരു വിപണിയാണെന്നും
സ്റ്റോക്ക് എക്സ്ച്യ്ഞ്ചുകള്‍ അതിന്റെ ഹൃദയത്തുടിപ്പാണെന്നും
ഭക്ഷ്യധാന്യങ്ങള്‍ എലി തിന്നാലും
എലക്ട്രോണിക്ക് എക്സ്ചേയ്ഞ്ചുകള്‍ നിലനില്‍ക്കുമെന്നും
വെളുത്തവരെല്ലാം ഭരിക്കാന്‍ പിറന്നവരെന്നും
കറുത്തവരെല്ലാം കീഴാളരെന്നും
ജന്മത്തില്‍നിന്നാണ് ജാതിയുണ്ടാവുന്നതെന്നും
സംവരണം രാജ്യത്തിനപകടമാണെന്നും
ഈശ്വരന്‍ സംസ്കൃതത്തിലും, ഡോളര്‍ ഇംഗ്ലീഷിലും സംസാരിക്കുന്നവെന്നും
പിച്ചക്കാരെല്ലാം രാത്രിയില്‍ കക്കാനുള്ള
ഇടം അയാളപ്പെടുത്തുന്നവരെന്നും
തെരുവിലുറങ്ങുന്ന പെണ്ണുകളെല്ലാം പുലയാടിച്ചികളാണെന്നും
അന്യസംസ്ഥാനത്തൊഴിലാളികള്‍ ബലാല്‍സംഗക്കാരെന്നും
യുദ്ധത്തിലൂടെയാണ് സമാധാനം സംസ്ഥാപിക്കപ്പെടുന്നതെന്നും
ധര്‍മ്മസംസ്ഥാനത്തിനായി യുദ്ധങ്ങള്‍ അവതരിക്കുമെന്നും
അടുത്ത യുദ്ധത്തിനുള്ള സമാധാനക്കരാറ് ഉടന്‍ ഒപ്പുവെയ്ക്കുമെന്നും
യുദ്ധത്തിന്റെ ഗീത മനഃശാന്തിക്കുത്തമമെന്നും
വിശ്വാസം അതല്ലേ എല്ലാമെന്നും
ഞങ്ങള്‍
വി ശ്വ സി ക്കു ന്നു.
എല്ലാം കണ്ട് മുകളിലിരുന്നു ചിരിക്കുന്ന ബഹുലോകകുത്തകദെെവം
ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടുന്നു.
ഭീകരര്‍ക്കു ചോറു കൊടുക്കുന്നു.
ഹിമാലയം ഇടിച്ചു നിരപ്പാക്കി,
മഹാസമുദ്രം മണ്ണിട്ടു നികത്തി,
അതിരില്ലാ ഗോളത്തില്‍ വിമാനം പറത്തി കളിക്കുന്നു;
പടിഞ്ഞാറുനിന്ന് കിഴക്കോട്ടും
വടക്കുനിന്നു തെക്കോട്ടും
വിഷവാതക്കുഴലുകള്‍ കുഴിച്ചിടുന്നു.
വിവരസാങ്കേതിക-വിവരാധിഷ്ഠിത ആഗോളത്തില്‍
വിവരത്തില്‍ വിശ്വസിച്ച വിവരദേോഷികള്‍
തങ്ങളുടെ വിരലടയാളം പതിച്ച ആധാരം
തീറെഴുതി പതിച്ചു കൊടുക്കുന്നു.
' വിശ്വസ്തതയോടെ ,'എന്ന് ആണയിടുന്നു.

paduthol

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot