Slider

അഷ്ടപദി (കഥ - ശ്രീലേഖ ശ്യാം)

0
Image may contain: 4 people

കിഴക്കേനടയിലേയ്ക്കുള്ള ഇടവഴിയിൽ അരണ്ട വെളിച്ചം മാത്രമേ ഉണ്ടായിരുന്നെങ്കിലും ഒറ്റയ്ക്കും കൂട്ടായും ഭക്തജനങ്ങൾ ധൃതിയിൽ നടക്കുന്നുണ്ടായിരുന്നു. ഭഗവത് സന്നിധിയിലേക്ക് ഭൂരദേശത്ത് നിന്നും വരുന്നവരുടെ പുതുവസ്ത്രത്തിന്റെ മണവും ഉലച്ചിൽ ശബ്ദവും അന്തരീക്ഷത്തിൽ മൃദുവായി നിറഞ്ഞു നിൽക്കുന്നു.
“ നാരായണാ! ഗുരുവായൂരപ്പാ! ഗോവിന്ദാ!” വൃദ്ധ ജപിച്ചു കൊണ്ട് സൂക്ഷിച്ചു നടന്നു. വാകചാർത്തിനും അഭിഷേകത്തിനു ശേഷം ഭഗവാനെ തോർത്തുകയാണ്. കസ്തൂരി തിലകമണിയിച്ചു, ആടയാഭരണങ്ങൾ അണിയിച്ചു. ഒരു കൈയ്യിൽ വെണ്ണയും മറുകൈയ്യിൽ ഓടകുഴലുമായി ഭഗവാൻ ഉണ്ണികൃഷ്ണനായി അനുഗ്രഹം ചൊരിയുന്നു. എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത കാഴ്ചയാണിത്. ജീവിതത്തിലെ എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളിൽ മനംമടുക്കാതെ അതിനെ മുന്നോട്ടു നയിച്ചത് ഈശ്വരനിൽ ഉള്ള ഭക്തി തന്നെയാണന്ന് അവർ ഓർത്തു.
" എതിരേറ്റു പൂജ'’ യ്ക്കു ശേഷം നൈവേദ്യ പ്രസാദവുമായി വൃദ്ധ വിശ്രമ മന്ദിരത്തിലെ പടികളിൽ ഇരുന്നു. അവധിക്കാലമായതിനാൽ അമ്പലത്തിനുള്ളിൽ ചെറു ബാല്യക്കാരെ ധാരാളം കണ്ടു. കണ്ണനു മുന്നിൽ ആദ്യമായി ചോറുണ്ണുന്ന കുഞ്ഞുങ്ങൾ. മറ്റൊരിടത്ത് ഇരു കൈയിലുമായി മഞ്ചാടി വാരുന്നവർ… പെൺകുഞ്ഞുങ്ങൾ രാധയെപ്പോലെ ഭാഗ്യവതികളാകാനും …. ആൺ കുഞ്ഞുങ്ങൾ കണ്ണനെ പോലെ കുസൃതിക്കുടുക്ക കളാകാനും …
ഉച്ചവെയിൽ താഴ്ന്ന നേരം. സമീപ പ്രദേശത്തുള്ള കുട്ടികൾ ആയമ്മയെ
വട്ടംചുറ്റിയിരിക്കുകയാണ്: കാർട്ടൂൺ ചാനലുകൾക്കിടയിലും മൊബൈൽ ഗെയിമുകൾക്കിടയിലും അമ്പല സാമീപ്യം കൊണ്ടാവണം കുട്ടികൾക്ക് കണ്ണന്റെ കഥ കേൾക്കാനും ഇഷ്ടമാണ്. അമ്മ പ്രായാധിക്യം മറന്ന് ഉത്സാഹത്തോടെ വാക്കുകൾ കൊണ്ട് അവരുടെ മനസ്സിൽ വൃന്ദാവനത്തിലെ ചരാചരങ്ങളെ പുന: സൃഷ്ടിക്കുകയാണ്.
ചിലർക്ക് കൃഷ്ണന്റെ വികൃതികളാണ് താത്പര്യം. എന്നാൽ പെൺകുട്ടികൾക്കാകട്ടെ അമ്മയെ വട്ടം ചുറ്റിക്കുന്ന കണ്ണന്റെ ഭാവങ്ങളും രാധാകൃഷ്ണൻമാരുടെ സൗഹൃദവും. ആരെയും പിണക്കാതെ കഥ പറയാൻ അമ്മയ്ക്ക് പ്രത്യേക സാമർത്ഥ്യം തന്നെയുണ്ട്. ഉണ്ണിയുടെ വായിൽ മൂന്നു ലോകവും കണ്ട് മോഹാലസ്യപ്പെടുന്ന അമ്മയായും, കണ്ണന്റെ പ്രാണനായ രാധയായും ആയമ്മയുടെ ഭാവമാറ്റം കണ്ട് അത്ഭുതപ്പെട്ടു പോകുന്നുണ്ട് കുട്ടികളും.
"അത്ര ഇഷ്ടമുണ്ടായിട്ടും കൃഷ്ണൻ രാധയെ പിന്നീട് കാണാൻ വരാത്തതെന്തേ?” കൃഷ്ണൻ വൃന്ദാവനം വിട്ട് ദ്വാരകാപുരിയിലേക്ക് പോകുന്ന സന്ദർഭത്തെപ്പറ്റി വിവരിച്ചപ്പോൾ അതുവരെ നിശബ്ദയായിരുന്ന ഒരു പെൺകുട്ടി ചോദിച്ചതാണ്. "ഓരോ ജന്മാവതാരങ്ങൾക്കും ഓരോ ഉദ്യേശലക്ഷങ്ങളുണ്ടായിരുന്നു. അതിനാൽ ഭഗവാൻ എന്നും രാധയെ തന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു “ എന്ന മറുപടിയിൽ അവൾ തൃപ്തയായോ.?
ഉച്ചപൂജയ്ക്കു ശേഷം രാത്രി വൈകി ഇടയ്ക്കയിൽ താളം പിടിച്ച് അഷ്ടപദി പാടുകയാണ് ക്ഷേത്രജീവനക്കാരൻ. അതിൽ മുഴുകി ഇരിക്കവേ അതൊരു ഓടക്കുഴൽ നാദമായി പരിണമിക്കുകയായി. അതിൽ നിന്നും ഉത്ഭവിച്ചത് രാധയെന്ന പെൺകുട്ടിയുടെ ആത്മ നൊമ്പരമായിരുന്നോ?
ഇന്നലെ വീണ്ടുമാ മുരളിക കൈയിലെടുക്കെ
അതു മൂളും ഗീതത്തിൽ മുഴുകി ഞാൻ
വീണ്ടുമൊരു ഗോപാലസഖിയായ്
അണിഞ്ഞൊരുങ്ങി കാത്തിരുന്നു.
അന്നു നാം പിന്നിട്ട ഇടവഴികളിലിന്നു
നീല കടമ്പു പൂത്തുവല്ലോ
നിൻ ആദ്രനയനങ്ങൾ തന്നിലൊളിപ്പിച്ച
ആ താരകക്കൂട്ടം മാത്രമെനിക്കിന്നു സ്വന്തം
കാണാതെ വന്നെന്നെ തഴുകുന്ന
തെന്നലിന് നിന്റെ സുഗന്ധം
കണ്ണടച്ചു കേൾക്കുവാൻ കൊതിക്കുന്നു
നിന്റെ പാദസരത്തിന്റെ കൊഞ്ചൽ
യുഗങ്ങളെത്ര കടന്നു പോയീ ഭൂവിൽ
വസന്തങ്ങളെത്ര കൊഴിഞ്ഞു, ഈ മണ്ണിലാ
നല്ല നാളുകളോർത്തു നെടുവീർപ്പോടെ
എൻ ബന്ധുജനമെവിടെയോ മറഞ്ഞു പോയ്
കാലമെന്റെ നെറുകയിൽ വെള്ളി നൂലുകൾ നെയ്യവേ
കലിയുഗ ഉണ്ണികൾ യമുനയെ കാളിന്തിയാക്കുന്നു
പൂമണം പേറുന്ന കാറ്റിനിന്നു എന്റോ സൾഫാന്റെ ഗന്ധം
നിൻ പ്രിയ ബാല്യർക്കേകുന്ന ദുഗ്ദ്ധത്തി മിന്നു ദുസ്വാദോ
എങ്കിലുമീ മാറ്റങ്ങൾ എന്നെ സ്പർശിക്കില്ല
കവചമായ് മാറുന്നു മെനിക്കുനിൻ പ്രഭാവലയം
ഈ മനുജന്മത്തിലാശകൾക്ക് മരണമില്ല
എന്നെത്തുമാ ദിനം .. നിന്നിൽ വിലയമാകുന്നയാസുദിനം
ശ്രീലേഖ ശ്യാം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo