Slider

മജന്താക്കളർ സാരി (ചെറുകഥ )

0
Image may contain: 1 person, selfie and closeup
"മോളു.. വൈകിട്ട് റെഡി ആയി നിക്കണം.ട്ടോ "
"എന്താ അച്ചായാ.. ?"അവളുടെ ശബ്ദത്തിലെ പരിഭ്രമംതിരിച്ചറിഞ്ഞു.
"എടി പൊട്ടി,.. ഒന്നും ഇല്ല..! വൈകിട്ട് ഒരു ഷോപ്പിംഗ്, ഒരു സിനിമ... പിന്നെ KFC യിൽ നിന്നും ഫുഡ്‌. എന്താ പോരെ ?"ഗൗരവത്തിൽ ചോദിച്ചു.
"ഓ.. ചുമ്മാതാ.. എന്നെ പറ്റിക്കുവാ അല്ലെ ?"അവൾക്കു വിശ്വാസമായില്ലെന്ന് മനസ്സിലായ്..
"അല്ല മോളു.. ഞാൻ നേരത്തെവരാം. നമുക്ക് ഇന്ന് ഒന്ന്കറങ്ങാം. കുട്ടികളെയും റെഡിയാക്കിനിർത്തിക്കോ.വേലക്കാരിയോട് വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞേക്ക്.. "
"അച്ചായോ.. !സീരിയസ്സാന്നോ . ?അതോ അന്നത്തെ പോലെ പറ്റിക്കുമോ.. ?"
കഴിഞ്ഞ മാസം ഇതു പോലെ സിനിമായ് ക്കു പോകാൻ ഒരുങ്ങി നിൽക്കാൻ പറഞ്ഞു.പക്ഷെ തോട്ടത്തിൽ ചെറിയ ഒരു യൂണിയൻ പ്രശ്നം.എല്ലാം കഴിഞ്ഞപ്പോൾ വീട്ടിൽ എത്തിയത് ഏറെ വൈകിയാണ്. അന്ന് പോക്ക് നടന്നില്ല. അത് മനസ്സിൽ വച്ചാണ് അവൾ അങ്ങിനെ പറഞ്ഞത്.
"ഹേയ്.. ഒരിക്കലും ഇല്ല.. !അതിന്റെ കടംവും ഇന്നലത്തെ കടവും കൂടി തീർക്കാനാണ് ഇതു... സന്തോഷം ആയില്ലേ എന്റെ ചക്കരമുത്തിന്... ?"
" ഒന്ന് പതിയെ പറ മനുക്ഷ്യാ.. ആരെങ്കിലും കേട്ടാൽ നാണക്കേടാ.. ഇപ്പോഴും പതിനെട്ടു വയസ്സാന്നാ വിചാരം..!"ഫോണിൽ ആണെന്നു അവൾ മറന്നു.
അവളുടെ ആ വാക്കുകളിൽ നാണത്തിൻ തേൻ പുരണ്ടിരുന്നു.
"നമുക്കെപ്പോഴും പതിനെട്ടു അല്ലേടി ഭാര്യേ.. ?പിന്നെ,
ആ മജന്താ കളറിലുള്ള സാരിയില്ലേ.. ?അത് ഉടുത്താൽ മതി... "
അവൾ ചിരിച്ചു കൊണ്ട്.
"ങേ..? എന്താണ് മോന്റെ പ്ലാൻ.. ?അത് നടക്കില്ല..മോനെ ?"അവൾ കുസൃതിച്ചിരിയോടെ പറഞ്ഞു.
ശ്ശെടാ.. !അവൾ അത് കണ്ടുപിടിച്ചു കളഞ്ഞു. മജന്താ കളറിലെ ഷിഫോൺ സാരി.അവൾക്കു നന്നായി ചേരും.
കൂടാതെ ആ സാരിയോടെ അവളെയുംകെട്ടിപ്പിടിച്ചു കിടക്കുമ്പോൾഅത് ഒരു സുഖാ... !
ചമ്മൽ മറച്ചുകൊണ്ട്,
"ശ്ശോ... !നീ ഒന്നും പറയേണ്ട.. ഞാൻ പറഞ്ഞത് അങ്ങോട്ട്‌ കേട്ടോണ്ടാമാത്രം മതി.. "
"ഉം.. ഉം... ശരി.. ശരി.. "
ഫോൺ വെച്ചു..
'എന്നാലും ഇവളുടെ ഓരോ കാര്യം മനസ്സിലാക്കികളഞ്ഞു.. 'വളിച്ച ഒരു ചിരിയോടെഓർത്തു.
തോട്ടത്തിൽ നിന്നും നേരത്തെ ഇറങ്ങി..
ടൗണിലെനീണ്ട ട്രാഫിക്ക് ബ്ലോക്കിലൂടെ മറ്റു വാഹനങ്ങൾ ക്കൊപ്പംമെല്ലെ ഇഴഞ്ഞു,ഇഴഞ്ഞു വരുമ്പോൾ. കല്യാൺസിൽക്കിന്റെ മുന്നിൽ കിടന്ന ഒരു കറുത്ത ബെൻസ് കാർകണ്ണിലുടക്കി... ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങുന്നആളെ കണ്ടു.. ആശ്ചര്യം തോന്നി.
"തോമാച്ചൻ.. "മനസ്സിൽ പറഞ്ഞു. വണ്ടി സൈഡ് ഒതുക്കി.
തന്റെ ആത്മാർത്ഥസ്നേഹിതൻ.. ഒന്നാം തരംതൊട്ടുകൂടെ ഉണ്ടായിരുന്നവൻ ഇപ്പോൾ ദുബായിക്കാരൻ.
ഇവൻ എപ്പോൾ വന്നു.. ?മനസ്സിൽ ചിന്തിച്ചു കൊണ്ട് വിളിച്ചു.
"ഡാ.. തോമാച്ചാ... "
അവൻ തിരിഞ്ഞു നോക്കി.
തന്നെ കണ്ട് അവനും ആശ്ചര്യം..
വേഗം ഓടി വന്നു കെട്ടിപ്പിടിച്ചു..
"അളിയാ.. നിന്റെ നമ്പർ മിസ്സായി.വീട്ടിലോട്ടു വരാൻ ഒരുങ്ങുവാരുന്നു... "
"ഭാഗ്യം,നീ മറന്നില്ലല്ലോ.. അത് മതി.. "
"മറക്കേ... എന്നാടാ ഉവ്വേ, ഈ പറയുന്നേ... ?അന്ന് ഗൾഫിൽ പോകാൻ പൈസാക്ക് വേണ്ടി ഓടി നടന്നപ്പോൾ. ഈ നിൽക്കുന്ന മാത്യൂസ് മാത്രമേ ഉണ്ടായിരുന്നുള്ളു..അതൊന്നും മറക്കാനൊക്കുകേല.. മാത്യൂസെ.. "
അവന്റെ വാക്കുകലിൽ അൽപ്പം കടപ്പാടിന്റെ അംശം ബാക്കിയുണ്ടെന്ന് തോന്നുന്നു..
"അത് പോട്ടെ, മറ്റവൻ ഒന്നും കൊണ്ട് വന്നില്ലായോ.. ?"
അവൻ അത് കേട്ടു ചിരിച്ചു കൊണ്ട്..
"പിന്നല്ലാതെ.. !അല്ലാതെ ഞാൻ എങ്ങിനെ ഒരു ഗൾഫ് കാരൻ ആകുമെടാ ഉവ്വേ... "
ഞാനും ചിരിച്ചു..
"അളിയാ... പിന്നെ.. ഗൾഫിലെ പോലെയല്ല ഇവിടെ.. ഒടുക്കത്തെ ചൂടാന്നെ. അതുകൊണ്ട് തല്ക്കാലം നമുക്ക് ഓരോതണുത്ത ബിയർ അടിക്കാം. "
ങേ.. ?എന്നു മുതൽ.... ?മനസ്സിലോർത്തു .
"അളിയാ.. ഇന്ന് വേണ്ട..! പെമ്പറന്നോത്തിയുമായി ഇച്ചിരി കറക്കം ഉണ്ട്.. !"
"ഓ . പിന്നെ.. ! കറക്കം. അത് നാളെആയാലും കറങ്ങാന്നേ.. "
വളരെ നിസ്സാരമായി അവൻ പറഞ്ഞു.
തോമാച്ചന്റെ നിർബന്ധത്തിന് വഴങ്ങി ബാറിലെത്തി.
ഓരോ കഥകൾ പറഞ്ഞു.. പറഞ്ഞു...
സമയം പോയ്‌..
ഒരുപാട് ബിയർ കുപ്പികൾ ടേബിളിൻ മുകളിൽ വന്നു അപ്രത്യക്ഷമായികൊണ്ടിരുന്നു. അതിനിടയിൽ ഫോൺപലവട്ടം ചിലച്ചു. വീട്ടിൽ നിന്നാണ്.സഹികെട്ടപ്പോൾ,
സ്വിച്ചുഓഫ്‌ ചെയ്തു വച്ചു.
ഒടുവിൽ തോമാച്ചന്റെ ശരീരംതണുത്തപ്പോൾ..
അവനോടു യാത്രപറഞ്ഞിറങ്ങി
ആടിയാടി. ഒരുവിധം വണ്ടിയിൽക്കയറി..
വീടെത്തുന്നതിന്റെ ഇടയ്ക്കു മൂന്ന് പ്രാവിശ്യം മൂത്രമൊഴിക്കാൻ വണ്ടി നിർത്തേണ്ടി വന്നു.
'ഏതവനാണോ ഈ ബിയർ കണ്ട് പിടിച്ചത്. അവനെ ആദ്യം തല്ലണം ' സ്വയം പുലമ്പി. . കോപ്പ്.. !ദേക്ഷ്യം വരുന്നു..
സെക്യൂരിറ്റി ഗേറ്റ് തുറന്നു. വണ്ടിപാർക്ക് ചെയ്യാൻ അവനെ ഏൽപ്പിച്ചിട്ടു വീട്ടിലേക്കു കയറി.
വാതിൽ ലോക്ക് ചെയ്തിരുന്നില്ല
പാതിചാരിയിട്ടേ ഉണ്ടായിരുന്നുള്ളു.
ഹാളിലെ കാഴ്ചകണ്ട് പകച്ചു പ്പോയ്.
സോഫയിൽ മക്കൾ രണ്ടുപേരും പുതിയ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് കെട്ടിപിടിച്ചു കിടന്നുറങ്ങുന്നു.
അടുത്ത് തന്നെ അവളും. ഇരിക്കുന്നു .
തന്നെകാത്തിരുന്നു പാവം ഉറങ്ങിപ്പോയ്.
മജന്താ കളറിലെ സാരി എന്നെ നോക്കി കൊഞ്ഞനം കൂത്തി .
തലയിൽ കൈവച്ചു പോയ്‌..
കുറ്റബോധം ഉള്ളിൽ നീറിപുകഞ്ഞു..
ശ്ശോ.. ഒന്നും വേണ്ടായിരുന്നു... !
പെട്ടെന്ന് അവൾ എഴുന്നേറ്റു വാതിൽ അടച്ചു.
ഒന്നും സംഭവിക്കാത്തത് പോലെ, അകത്തേക്ക് പോയ്‌.
ഞാൻ അവിടെ ഉണ്ടെന്നു പോലും ഗൗനിക്കാതെ...
"..സാറാമ്മേ... പ്ലീസ് "എന്റെ വിളി ശൂന്യതയിൽ ലയിച്ചു.
-------------
കുറച്ചു ദിവസം ഒന്നുംസംഭവിക്കാതെ കടന്നു പോയ്‌.
എല്ലാം പഴയത് പോലെ.. പക്ഷെ.... !
ആ സംഭവത്തിന് ശേഷം സാറാമ്മ ഇതു വരെഎന്നോട് മിണ്ടിയിട്ടില്ല..അവളുടെ മുഖത്തെ കനത്തഭാവം കാണുമ്പോൾ അറിയാതെ തലകുനിഞ്ഞു പോകുന്നു..
അസഹനീയമാണ് ഈ മൗനം.
ഭ്രാന്ത് പിടിക്കുന്ന അവസ്ഥ.
ഇന്ന് ഇതു തീർക്കണം.. ഇനി തുടരാൻ വയ്യ.. !
എന്നു മനസ്സിൽ ചിന്തിച്ചുകൊണ്ട് ഫോണെടുത്തു അവളെവിളിച്ചു..
"ഉം... എന്താ.. ??"
അവൾ ദേക്ഷ്യത്തിൽ തന്നെ..
കുറെ മാപ്പിരന്നു . അവൾ ഒട്ടും തണുക്കുന്നില്ല.
പാലാക്കാരി അച്ചായത്തി ആണ്അവൾ അങ്ങിനെ തണുക്കില്ലെന്നറിയാം..
ഒടുവിൽ പതിനെട്ടാമത്തെ നമ്പർ ഇറക്കി അതിൽ അവൾ വീണു.
"തോമാച്ചന്റെ ഭാര്യ ഗൾഫിൽ വച്ചു ആരുടെ കൂടയോ ഒളിച്ചോടിപ്പോയ് .അവന്റെ സങ്കടം കാണാൻ സഹിക്കാൻ പറ്റിയില്ല. അത് കൊണ്ടാണ് അങ്ങിനെപറ്റിപ്പോയത്.. "
"ശ്ശോ.. അച്ചായാ കഷ്ട്ടായല്ലോ.. "അവൾക്കു സങ്കടം വന്നു എന്നു മനസ്സിലായി.
'ആരെങ്കിലും രക്ഷപെടുന്നത് ഇവള് മാർക്കൊന്നും സഹിക്കില്ല.. '
എന്ന് മനസ്സിൽ ഓർത്തു..
അതോടെപാതി പിണക്കംമാറി..
കുറച്ചു കഴിഞ്ഞ് പിന്നെയും വിളിച്ചു. കുറെ സംസാരിച്ചു.
പിണക്കം പിന്നെയും കുറഞ്ഞു.
മൂന്നാമത്തെവിളിയിൽ എല്ലാ പിണക്കങ്ങളും ഉരുകി ഒലിച്ചു...
"അന്ന് നിന്നെ മജന്താക്കളറിലെ സാരിയിൽ കണ്ടപ്പോൾ കടിച്ചു തിന്നാൻ തോന്നി.. "
"അയ്യെടാ... ഇങ്ങു വന്നോണ്ടാ മതി... "പതുങ്ങിയ നാണം ഞാൻ അറിഞ്ഞു..
"സാറാമ്മേ... " ശബ്ദം താഴ്ത്തി വിളിച്ചു..
"എന്തോ... "
"ഇന്ന് ആ സാരി ഒന്ന് കൂടി
ഉടുക്കുമോ.. ?"പ്രേമവിവശനായിചോദിച്ചു..
"ഉം... "സമ്മതം അറിയിച്ചു കൊണ്ട് അവൾ മൂളി .
സന്തോഷംകൊണ്ട് തുള്ളിച്ചാടാൻ തോന്നി..
'ഇങ്ങിനെ ഒരു പാവമാണല്ലോ എന്റെ ഭാര്യ ' മനസ്സിലോർത്തു.
വീട്ടിലേക്കു പോകുന്ന വഴി അവൾക്കു ഏറ്റവും ഇഷ്ട്ടപെട്ട 'സുഖിയൻ 'വാങ്ങി.
അത് കണ്ടപ്പോൾ തന്നെ ആ കണ്ണുകൾ വിടർന്നു.
ഒറ്റയിരുപ്പിൽ അഞ്ചെണ്ണം തിന്നുതീർത്തു.
രാത്രിയായ്. കുട്ടികൾ ഉറങ്ങി.
മുറിയിൽ കുറച്ചു പെർഫ്യൂം അടിച്ചു..
പോരാഞ്ഞിട്ട് പൗഡറും വാരി ഇട്ടു. റെഡിആയി ഒരു മൂളി പാട്ടും പാടി കട്ടിലിൽ കാലുംആട്ടി കിടന്നു.
ഇനി അവൾ വന്നാൽ മതി..
കാലൊച്ച കേട്ടു തലഉയർത്തി നോക്കി.
സാറാമ്മ.. മജന്താ സാരിയിൽ..
മുറിയിൽ പെർഫ്യൂം മണത്തപ്പോൾ അവൾ ഒന്ന് ചിരിച്ചു.
ഹോ.. !.
വാരിഎടുക്കാൻ തോന്നി.
ഇപ്പോഴും എന്നാസൗന്ദര്യമാണ് ഇവൾക്ക്...
ശരീരം കണ്ടാൽ ഇപ്പോഴും പതിനെട്ടു വയസ്സേ തോന്നു.
"അച്ചായാ .. ഇപ്പോൾ വരാമേ, അല്പംപണികൂടിയുണ്ട്.. "
"ഹും.. ഹും... ഇനി എന്നാ പണി.. ?"
കൊച്ചു കുട്ടികളെപ്പോലെ ഞാൻ ചിണുങ്ങി.
അവൾ അത് ശ്രദ്ധിക്കാതെ പുറത്തേക്കുപോയ്‌.
കുറച്ചു കഴിഞ്ഞ് പിന്നെയും വന്നു.
ഉറക്കം നടിച്ച പോലെ കിടന്നു..
'കൊച്ചു കള്ളി, വന്നു..'വെള്ളമിറക്കിക്കിടന്നു.
അവൾ നോക്കിയപ്പോൾ ഉറങ്ങുന്ന എന്നെക്കണ്ടുതിരിച്ചു പോവാൻ ഒരുങ്ങി..
"അയ്യോ..പോവല്ലേ.. ! അച്ചായൻ ഉറങ്ങിയില്ലന്നേ.. "ഞാൻ പിന്നെയും കൊച്ചുകുട്ടിയായ്.
"ഒരു പത്തു മിനിറ്റ്‌ കൂടി ക്ഷമിക്കെന്റെ മോനെ.. "
അവൾ പോയ്‌..
അവളെയും കാത്തുകിടന്നു. യുഗങ്ങൾ കടന്നുപോകും പോലെ തോന്നി..
തലയ്ക്കു നല്ല ഭാരം തോന്നി..
പതിയെ നിദ്രയിലേക്ക്...
കണ്ണു തുറന്നു നോക്കുമ്പോൾ നേരം വെളുത്തിരുന്നു.
എഴുന്നേറ്റു അവളെനോക്കി. കട്ടിലിൽ ഇല്ല.
തൊട്ടടുത്ത മുറിയിൽ മജന്താക്കളർ സാരിയോടെ സുഖമായികൂർക്കം വലിച്ചുറങ്ങുന്ന അവളെക്കണ്ടു ചവിട്ടാൻ തോന്നി..
അപ്പോൾ അവൾ എഴുന്നേറ്റു കണ്ണുതിരുമ്മി..
ദേക്ഷ്യത്തിൽ നിൽക്കുന്ന എന്നെക്കണ്ടു..
"എങ്ങിനെയുണ്ട്. ?" തലയാട്ടി ക്കൊണ്ട് അവൾ ചോദിച്ചു..
അപ്പോഴാണ് മനസ്സിലായത് എല്ലാം അവൾ അറിഞ്ഞു കൊണ്ടാണെന്ന്.
"ഓഹോ.. നീ പകപോക്കുവരുന്നു അല്ലെ.. ?"
"ഇപ്പോൾ മനസ്സിലായോ.. വിളിച്ചെഴുന്നേൽപ്പിച്ചിട്ടു ഊണില്ലാ എന്ന് പറഞ്ഞാൽഉള്ള അവസ്ഥ...
ഇപ്പോൾ പകരത്തിനു പകരം. "..
അറിയാതെ തലകുനിഞ്ഞു പോയ്‌.
അല്പം കഴിഞ്ഞ് ഗൾഫിൽ നിന്നൊരു കാൾ വന്നു.
അങ്ങേ തലയ്ക്കൽ തോമാച്ചൻആയിരുന്നു.
മുട്ടൻ ഒരു തെറിയോടെതുടങ്ങി.. ഒന്നും മിണ്ടാതെഅതും
മുഴുവൻ കേട്ടു... രാവിലെ കുളിക്കേണ്ടി വന്നില്ല.
സാറാമ്മയും തോമാച്ചന്റെ ഭാര്യയും ഫേസ്ബുക് ഫ്രണ്ട്‌സ് ആണെന്ന് ഈ പാവം എങ്ങിനെ അറിയാനാണ്. ഞാൻ കാരണം തോമാച്ചനും, ഭാര്യയും ഉടൻ ഡിവോഴ്സ് ആകും എന്ന് കേട്ടപ്പോൾ അവനോടു അസൂയതോന്നി.
'ഭാഗ്യവാൻ 'മനസ്സിൽ പറഞ്ഞു.
ശുഭം.
By
Nizar Vh.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo