തീക്ഷ്ണമാം യൗവ്വനത്തിന്‍റെ പടിക്കെട്ടുകളിറങ്ങി മദ്ധ്യവയസ്കരുടെ ശ്രേണിയിലേക്ക് കടന്നിരിക്കുകയാണ് ശംഭു. കത്തുന്ന വെയിൽ മങ്ങിത്തുടങ്ങി. ഇനി സായാഹ്നത്തിന്‍റെ ശാന്തതയിലേക്ക്. പിന്നീട് രാത്രിയുടെ നിശബ്ദതയിലേക്കും, ശേഷം നിത്യമായ നിദ്രയിലേക്കും.
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും, പലപ്പോഴും കൊച്ചു കുട്ടികളുടെ സ്വഭാവമാണ് ശംഭുവിന്. ചിലപ്പോഴൊക്ക ബാല്യത്തിന്‍റെ ചാപല്യങ്ങളും, കൗമാരത്തിന്‍റെ പൊട്ടിത്തെറിപ്പും, യൗവ്വനത്തിൻ മദം പൊട്ടലും എല്ലാം പ്രകടിപ്പിക്കാറുണ്ട്. പക്ഷേ ഒന്ന് മാത്രം ഇല്ല, മദ്ധ്യവയസ്കനായി എന്ന ബോധം.
ഈ സാഹചര്യത്തിലാണ് ബാല്യ-കൗമാര കാലഘട്ടത്തിലൊന്നും കണ്ടിട്ടില്ലാത്ത പുതിയൊരസുഖം ശംഭുവിനെ പിടികൂടിയത്. മറ്റൊന്നുമല്ല, വല്ലതുമൊക്കെ കുത്തിക്കുറിക്കുക എന്ന അസുഖം.
ഇങ്ങനെ കുത്തിക്കുറിച്ചത് ഓരോന്നും വായിച്ചു നോക്കിയപ്പോൾ “കൊള്ളാം, തരക്കേടില്ല” എന്ന് സ്വയം തോന്നിയതിന്‍റെ പശ്ചാത്തലത്തിൽ, അവയിൽ ചിലതെല്ലാം തന്‍റെ ഫേസ്ബുക്ക് പേജിൽ ഇടുകയും ചെയ്തു. കൂട്ടുകാരുടെ കണ്ണും പൂട്ടിയുള്ള സപ്പോർട്ട് എന്നാപ്പിന്നെ ഈ മേഖലയിൽ ഒരു അരക്കൈ നോക്കിയാലോ എന്ന ചിന്തയ്ക്ക് പ്രേരകമായി. കഴിഞ്ഞ ഒന്നൊന്നര കൊല്ലമായി ചെറിയ രീതിയിൽ ഓരോന്നും എഴുതി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു കൊണ്ടേയിരുന്നു ശംഭു.
ഖത്തറിലെ ഒരു പ്രവാസി സംഘടന അവരുടെ സുവനീർ പുറത്തിറക്കിയപ്പോൾ അതിൽ ആദ്യമായി ശംഭുവിന്‍റെ ഒരു ലേഖനം അച്ചടിച്ചു വന്നു. പിന്നീട് കുവൈറ്റിൽ നിന്നുള്ള ഒരു ഇ-മാഗസിൻ അവരുടെ ഓണപ്പതിപ്പിൽ ശംഭുവിന്‍റെ ഒരു കവിത ഉൾപ്പെടുത്തി. അതോടെ തനിക്ക് എഴുത്ത് വഴങ്ങും എന്നൊരു ആത്മ വിശ്വാസം കക്ഷിക്ക് കൈവന്നു.
അങ്ങിനെയിരിക്കവേയാണ് ആകസ്മികമായി ഒരു സുഹൃത്തിൽ നിന്നു് കേട്ടറിഞ്ഞ് ശംഭു നല്ലെഴുത്തിൽ അംഗമാകുന്നത്. ലോകത്തിന്‍റെ പല ഭാഗത്തിരുന്ന് സാഹിത്യാഭിമുഖ്യമുള്ള മലയാളികൾ തങ്ങളുടെ രചനകൾ പോസ്റ്റ് ചെയ്തും, മറ്റുള്ളവരുടെ രചനകൾക്ക് അഭിപ്രായങ്ങൾ പറഞ്ഞും, നിരൂപണങ്ങളും, നിരീക്ഷണങ്ങളും, വിമർശനങ്ങളും എല്ലാമായി ഇരുപത്തിനാല് മണിക്കൂറും സജീവമായിരിക്കുന്ന നല്ലൊരു ഗ്രൂപ്പാണിത്. ദിവസം മുഴുവൻ തോരാതെ പെയ്യുന്ന മഴപോലെ കഥകളും കവിതകളുമൊക്കെ ചറപറാന്ന് അങ്ങിനെ വന്നു കൊണ്ടിരിക്കുകയാണതിൽ. പേരിനെ അന്വർത്ഥമാക്കും വിധം നല്ലെഴുത്തുകാരുടേയും, നല്ല ആസ്വാദകരുടേയും ഒരു പ്രളയം തന്നെ അവിടെ കാണാൻ കഴിഞ്ഞു ശംഭുവിന്. ആ പ്രളയത്തിനിടയിലേക്ക് ഒരു ചാറ്റൽ മഴയായി കടന്നു ചെന്നാൽ തന്നെ ആരെങ്കിലും ശ്രദ്ധിക്കുമോ? ഈയൊരു സംശയം ഉള്ളിലുണ്ടായിരുന്നെങ്കിലും, ചെന്ന് കയറിയതിന്‍റെ മൂന്നാം നാൾ തന്നെ ഒരു പോസ്റ്റിട്ടു കക്ഷി. തന്‍റെ ഇതു വരെയുള്ള സൃഷ്ടികളിൽ കൊള്ളാവുന്ന ഒരെണ്ണം തന്നെയാണ് എടുത്ത് വീശിയത്. എന്നിട്ട് പ്രതീക്ഷയോടെ മൊബൈലിൽ കണ്ണും നട്ടിരിപ്പായി. എത്ര ലൈക്ക് കിട്ടും, എന്തൊക്ക അഭിപ്രായങ്ങൾ വരും എന്നും നോക്കി.
യെവടെ? ആര്? കാത്തിരിപ്പിന്‍റെ ദൈർഘ്യം നീണ്ടു. ആരിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. ദിവസങ്ങൾ ഒന്ന്, രണ്ട്, മൂന്ന്... എന്നിങ്ങനെ കടന്നു പോയി. മറ്റ് പ്രമുഖരുടേയും സ്ഥിരം എഴുത്തുകാരുടേയും സൃഷ്ടികളുടെ കുത്തിയൊഴുക്കിൽ തന്‍റെ രചന അഗാധങ്ങളിലേക്ക് ആഴ്ന്നു പോകുന്നത് ശംഭു നിസ്സഹായനായി നോക്കി നിന്നു.
നിരാശയും സങ്കടവും നിറഞ്ഞ മനസ്സോടെ ശംഭു വീണ്ടും തൂലിക കയ്യിലെടുത്തു. എഴുത്തിന്‍റെ കളരിയിൽ തൂലികയാണല്ലോ ആയുധം. നല്ലെഴുത്തുകാർ ഒരു നവാഗതനോട് ഇങ്ങനെയാണോ പെരുമാറേണ്ടത്? തന്‍റെ മനസ്സിലുള്ളത് മുഴുവൻ കുറിക്കു കൊള്ളുന്ന വാക്കുകളാക്കി മാറ്റി വീണ്ടും ഒരു പോസ്റ്റിട്ടു. എന്നാൽ കളിപ്പാട്ടത്തിനായി കൊച്ചുകുട്ടികൾ വലിയ വായിൽ കരയുന്നതു പോലെ “നിച്ച് ലൈക്ക് കിട്ടിയില്ലേ…” എന്നും പറഞ്ഞുള്ള ശംഭുവിന്‍റെ രോദനമായാണ് പലരും ഈ പോസ്റ്റിനെ കണ്ടത്.
ആ എന്തരോ ആവട്ട്, ഈ തുറന്ന് പറച്ചിലിന് കാര്യമുണ്ടായി. ആരൊക്കെയാ എവിടുന്നൊക്കെയാ കുഞ്ഞിന്‍റെ കരച്ചിലടക്കാൻ ഓടിവന്നതെന്നറിയില്ല. വന്നവരെല്ലാം ആശ്വാസ വാക്കുകളോതി. പോസ്റ്റ് കാണാതെ പോയതിൽ ചിലരൊക്കെ ക്ഷമ ചോദിച്ചു. എല്ലാവരും പഴയ പോസ്റ്റ് മുങ്ങിത്തപ്പിയെടുത്ത് ലൈക്കും കമന്‍റുകളും കൊണ്ട് പൊതിഞ്ഞു. തുടർന്നെഴുതാനുള്ള ധൈര്യം പകർന്നു. ചിലർ പോരായ്മകൾ ചൂണ്ടിക്കാണിച്ചു തന്നു. നല്ലെഴുത്ത് തറവാട്ടിലെ കുടുബാംഗങ്ങളെല്ലാം എത്ര സ്നേഹവും കരുതലുമുള്ളവരാണെന്ന് ശംഭു അനുഭവിച്ചറിഞ്ഞു.
എടുത്ത് പറയേണ്ടുന്ന ഒരു കാര്യം ശംഭു ആദ്യം പോസ്റ്റ് ചെയ്ത കഥയ്ക്ക് കിട്ടിയതിനേക്കാൾ ഇരട്ടിയിലധികം പ്രതികരണങ്ങളാണ് രണ്ടാമത്തെ കുറിപ്പിന് അഥവാ കരച്ചിലിന് കിട്ടിയത്. തറവാട്ടിലെ പരിചയ സമ്പന്നരായ മുതിർന്നവർ പറഞ്ഞു: “സാരമില്ല, തുടക്കത്തിൽ ഇങ്ങിനെയൊക്കെ ഉണ്ടാകും. തളരാതെ മുന്നോട്ട് പോവുക. ഉള്ളിൽ അണയാത്ത അഗ്നിയുണ്ടെങ്കിൽ അത് ഊതിക്കത്തിക്കാൻ ഇവിടെ ഞങ്ങളൊക്കെയുണ്ട്”
കുറേപ്പർ തങ്ങൾക്കും സമാനമായ അനുഭവമാണ് ആദ്യം നേരിട്ടതെന്നു വ്യക്തമാക്കി. പക്ഷേ അവരൊക്കെ വിഷമം ഉള്ളിലൊതുക്കി. ശംഭുവാകട്ടെ, ഉള്ളിലുള്ളത് തുറന്നു പറഞ്ഞു. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന പഴമൊഴിയെ അർത്ഥപൂർണമാക്കിക്കൊണ്ട് ശംഭുവും ശംഭുവിന്‍റെ രചനയും നല്ലെഴുത്തുകാരുടെ ശ്രദ്ധക്ക് പാത്രീഭൂതമായി.
നല്ലെഴുത്ത് കുടുംബത്തിലെ എല്ലാവർക്കും ജഗദീശ്വരൻ ദീർഘായുസ്സും, ഭാവനയുടെ ചിറകുകളും മഷി വറ്റാത്ത തൂലികയും നൽകി അനുഗ്രഹിക്കട്ടെ.
By: Prajeesh Kumar
🙏
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക