Slider

ആ മനുഷ്യൻ

0
Image may contain: 1 person, selfie, beard and closeup

ഡിഗ്രി പഠനത്തിനു ശേഷം ഒരു ജോലി തേടി നടക്കുമ്പോൾ ഒരു സുഹൃത്ത് വഴി ഒരു പ്രമുഖ ഗൃഹോപകരണ ഷോറൂമിൽ ഓണത്തോടനുബന്ധിച്ചു രണ്ടു മാസത്തേക്ക് സെയിൽസ് സപ്പോർട്ടിങ് സ്റ്റാഫിന്റെ ജോലിക്കു കയറി ....
ടീവീ ,ഫ്രിഡ്ജ് ,വാഷിംഗ് മെഷീൻ ഇവയുടെ ഒരു വമ്പൻ കലവറ തന്നെയായിരുന്നു അവിടം ... സോണി ടിവിയുടെ സപ്പോർട്ടിങ് സെയിൽസ് സ്റ്റാഫായിരുന്നു ഞാൻ ....
രാവിലെ പത്തു മുതൽ രാത്രി എട്ടു മണി വരെയാണ് എനിക്ക് ഡ്യൂട്ടി ......
എല്ലാ കമ്പനിക്കാരും സപ്പോർട്ടിങ് സ്റ്റാഫിനെ ഇറക്കിയിരുന്നു ....
ഷോറൂമിലേക്കെത്തുന്ന ഒരു കസ്റ്റമറെപോലും വിട്ടു കളയരുതെന്നാണു സീനിയർ സെയിൽസ് സ്റ്റാഫിന്റെ ഓർഡർ ....
അതുകൊണ്ടു ഷോറൂമിലേക്കെത്തുന്ന ഒരു ഈച്ചയെപോലും ഞങ്ങൾ സപ്പോർട്ടിങ് സ്റ്റാഫുകൾ വെറുതെ വിടാറില്ല ....
ഇടയ്ക്കു പരസ്പ്പരം ഇടികൂടിയാണ് ഞങ്ങൾ കസ്റ്റമേറെ വരവേറ്റത് ....
ഞാൻ ജോലിക്കു കയറിയ അന്നു മുതൽ കാണുന്നതാണ് ഒരു വയസായ അപ്പൂപ്പൻ എന്നും രാവിലെ പതിനൊന്നോടെ ഷോറൂമിലേക്കു കയറി വരും..
വന്നപാടെ അപ്പൂപ്പൻ ടിവിയുടെ സെക്ഷനിലേക്കു വരും എന്നിട്ടു എല്ലാ led ടിവികളും നോക്കി വിലയും ചോദിച്ചു ചുറ്റികറങ്ങി അങ്ങു പോകും .....
പിറ്റേന്നും അപ്പൂപ്പൻ വരും എല്ലാ ടിവിയും നോക്കി പോകും ....
എന്നും വരുന്ന കൊണ്ടും കയ്യിൽ കാശില്ലാത്ത കൊണ്ടും ആ വൃദ്ധനെ ആരും മൈൻഡ് ചെയ്തിരുന്നില്ല എന്നു മാത്രമല്ല എല്ലാവരും ചേർന്നു അദ്ദേഹത്തിനൊരു പേരും കൊടുത്തു p m c എന്നു വച്ചാൽ (പണി മുടക്കി കസ്റ്റമർ ).....
ഒരു ദിവസം അപ്പൂപ്പൻ ടീവി നോക്കി കറങ്ങുമ്പോൾ സോണി ടീവിയുടെ അടുത്തെത്തിയപ്പോൾ
അപ്പൂപ്പൻ ഒന്നു നിന്നു ...
ഒരു ഇരുപത്തി നാലിഞ്ചു led ടീവി ചൂണ്ടി കാണിച്ചു കൊണ്ട് എന്നോടു ചോദിച്ചു ...
മോനെ ഇതിനു എന്തു വില വരും ..
ഇതിനു ഇരുപത്തൊന്നായിരം രൂപ വില വരും അപ്പൂപ്പാ ...
മോനെ എന്റെ കൈയില് ഒരു ഏഴായിരം രൂപ കാണും ഞാനും അവളും കൂടി പെൻഷൻ കാശു മിച്ചം വെച്ചതാ അവൾക്കു വല്യ ആശയാ ഇത്തരം ഒന്ന്‌ വാങ്ങുവാൻ ....
ഏഴായിരത്തിനു കിട്ടില്ല അപ്പൂപ്പാ ഞാൻ പറഞ്ഞു ....
ഞാൻ ഇതു പറഞ്ഞു കഴിഞ്ഞതും അപ്പൂപ്പൻ നേരെ കൗണ്ടറിലേക്ക് പോയി മാനേജരോടു ചോദിച്ചു ...
സാറെ എനിക്കാ ടീവി മേടിക്കണമെന്നുണ്ട് എന്റെ കൈയിൽ ഏഴായിരം രൂപയെ ഒള്ളു ബാക്കി വരുന്ന തുക ഞാൻ എന്റെ പെൻഷൻ കാശിന്നു എല്ലാ മാസവും ഇവിടെ കൊണ്ടുവന്നു തരാം ...
ഇതു പറയുമ്പോൾ അപ്പൂപ്പന്റെ കൈ രണ്ടും മാനേജരെ തൊഴുതിരുന്നു ....
അപ്പൂപ്പന്റെ ഈ പൈസക്ക് ഇക്കാലത്തു ഒരു റേഡിയോ പോലും കിട്ടില്ല മാനേജർ പറഞ്ഞതും എല്ലാരും ചിരിച്ചു ....
വേദനയോടെ ആ മനുഷ്യൻ ഷോറൂമിന്റെ വലിയ ചില്ലു വാതിൽ തുറന്നു പുറത്തേക്കു പോയി ....
എല്ലാവരും മാനേജരുടെ കോമെഡി കേട്ടു ചിരിച്ചപ്പോൾ എനിക്കു ആ വൃദ്ധനെ ഓർത്തു മനസ്സിൽ വല്ലാത്ത വേദന തോന്നി ....
ഈ പ്രായത്തിലും തന്റെ ഭാര്യയുടെ സ്വപ്നം നിറവേറ്റാൻ പാടു പെടുകയാണ് ആ മനുഷ്യൻ ....
അന്നു ജോലി കഴിഞ്ഞു ബസ്സിൽ പോവുമ്പോൾ എന്റെ മനസ്സിൽ ആ വൃദ്ധന്റെ രൂപമായിരുന്നു ....
പിന്നെ ഒരാഴ്ചത്തേക്ക് ആ വൃദ്ധന്റെ സന്ദർശനം ഷോറൂമിലേക്കുണ്ടായിരുന്നില്ല .....
പിന്നെ ഞാൻ ആ വൃദ്ധനെ കാണുന്നത് ഓണത്തിന്റെ തലേ ദിവസം ഷോറൂമിൽ ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കുമ്പോൾ അതിനിടയിൽലോടെ ടീവി സ്ക്രീനിലേക്ക് ഇമചിമ്മാതെ നോക്കി നിൽക്കുന്നതാണ് ...
എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു നൊമ്പരമായിരുന്നു ആ കാഴ്ച്ച ......
Aneesh. p. t
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo