Slider

വെളിച്ചത്തിലേയ്ക്കുള്ള വഴി

0
Image may contain: 1 person, sunglasses

ഘനീഭവിച്ചു നിന്ന ഇരുട്ടിൽ നിന്നും വെളിച്ചത്തിന്റെ വഴിയിലേയ്ക്കുള്ള യാത്ര വളരെ ദുഷ്കരം പിടിച്ചതായിരുന്നു.നേരെ നടക്കാൻ ഒരുപാട് വഴികളുണ്ടായിട്ടും,എന്തിനാണു കുറുക്കുവഴികൾ തിരഞ്ഞെടുത്തത്?അറിയില്ല.പക്ഷേ! നടക്കാനെന്നുമിഷ്ടം നാട്ടുവഴികൾ
മാത്രമായിരുന്നു.ഇടവഴികൾ പരിചിതമല്ലാത്ത കാലം.ജീവിതയാത്രയിൽ ഇരുട്ട് അവിചാരിതമായി കടന്നുവന്നു.ആ കൂരിരുട്ടിന്റെ അകത്തളത്തിൽ നിന്നും.വെളിച്ചത്തിന്റെ വഴികൾ തേടി, അനിവാര്യതയിലേയ്ക്കു നീണ്ടുപോയ യാത്രകളെല്ലാം,വെട്ടുവഴികളിൽ കൂടിയായിരുന്നു. ഇരുട്ട് ജീവിതത്തെയും,വെളിച്ചം മരണത്തെയും പ്രതിനിധീകരിക്കുന്നു.പലപ്പോഴും യുക്തിക്ക് നിരക്കാത്ത ആ വാചകങ്ങളോട് വാഗ്വാദത്തിലേർപ്പെട്ടിട്ടുണ്ട്.
സുഖദുഖങ്ങൾ മിന്നി മറഞ്ഞ നേരത്ത്,ആ വെളിച്ചത്തിന്റെ വഴി, കൈയെത്തി പിടിക്കാവുന്ന ദൂരത്തുവെച്ചു കണ്ടിട്ടുണ്ട്.ആ അത്ഭുത പ്രതിഭാസത്തിലേയ്ക്ക് നടന്നടുക്കാൻ ശ്രമിച്ചപ്പോൾ.കുസൃതി ചിരിയോട് ആ വെള്ളി വെളിച്ചം കാലത്തിന്റെ കാതങ്ങൾക്കപ്പുറം അഭയം പ്രാപിച്ചു.
ഇന്നത്തെ പ്രയാണം! പക്ഷേ,
തെളിഞ്ഞ വീഥികയിലേയ്ക്കു തന്നെയാണ്.ഈ യാത്രക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ, തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. വാർദ്ധക്യത്തിന്റെ ജരാനരകൾ മനസ്സിനും, ശരീരത്തിനും,ബാധിച്ചു.ഓർമ്മകൾ മറവിയുടെ തിരശ്ശീലക്കു പിന്നിൽ ലയിക്കുന്നു.
ശൂന്യതയിൽ നിന്നു കഥകൾ മെനയാൻ
മനസ്സ് സജ്ജമായി.
ജീവിതാവധി കഴിയാൻ സമയമായിരിക്കുന്നു.ആ നേരിന്റെ വെട്ടം,ബോധമണ്ഡലത്തിൽ വ്യാപിച്ചു തുടങ്ങി.മക്കൾക്കൊരു ഭാരമായി,ഈ വലിയ വീടിന്റെ മൂലയ്ക്ക് മലമൂത്ര വിസർജനത്തിൽ കിടന്നുരുളാൻ വയ്യ.നീണ്ടയാത്രക്ക് പോകാൻ, മനസ്സും ശരീരവും തയ്യാറെടുത്തു.ഭാര്യയുടെ മുഖത്തു മാത്രം ദുഖത്തിന്റെ,സ്ഥായീഭാവം തളം കെട്ടി നിന്നു.ആ മുഖം മനസ്സിന് വല്ലാതെ അലോസരപ്പെടുത്തി.ആ വേദന കണ്ട് അകലങ്ങളിലേയ്ക്കു പോകാൻ മനസ്സില്ലാതെ, തത്കാലത്തേയ്ക്ക് മുഖം കരിമ്പടത്തിനുള്ളിൽ ഒളിപ്പിച്ചപ്പോഴായിരുന്നു,നേർത്ത വിങ്ങലിന്റെ
ശബ്ദം കാതുകളിൽ വന്നു പതിച്ചത്.
: നീ വരുന്നില്ലെ,മോനേ?നിന്നെയും കാത്തിരുന്ന് മടുത്തു..........
അച്ഛന്റെ ശരീരത്തിലെ മാംസപേശികൾ ചുക്കി ചുളിഞ്ഞിരിക്കുന്നു.കട്ട കറുപ്പുള്ള തലമുടിയിൽ നരകേറി കൂട് കൂട്ടിയിരുന്നു. കണ്ണുകളിൽ മാത്രം ആജ്ഞശക്തിയുടെ മിന്നലാട്ടം കെടാതെ നിൽക്കുന്നുണ്ടായിരുന്നു. അച്ഛൻ വീണ്ടും വിളിച്ചു.
: മോനേ എഴുന്നേറ്റ് വാ. നീ ഇത്രയ്ക്കും ഭീരുവാകരുത്.........
പതിയെ കിടക്കയിൽ നിന്നെഴുന്നേൽക്കാൻ
ശ്രമിച്ചു. വലതു കൈയിൽ നിന്നും തുടങ്ങിയ ഒരു ചെറിയ വിധൂനനം! ശരീരമാസകലം പടർന്നു പിടിച്ചു.
ആരൊക്കയോ കൈകാലുകൾ ശക്തമായി അമർത്തി പിടിച്ചു.ആ വിറയൽ താത്കാലത്തേയ്ക്കു ശാന്തമായപ്പോൾ.
മൂത്തമോനാണെന്നു തോന്നുന്നു കുറച്ച് വെള്ളം വായിലേക്കൊഴിച്ചു.ആ ഗ്ലാസിൽ കടിച്ചു പിടിച്ച് മൊത്തി കുടിക്കാൻ ശ്രമിച്ചു. ആ പരവേശം കണ്ടു കൊണ്ടിരുന്ന അച്ഛൻ ഒന്നും മിണ്ടാതെ ഇരുട്ടിലേയ്ക്ക് നടന്നു മറഞ്ഞു....
*********************
നിലവിളക്ക് കത്തി കൊണ്ടിരുന്നു. ചന്ദനത്തിരിയുടെ സുഗന്ധം മത്തുപിടിപ്പിച്ചു.
ബന്ധുമിത്രാദികൾചേർന്നു ശരീരം താങ്ങിപിടിച്ച് നടുമുറ്റത്ത് തെക്കുവടക്കു വച്ചിരുന്ന ബെഞ്ചിൽ,
നാക്കില വിരിച്ചു കിടത്തി.
കുളിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കാര്യക്കാരൻ (ശവസംസ്ക്കാരത്തിന് നേതൃത്വം കൊടുക്കുന്നയാൾ) ഉരലിലിട്ടു മഞ്ഞളും,ചന്ദനവും ഇടിച്ചു കുഴമ്പു രൂപത്തിലാക്കി.ശരീരത്തിൽ തേക്കാൻ തയ്യാറെടുക്കുന്നു.ഭാര്യയും മക്കളും ശരീരത്തിൽ വെള്ളമൊഴിച്ചു.തണുപ്പുള്ള ജലം ശരീരത്തിൽ വീണപ്പോൾ നല്ല സുഖം തോന്നി. ചന്ദനവും,മഞ്ഞളും തേച്ച് കുളി കഴിഞ്ഞു.
പനിനീരും,സുഗന്ധദ്രവ്യങ്ങളും പൂശി.ചുവന്ന കോടിയുടുത്തു സുന്ദരനായി.വായ്ക്കരിയിട്ട് ഭാര്യയും മക്കളും മാറി നിന്നു.ധനവാണെങ്കിലും,
തെരുവു തെണ്ടിയാണെങ്കിലും അവസാനത്തെ അത്താഴം വാടിയപൂക്കളും,പച്ചരിയും മാത്രം.
ആർക്കും കൊടുക്കാതെ നേടിയതും,
വെട്ടിപിടിച്ചതെല്ലാം വ്യർത്ഥമാകുന്ന
കാഴ്ച്ചകൾ കാണുമ്പോൾ,ആത്മാവ്
കുറ്റബോധത്തിന്റെ തീച്ചൂളയിൽ കിടന്ന് ദഹിക്കുകയായിരുന്നു.സുമംഗലിയായി വീട്ടിലേയ്ക്കു വലതുകാൽ വെച്ച് കയറി വന്ന ഭാര്യ.അവളുടെ താലിയറുക്കുന്ന കഴ്ച്ച അവിടെ കൂടി നിന്നവരുടെ കണ്ണുകൾ ഈറനണഞ്ഞു. അവളുടെ നെറ്റി തടത്തിലെ സിന്ദൂരം തുടച്ചു മാറ്റി, വെള്ളചുറ്റുന്ന ഹൃദയഭേദകമായ കാഴ്ച്ച കണ്ട് കണ്ണുകൾ നിറഞ്ഞു.
'ദൈവമേ ആ സാധു സ്ത്രീയോട് എന്തിനാണു ഈ ക്രൂരത.ആണിനെ പടച്ച നീ തന്നെയല്ലേ പെണ്ണിനേയും സൃഷ്ടിച്ചത്? ഭാര്യ മരിച്ച പുരുഷൻമാർ നിറമുള്ള വസ്ത്രങ്ങൾ ധരിച്ച്
സുഖലോലുപനായി സമൂഹത്തിൽ കഴിയുമ്പോൾ.
അവൾക്കു മാത്രമെന്തേ അയിത്തം കല്പിച്ചത്? അവളെ മാത്രമെന്തേ മുണ്ടച്ചിയെന്നു വിളിച്ചത്? ആ ജല്പനം കേൾക്കാൻ ദൈവത്തിനു നേരമില്ല അല്ലെങ്കിലും പുരുഷമേധാവിത്വത്തിന് കുടപിടിക്കുന്നവനാണ് ദൈവം.അതിന്റെ ഉദാഹരണമാണല്ലോ? ആരാധനാലയങ്ങളിൽ പുരുഷൻ പൂജാരിയും,സ്ത്രീ പുറം പണിക്കും നിൽക്കുന്നത്.വിപ്ലവ ചിന്തകൾ സടകുടഞ്ഞെഴുന്നേറ്റു.ആ ചിന്തകൾക്ക് ആളുകളെ സ്വാധീനിക്കാൻ കഴിയില്ലെന്നു ബോധ്യമായപ്പോൾ കയറൂരിവിട്ടു. ഭീരുവായ ഒരാളുടെ ആത്മവിനകത്ത് വീർപ്പുമുട്ടി കിടന്ന ചിന്തകൾ സഞ്ചരിക്കട്ടെ സ്വതന്ത്രമായി .....
വിസ്മൃതികളിൽ ലയിച്ചിരുന്ന
പഴയൊരോർമ്മ പൊടി തട്ടിയെഴുന്നേറ്റു.
മാറിൽ തലവെച്ചു കിടക്കുന്ന ഭാര്യയോട് മുമ്പൊരിക്കൽ പറഞ്ഞതോർത്തു.
: മരണത്തിന്റെ മണിയൊച്ച നീ കേൾക്കുന്നതിനു മുമ്പ് എനിക്കു കേൾക്കണം ആ ചേതോഹാരിതയെ സ്വാഗതം ചെയ്തു പുൽകണം........
എന്തിനാണ് ! എന്ന ചോദ്യഭാവത്തിലവൾ നോക്കീ.
: സൗരഭ്യം പൊഴിക്കുന്ന പൂക്കൾ തലയിൽ ചൂടാൻ കഴിയാതെ, വെള്ളച്ചുറ്റിയ നിന്നെ കാണാൻ എനിക്കു ത്രാണിയില്ല..........
ഭാര്യയുടെ കവിളിൽ ചുവന്ന താമരമൊട്ടിന്റെ!ഉദയാസ്തമനങ്ങൾ പിറവിയെടുക്കുന്നതു കണ്ടു.
ആ പ്രതിജ്ഞയാണ് ഇന്നവസാനിക്കുന്നത്.
അല്ലെങ്കിൽ തന്നെ പ്രതീക്ഷകൾ അസ്തമിക്കുന്നിടത്ത് പ്രതിജ്ഞകൾക്കെന്തു പ്രസക്തി.
അച്ഛനാണോ, അമ്മയാണോ എന്നറിയാൻ കഴിയാത്തവണ്ണം. സംയുക്തചിത്രങ്ങൾ ആ ബഞ്ചിന് ചുറ്റും വലയം വെച്ചു കൊണ്ടിരുന്നു.
പിതാവിനു വേണ്ടി മകൻ നടത്തുന്ന അന്ത്യകർമ്മം തുടങ്ങി.ജീവനോടെയിരിക്കുമ്പോൾ,ഒരു ഗ്ലാസ് വെള്ളമെടുത്തുതരാത്തവൻ ഒരു മൺകുടം നിറയെ ജലവുമായി നടുമുറ്റത്തു കിടത്തിയിരുന്ന പിതാവിന്റെ ശരീരത്തിനു ചുറ്റും നടക്കുന്നു.ജനിപ്പിച്ച അച്ഛനോടുള്ള ആദരവല്ല നാട്ടുകാരെയും, വീട്ടുകാരേയും ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള കർമ്മബന്ധങ്ങളുടെ അഭിനയപ്രകടനങ്ങൾ മാത്രം.അവനോടു പരിഭവമില്ല.വിധി! വിളയാടുമ്പോൾ പലപ്പോഴും മനുഷ്യർ നോക്കുകുത്തികൾ മാത്രം. ഒരു ചെറിയ കാര്യം പറയാൻ, വലിയ മനോവിഷമം തോന്നി.
: മോനേ നീ കുഞ്ഞായിരിക്കുമ്പോൾ, അച്ഛന്റെ മടിയിലിരുന്ന് കുറേ മൂത്രമൊഴിച്ചതാണ്. അന്നു അച്ഛൻ നിന്നോട് പരിഭവിച്ചില്ല.മകന്റെ മൂത്രം പുണ്യാഹമെന്നു കരുതി.നീ ഉണ്ടാക്കിയ വലിയ വീട്ടിലെ ഒരു ചെറിയ മുറിയിൽ.വാർദ്ധക്യത്തിന്റെ രോഗാവസ്ഥയിൽ അറിയാതെയൊന്ന് ഉടുമുണ്ട് നനച്ചപ്പോൾ,ഉടുത്തിരുന്ന ഒറ്റമുണ്ടുപ്പോലും മാറ്റിയുടുപ്പിക്കാതെ വെറും നിലത്ത് നീയെന്നെ കിടത്തി. ഭാര്യയുടെ അടിവസ്ത്രം പോലും കഴുകി കൊടുക്കുന്ന, നിനക്കെന്തു അന്തസ്സുകേടാണ് അച്ഛന് വസ്ത്രം മാറ്റിയുടിപ്പിക്കുമ്പോൾ ഉണ്ടാകുന്നത്? നീ ഒരു കാര്യം ഓർക്കുക. നിന്നെയും ഒരുനാൾ പ്രായം തളർത്തും,നിനക്കും മക്കളുണ്ട്, അവരെങ്കിലും നിന്നെ കണ്ടു വളരാതിരിക്കട്ടേ.........
ആ പറഞ്ഞെതൊന്നും മോൻ കേൾക്കുന്നുണ്ടായിരുന്നില്ല.വെളിച്ചത്തിന്റെ പാത തേടിപ്പോയ,അച്ഛനുണ്ടാക്കിയ ധനനഷ്ടത്തിന്റെ കണക്കെടുപ്പിലായിരിക്കും ഒരു പക്ഷേ അവന്റെ മനസ്സ്.
തെങ്ങോല കൊണ്ട് പണിത മഞ്ചലിൽ കിടത്തിയപ്പോഴാണ് ,പറയാൻ വിട്ടുപോയ ഒരു കാര്യം ഓർമ്മ വന്നത്.
: കെട്ടിയ പെണ്ണിനേയും, സൽപുത്രനേയും, ഞാൻ ഇവിടെയുപേക്ഷിക്കുന്നു. കാലം തന്നതും, കവർന്നെടുത്തതും എല്ലാം വലിച്ചെറിയുന്നു.
മോഹഭംഗങ്ങളെ സ്നേഹബന്ധങ്ങളെ നിങ്ങൾക്കു വിട............
ആ ശബ്ദവീചികളെല്ലാം ഗതിമാറി വന്ന നേർത്ത കാറ്റുമായി പരിണയിച്ചു,മഞ്ഞുതുള്ളിയായി രൂപാന്തരം പ്രാപിച്ച് മണ്ണിൽ തന്നെ ലയിച്ചു ചേർന്നു.
ആ മഞ്ചൽ അന്തരീക്ഷത്തിലേയ്ക്ക് ഉയർത്തപ്പെട്ടപ്പോൾ അതു ചുമക്കുന്നവർ ഉറക്കെ വിളിച്ചു.
" ഗോവിന്ദാ ... ഹരിഗോവിന്ദാ..
ഹരിഗോവിന്ദാ... ഭജഗോവിന്ദാ .........
വീട്ടിൽ നിന്നും പതിയെ നാട്ടുവഴിയിലേയ്ക്കിറങ്ങിയപ്പോൾ. നിർവ്വചിക്കാനാകാത്ത അനുഭൂതിയിലേയ്ക്ക് മനസ്സ് മുങ്ങി താഴുകയായിരുന്നു. വേനൽകാലത്തിന്റെ പെട്ടെന്നുള്ള ഭാവമാറ്റം മഴയായി പരിണമിച്ചു പെയ്തു.
ആ മഴ നനഞ്ഞപ്പോൾ മനസ്സിന്റെ
ആഴങ്ങളിൽ നിന്നും ഒരു ആഹ്ലാദധ്വനി നിർഗ്ഗമിക്കുകയുണ്ടായി.
അനുയാത്രികൻമാർ ശ്മശാനത്തിൽ വെച്ച് യാത്ര പറഞ്ഞു.അല്ലെങ്കിലും ഏകാന്തമായ ആ യാത്രക്ക് വെളിച്ചത്തെ ഭയക്കുന്ന ആരും കൂട്ട് വരുകയില്ല. കർമ്മഫലത്തിന്റെ കനം കൂടിയ മാറാപ്പുമായി, ആറടി മണ്ണ് മാത്രം സ്വന്തമാക്കി ഇരുട്ടിന്റെ മാറിലൂടെ വെളിച്ചത്തിന്റെ പാതയിലേയ്ക്കു നടന്നു... ............
***************************
മനു എണ്ണപ്പാടം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo