അൽഹംദുലില്ലാഹ്..
എനിക്ക് കല്യാണം കഴിക്കണം
എന്ന് വരാന്തയിലെ തൂണും ചാരിനിന്നു മോനെയും ചേർത്തുപിടിച്ച് ഞാൻ പറഞ്ഞപ്പോൾ ഒരു നടുക്കത്തോടെ ഉമ്മ മൂക്കത്ത് വിരല് വെച്ചു..
എന്ന് വരാന്തയിലെ തൂണും ചാരിനിന്നു മോനെയും ചേർത്തുപിടിച്ച് ഞാൻ പറഞ്ഞപ്പോൾ ഒരു നടുക്കത്തോടെ ഉമ്മ മൂക്കത്ത് വിരല് വെച്ചു..
അനക്ക് വട്ടായോ,പറീണത് എന്താന്ന് വല്ല ബോധവുണ്ടോ എന്നും ചോദിച്ച് ഉമ്മ ഒളികണ്ണിട്ടു നാലുപുറം നോക്കി എന്നെ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി..
പിന്നെയും എന്തൊക്കെയോ എന്നൊടുമ്മ പറയുന്നുണ്ടായിരുന്നു.ഞാൻ അതൊന്നും ശ്രദ്ധിച്ചേയില്ല..ഒറ്റക്കിങ്ങനെ ജീവിക്കാൻ വയ്യ.പിന്നെ ആ കുഞ്ഞുങ്ങളുടെ മുഖം അത് മാത്രമായിരുന്നു മനസ്സിൽ.
അനക്ക് ചെറിയ പ്രാന്തൊന്നുമല്ല ,ഇത്തിരി മൂത്തതാണെന്നും പറഞ്ഞ് പടച്ച തമ്പുരാനേയും വിളിച്ച് എന്റെ കയ്യീന്ന് പിടുത്തം വിട്ട് ഉമ്മ ഓടിച്ചെന്ന് മൊബൈൽ എടുത്തു..
ഉപ്പാക്കുള്ള വിളിയാണ്.പാവത്തിന്റെ കൈ ചെറുതായി വിറക്കുന്നുണ്ട്.ഇങ്ങു താ ഉമ്മാ ,ഞാൻ വിളിച്ചുതരാമെന്നും പറഞ്ഞ് ഫോൺ പിടിച്ചു വാങ്ങാനൊരു വിഫലശ്രമം നടത്തി.
എനിക്കറിയാം ഇതീന്നു വിളിക്കാനെന്നും പറഞ്ഞ് എന്നോട് തലേലിത്തിരി തണുത്ത വെള്ളം ഒഴിക്കാൻ പറഞ്ഞു ആട്ടിവിട്ടു ഉമ്മ.നാട്ടിൽ നടപ്പുള്ള കാര്യം മാത്രമല്ലേ പറഞ്ഞുള്ളൂവെന്നും പറഞ്ഞ് ഞാൻ മോനേയും കൊണ്ട് റൂമിലേക്ക് പോയി.
കുറേ നേരം ഉപ്പാനെ വിളിച്ചു കിട്ടാത്തത് കൊണ്ടാവണം ഉമ്മ അസിമാമാക്കു വിളിച്ചു പറയുന്നത് ഞാൻ അടുക്കളപ്പുറത്തിരുന്നു കേട്ടു.
അരമണിക്കൂറായില്ല, അസിമാമയും അമ്മായിയും ,കൂട്ടും കുടുംബവുമായി കൂടെ പത്തുപേരും മുറ്റത്തെത്തി. അപ്പോഴും ഉമ്മ താടിക്കു കയ്യും കൊടുത്തു പുറത്തെ വരാന്തയിൽ ഒരേ ഇരിപ്പാണ്.
എല്ലാവരും നല്ല ചർച്ചയിലാണ് . എനിക്കെന്താ ഇപ്പൊ ഇങ്ങനെ തോന്നാനെന്നും പറഞ്ഞ് മാമ ഉമ്മാനെ ചോദ്യം ചെയ്യുന്നു . തൊട്ടു പിന്നിൽ അമ്മായി കുടുംബക്കാരുടെ ഇടയിൽ ഞാൻ അവരെ നാണം കേടുത്താനാണോ എന്നൊക്കെ പറഞ്ഞു മാമാനെ ചൂട് പിടിപ്പിക്കുന്നുണ്ട്..ആരും എന്റെ അടുത്തേക്ക് വന്നതേയില്ല.
നേരം ഇരുട്ടിത്തുടങ്ങീട്ടും വന്നവരാരും പോയില്ല.ഞാനും മുറി വിട്ടു പുറത്തിറങ്ങിയില്ല.
പുറത്തെ ആളും തിരക്കും കണ്ട് അമ്പരപ്പോടെയാണ് ഉപ്പ അകത്തേക്ക് കയറിയത്..തട്ടം കൊണ്ട് പകുതി മുഖം മറച്ച് പിടിച്ച് ഉമ്മതന്നെ ഞാൻ പറഞ്ഞത് ഉപ്പാനോട് പറയുന്നുണ്ട്.മുറിയിലിരുന്ന് കോലായിൽ നടക്കുന്നതൊക്കെ ജനലിൽ കൂടി ഞാൻ നോക്കിക്കണ്ടു.
പുറത്തെ ആളും തിരക്കും കണ്ട് അമ്പരപ്പോടെയാണ് ഉപ്പ അകത്തേക്ക് കയറിയത്..തട്ടം കൊണ്ട് പകുതി മുഖം മറച്ച് പിടിച്ച് ഉമ്മതന്നെ ഞാൻ പറഞ്ഞത് ഉപ്പാനോട് പറയുന്നുണ്ട്.മുറിയിലിരുന്ന് കോലായിൽ നടക്കുന്നതൊക്കെ ജനലിൽ കൂടി ഞാൻ നോക്കിക്കണ്ടു.
ഉമ്മ പറയുന്നതൊക്കെ കേട്ട ഉപ്പ ,മാമ പറയുന്നത് കേൾക്കാൻ നിൽക്കാതെ എന്റെ റൂമിലേക്ക് വരുന്നത് കണ്ടു. കൂടെവരാനായി മുന്നോട്ടു കാലെടുത്തുവെച്ച ഉമ്മാനെയും മാമാനേയും ബാക്കിയുള്ളവരെയും തടഞ്ഞു കൊണ്ട് ഉപ്പ മാത്രം എന്റെ മുറിയിലേക്ക് വന്നു.
എന്റെ കുട്ടിക്കെന്താ ഇപ്പൊ ഇങ്ങനെ തോന്നാനെന്നും ചോദിച്ചുവന്ന ഉപ്പയുടെ മാറത്തേക്ക് ഒരു അഞ്ചു വയസ്സുകാരിയെപ്പോലെ ഞാൻ ചാഞ്ഞു.
എന്നെ വേണ്ടാത്ത ഒരാൾക്ക് വേണ്ടി എത്രകാലം ഞാൻ കാത്തിരിക്കുമെന്നും പറഞ്ഞ് ഞാൻ തേങ്ങിക്കരഞ്ഞപ്പോൾ ഉപ്പയുടെ പരുക്കൻവിരലുകൾ എന്റെ കവിളിൽ ചാലിട്ട കണ്ണീരിനെ തുടക്കുകയായിരുന്നു.
എല്ലാം വാതിലിനു പുറകിൽ മറഞ്ഞു നിന്ന് കണ്ട ഉമ്മ , നാട്ടുകാരെന്തു പറയും എന്നും പറഞ്ഞ് എന്റെ നേരെ ചാടിയപ്പോൾ ഉപ്പ ഉമ്മാനെ തുറിച്ചൊന്നു നോക്കി.ഞാനിങ്ങനെ നിന്നാലും നാട്ടുകാർ എന്നെ വെറുതെ വിടുമോ ഉമ്മാ എന്ന് ചോദിച്ചപ്പോൾ ഉമ്മാക്കും ഉത്തരമില്ലായിരുന്നു.
എല്ലാം കേട്ടുകൊണ്ട് ഉപ്പാടെ കൂടെ വന്ന ഇക്കാക്കയും എന്റെ പക്ഷം പിടിച്ചു.മടിച്ച് മടിച്ചാണേലും എനിക്ക് ഷാഫിയെ കല്യാണം കഴിക്കണമെന്ന് ഞാൻ പറയുമ്പോൾ ഉപ്പാടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.ഷാഫിയുടെ കുഞ്ഞുങ്ങൾക്ക് കൂടി ഒരുമ്മയാവൻ എനിക്കും, എന്റെ കുഞ്ഞിന് ഒരു ഉപ്പയാവാൻ അവനും ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ മറിച്ചൊന്നും പറയാനോ വഴക്കിനോ നിൽക്കാതെ ഉമ്മ അടുക്കളയിലോട്ടു പോയി.വന്നുചേർന്ന പരിവാരങ്ങൾ എല്ലാം പോയപ്പോൾ ഇക്കാക്ക അടുത്തുവന്ന് കെട്ടിപിടിച്ച് നെറ്റിയിലൊരു മുത്തം തന്നു.
ന്റെ കൂട്ടുകാരൻ നല്ലവനാ ,ന്റെ പെങ്ങൾക്കൊരു പരാതിക്കും അവനിടയാക്കൂല എന്നും പറഞ്ഞ് എന്റെ രണ്ടുകവിളുകളും പിച്ചിവലിച്ചപ്പോ എന്റെ പൊന്നാങ്ങളയെ കെട്ടിപ്പിടിച്ചു കരഞ്ഞു ഞാൻ..
രണ്ടു ദിവസം കഴിഞ്ഞു.. അന്ന് വീട്ടിലാകെ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു.ഉമ്മയും അമ്മായിമാരും എളേമാരും അടുക്കളയിലും വരുന്നവരെ സ്വീകരിക്കുന്നതുമായും തിരക്കിലാണ്.തലേന്ന് വന്ന മാമായും പരിവാരങ്ങളും നേരത്തെ തന്നെ എത്തിയിട്ടുണ്ട്.പള്ളിയിൽ നിന്ന് ഉസ്താദുമാരെത്തിയിരിക്കുന്നു. വണ്ടി നിർത്തി ഷാഫിയും മക്കളും ഇറങ്ങുന്നത് റൂമിലെ ജനലിൽ കൂടി ഞാനും മോനും കണ്ടു.നെഞ്ചിൽ ഒരിക്കൽ കൂടി പെരുമ്പറ മുഴക്കം കേട്ടു.
നിക്കാഹ് കഴിഞ്ഞ് ,മോനെ ചേർത്ത് പിടിച്ച് നിന്നിരുന്ന എന്റെ അടുക്കലേക്ക് ഉപ്പയും ഇക്കാക്കയും ഷാഫിയും മക്കളെയും കൊണ്ട് കടന്നു വന്നു ..മൂന്നു മക്കളെയും ചേർത്ത് പിടിച്ച് ഞാനും ഷാഫിയും ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ഉള്ളിൽ വന്ന വികാരം എന്തെന്ന് ഒരു പിടുത്തവുമില്ലായിരുന്നു.. എന്റെ ജീവിതത്തിനു മറ്റൊരാർത്ഥംകൂടി ഉണ്ടായിരിക്കുന്നു.നിറകണ്ണുകളോടെ മനസ്സ് നിറഞ്ഞു ഞാൻ എന്റെ ഷാഫിയെയും എന്റെ കുഞ്ഞുങ്ങളെയും ഒന്നൂടെ ചേർത്തണച്ചു ദൈവത്തിനെ സ്തുതിച്ചു.
അൽഹംദുലില്ലാഹ്...
ആരിഫ കെ വി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക