"അമ്മേ ഞാൻ ഒരു കൂട്ടം ചോദിക്കട്ടെ സത്യം പറയുമോ"
"എന്നാടാ പതിവില്ലാണ്ടൊരു കൂട്ടം ചോദിക്കൽ.എന്തായാലും നീ ചോദിക്ക്"
"അല്ലമ്മേ അച്ഛനും അമ്മയും കൂടി പ്രേമിച്ചാണോ കെട്ടിയത്.ആ കഥയൊന്നു പറയുവോ"
" നീയെന്താ ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടാ"
"അമ്മ പറയ്..എന്നിട്ട് ഞാൻ പറയാം"
രേവതിയുടെ ഒരേയൊരു മകനാണു അജിൻ.അമ്മയും മകനും ഏറ്റവും നല്ല സുഹൃത്തുക്കൾ.അജിനിന്റെ ജീവിതത്തിൽ അമ്മയറിയാത്തൊരു രഹസ്യവുമില്ല.ഇപ്പോഴും രേവതിക്ക് അജിൻ കൊച്ചുകുഞ്ഞാണു.ഓർമ്മവെച്ച നാൾ മുതൽ അച്ഛനെ കണ്ടു പരിചയമില്ല അവനു.രേവതിയുടെ പ്രസവത്തിന്റെയന്ന് ആശുപത്രിയിലേക്കുളള യാത്രയിൽ ആക്സിഡന്റിൽ അദ്ദേഹം മരണമടഞ്ഞു.
ഭർത്താവിന്റെ ഓർമ്മകളിൽ കണ്ണുനിറഞ്ഞു രേവതിക്ക്.മിഴിയൊന്നു തുടച്ചിട്ട് രേവതി അജിനെ നോക്കി.
"അമ്മക്കു വിഷമം ആയെങ്കിൽ വേണ്ട"
അമ്മയുടെ മടിയിൽ തലചായ്ച്ചു കിടക്കുകയായിരുന്ന അജിന്റെ തലമുടിയിൽ വിരലുകളോടിച്ചു രേവതി മൊഴിഞ്ഞു.
"അതിനെന്താടാ കുട്ടാ അമ്മ പറയാലൊ"
കഥ കേൾക്കുന്ന ബാലന്റെ കൗതുകത്തോടെ അവനമ്മയുടെ മിഴികളിൽ നോക്കിയിരുന്നു.
രേവതി തന്റെയും പ്രിയതമന്റെയും പ്രണയകാലാത്തിന്റെ ഓർമ്മകളിലേക്ക് തിരിച്ച് പോവുകയായിരുന്നു മനസുകൊണ്ട്.
ബ്രഹ്മമംഗലത്തെ അന്നത്തെ തലമുറയിലെ ഏകപെൺതരിയായിരുന്നു ഞാൻ.അവിടത്തെ അടിയാനായിരുന്ന രാമുവച്ചന്റെ മകനായ രഘുവായി പ്രണയത്തിലായിരുന്നു.എന്നുവെച്ചാൽ നിന്റെ അച്ഛൻ
"രേവൂട്ടി മനയിലിതറിഞ്ഞാൽ വല്യ പ്രശ്നമാകും.ഇനിയെങ്കിലും നമുക്കീ പ്രണയം മറക്കാം."
"അപ്പോൾ രഘുവെന്നെ പ്രണയിച്ച പ്രണയിച്ചത് ഇഷ്ടം കൊണ്ടല്ലല്ലെ.ഞാനീ തറവാട്ടുകുളത്തിൽ ജീവനൊടുക്കും".നിന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു ഇങ്ങനെ
മനയുടെ തറവാട്ടുകുളത്തിൽ വെച്ചായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച.അതും രാത്രിയിൽ .
എനിക്കു വല്യ കൊതിയായിരുന്നു നിന്റെ അച്ഛന്റെ കൈപിടിച്ചു പാടവരമ്പത്തൂടെ നടക്കാൻ. ആഗ്രഹം കലശലായപ്പോൾ നിന്റെ അച്ഛൻ എന്റെ ആഗ്രഹം മടിയോടെ ആണെങ്കിലും നടത്തി തന്നു.അന്നു ഏട്ടന്മാർ ഞങ്ങളെ കണ്ടു.അന്നു നിന്റെ അച്ഛൻ എന്റെ കയ്യിൽ പിടിച്ചു ഓടിയ ഓട്ടം ഈ അന്യനാട്ടിലാ അവസാനിച്ചേ.
" അമ്മേ എനിക്ക് അമ്മയുടെ തറവാടും അച്ഛന്റെയും നാട് കാണണം.നമുക്കൊരുമിച്ച് ഒന്നു പോകാം "
"അവരൊക്കെ ജീവിച്ചിരുപ്പുണ്ടോന്ന് നിശ്ചയമില്ല കുട്ടാ.അന്നുമുതൽ അവിടത്തെ കുറിച്ച് ഒരു അറിവുമില്ല"
"എന്തായാലും അമ്മ ഒരുങ്ങ്.നമുക്ക് നാളെ അവിടെയൊക്കെ ഒന്നു പോയിട്ട് വരാം.അമ്മ കാറിൽ തന്നെയിരുന്നാൽ മതി"
"ശരി നിന്റെ ആഗ്രഹമല്ലേ.നമുക്ക് പോകാം"
അജിന്റെ മിഴികളിൽ അന്നുവരെ കാണാത്ത നാടിനെ കുറിച്ച് ആകാംഷ നിഴലിച്ചിരുന്നു.
പിറ്റേന്ന് രാവിലെ അവർ പുറപ്പെട്ടു. അജിൻ തന്നെയാണ് കാർ ഓടിച്ചത്.പച്ചപുൽനാമ്പ് വിരിയിച്ചു മനോഹരമായ കൃഷിപ്പാടങ്ങൾ അവനു അത്ഭുതമായി.നാട്ടിൻ പുറത്തെ നന്മ കഥകളിലും അമ്മയും പറഞ്ഞു തന്നിരുന്ന അറിവ് മാത്രമേ ഉണ്ടായിരുന്നുളളൂ.ദാവണി ചുറ്റിയ സുന്ദരിമാരും വളിനിക്കറുമിട്ട് നടക്കുന്ന കുട്ടികളും ലുങ്കിയുടുത്തു നടക്കുന്ന ആണുങ്ങളും അവന്റെ കണ്ണിനു ആനന്ദമേകി.ക്ഷേത്രങ്ങളിൽ നിന്നുയരുന്ന ഭക്തിഗാനങ്ങൾ കാതുകൾക്ക് നല്ലൊരു അനുഭവമായിരുന്നു.
ചെറിയ മൺപാതയിലൂടെ ഓടിക്കയറിയ കാർ വലിയൊരു തറവാട്ടു മുറ്റത്ത് ചെന്നുനിന്നു.അമ്മയിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ വെച്ച് തറവാടിന്റെ കാളിങ്ബെല്ലിൽ വിരലുകൾ അമർത്തി.അകത്ത് കിളിനാദം ഉയരുന്നത് അവനു കേൾക്കാമായിരുന്നു.കുറച്ചു കഴിഞ്ഞു വാതിൽ തുറക്കപ്പെട്ടു.
"ആരാ എന്തുവേണം"
പുറം തിരിഞ്ഞു നിൽക്കുകയായിരുന്ന അജിൻ എടുത്തടിച്ചതു പോലുള്ള പെൺ ശബ്ദം കേട്ടു ഞെട്ടി.പട്ടു പാവാട ധരിച്ചൊരു സുന്ദരിയായൊരു പെൺകുട്ടി. നെറ്റിയിൽ ചന്ദനക്കുറി.മുല്ലമൊട്ടു പോലത്തെ ദന്തനിരകൾ.ഇടത്തേ കവിളിന്റെ മധ്യത്തിൽ ഒരുകാക്കപ്പുളളി.പച്ചക്കല്ലു പതിപ്പിച്ച മൂക്കുത്തി.
തന്നെ ആഗതൻ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ടവളൊന്നു ചമ്മി.
"എനിക്ക് രാവുണ്ണിയെന്നു പറയുന്ന ആളെയൊന്നു കാണണം.കുറച്ചു ദൂരേന്ന് വരുവാ"
"മുത്തശ്ശൻ മരിച്ചു പോയല്ലോ.ലക്ഷമി മുത്തശ്ശി മാത്രമേയുള്ളൂ"
"എനിക്കൊന്ന് കാണാൻ പറ്റുമോ"
ആ പെൺകുട്ടി അജിനെ കുഴമ്പുകളുടെ ഗന്ധമുയരുന്ന മുറിക്കുളളിൽ കൊണ്ട് ചെന്നു.
"മുത്തശ്ശി കിടപ്പിലായിട്ട് മൂന്നുമാസമായി.സംസാരിക്കുന്നതിനു കുഴപ്പമില്ല.എഴുന്നേറ്റു നടക്കില്ലന്നേയുളളൂ"
അവളുടെ ശബ്ദം അവിടെ ഉയർന്നു കേട്ടു.അമ്മ പറഞ്ഞ കഥകളിലെ സാധുവായ ലക്ഷമി മുത്തശ്ശി.അവൻ കുറെനേരം അവരെ ശ്രദ്ധിച്ചു.
"മുത്തശ്ശിക്കെന്നെ മനസിലായോ"
"ആരാ കുട്ടി നീയ് .മനസിലായില്ലല്ലൊ.പക്ഷേ കണ്ടിട്ടു നല്ല മുഖപരിചയമുണ്ടല്ലോ"
മുത്തശ്ശിയുടെ ദുർബലമായ കൈവിരൽ അവൻ ചുണ്ടോടു ചേർത്തൊരു മുത്തം നൽകി.
"ഞാൻ മുത്തശ്ശീടെ മകളായ രേവതിയുടെ മകനാണു.അജിൻ.മുത്തശ്ശിയൊന്ന് ഞെട്ടി വിറച്ചതുപോലെ അവനു തോന്നി.
" എന്റെ രേവൂന്റെ മോനാണൊ.ദേവീ ഞാനെത്രനാളായി കൊതിക്കുന്നു എന്റെ മകളെയൊന്നു കാണാനായി.അവളെവിടെ"
അജിന്റെ മറുപടിക്കു മുമ്പായി വാതിക്കൽ നിന്നുമൊരു തേങ്ങിക്കരച്ചിൽ ഉയർന്നു.
രേവതി കരഞ്ഞുകൊണ്ടു അമ്മയെ കെട്ടിപ്പിടിച്ചു.നാലു പേരുടെയും മിഴികൾ നിറഞ്ഞു.
പതിയെ മുത്തശ്ശിയെ അജിൻ പിടിച്ചെഴുന്നേൽപ്പിച്ചു.ദുർബലമായ പാദങ്ങൾ ജീവൻ വെച്ചതുപോലെ.ലക്ഷ്മിയമ്മയെ അവർ ഇരുവരും കൂടി ഹാളിൽ കൊണ്ടുവന്നിരുത്തി.
"മക്കൾ എല്ലാം മാറി താമസിക്കുന്നു.രേവതി ഞാൻ ഇപ്പോൾ അവർക്കെല്ലാം ബാധ്യതയാണു.നിന്റെ നേരെ മൂത്ത ഏട്ടനും ഭാര്യയും മൂന്നുമാസം മുമ്പ് ഗൾഫിൽ വെച്ചു മരിച്ചു. അന്നു വീണുപോയതാണു ഞാൻ. പിന്നെ ഇവൾ ഇവിടെയാണ് വളർന്നത്.എന്റെ ദത്തന്റെ മകൾ ദക്ഷിക.പാവം ഞങ്ങൾക്ക് ഇപ്പോൾ ആരുമില്ലാണ്ടായി"
ലക്ഷ്മിയമ്മ പറയുന്നത് കേട്ട് ദക്ഷിക ഹൃദയം നീറിയതുപോലെ തേങ്ങി.
"അമ്മേ ഞങ്ങൾ ഇങ്ങു വരുവാ.രഘുവേട്ടൻ മരിച്ചതോടെ ഞങ്ങളും ഒറ്റക്കായി.രഘുവേട്ടന്റെ വീട്ടുകാർ ആരെങ്കിലും അവിടെ ഉണ്ടൊ"
"രഘുവിന്റെ അച്ഛനും അമ്മയും കുറച്ചു വർഷങ്ങൾക്കു മുമ്പ് മരിച്ചിരുന്നു.മകൻ നാട് വിട്ടതോടെ അവർ തീർത്തും അവശരായിപ്പോയി"
കുറച്ചു നേരം തളം കെട്ടി നിന്ന നിശബ്ദതയെ രേവതി ഭഞ്ജിച്ചു.
"അമ്മേ ദക്ഷികയെ എന്റെ അജിൻ മോനു തരാവോ"
"അതെന്ത് വർത്താനമാ രേവൂ.അവന്റെ മുറപ്പെണ്ണല്ലേ അവൾ.എന്റെ കുട്ടിക്ക് ഇനിയാരുമില്ലെന്ന സങ്കടം എനിക്ക് ഇനി വേണ്ടല്ലോ"
ദക്ഷികയേയും അജിനിനെയും മുത്തശ്ശി ചേർത്തു പിടിച്ചു ഇരു കരങ്ങളും കൂട്ടിച്ചേർത്തു.
"ആർക്കും ഇഷ്ടക്കേടൊന്നും ഇല്ലല്ലൊ"
അജിൻ ഇല്ലെന്നു തലയാട്ടി.ദക്ഷികയുടെ മുഖം നാണത്താൽ ചുവന്നു.
വൈകുന്നേരം യാത്ര പറഞ്ഞു അവർ ഇറങ്ങി.
"ഞങ്ങൾ നാളെ തന്നെ തിരിച്ച് വരും.അവിടെ വീടും സ്ഥലവും വിൽക്കാൻ ആരെയെങ്കിലും ഏൽപ്പിക്കണം.ഇനിയെന്റെ നാട്ടിലെ ശുദ്ധവായു ശ്വസിച്ചു അമ്മയുടെയും മോളുടെയും മകന്റെ കൂടെയും ജീവിക്കണം"
രേവതി ദക്ഷികയെ ഒന്നുകൂടി ചേർത്തു പിടിച്ചു മുത്തം നൽകി
കാറിൽ കയറുന്നതിനു മുമ്പായി അജിൻ ഒന്ന് തിരിഞ്ഞു നോക്കി.
വാതിൽപ്പടിയിൽ ചാരി സ്വപ്നലോകത്തെന്ന പോലെ ദക്ഷിക തങ്ങളെ നോക്കി നിൽക്കുന്നു.ശുഭപ്രതീക്ഷയോടെ
"ടാ കുട്ടാ മതി.നാളെ നമ്മൾ തിരിച്ച് വരുവല്ലേ.നിന്റെയിഷ്ടം പോലെ ഒരു നാട്ടിൻപുറത്തെ സുന്ദരിയെ തന്നെ കെട്ടുവല്ലേ"
അമ്മയുടെ കണ്ണുവെട്ടിച്ച് അവൻ ദക്ഷികയെ കൈ ഉയർത്തി വീശി
അവളും അവനെ യാത അയപ്പ് നൽകി
"പെട്ടെന്ന് തന്നെ തിരിച്ച് വരണം.പ്രതീക്ഷകളില്ലാതിരുന്ന എന്നിൽ മോഹങ്ങളുടെ വിത്തു വിതച്ചവനായി ഞാൻ കാത്തിരിക്കും"
"വീശിയ കാറ്റിൽ കാതിൽ ദക്ഷിക മന്ത്രിക്കുന്നതായി അവനു അനുഭവപ്പെട്ടു"
A story by. സുധീ മുട്ടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക