Slider

ആയിരംജനല്‍വീട്

0
Image may contain: one or more people, eyeglasses and closeup

“എനിക്ക് വിശന്നിട്ടു വയ്യ ,ഡേവിസ്.ഗൂഗിള്‍ മാപ്പ് നോക്കി വണ്ടിയോടിക്കണ്ടയെന്നു ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞതാ...”
നിമ്മിക്ക് ദേഷ്യം വന്നുതുടങ്ങി.
ഡേവിസ് കാര്‍ കയറ്റത്തിലെ വളവില്‍ ഒതുക്കിയിട്ടു മൊബൈലില്‍ നോക്കുകയായിരുന്നു.
“നെറ്റ് പോയി ..നാശം..”അയാള്‍ പിറുപിറുത്തു.
“കുന്തം!!മനുഷ്യനിവിടെ വെശന്നു ചാകുവാ.!”
നിമ്മി ഡോര്‍ തുറന്നു പുറത്തിറങ്ങി.
വിജനമായ റോഡിരുവശവും ഈറ്റക്കാടുകളാണ്.ഇലകളുടെ വലക്കണ്ണികള്‍ക്കപ്പുറം ആകാശത്തിന്റെ ശാന്തനീലിമ.ഉച്ചയായിട്ടും വായുവിനു ഈ കിഴക്കന്‍കുന്നില്‍ നല്ല തണുപ്പ്.
ആ യുവദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ.രണ്ടു പേരും ടാറ്റായുടെ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ എഞ്ചിനീയര്‍മാരാണ്.കഴിഞ്ഞമാസം ഡേവിസ് ഓണ്‍സൈറ്റ് ജോലിക്കായി അമേരിക്കക്ക് പൊകാനിരുന്നതാണ്.അതിനിടയില്‍ നിമ്മിക്ക് കൂടെക്കൂടെ തലചുറ്റലും പനിയും ആരംഭിച്ചു.അതോടെ തല്‍ക്കാലം ഡേവിസ് ആ യാത്ര ഒഴിവാക്കി.അതിന്റെ സങ്കടം തീര്‍ക്കാന്‍ ഒരു ഔട്ടിംഗ്.അതായിരുന്നു അവരുടെ പ്ലാന്‍.ചെറുതോണിയില്‍ വന്നു ഡാം കണ്ടിട്ട് കട്ടപ്പനയിലെ റിസോര്‍ട്ടിലേക്ക് പോകുന്നവഴി ഗൂഗിള്‍മാപ്പ് അവരെ ചതിച്ചു.
“ഏതായാലും നമ്മുക്ക് പോകാം.വഴിയില്‍ ഏതെങ്കിലും ചായക്കട കാണും.” ഡേവിസ് വിളിച്ചു പറഞ്ഞു.നിമ്മി തിരിച്ചു വന്നു വണ്ടിയില്‍ കയറി.
വണ്ടി സ്റാര്‍ട്ട് ചെയ്തപ്പോള്‍ ഈറ്റക്കാടിന്റെ ഉള്ളില്‍ നിന്ന് രണ്ടു പരുന്തുകള്‍ പറന്നുപൊങ്ങി.
“അത് നോക്കിക്കേ ..”പരുന്തുകള്‍ പറക്കുന്നത് നിമ്മി അത്ഭുതത്തോടെ ഡേവിസിനെ കാണിച്ചു.
“കണ്ടോ..ഇതൊക്കെയാണ് ഇത്തരം ട്രിപ്പുകളുടെ രസം.അന്നേരമാ ഒരുത്തിക്ക് തീറ്റയുടെയും കുടിയുടെയും വിചാരം മാത്രം.”
“വിശന്നിട്ടല്ലേ ഗൂഗിള്‍ക്കുട്ടാ...” നിമ്മി അവന്റെ ഷേവ് ചെയ്ത,നീലച്ഛവി പടര്‍ന്ന മുഖത്തിന്റെ മിനുസതയില്‍ നുള്ളി.വളവുകള്‍ തിരിഞ്ഞു കാര്‍ മല ഇറങ്ങുമ്പോഴേക്കും പരുന്തുകള്‍ ഒരു പൊട്ടു പോലെ മറഞ്ഞിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ ഈറ്റക്കാടുകള്‍ക്ക് പകരം എലത്തോട്ടങ്ങള്‍ കാണാന്‍ തുടങ്ങി.അവിടവിടെയായി ഒന്ന് രണ്ടു വീടുകളും.അപ്പോഴാണ്‌ അവര്‍ വഴിയരികിലെ ആ ചെറിയ പള്ളി കണ്ടത്.അവര്‍ വണ്ടി നിര്‍ത്തി.
വെളുത്ത കുമ്മായമടിച്ച ഓടിട്ട ഒരു പഴയ പള്ളിയായിരുന്നു അത്.പള്ളിയുടെ അരികിലെ ഓഡിറ്റോറിയത്തിനു മുന്‍പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു.ഓഡിറ്റോറിയത്തിന്റെ മുന്‍പില്‍ ചുവന്ന ബലൂണുകള്‍ക്കൊണ്ട് മനോഹരമായ കമാനം ഒരുക്കിയിരിക്കുന്നു.ആരുടെയോ വിവാഹമാണ്.
“ഹോ ..ഈ പട്ടിക്കാട്ടില്‍ പള്ളിയൊക്കെയുണ്ടോ..?” നിമ്മി പിറുപിറുത്തു.
“നിനക്ക് വിശപ്പല്ലേ പ്രശ്നം..നമ്മുക്ക് സോള്‍വ് ചെയ്യാം..”ഡേവിസ് ബലൂണ്‍ കമാനം നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“അയ്യേ..ഞാനെങ്ങുമില്ല.ആരാണ്ടടെ കല്യാണത്തിനു കട്ട് കഴിക്കാന്‍.അച്ചായന്‍ തന്നെ പോയി കഴിച്ചാ മതി.”
“നിമ്മി ഇങ്ങനത്തെ കുമ്മനടിയൊക്കെ ഒരു അഡ്വെഞ്ചര്‍ അല്ലെ..ഒരു ത്രില്‍..അത് മാത്രമല്ല..ഉടനെയെങ്ങും ഒരു ഹോട്ടല്‍ കാണുന്ന ലക്ഷണവുമില്ല..വാ നമ്മുക്ക് പോയി നോക്കാം.”
പിന്നെയും ഡേവിസ് നിര്‍ബന്ധിച്ചപ്പോള്‍ നിമ്മി സമ്മതിച്ചു.വല്ലപ്പോഴും ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യണം.ആരുടെതെന്നു അറിയാത്ത കല്യാണത്തിന് കൂടണം.ഇതൊക്കെയല്ലേ ജീവിതത്തിനു ഒരു രസം.
അവര്‍ പള്ളിയുടെ മുന്‍പിലേക്ക് നടന്നു.വിവാഹച്ചടങ്ങുകള്‍ കഴിഞ്ഞു ചെറുക്കനും പെണ്ണും പള്ളിയുടെ മുന്‍പില്‍ ഫോട്ടോക്ക് പോസ് ചെയ്യുകയാണ്.കറുത്ത സ്യൂട്ട് അണിഞ്ഞ വരന്‍.വധുവിന്റെ വെള്ളിയലുക്കുകള്‍ പിടിപ്പിച്ച നീല മന്ത്രകോടി വെയിലില്‍ മിന്നി.പള്ളിയുടെ മുകളിലെ ആകാശത്തില്‍ ആ കാഴ്ച കണ്ടുകൊണ്ട് രണ്ടു പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നത് നിമ്മി കണ്ടു.ആളുകള്‍ ഓഡിറ്റോറിയത്തിനു മുന്‍പിലേക്ക് പോകാന്‍ തുടങ്ങിയിരുന്നു.
“ശ്ശൊ,എനിക്ക് എന്താണ്ട് പോലെ തോന്നുവാ.നമ്മളോട് ആരേലും ചോദിച്ചാല്‍ എന്നാ പറയും.”നിമ്മി ചോദിച്ചു.
“ചെറുക്കന്‍കൂട്ടര്‍ പെണ്ണിന്റെ ആളുകള്‍ ആണെന്ന് വിചാരിക്കും.പെണ്ണിന്റെ കൂട്ടര്‍ ചെറുക്കന്റെ ആളുകള്‍ ആണെന്നു വിചാരിക്കും.ശ്രദ്ധിക്കണ്ട കാര്യം ആരുമായും മിണ്ടാന്‍ നില്‍ക്കരുത് എന്നതാണ്.നിനക്കറിയാമോ ,ഞങ്ങള്‍ പാലക്കാട് എഞ്ചിനീയറിംഗ് പഠിക്കുമ്പോ ഈ കല്യാണം കൂടല്‍ ഒരു ഹോബിയാരുന്നു.പാലക്കാട്ടെ പല കല്യാണവീഡിയോകളിലും ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന രംഗങ്ങള്‍ അവിടുത്തെ ചില നല്ലവരായ വീട്ടുകാര്‍ ഇപ്പഴും കാണുന്നുണ്ടാവും.”
അവര്‍ ഹാളിലേക്ക് കയറി.ബുഫേയായും ,മേശകളിലും ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.ഹാളില്‍ ഭക്ഷണത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധം.അലങ്കരിച്ച മണ്ഡപത്തില്‍ വരനും വധുവും കയറി.കുരിശുവരയും മധുരം വയ്പ്പും നടക്കുകയാണ്
.
ആളുകള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്നു.അവരും പോയി പ്ലേറ്റില്‍ ഭക്ഷണം വാങ്ങിക്കൊണ്ടു വന്നു ഒരു മൂലയില്‍ നിന്ന് കഴിക്കാന്‍ തുടങ്ങി.ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെ നിമ്മിയുടെ ടെന്‍ഷന്‍ മാറി.ഏതോ ബന്ധുവിന്റെ കല്യാണത്തിന് വന്നത് പോലെ ഡേവിസും നിമ്മിയും ആസ്വദിച്ചു ഭക്ഷണം കഴിച്ചു.അപ്പോഴാണ് ഒരു വൃദ്ധ തങ്ങളെ ശ്രദ്ധിക്കുന്നത് പോലെ അവള്‍ക്ക് തോന്നിയത്.
മുടി മുഴുവന്‍ പഞ്ഞിപോലെ നരച്ച എഴുപതു എഴുപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു അത്. ചുവപ്പില്‍ അവിടവിടെ കറുത്ത ത്രികോണങ്ങള്‍ പ്രിന്റ്‌ ചെയ്ത സാരി ധരിച്ച അവരുടെ കഴുത്തില്‍ ചങ്ങല പോലെ ഒരു സ്വര്‍ണ്ണമാല കിടന്നു .അവരുടെ ഭര്‍ത്താവെന്ന് തോന്നിക്കുന്ന വൃദ്ധന്‍ അവരുടെ അരികിലിരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.അവര്‍ നിമ്മിയെത്തന്നെ ഉറ്റുനോക്കുകയാണ്.അപ്പോഴാണ്‌ തങ്ങള്‍ ആരുടെതെന്നാണ് എന്നറിയാത്ത ഒരു വിവാഹവിരുന്നിലാണ് പങ്കെടുക്കുന്നത് എന്ന കാര്യം തന്നെ നിമ്മിക്ക് ഓര്‍മ്മവന്നത്.
“നമ്മുക്ക് പോകാം....”അവള്‍ ഭര്‍ത്താവിനോട് മെല്ലെപ്പറഞ്ഞു.
“എന്ത് പറ്റി..”കോഴിക്കാല് കടിച്ചുകൊണ്ട് ഡേവിസ് ചോദിച്ചു.
“ആരോ നമ്മളെ ശ്രദ്ധിക്കുന്നുണ്ട് .”അവള്‍ പറഞ്ഞു.അവള്‍ പറഞ്ഞയിടത്തേക്ക് ഡേവിസ് നോക്കി.
നിമ്മി പറഞ്ഞത് ശരിയാണ്.ആ വൃദ്ധ ഭക്ഷണം കഴിക്കുന്നത്‌ നിര്‍ത്തി അവരെത്തന്നെ നോക്കുകയാണ്.അവര്‍ അരികിലിരുന്ന ഭര്‍ത്താവിനെയും തങ്ങളെ ചൂണ്ടിക്കാണിക്കുന്നു.
“ഓ.അവര്‍ക്ക് ആള് തെറ്റിയതാകും.നീ പേടിക്കണ്ട.ഞാന്‍ ഏതായാലും ഐസ് ക്രീം കൂടി കഴിച്ചിട്ടേ വരുന്നുള്ളൂ.”
“ഐസ്ക്രീം!!ഒന്ന് പോ മനുഷ്യാ..വേഗം വാ..!! നമ്മുക്ക് പെട്ടെന്ന് കൈകഴുകി ഇറങ്ങാം.”അവള്‍ക്ക് അവിടെനിന്ന് ഒന്ന് രക്ഷപെട്ടാല്‍ മതിയെന്നായിരുന്നു.
പള്ളിയുടെ മതിലിനോട് ചേര്‍ന്നായിരുന്നു ടാപ്പ്.മതിലിനു പുറത്തു ചെമ്പരത്തി വേലികെട്ടിയ എലത്തോട്ടം.തഴച്ചുവളര്‍ന്നു നില്‍ക്കുന്ന എലച്ചെടികള്‍ക്കിടയില്‍ നിന്ന് വരുന്ന തണുത്തകാറ്റിന് എലത്തിന്റെ ഗന്ധം.കൈയും മുഖവും കഴുകി നിവര്‍ന്നപ്പോള്‍ നിമ്മിയുടെ കണ്ണുകള്‍ അപ്പോഴും ആകാശച്ചരുവില്‍ വട്ടമിട്ടു പറക്കുന്ന പരുന്തുകളെ കണ്ടുപിടിച്ചു.
കൈകഴുകി തിരിഞ്ഞപ്പോള്‍ അവള്‍ കണ്ടത് തങ്ങളുടെ തൊട്ട് പിറകില്‍ നില്‍ക്കുന്ന ആ വൃദ്ധയുടെ മുഖമാണ്. വൃദ്ധ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“മോളെ,പോകരുതേ..ഒരു കാര്യം ചോദിക്കാനുണ്ട്.ഞങ്ങള്‍ ഇപ്പൊ കൈകഴുകിയേച്ചും വരാം.”
വൃദ്ധയുടെ വെളുത്ത മുഖം നിറയേ പ്രായത്തിന്റെ ചുളിവുകള്‍ ഉണ്ടായിരുന്നു.എങ്കിലും അവരുടെ ശബ്ദത്തിന് ഒരു ആജ്ഞാശക്തിയുണ്ടായിരുന്നു. ഡേവിസും നിമ്മിയും ഓഡിറ്റോറിയത്തിന്റെ തൂണിനരികിലെക്ക് മാറിനിന്നു.
“പോയാലോ ..” നിമ്മി ഡേവിസിനെ മെല്ലെ തോണ്ടി.
“നില്‍ക്ക്.പോയാ ശരിയാവില്ല.”
വൃദ്ധദമ്പതികള്‍ കൈ കഴുകിയയുടനെ നിമ്മിയും ഡേവിസും നില്‍ക്കുന്നിടത്തേക്ക് വന്നു.പ്രായത്തിന്റെ ക്ഷീണം ഉണ്ടെങ്കിലും അവരുടെ നടപ്പില്‍ ഉത്സാഹം കാണാമായിരുന്നു.വൃദ്ധന്‍ എക്സിക്ക്യൂട്ടിവ് രീതിയില്‍ ചാരനിറമുള്ള പാന്റ്സും വെളുത്ത കോട്ടന്‍ ഷര്‍ട്ടും ഷൂസും ധരിചിട്ടുണ്ടായിരുന്നു.വൃദ്ധ നിമ്മിയുടെ കൈകവര്‍ന്നു ചോദിച്ചു.
“മോള് കുരിയാത്തെ സോഫിയാമ്മയുടെ മോളല്ലേ..??”
നിമ്മി ഒരുനിമിഷം അമ്പരന്നു.പിന്നെ അറിയാതെ തലയാട്ടി.അവള്‍ക്ക് വേറെ എന്താണ് പറയേണ്ടിയിരുന്നതെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല.
വൃദ്ധയുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നു.ഉറക്കെ ചിരിച്ചുകൊണ്ട് അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു.
“കണ്ടില്ലേ..കണ്ടില്ലേ...ഞാന്‍ ഊഹിച്ച പോലെതന്നെ.സോഫിയായുടെ അതെ ഷേപ്പ് ആണ് ഈ മുഖം.മോള്‍ടെ പേരെന്നതാ..?”
“നി..നിമ്മി.” മുറിഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു.
“തീരെ ചെറുപ്പത്തിലാ നിന്നെയൊരിക്കല്‍ കണ്ടിട്ടുള്ളത്.അതാ പേര് ഓര്‍മ്മയിലാത്തത്.മോള് ക്ഷമിക്ക്.”
“മോള്‍ക്ക് ഞങ്ങളെ മനസ്സിലായി കാണില്ല അല്ലെ..എന്റെ അമ്മച്ചിയുടെ അനിയത്തിയാണ് മോള്‍ടെ വലിയമ്മ...ഇപ്പൊ മനസ്സിലായോ ..?”
“ഓ..”നിമ്മി തലകുലുക്കി.
“മോള്‍ടെ അമ്മ സോഫിയാ മരിച്ചതൊക്കെ ഞങ്ങള്‍ അറിഞ്ഞാരുന്നു.പിന്നെ കെട്ടിച്ചപ്പഴെ ഇതിയാന്റെ കൂടെ അമേരിക്കേലോട്ട് പോയത്കൊണ്ട് നാട്ടിലെ ബന്ധം മുഴുവന്‍ പോയി.ഏതായാലും ഈ കെട്ടിന് വന്നത് കൊണ്ട് മോളെ കാണാന്‍ പറ്റിയത് വലിയ കാര്യം.”
അവര്‍ സ്വയം പരിചയപ്പെടുത്തി.വൃദ്ധയുടെ പേര് റേച്ചല്‍ എന്നാണ്.അവരുടെ ഭര്‍ത്താവ് ലോപ്പസ് അമേരിക്കയില്‍ ഒരു മൈനിംഗ് കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു.ഇപ്പോള്‍ രണ്ടുപേരും അമേരിക്കയില്‍ വിശ്രമജീവിതത്തിലാണ്.
“ഇപ്രാവശ്യം അമ്മച്ചിയുടെ ആണ്ടിന് വന്നതാണ്.പിന്നെ കുറച്ചുദിവസം ആയിരംജനല്‍വീട്ടില്‍ താമസിക്കാം എന്ന് കരുതി.ഭാഗംവച്ചതില്‍ പിന്നെ ആരും അവിടെ താമസിക്കാനില്ലല്ലോ.അതൊരു റിസോര്‍ട്ട് ആക്കാന്‍ പ്രോപ്പോസലുമായി കുറച്ചു പേര്‍ വന്നിരുന്നു.ഞങ്ങള്‍ തീരുമാനം ഒന്നും എടുത്തിട്ടില്ല.”
“ആയിരംജനല്‍വീടോ ?” ഡേവിസ് ചോദിച്ചു.
“ഹഹ ,അതെ ..ഞങളുടെ തറവാട്.നിങ്ങള്‍ അങ്ങോട്ട്‌ വരണം.ഇന്ന് അവിടെ താമസിച്ചു നാളെ പോകാം.അത് മാത്രമല്ല.വേറെ ഒരു പ്രധാന കാര്യമുണ്ട്.”
യുവദമ്പതികള്‍ റേച്ചിലിനെ ആകാംക്ഷയോടെ ഉറ്റുനോക്കി.
“വലിയമ്മച്ചി മരിക്കുന്നതിനു മുന്‍പ് ആഭരണം ഒക്കെ വീതം വച്ച് ഓരോ മക്കള്‍ക്ക് കൊടുത്തു.ഒരു പാലക്കാ മാല സോഫിയയുടെ അമ്മക്കും കൊടുക്കാന്‍ വലിയമ്മച്ചി മാറ്റിവച്ചിരുന്നു.ആഭരണങ്ങള്‍ ഒക്കെ തലമുറ തലമുറയായി കൈമാറിവന്ന ഒന്നാണ്.പണത്തിനു ഇപ്പൊ നമ്മുടെ കൂട്ടത്തില്‍ ആര്‍ക്കാ ആവശ്യം.എല്ലാരും അമേരിക്കേലും കാനഡയിലും ഒക്കെയല്ലേ.ഒരു സ്നേഹ പ്രകടനം.പിന്നെ നമ്മുടെ പൂര്‍വ്വികരുടെ ഓരോ ഓര്‍മ്മകള്‍.ഏതായാലും അത് ഇനി മോള്‍ക്ക് അവകാശപ്പെട്ടതാ.അത് കൊണ്ട് ഇന്ന് നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ആയിരംജനല്‍വീട്ടില്‍ വരിക.ഇന്ന് രാത്രി അവിടെക്കിടന്നു നാളെ പോകാം.ആ ആഭരണവും കൊണ്ട് പോകാം.”
എല്ലാം കേട്ട് നിന്ന നിമ്മിയുടെ മുഖം തിളങ്ങി.ഡേവിസ് എന്തെങ്കിലും പറയുന്നതിന് മുന്‍പ് അവള്‍ സമ്മതം മൂളിക്കൊണ്ട് തലയാട്ടി.
“ഇവിടെനിന്ന് ഒരു മൂന്നുമണിക്കൂര്‍ യാത്രയുണ്ട്.വീ വില്‍ ഗോ ഫസ്റ്റ്..യൂ ജസ്റ്റ് ഫോളോ അസ് യംഗ് ഫ്രണ്ട്സ്..” വൃദ്ധന്‍ അമേരിക്കന്‍ ചുവയുള്ള ഇംഗ്ലീഷില്‍ ഡേവിസിന്റെ ചുമലില്‍ത്തട്ടി പറഞ്ഞു.
വൃദ്ധദമ്പതികളുടെ കറുത്ത ബി.എം.ഡബ്ല്യൂ കാറിന്റെ പുറകില്‍ തന്റെ ഡസ്റ്ററുമായി ഡേവിസ് നീങ്ങി.പ്രായമുണ്ടെങ്കിലും ലോപ്പസ് നല്ല വേഗതയിലാണ് വണ്ടി പായിക്കുന്നത്‌..ഒരു കവലയില്‍ ഏതോ പീഡനക്കേസില്‍ മരിച്ച പെണ്‍കുട്ടിയുടെ പ്രതികളെ പിടിക്കണം എന്ന് ആവശ്യവുമായി നീങ്ങിയ പ്രതിഷേധജാഥയുടെ മുന്‍പില്‍ മാത്രമാണ് വൃദ്ധന്‍ അല്പം വേഗം കുറച്ചത് .കാറില്‍ ഇരുന്നു യുവദമ്പതികള്‍ തര്‍ക്കിച്ചു.
“ഇതൊക്കെയാ ശരിക്കും ത്രില്‍.അവര്‍ക്ക് നമ്മള്‍ ആരാണ് എന്ന് മനസ്സിലായിട്ടില്ല.ഒരു രാത്രി നിന്നിട്ട് നമ്മുക്ക് തിരിച്ചു പോകാം.ആ റിസോര്‍ട്ടില്‍ പോകുന്നതിനേക്കാളും നല്ലത് ഇതാണ്.”
“പക്ഷെ..ആ മാലയോ..ദാറ്റ് ഈസ് ചീറ്റിംഗ്.”
“മാലയൊന്നും നമ്മുക്ക് വേണ്ട.നാളെ നമ്മുക്ക് എല്ലാം അവരോടു തുറന്നുപറയാം.ഒറ്റക്ക് താമസിക്കുന്ന അവര്‍ക്ക് ഒരു സര്‍പ്രൈസ് .അത്രേയുള്ളൂ.ഇതൊക്കെയല്ലേ അച്ചായാ ശരിക്കും രസം.!അല്ലാതെ കല്യാണത്തിന് കട്ട് തിന്നുന്നതാണോ ?”
കാറുകള്‍ മെല്ലെ മെയിന്‍റോഡ്‌ വിട്ടു ഉള്ളിലേക്ക് കയറി.ഇരുവശത്തും കടല് പോലെ പരന്നുകിടക്കുന്ന എലത്തോട്ടങ്ങള്‍ക്കും കാപ്പിത്തോട്ടങ്ങള്‍ക്കും ഇടയിലൂടെ അവര്‍ സഞ്ചരിച്ചു.ഡേവിസിനും നിമ്മിക്കും അതൊരു പുതിയ അനുഭവമായിരുന്നു.ഒടുവില്‍ കരിങ്കല്‍മതില്‍ കെട്ടിയ ഒരു കാപ്പിത്തോട്ടത്തിനുള്ളിലേക്ക് രണ്ടു കാറുകളും മെല്ലെ കയറി.കാറില്‍നിന്ന് മണല്‍ വിരിച്ച വിശാലമായ മുറ്റത്തേക്ക് ഇറങ്ങിയ നിമ്മി ആ ബംഗ്ലാവ് കണ്ടു വാ പൊളിച്ചു.
മൂന്നുനിലകളിലായി ത്രികോണ ആകൃതിയില്‍ പിരമിഡിനെ ഓര്‍മ്മിപ്പിക്കുന്ന നിര്‍മ്മിതിയായിരുന്നു ആ വലിയ ബംഗ്ലാവിന്.പൂര്‍ണ്ണമായും ചുവന്ന വെട്ടുകല്ല്‌ കൊണ്ട് ഉണ്ടാക്കിയ വീട്.വീടിനുചുറ്റുമുള്ള വിശാലമായ മുറ്റത്തിനെ തോട്ടത്തില്‍ നിന്ന് വേര്‍തിരിക്കുന്ന ഒരു ചെറിയ കരിങ്കല്‍മതിലും ത്രികോണ ആകൃതിയിലായിരുന്നു. വീടിന്റെ പ്രത്യേകത അതിന്റെ ജനാലകള്‍ ത്തന്നെയായിരുന്നു.അനേകം ചെറിയ ജനാലകള്‍!! അവര്‍ ഇത്രയും ജനാലകള്‍ ഒരു വീടിനു കാണുന്നത് ആദ്യമായിട്ടായിരുന്നു.പക്ഷെ ആ ജനാലകള്‍ എല്ലാം അടഞ്ഞായിരുന്നു കിടന്നത്.
“ജനാല കണ്ടു അന്തം വിട്ടു അല്ലെ..എത്ര എണ്ണിയാലും എണ്ണം തെറ്റും.അതുകൊണ്ടാ ഇതിനു ആയിരംജനല്‍വീട് എന്ന പേര് വന്നത്..മോള്‍ക്കറിയോ പത്തുമുന്നൂറു കൊല്ലം പഴക്കമുള്ള വീടാ.ഞാന്‍ വിചാരിച്ചു സോഫിയ ഈ വീടിനെക്കുറിച്ചു മോളോട് പറഞ്ഞിട്ടുണ്ടായിരിക്കും എന്നാണ്.”
നിമ്മിയുടെ കൈപിടിച്ചു കൂട്ടിക്കൊണ്ട് പോവുന്നതിനിടയില്‍ റേച്ചല്‍ പറഞ്ഞു.
സന്ധ്യയായിരുന്നു.ഇരുട്ടില്‍ അവ്യക്തമായ വെളുത്തകടല് പോലെ ബംഗ്ലാവിനുചുറ്റുമുള്ള കാപ്പിത്തോട്ടം പൂത്തുനിന്നു.അതിന്റെ മദിപ്പിക്കുന്ന ഗന്ധം അവിടെ വീശുന്ന തണുത്തകാറ്റിലുമുണ്ട്.
“അതെന്താ ഈ ജനാലകള്‍ തുറക്കാത്തെ..?” അവള്‍ ചോദിച്ചു.
“ഓ,അതൊക്കെ എന്തെങ്കിലും ചടങ്ങുകള്‍ നടത്തുമ്പോ ഒരുപാട് ഗസ്റ്റുകള്‍ ഒക്കെ വരുമ്പോ മാത്രം തുറക്കും.ഇവിടെയിപ്പോ ഞാനും അതിയാനും മാത്രമല്ലെയുള്ളൂ.ഞങ്ങള്‍ ഉടനെ പോവുകേം ചെയ്യും.പിന്നെ ഇതൊക്കെ നോക്കി മെയിന്റനന്‍സു നടത്താന്‍ ആര്‍ക്കു പറ്റും.മാസത്തിലൊരിക്കല്‍ അടുത്ത കവലയില്‍ താമസിക്കുന്ന ഒരു വീട്ടുകാര്‍ വന്നു എല്ലാം തുറന്നു വൃത്തിയാക്കി പോവും.വേറെ താമസക്കാരില്ലല്ലോ.”
അവര്‍ വിശാലമായ സ്വീകരണമുറിയിലേക്ക് കടന്നു.പൗരാണികതയുടെ പ്രൌഡി തുളുമ്പുന്ന ഫര്‍ണിച്ചറുകള്‍ ,വിളക്കുകള്‍ .കൊത്തുപണികള്‍ ചെയ്ത വാതിലുകള്‍.റേച്ചല്‍ അകത്തുപോയി ഒരു ഗ്ലാസില്‍ ജ്യൂസ് എടുത്തുകൊണ്ട് വന്നു.നിമ്മി അത് കുടിച്ചു.
“മോള് പോയിക്കിടന്നോ.ഇത്രയും യാത്ര ചെയ്തതല്ലേ ..നല്ല ക്ഷീണം കാണും.അത്താഴം ആകുമ്പോ ഞാന്‍ വിളിക്കാം.”അവര്‍ നിമ്മിയെ മുകള്‍നിലയിലെ കിടപ്പ് മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി.
“ലെറ്റ് ഹേര്‍ സ്ലീപ്പ്.അപ്പോള്‍ നമ്മുക്ക് ഓരോ ഡ്രിങ്ക്സ് ആവാം അല്ലെ ഡേവിസ്.” നരച്ച മുടി ഒതുക്കി ഒരു കള്ളച്ചിരിയോടെ ലോപ്പസ് പറഞ്ഞു.അയാള്‍ അകത്തു പോയി സ്കോച്ചിന്റെ ബോട്ടില്‍ കൊണ്ടുവന്നു.
പതുപതുത്ത മെത്തയിലേക്ക് കിടന്നതും നിമ്മി ഉറക്കത്തിലേക്ക് വീണുപോയി.എത്ര നേരം ഉറങ്ങിയെന്നു അറിയില്ല.
ആരോ അടക്കം പറയുന്ന സ്വരംപോലെ കേട്ടപ്പോഴാണ് അവള്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നത്.അവളുടെ അരികില്‍ കിടന്നു ഡേവിസും ഉറങ്ങുന്നുണ്ട്.രാത്രി വൈകിയിരിക്കുന്നു.അവള്‍ മെല്ലെ എഴുന്നേറ്റു.
ഒരുപാടാളുകള്‍ പതുക്കെ സംസാരിക്കുന്നത് പോലെയാണ് അവള്‍ക്ക് തോന്നിയത് .പക്ഷെ വാതില്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ ആരെയും കാണുന്നില്ല.അന്തരീക്ഷത്തില്‍ വല്ലാതെ തണുപ്പ് കൂടിയിരിക്കുന്നു.ദേഹത്തിന്റെ ഭാരം കുറഞ്ഞു ഒരു തൂവല്‍പോലെ, ഒരു തണുത്ത കടലില്‍ ഒഴുകുന്നതു പോലെ അവള്‍ക്ക് തോന്നി.
ഇടനാഴിയില്‍ ,വെട്ടുകല്‍ ഭിത്തിയുടെ മുകളില്‍ ഒരു പന്തം കത്തിച്ചു വച്ചിരിക്കുന്നത് അവള്‍ കണ്ടു.ബംഗ്ലാവിനു എന്തോ മാറ്റം വന്നത് പോലെ.എല്ലായിടത്തും കുന്തിരിക്കത്തിന്റെ ഗന്ധം പരക്കുന്നു.
അടുത്ത മുറികളുടെയെല്ലാം വാതില്‍ അടഞാണ് കിടക്കുന്നത്.പക്ഷെ ആ അടക്കം പറയുന്ന സ്വരം ആ മുറികളില്‍ നിന്നാണ് വരുന്നത്..അവള്‍ ചെവിയോര്‍ത്തു .അല്പം ശ്രദ്ധിച്ചപ്പോള്‍ ആ സംസാരത്തിന്റെ ചില ശകലങ്ങള്‍ അവള്‍ക്ക് മനസ്സിലായി.
“ഇവിടെ കഴിഞ്ഞു.”
“ഇവിടെയിപ്പോ കഴിയും.”
“ഇവിടെയും കഴിഞ്ഞു.”
“ഇവിടെയിപ്പോ കഴിഞ്ഞു.”
ഒരു നീണ്ട ഗുഹാമുഖത്ത്‌ നിന്ന് ഒഴുകിവരുന്നത് പോലെയുള്ള ശബ്ദവീചികള്‍. അതാരാണ് ?ഭയം തോന്നിയെങ്കിലും രണ്ടുംകല്‍പ്പിച്ചു പന്തത്തിന്റെ തീമഞ്ഞ വെളിച്ചം വീണു കിടക്കുന്ന ഒരു വാതില്‍ അവള്‍ പതുക്കെതുറന്നു.കരകരാ ശബ്ദത്തോടെ തുറന്ന വാതിലിന്റെ വിടവിലൂടെ അവള്‍ അകത്തേക്ക് നോക്കി.
മുറി ശൂന്യമാണ്.ഉള്ളിലും ഒരു പന്തം എരിയുന്നുണ്ട്‌.പക്ഷെ വെളുത്ത പുകമഞ്ഞു പോലെ എന്തോ ഒന്ന് അകത്തെ വായുവില്‍ പുളയുന്നു.ആ പുകമഞ്ഞിന്റെ വലയങ്ങളില്‍ നിന്നാണ് ശബ്ദങ്ങള്‍ വരുന്നത്.വാതില്‍ തുറക്കുന്ന ശബ്ദത്തില്‍ പുകവലയങ്ങള്‍ ഒരു നിമിഷം നിന്നു.പിന്നെ അവ വാതിലിനു നേര്‍ക്ക് പാഞ്ഞുവന്നു.അവള്‍ വാതില്‍ ആഞ്ഞടച്ചു.പൊടുന്നനെ ഒരു പെരുമ്പറ മുഴങ്ങുന്ന പോലെയുള്ള സ്വരം കേട്ടു.അപ്പോള്‍ ആ സംസാരവീചികള്‍ നിലച്ചു.എല്ലായിടവും നിശബ്ദമായി.അന്തരീക്ഷത്തില്‍ കുന്തിരിക്കത്തിന്റെ ഗന്ധം കനക്കുന്നു...
വീണ്ടും ആ പെരുമ്പറ ശബ്ദം മുഴങ്ങി.പിന്നെ മനസ്സിലാകാത്ത ഏതോ ഭാഷയില്‍ മന്ത്രം ജപിക്കുന്നതു പോലെ ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി.അവള്‍ ഭിത്തിയിലെക്ക് ചാരിനിന്ന് കിതച്ചു.ഈ ശബ്ദം കേട്ടിട്ടും എന്താണ് ഡേവിസ് ഉണരാത്തത് ??
“വെനീരെ വെന്റിസ് വെനീരെ
സിനെരെ സോലസ് സെനീരെ”
അതെ മന്ത്രം ആവര്‍ത്തിക്കുകയാണ്.അവള്‍ മന്ത്രം കേള്‍ക്കുന്ന ഭാഗത്തേക്ക് മെല്ലെ നീങ്ങി.ഇടനാഴി തീരുന്നിടത്തു ചെന്ന് ഭിത്തിയുടെ മറവില്‍ നിന്ന് അവള്‍ അങ്ങോട്ട്‌ നോക്കി.തുറന്നുകിടക്കുന്ന വലിയ ഹാളില്‍നിന്നാണ് ആ ശബ്ദം കേള്‍ക്കുന്നത്.
അകത്തു ത്രികോണാകൃതിയില്‍ കത്തിച്ചുവച്ച വലിയ തടിച്ച ചുവന്ന മെഴുകുതിരികള്‍.അതിനുള്ളില്‍ രണ്ടു കസേരകള്‍ .സിംഹാസനം പോലെയുള്ള ഒരു കസേരയില്‍ ചുവന്ന ളോഹ പോലെ കുപ്പായമണിഞ്ഞ റേച്ചല്‍ ഇരിക്കുന്നു.പഞ്ഞിപോലെ നരച്ച മുടിഴകള്‍ കാറ്റില്‍ പറക്കുന്നു.അവരുടെ എതിരെയിട്ടിരിക്കുന്ന കസേര ശൂന്യമാണ്.റേച്ചലിന്റെ മുന്നിലിരിക്കുന്ന പീഠത്തിനു മുകളില്‍ അതിപുരാതനമെന്നു തോന്നിക്കുന്ന ഏതോ ഗ്രന്ഥം.അതില്‍ നോക്കിയാണ് മന്ത്രങ്ങള്‍ ചെല്ലുന്നത്.ഇടയ്ക്കിടെ ധൂപക്കുറ്റി എടുത്തു ആ പുസ്തകത്തിനു മുകളില്‍ വീശുന്നു.അതില്‍ നിന്ന് പടരുന്ന കുന്തിരിക്കത്തിന്റെ വെളുത്തപുക അവിടെ പരക്കുന്നു.അവരുടെ കണ്ണുകള്‍ രണ്ടു കനല്‍ക്കട്ടകള്‍ പോലെ തിളങ്ങുന്നു. റേച്ചലിന്റെ ഇരുവശത്തും കാവല്‍ക്കാരെ പോലെ രണ്ടു പരുന്തുകള്‍.തങ്ങള്‍ ഇന്ന് കാലത്ത് കണ്ടത് ഇതേ പരുന്തുകളെയാണോ ?
“അതെ.”അവളുടെ ചിന്തക്ക് മറുപടിയെന്ന പോലെ തൊട്ട്പുറകില്‍ നിന്നൊരു ശബ്ദം കേട്ടു.
ലോപ്പസ്.
അയാളും ചുവന്ന ളോഹ പോലത്തെ കുപ്പായമാണ് ധരിച്ചത്.പന്തത്തിന്റെ വെളിച്ചത്തില്‍ വൃദ്ധന്റെ വെളുത്തതാടിയിഴകള്‍ തീനാളങ്ങള്‍ പോലെ കാണപ്പെട്ടു.
“എന്തായിത് ?നിങ്ങള്‍ ആരാണ് ??അവിടെ എന്താണ് നടക്കുന്നത്?” അവള്‍ ഒറ്റശ്വാസത്തില്‍ ചോദിച്ചു.
“ഇറ്റ്സ് എ സെറിമണി.പ്ലീസ് വാച്ച്.” അവളുടെ തോളില്‍ കൈയമ്മര്‍ത്തി ലോപ്പസ് പറഞ്ഞു.ആ സ്പര്‍ശനത്തിനു മഞ്ഞുകട്ടയുടെ തണുപ്പുണ്ടായിരുന്നു.
“തൂ ഗ്രാഷ്യാ ലവിസ് സിറ്റ് ക്യൂരെസ് “ ആ മന്ത്രം ജപിച്ചതും അവര്‍ ഡ്രം പോലത്തെ ഉപകരണത്തില്‍ ആഞ്ഞു തട്ടി.മുന്‍പ് കേട്ടത് പോലെ പെരുമ്പറ ശബ്ദം ഉയര്‍ന്നു.
അപ്പോള്‍ കടലിരമ്പുന്ന പോലെയുള്ള സ്വരം കേട്ടു.ആ ബംഗ്ലാവിലെ അനേകം ജനാലകളും വാതിലുകളും ഒരുമിച്ചു തുറക്കുന്ന സ്വരമായിരുന്നു അത്.പരുന്തുകള്‍ ചിറകടിച്ചു ഹാളിലൂടെ പറന്നു.എന്നിട്ടും ആ മെഴുകുതിരികള്‍ അണഞ്ഞില്ല..തുറന്നുവന്ന മുറികളില്‍ നിന്നു വെളുത്തപുകവലയങ്ങള്‍ വായുവിലൂടെ ഹാളിലെക്കൊഴുകി.ദൂരെ മലനിരകളില്‍ നിന്ന് നായ്ക്കളും നാരികളും ഓരിയിടുന്ന സ്വരം.
അപ്പോഴാണ്‌ അവള്‍ അത് കണ്ടത്.ഹാളിലെ തുറന്നു കിടന്ന ജനാലകള്‍ വഴി പുറത്തെ ഇരുട്ടില്‍ നിന്ന് പറന്നുവരുന്ന ചില രൂപങ്ങള്‍.അത് അഞ്ചു വൃദ്ധകളായിരുന്നു.അവരുടെ നീണ്ട നരച്ച മുടിയിഴകള്‍ പറന്നുവരുമ്പോള്‍ പുകപോലെ വായുവില്‍ പിന്നിലേക്ക് ഉയര്‍ന്നുനിന്നു.അരൂപികള്‍ അകത്തു കടന്നു പൂര്‍ണ്ണ മനുഷ്യരൂപം പ്രാപിച്ചു.ആ അഞ്ചു വൃദ്ധകളും കറുത്ത ളോഹപോലെയുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു റേച്ചലിന് ചുറ്റും വൃത്താകൃതിയില്‍ നിന്നു.
അപ്പോള്‍ തിങ്ങിക്കൂടിയ പുകവലയങ്ങളില്‍ നിന്ന് വീണ്ടും മുന്‍പ് കേട്ട ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി.
“ഇവിടെ കഴിഞ്ഞു.”
“ഇവിടെയിപ്പോ കഴിയും.”
“ഇവിടെയും കഴിഞ്ഞു.”
അവള്‍ ഒന്നും മനസ്സിലാകാതെ ലോപ്പസിനെ നോക്കി.
“നിമ്മി,അത് മുന്നൂറു കൊല്ലം മുന്പ് ഈ പ്രദേശത്ത് മലറിയ പടര്‍ന്നു പിടിച്ചപ്പോള്‍ മരണപ്പെട്ട ആത്മാവുകളാണ്.അന്ന് ഇവിടുത്തെ ജന്മി കുടുംബമായിരുന്ന ആയിരംജനല്‍വീട്ടില്‍ ആയിരുന്നു ആ പാവങ്ങളെ ചികിത്സിച്ചത്.ഈയലുകള്‍ തീയില്‍ വീണു ചാവുന്നത് പോലെ മനുഷ്യര്‍ മരിച്ചുകൊണ്ടിരുനു.ഓരോ മുറിയിലും രോഗികള്‍ക്കൊപ്പം നിന്ന മനുഷ്യര്‍ അപ്പുറത്തെ മുറിയിലുള്ള ആളുകളോട് അവിടുത്തെ രോഗികള്‍ മരിച്ചോ എന്ന് അന്വേഷിക്കുന്നതാണ് നീ കേട്ട സംസാരശബ്ദങ്ങള്‍.അനുനിമിഷം ചികിത്സ ലഭിക്കാതെ രോഗികളും അവരുടെ കൂടെ നിന്നവരും മരിച്ചു വീണു.മരിച്ചവരെ കൂട്ടമായി അടക്കി.പിന്നെ അവരുടെ ശാപമെന്ന പോലെ അനര്‍ത്ഥങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി.അന്ന് പോര്‍ച്ചുഗലില്‍ നിന്ന് വന്ന മന്ത്രവാദം അറിയാവുന്ന ഒരു പുരോഹിതനാണ് ഞങ്ങളെ സഹായിച്ചത്.അദ്ദേഹം എന്നെയും റേച്ചലിനെയും അവരുടെ ദേശത്തെ താന്ത്രികവിദ്യകള്‍ പഠിപ്പിച്ചു.അങ്ങിനെ ഞങള്‍ മരിച്ചവരെ ശാന്തരാക്കി.ഞങ്ങള്‍ക്ക് മുന്നൂറുവയസ്സില്‍ കൂടുതലുണ്ട്.എങ്കിലും ഞങളുടെ ശക്തികള്‍ മൂലം ഏതുകാലത്തും ഏതു സമൂഹത്തിലും പലവേഷങ്ങളില്‍ കഴിയാന്‍ സാധിക്കും.”
വീണ്ടും പെരുമ്പറ ശബ്ദം മുഴങ്ങി.ശൂന്യമായ കസേരയിലേക്ക് നോക്കി മന്ത്രങ്ങള്‍ ജപിച്ചു കൊണ്ട് വീണ്ടും ധൂപക്കുറ്റിവീശി.കസേര വെളുത്ത പുക കൊണ്ട് മറഞ്ഞു.പുക മാഞ്ഞപ്പോള്‍ അതില്‍ ഒരു സ്ത്രീരൂപം തെളിഞ്ഞു.
“അതാരാണ് .എന്താണവിടെ നടക്കുന്നത് ?”
“ആ കൂട്ടത്തില്‍ നിങ്ങളുടെ ഈ തലമുറയിലെ നിരപരാധികളുടെ ആത്മാക്കളുമുണ്ട്.പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകളെ വരെ ബലാല്‍സംഗം ചെയ്യുന്ന നരാധമന്‍മാര്‍,പണത്തിനും അധികാരത്തിനും വേണ്ടി എന്തും ചെയ്യുന്ന അധികാരികളും നേതാക്കന്‍മാരും,കൂടെയുറങ്ങുന്ന ജീവിതപങ്കാളികളോട് സത്യസന്ധത പുലര്‍ത്താത്തവര്‍,ഒരല്‍പം സുഖത്തിനു വേണ്ടി കൊല്ലാന്‍ പോലും മടിക്കാത്തവര്‍ ഇവരൊക്കെയാണ് നിങ്ങളുടെ ഈ തലമുറയില്‍ നിറഞ്ഞിരിക്കുന്നത്.അവര്‍ കൊന്നുതള്ളിയ നിഷ്കളങ്കരുടെ രക്തം പ്രതികാരതിനായ് ദാഹിക്കുന്നു.നിങ്ങളുടെ ദേശത്ത് ഭൂകമ്പങ്ങളും കൊടുങ്കാറ്റുകളും പടരുന്നു..കേട്ടിട്ടില്ലാത്ത രോഗങ്ങള്‍ നിങ്ങളുടെയിടയില്‍ പെരുകുന്നു.കാരണമില്ലാത്ത ഒരു ഭയം നിങ്ങളുടെ അസ്ഥികളില്‍ നിറയുന്നു.”
കസേരയില്‍ ഇരിക്കുന്ന സ്ത്രീരൂപം ഒരു മയക്കത്തിലെന്ന പോലെ ഇരിക്കുന്നു.റേച്ചല്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അവള്‍ പാവയെപോലെ തലയാട്ടുന്നു.
“സ്വന്തം ഭര്‍ത്താവിനെ ചതിച്ചു കൊന്നു കാമുകന്റെയൊപ്പം ജീവിക്കുന്ന ഒരു സ്ത്രീയാണത്.അവളുടെ ശിക്ഷ കാണുക.”
റേച്ചല്‍ ചോദ്യങ്ങള്‍ നിര്‍ത്തി ചുറ്റും മുട്ട് കുത്തി നില്‍ക്കുന്നവരോട് എന്തോ ചോദിക്കുന്നു.അവര്‍ സമ്മതം മൂളി തലയാട്ടുന്നു. അപ്പോള്‍ അവര്‍ പീഠത്തില്‍ നിന്ന് വെള്ളിപോലെ തിളങ്ങുന്ന കഠാരിയെടുത്ത് ധൂപക്കുറ്റിയിലെ കനലില്‍ കുത്തി. കഠാരിയുടെ മുന ചുവന്നു തിളങ്ങി.അത് കൊണ്ട് അവളുടെ ഹൃദയഭാഗത്ത്‌ റേച്ചല്‍ ഒരു ത്രികോണം വരച്ചു.ആ ഭാഗത്തെ മാംസം ഇളകി താഴെവീണു.ചോരചീറ്റിയൊഴുകി.റേച്ചല്‍ ആ ദ്വാരത്തിലേക്ക് കൈയിട്ട് അവളുടെ ഹൃദയം പറിച്ചെടുത്തു.പിന്നെ അത് കൊത്തിനുറുക്കി വെളുത്ത പുകവലയങ്ങളിലേക്ക് വലിച്ചെറിഞ്ഞു.ഹാളില്‍ ഒരു ആരവം ഉയര്‍ന്നു.
അത് കാണാന്‍ ശക്തിയില്ലാതെ നിമ്മി തല കുനിച്ചുനിന്നു.പെട്ടെന്ന് ആരവം നിലക്കുന്നതും എല്ലാം നിശബ്ദമാകുന്നതും അവള്‍ അറിഞ്ഞു.എന്താണ് സംഭവിച്ചത് എന്നറിയാന്‍ അവള്‍ തലയുയര്‍ത്തി നോക്കി.
ആ അഞ്ചുവൃദ്ധകളും റേച്ചലും തന്നെ നോക്കിനില്‍ക്കുന്നു.അവരുടെ കനല്‍പ്പോലെയുള്ള കണ്ണുകള്‍ ജ്വലിക്കുന്നു.
“ഇനി നിന്റെ ഊഴമാണ്.ചെല്ലു.അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കുക.കളങ്കമില്ലാത്തവള്‍ ആണെങ്കില്‍ നീ ശിക്ഷിക്കപെടുകയില്ല.”അരികില്‍ ലോപ്പസിന്റെ പതിഞ്ഞ ശബ്ദം.
ഇപ്പോള്‍ നിമ്മി റേച്ചലിന്റെ മുന്‍പില്‍ കസേരയില്‍ ഇരിക്കുകയാണ്.
“പറയു,നീ എപ്പോഴെങ്കിലും ഭര്‍ത്താവിനെ ഏതെങ്കിലും തരത്തില്‍ വഞ്ചിച്ചിട്ടുണ്ടോ.?”
അവള്‍ ഒരുനിമിഷം നിശബ്ദയായി.പിന്നെ മെല്ലെപ്പറഞ്ഞു.
“എനിക്ക് ഡേവിസിനെക്കാള്‍ സൗന്ദര്യം കുറവാണ്.അത് കൊണ്ട് അമേരിക്കയില്‍ ഒറ്റക്ക് പോയാല്‍ ഡേവിസ് എന്നെ വഞ്ചിക്കുമോ എന്ന ഭയം മൂലം ഞാന്‍ അസുഖം അഭിനയിച്ചു യാത്ര മുടക്കി.”
“ചെറുതെങ്കിലും ഇത് വഞ്ചനയുടെ തുടക്കമാണ്.”
അത് പറഞ്ഞ റേച്ചലിന്റെ മുഖം ക്രൂരമായി.കഠാരി കനലില്‍ കുത്തിയതിനു ശേഷം അത് അവളുടെ വയറ്റില്‍ അമര്‍ത്തി. വയറ്റില്‍ ചൂട് തൊട്ടതും നിമ്മി അലറിക്കരഞ്ഞു.
“നിമ്മി ..നിമ്മി..”ഡേവിസ് അവളെ കുലുക്കിയുണര്‍ത്തി.
“ഞാന്‍ ഒന്നു ഉമ്മ വച്ചതാടോ..പേടിച്ചു പോയോ..എന്തൊരു കരച്ചിലാ.സ്വപ്നം വല്ലതും കണ്ടോ.” ഡേവിസ് ചിരിച്ചു കൊണ്ട് ചോദിച്ചു.
“എന്തോ കണ്ടു പേടിച്ചു പോയി.എന്തോ ഒരു സ്വപ്നം.” അവള്‍ പറഞ്ഞു.
“നേരം പരപരാ വെളുത്തു.ഇന്നലെ താന്‍ നല്ല ഉറക്കമായിരുന്നു.അത്താഴത്തിനു വിളിച്ചിട്ട്‌ എഴുന്നേറ്റില്ല.ഞാന്‍ പിന്നെ ശല്യപ്പെടുത്തിയില്ല.ഏതായാലും വേഗം പോയി റെഡിയാവ്.നമ്മുക്ക് പോവണ്ടേ..”
ആരോ വാതിലില്‍ മുട്ടി.കയ്യില്‍ കാപ്പിയുമായി റേച്ചല്‍ ആയിരുന്നു.അവളുടെ മുഖം കണ്ടു അവര്‍ പറഞ്ഞു.
“വല്ല സ്വപ്നവും കണ്ടുകാണും അല്ലെ.കല്യാണം കഴിഞ്ഞ നാളുകളില്‍ ഈ മുറിയില്‍ കിടക്കുമ്പോ ഞാനും കണ്ടിട്ടുണ്ട്..പക്ഷെ രാവിലെ എഴുന്നേല്‍ക്കുമ്പോ മൊത്തം മറന്നു പോകും.പിന്നെ മോള് പേടിക്കും എന്ന് കരുതി ഞാന്‍ ഇന്നലെ പറയാതിരുന്നതാ.”
നിമ്മി ചിരിച്ചു കൊണ്ട് കാപ്പി വാങ്ങി കുടിച്ചു.അവള്‍ക്ക് ആ സ്വപ്നം ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോയിരുന്നു.
ഒരുമിച്ചു ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ നിമ്മി മാലയുടെ കാര്യം പറയാന്‍ തുടങ്ങി.അപ്പോള്‍ വൃദ്ധദമ്പതികള്‍ ഉറക്കെച്ചിരിച്ചു.
“അതൊക്കെ ഡേവിസ് ഇന്നലെ സ്കോച്ച് കഴിച്ചപ്പോള്‍ പറഞ്ഞു.പക്ഷെ എന്തായാലും ഞങ്ങള്‍ക്ക് അതിഷ്ടമായി.”
യാത്രപറഞ്ഞിറങ്ങാന്‍ തുടങ്ങിയപ്പോള്‍ റേച്ചല്‍ അകത്തു പോയി ഒരു ആഭരണപ്പെട്ടി കൊണ്ട് വന്നു.അത് തുറന്നു ആ പാലക്കാ മാല അവര്‍ നിമ്മിയെ അണിയിച്ചു.
“ഇത് മോള്‍ക്കുള്ളതാ.ഞങള്‍ ഉടനെ അമേരിക്കക്ക് തിരിച്ചു പോകും.സോഫിയുടെ മോളെ ഇനി എന്ന് കാണും എന്നറിയില്ല.ഞങ്ങളെ സംമ്പന്ധിച്ചു സോഫിയുടെ മോള്‍ നിമ്മി തന്നെയാ.”
നിമ്മിയും ഡേവിസും എതിര്‍ത്തെങ്കിലും അവര്‍ സമ്മതിച്ചില്ല.രണ്ടുപേരെയും കെട്ടിപ്പിടിച്ചു ഉമ്മവച്ച് അവര്‍ യാത്രയാക്കി.
പൂത്തുനിന്ന കാപ്പിതോട്ടത്തിലൂടെ ഡേവിസിന്റെ കാര്‍ കുന്നിറങ്ങുകയാണ്.ഡേവിസിന്റെ തോളില്‍ തലചായിച്ചു നിമ്മി ചോദിച്ചു.
“അമേരിക്കയില്‍ പോകാഞ്ഞിട്ടു എന്റെ മോന് സങ്കടമുണ്ടോ..?"
“ഓ..എന്ത് സങ്കടം..താന്‍ അല്ലെ എന്റെ അമേരിക്കയും ജര്‍മ്മനിയും ഒക്കെ...”
“ഇനി അടുത്ത ചാന്‍സ് ഡേവിസ് പോകണം.അടുത്ത പ്രാവശ്യം എനിക്ക് അസുഖം ഒന്നും വരില്ല.ഉറപ്പാ..”
“അതെന്താ..?”
“എന്തോ..എനിക്കങ്ങനെ തോന്നുവാ..” കഴുത്തില്‍ കിടന്ന പാലക്കാ മാലയുടെ മണികളില്‍ തടവി അവള്‍ പറഞ്ഞു.
അപ്പോള്‍ അങ്ങ് ദൂരെ ആയിരംജനല്‍വീടിന്റെ മുകള്‍നിലയിലെ ഒരു ജനാല തുറന്നു.അതില്‍നിന്ന് രണ്ടു പരുന്തുകള്‍ പറന്നുപൊങ്ങി.ആ ബംഗ്ലാവിനു മുകളില്‍ ഒരുവട്ടം വലംവച്ചു അവ ആകാശത്ത് രണ്ടുപൊട്ടുകള്‍ പോലെ മറഞ്ഞു.
(അവസാനിച്ചു)
Notes
1.ആയിരംജനല്‍വീട് എന്ന പേര് :വര്‍ഗീസ്‌ അങ്കമാലി സമകാലിക മലയാളം ആഴ്ച പതിപ്പില്‍ എഴുതിയ "ചെട്ടിനാട് കാഴ്ചകളുടെ കുബേരനഗരി " എന്ന ലേഖനത്തില്‍ നിന്നും കടംകൊണ്ടത്‌ .
2. ജ്യോമെട്രിക്ക് താന്ത്രിക വിദ്യയിൽ വലിയ സ്ഥാനമുണ്ട്. നമ്മുടെ കളം വരയ്ക്കൽ തുടങ്ങിയ ചടങ്ങുകൾ ഓർമ്മിക്കുക. കഥയിലുടനീളം ത്രികോണ പാറ്റേൺ പിന്തുടരുന്നത് പേഗൻ ആഭിചാര കർമ്മങ്ങളിൽ അതിനു വലിയ സ്വാധീനമുള്ളതു കൊണ്ടാണ്.
3. പാലക്കാ മാലക്ക് ഹൈന്ദവ പാരമ്പര്യമാണുള്ളത്.

By: AnishFrancis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo