Slider

ഈ വെളിച്ചങ്ങൾ അണയ്ക്കരുതേ, ഈശ്വരാ...

0

ഒരിക്കൽ കാലവർഷം തിമിർത്തു പെയ്യുന്ന ഒരു രാത്രിയിൽ വയസ്സായ എന്റെ അമ്മ അസുഖ ബാധിതയായി. സഹായത്തിനു ആരുമില്ലാത്ത ആ പേടിപ്പെടുത്തുന്ന നിമിഷങ്ങളിൽ മെസഞ്ചറിൽ സുഹൃത്തായ ഒരു ഡോക്ടർക്ക് സന്ദേശം അയച്ചു. ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളും കരുതലുകളും അദ്ദേഹം മെസ്സഞ്ചറിലൂടെ പറഞ്ഞു തന്നു.
ഏഴു കടലുകൾക്കും അകലെ അമേരിക്കയിൽ അദ്ദേഹത്തിന് ഉച്ച വിശ്രമ സമയം ആയിരുന്നു അപ്പോൾ. ഒഴിവു നേരത്ത് Face ബുക്കിൽ വെറുതെ ഒന്ന് കയറിയതായിരുന്നു അദ്ദേഹം. അന്ന് ആ നിമിഷങ്ങളിൽ മെസഞ്ചറിൽ കണ്ട ആ പച്ച വെളിച്ചം എനിക്കപ്പോൾ ഈശ്വരന്റെ വെളിച്ചമായിരുന്നു.
ഒരിക്കൽ ശമ്പളം കിട്ടിയതും കടം വാങ്ങിയതും തികയാതെ ഒരു മാസത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ സാധിക്കാതെ സ്വയം ശപിച്ചു കൊണ്ടിരിക്കെയാണ് അപരിചിതരായ രണ്ടു പേർ പടി കടന്നു വന്നത്.
പുതുതായി വാങ്ങിയ ബൈക്കിന്റെ ലോണടവ് മൂന്നു മാസങ്ങളായി
മുടങ്ങിക്കിടക്കുകയായിരുന്നു.വണ്ടി പിടിച്ചെടുക്കുവാൻ വന്നതായിരുന്നു അവർ.
ഏറെ സ്നേഹിച്ചിരുന്ന ആ വണ്ടി കേടു വരുത്തരുതെന്ന് മാത്രം അപേക്ഷിച്ചു കൊണ്ട് ഒറിജിനൽ താക്കോൽ എടുത്തു കൊടുത്തു. ഒന്നു ചിരിക്കുക പോലും ചെയ്യാതെ അവർ വണ്ടി എടുത്തു കൊണ്ടു പോയി.
സാമാന്യം ധനികനായ ഒരു സുഹൃത്ത് അപ്പോൾ മെസ്സഞ്ചറിലുണ്ടായിരുന്നു.
അവന്റെ മുടിയെയും കൂളിംഗ് ഗ്ലാസ്സിനെയും ഒട്ടും ഇഷ്ടപ്പെടാതെ ഫ്രീക്കൻ എന്ന് ഞാൻ വിളിച്ചിരുന്നു
ഒരു നല്ല സുഹൃത്ത്.
കരഞ്ഞു കൊണ്ടാണ് അവന് മെസ്സേജ് അയച്ചത്.
മുടങ്ങിക്കിടക്കുന്നതും വരാനിരിക്കുന്നതുമായി അഞ്ചു തവണകളുടെ പണം അവൻ അടച്ചു. എനിക്കു വേണ്ടി
മൂന്നു മണിക്കൂറിനുള്ളിൽ അവർ വണ്ടി തിരികെ വീട്ടിൽ എത്തിച്ചു തന്നു.
പിന്നീട് പലപ്പോഴും ആ കാരുണ്യം ഞാൻ സ്വീകരിച്ചിട്ടുണ്ട്.കണ്ണീരോടെ തന്നെ... ക്യാഷിനു അൽപ്പം tight ഉണ്ട് ബ്രോ എന്ന ഒരൊറ്റ Msg മതി. സഹായം അക്കൗണ്ട് ലേക്ക് പറന്നെത്തിയിരുന്നു.
ആ പച്ച വെളിച്ചം അണയാതെ കാക്കേണമേ ദൈവമേ...
അനുജത്തിയേ പോലെ ഞാൻ കരുതിയ ഒരു സുഹൃത്തായിരുന്നു ഉണ്ണി മോൾ. ചെറുപ്പത്തിലേ അച്ഛൻ മരിച്ച അവളുടെ കുടുംബത്തിന് എല്ലാം പിന്തുണയും സഹായവും നൽകി സംരക്ഷിച്ചിരുന്നത് ഞങ്ങൾ നാട്ടുകാർ ആയിരുന്നു.
ഞങ്ങളുടെ വീട്ടിൽ കളിച്ചു വളർന്ന ഉണ്ണിമോൾ വളർന്നു. പഠിച്ചു മിടുക്കിയായി. വിവാഹിതയായി.
താലി കെട്ടു കഴിഞ്ഞു വരന്റെ ഒപ്പം പോകുന്ന നേരം അവൾ കരഞ്ഞു കരഞ്ഞു ഞങ്ങളെയും കരയിച്ചു കൊണ്ടാണ് കാറിൽ കയറിയത്.
വിവാഹം കഴിഞ്ഞു പിറ്റേ ദിവസം ഉണ്ണിമോൾ Messenger ൽ വന്നു. പച്ച വെളിച്ചം തെളിച്ചു കൊണ്ട്. അവൾ അയച്ച ഒരു സന്ദേശം നാട്ടു നന്മകൾ എന്ന ഞങ്ങളുടെ face book messenger ഗ്രൂപ്പിൽ വന്നു.
അവളുടെയുടെയും ചെക്കന്റെയും ഫോട്ടോ ആകും എന്ന പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങൾ മെസ്സേജ് ഓപ്പൺ ചെയ്തു.
"സായ് ഏട്ടൻ" എന്ന് അക്ഷരങ്ങളിൽ
മുല്ലപ്പൂക്കൾ നിരത്തി വെച്ചു കൊണ്ട് അവൾ എഴുതിയതിന്റെ ചിത്രമായിരുന്നു അത്. ആ ഒരു ദിവസം മുഴുവനും ഈറനുണങ്ങാതെ കണ്ണുകൾ നീർ പൊഴിച്ചു കൊണ്ടേയിരിക്കുവാൻ ആ ചിത്രം മാത്രം മതിയായിരുന്നു .
അണയാത്ത പച്ച വെളിച്ചത്തിന്റെ ഒരുപാട് കഥകൾ ഇനിയും ബാക്കിയാകുന്നു.
ദൈവമേ ഈ പച്ച വെളിച്ചങ്ങൾ അണയാതെ കാക്കേണമേ,എന്നെന്നും...
=================
സായ് ശങ്കർ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo