Slider

അവസ്ഥാന്തരങ്ങൾ

0
Image may contain: 1 person, sky and outdoor

രംഗം I.
"എടീ, ഞാൻ ഇന്ന് പോകുന്നില്ല".. കുറച്ചു ദിവസമായി വിടാതെ പിടികൂടിയിരുക്കുന്ന കുത്തി കുത്തിയുള്ള വയറുവേദനയെ ഡോക്ടറിനെ കാണിച്ചു മെരുക്കി എടുക്കാനുള്ള അവളുടെ ഉപദേശങ്ങൾ ദിവസങ്ങളായി ഞാൻ കേട്ടില്ല എന്ന് വയ്ക്കുകയായിരുന്നു.. ഒടുവിൽ അവൾ നേരിട്ട് അപ്പോയിന്മെൻറ് എടുത്തിട്ടും എനിക്ക് അന്ന് പോകാൻ ഉദ്ദേശമില്ലായിരുന്നു ..
"എന്താ പോയാല് .. ???.. " ശോഭന പണ്ടേ അവളുടെ ഇഷ്ട നടിയാണ്..
ആ ഭാവഭേദം ശ്രദ്ധിക്കാതെ ഞാൻ പറഞ്ഞു.. "എന്റെ വയറുവേദന മാറി ??"
"എപ്പോ ?? ഇന്ന് വൈകിട്ട് ഓഫീസിൽ നിന്ന് വന്നപ്പോഴും വയറും പിടിച്ചാണല്ലോ വന്നത് ????.. "
"ഇപ്പൊ, ഈ ഫുഡ്‌ ഒക്കെ കണ്ടപ്പോൾ തനിയേ മാറി.. "
അവൾ വീക്കെൻഡ് ആയതിനാൽ വായിൽ വെള്ളമൂറുന്ന എന്തൊക്കെയോ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്..
"ഇത് കണ്ട് വെള്ളമിറക്കണ്ട, ഡോകറ്ററെ കണ്ടില്ലെങ്കിൽ ഒരു കഷ്ണം പോലും തരില്ല.."
"എടീ എനിക്ക് ഭയങ്കര....", ഒരു നിമിഷം എന്ത് പറയണം എന്ന് ചിന്തിച്ച ശേഷം പൂരിപ്പിച്ചു .. "............ ജലദോഷമാണ്..." എനിക്കവിടെ പോയി ഇരിക്കാൻ പറ്റില്ല..
"വീക്കെൻഡ് ആയിട്ടുള്ള സ്ഥിരം കലാപരിപാടിക്കാണ് ഇവിടെ ഇരിക്കുന്നതെങ്കിൽ, ഞാൻ എല്ലാം കൂടി എടുത്ത് വാഷ്‌ബേസിനിൽ ഒഴിക്കും... "
ആ ഭീഷണി എന്റെ ആത്മാവിൽ കുത്തിയിറങ്ങി.. ഞാൻ മുഖവും വീർപ്പിച്ചു പോകാനുള്ള തീരുമാനമെടുത്തു..
"വയ്യെങ്കിൽ, ഞാൻ ഡ്രൈവ് ചെയ്യാം.."
ലക്ഷ്യം കണ്ട ശേഷമുള്ള ഈ പെണ്ണുങ്ങളുടെ ഒരു ടോൺ മാറലുണ്ട്.. ...ഓന്തുകൾക്കു പോലും നാണം വന്നു പോകും.
ഈ ലോകത്തെ എല്ലാ പെണ്ണുങ്ങളും ഡ്രൈവിംഗ് ചെയ്യാൻ തുടങ്ങിയാൽ ഭർത്താക്കന്മാരുടെ കാര്യം കട്ടപ്പൊകയാകും . എന്നൊക്കെ പരസ്പരബന്ധമില്ലാത്ത എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് ഞാൻ ലിഫ്റ്റിൽ കയറി....
എവിടെ നിന്നോ കാറ്റുപോലെ അവളും ആ ലിഫ്റ്റിനുള്ളിൽ പറന്നെത്തി.. "ഞാൻ ഒറ്റയ്ക്ക് പോകാമായിരുന്നു.. "വളരെ മൃദുവായി ഞാൻ ഉരിയാടി...
ഞാനും കൂടി വന്നാലേ പറ്റുള്ളൂ.. ഡോക്ടർ വല്ല ജീവിതശൈലീ മാറ്റം ഒക്കെ നിർദ്ദേശിച്ചാൽ നിങ്ങൾ എന്നോട് പറയില്ല.. -
"ഇരുപത്തഞ്ചു വർഷത്തെ തകർക്കാൻ പറ്റാത്ത വിശ്വാസം!!!... " എൻ്റെ മനസ്സ് എന്നെ ട്രോളി ..
"അയാൾ ജീവിത രീതിയിൽ മാറ്റങ്ങൾ വരുത്തണമെന്ന് പറഞ്ഞാൽ നമുക്ക് മാറ്റാം;............... ആ ഡോക്ടറിനെ .. " അവസാന ഭാഗം പറഞ്ഞത് അവൾ കേൾക്കാതെയായിരിന്നു .. അങ്ങനെ പറയുന്നതിൽ തെറ്റില്ല എന്ന് പണ്ടേ ധർമ്മപുത്രർ "അശ്വത്ഥാമാവ്.. (എന്ന ആന ).. മരിച്ചു ..' എന്ന പ്രയോഗത്തിലൂടെ ധർമ്മയുദ്ധത്തിൽ ഏർപ്പെടുന്ന എല്ലാ ഭാര്യാഭർത്താക്കന്മാർക്കുമായി പഠിപ്പിച്ചു തന്നിട്ടുണ്ട് ..
രക്തകഫമൂത്രപിത്ത ഇത്യാദികളുടെ പരിശോധനാ ഫലവുമായി ഡോകറ്ററുടെ മുന്നിലിരിക്കുമ്പോൾ അദ്ദേഹം കൂലംകഷമായി എന്നെ വിരൽ കൊണ്ട് കുത്തിയും പിച്ചിയും മറ്റും പരിശോധിച്ചു.. എന്നിട്ട് ക്ലാസ്സിൽ അദ്ധ്യാപകൻ പരീക്ഷാ മാർക്കുകൾ പ്രഖ്യാപിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിച്ച ശേഷം , ചില രാഷ്ട്രീയക്കാരുടെ നിറുത്തി നിറുത്തിയുള്ള ശൈലിയിൽ തുടങ്ങി ...
"നിങ്ങളുടെ , ഈ വേദനയ്ക്ക് രണ്ടു മൂന്ന് സാധ്യതകളാണ് ഞാൻ കാണുന്നത് ........" 30 സെക്കന്റ് മൗനം...... എൻ്റെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി..
"ചിലപ്പോൾ ഇത് സ്റ്റോൺ ആയിരിക്കാൻ സാധ്യതയുണ്ട് ..." വീണ്ടും 30 സെക്കന്റ് മൗനം ..
"അല്ലെങ്കിൽ എന്തെരോഗ്യാസ്ട്രൈറ്റിസ് ആവാനും മതി ...." 30 സെക്കന്റ് മൗനം ..
അത് എന്തെരോ എന്തോ എന്ന എൻ്റെ ദയനീയമായ ഭാവം കണ്ടിട്ടാവും അദ്ദേഹം കനിവോടെ , "അത് വെറും ഗ്യാസ് ആണ് , പേരുകേട്ട് പേടിക്കേണ്ട ."
" ഇത് രണ്ടുമല്ലെങ്കിൽ .... " 30 സെക്കന്റ് മൗനം 60 സെക്കൻഡിലേക്കു നീണ്ടു ..
പെട്ടെന്ന് എങ്ങു നിന്നോ ബാന്റുമേളം കേൾക്കാൻ തുടങ്ങി . സൈഡിലേക്ക് നോക്കിയ എനിക്ക് ആ ബാന്റുമേളത്തിൻ്റെ പ്രഭവസ്ഥാനം അടുത്തിരിക്കുന്ന ഭാര്യയുടെ ഹൃദയം ആണെന്ന് മനസ്സിലായി.
"ഇത് രണ്ടുമല്ലെങ്കിൽ , നമുക്ക് ക്യാൻസറിന്റെ ചില ടെസ്റ്റുകൾ ചെയ്യേണ്ടി വരും .." പുല്ല് പോലെ ഇത് പറഞ്ഞ അദ്ദേഹത്തെ ഞാൻ ആദരവോടെ നോക്കി .. ആ പ്രതാപചന്ദ്രനൊക്കെ എത്രയോ സിനിമകളിൽ ഡോക്ടർ വേഷത്തിൽ ഇത്തരം ഡയലോഗ് അടിക്കാൻ എന്ത് മാത്രം മസ്സിൽ പിടിത്തം ആണ് നടത്തിയിരിക്കുന്നത് !!!..
ഒരു 30 സെക്കന്റ് കൂടി വേണ്ടി വന്നു ആ പറഞ്ഞതിന്റെ ഇമ്പാക്ട് എനിക്ക് കിട്ടാൻ.
അതുവരെ വയറിനുള്ളിൽ ഉരുണ്ടു കൂടിയ ഗ്യാസൊക്കെ നാല് വഴിക്കും പോയി .. ഞാൻ മൊത്തമായി ചുരുണ്ടു കൂടി ഏതാണ്ടൊരു സമാധി പരുവത്തിലായി.. ഞാൻ എൻ്റെ ഇടതു വശത്തിരുന്നിരുന്ന ഭാര്യയെ ഒന്ന് നോക്കി .. അവളുടെ മുഖത്തെ ഭാവം കണ്ടാൽ അവൾ സമാധിയായിട്ട് 30 സെക്കന്റ് അല്ല , ഒരു മുപ്പത് വർഷം ആയി എന്ന് തോന്നും..
എന്തായാലൂം രണ്ടു സമാധികൾക്കു ചുറ്റും ഭക്തർ കൂടുന്നതിന് മുന്നേ ഡോക്ടർ ഞങ്ങളെ വിളിച്ചുണർത്തി..
"ഹേ നിങ്ങൾ പേടിക്കാനൊന്നുമില്ല .. നമുക്ക് നാളെ ഒരു സി ടി സ്കാൻ ചെയ്ത് നോക്കാം, അതിൽ അറിയാൻ പറ്റിയേക്കും.. "
ഇത്തവണ അദ്ദേഹത്തിനെ 30 സെക്കന്റ് മൗനം വിട്ട് തിരിച്ചു വരാൻ സമ്മതിക്കാതെ ഞങ്ങൾ രണ്ടുപേരും പേരിന് ഒരു നന്ദി പറഞ്ഞിട്ട് അവിടെ നിന്ന് പുറത്തു ചാടി ഓടി രക്ഷപ്പെട്ടു ..
രംഗം II
ഈ സി ടി സ്കാൻ എന്ന് പറഞ്ഞാൽ അൾട്രാസൗണ്ട് സ്കാനിന്റെ ഒരു ചേട്ടൻ എന്നേ എനിക്കറിയാമായിരിന്നുള്ളൂ. അതുകൊണ്ട് തന്നെയാണ് ആ പരീക്ഷയ്ക്ക് ഞാൻ ഒറ്റയ്ക്ക് പോയി വരാം എന്ന് ഭാര്യയോട് പറഞ്ഞത്. അടുത്ത ദിവസം ഡോക്ടർ, പരീക്ഷയുടെ മാർക്കുകൾ തരുമ്പോൾ കൂടെ വരും എന്ന് അവൾ ഉടനടി പ്രഖ്യാപിക്കുകയും ചെയ്തു..
ഒരു ശീതികരിച്ച മുറിയിൽ തണുത്തു വിറച്ച്, സർജറിക്ക് മുൻപുള്ള പോലത്തെ പ്രച്ഛന്ന വേഷമൊക്കെ ഇട്ട് , ആ യന്ത്രത്തിന്റെ അടുത്തേക്കെത്തിയപ്പോഴേ എൻ്റെ വയറ്റിൽ ഗ്യാസ് വീണ്ടും നിറഞ്ഞു.
ആറേഴു മണിക്കൂർ ഫാസ്റ്റിംഗിൽ ആണ് .. ഗ്യാസ് ആണെന്നും പറഞ്ഞ് അവിടെ നിന്നോടി രക്ഷപ്പെട്ടാലോ ?? ഒരു നിമിഷം ചിന്തിച്ചു..
"ചേട്ടാ പേടിക്കാനൊന്നുമില്ല , ഇത് വളരെ സിംപിൾ ആണ് .." കിളിമൊഴിയുമായി ഒരു സുന്ദരി നഴ്‌സ്‌ വന്ന് എൻ്റെ കയ്യിൽ പിടിച്ചു..
"പല്ലു പറിക്കുന്ന ഡോക്ടർക്കും , പോത്തിനെ അറുക്കുന്ന കശാപ്പുകാരനും അവരുടെ ജോലി സിമ്പിൾ ആണ് ; അനുഭവിക്കുന്നവനല്ലേ സത്യം അറിയൂ ".. എൻ്റെ ആത്മഗതം..
എൻ്റെ കയ്യിൽ നേഴ്‌സ് പിടികൂടിയതിനാൽ ഓടി രക്ഷപ്പെടാനുള്ള ഉദ്യമം ഞാൻ ഉപേക്ഷിച്ചു. അടുത്തുള്ള മേശപുറത്തു നിന്ന് ഏതാണ്ട് ഒരടി നീളമുള്ള ഒരു സൂചി എടുത്തപ്പോഴാണ് എനിക്ക് ആ കയ്യിലെ പിടുത്തതിന് പിന്നിലുള്ള ചതി മനസ്സിലായത്.. ആ തടിമാടൻ സൂചി എന്റെ കയ്യിലേക്ക് കുത്തി ഇറക്കുന്നതിനിടയ്ക്ക് അവർ സ്‌നേഹത്തോടെ പറഞ്ഞു "സൂചി അല്പം വലുതാ, മെഡിസിൻ ഒന്നിച്ചാ ഇറക്കേണ്ടത്.. എന്നാലല്ലേ അതിന്റെ ട്രാക്ക് സ്‌ക്രീനിൽ കാണാൻ പറ്റുള്ളൂ.. വേദനിക്കുന്നില്ലല്ലോ അല്ലേ ചേട്ടാ.. "
ആ സ്നേഹം തുളുമ്പുന്ന ചോദ്യത്തിന് മുന്നിൽ, നോട്ടു നിരോധനത്തിൽ വലഞ്ഞ ജനത്തിനെ പോലെ ഞാൻ പറഞ്ഞു.. "ഹേയ് ഇല്ല , ഒരു നല്ലകാര്യത്തിനല്ലേ ."
അവർ മറ്റെന്തൊക്കെയോ കൂടി പറഞ്ഞുകൊണ്ട് ആ സൂചിയെന്നു വിളിക്കുന്ന ഫണലിനെ എന്റെ കയ്യിൽ ഒട്ടിച്ചു വച്ചു.. അടുത്ത ചടങ്ങ് , എന്നെ ഒരു പലകയിൽ കിടത്തി , പഴയ മലയാളം സിനിമകളുടെ സെന്റി സീനിനു മുൻപിലത്തെ അവിഭാജ്യ ഘടകമായിരുന്ന, ആ അർത്ഥവൃത്താകൃതിയിലുള്ള ഗുഹയ്ക്കുള്ളിലൂടെ കയറ്റി വിടുകയായിരുന്നു.
"ഇത് ഒരു ട്രയൽ ആണ്. ഇനി കയ്യിലൂടെ മെഡിസിൻ കടത്തി വിട്ടിട്ട് ഒന്നുകൂടി കയറി ഇറങ്ങാം".. ഇതേതോ തീംപാർക്കിലെ റൈഡ് ആണെന്നുള്ള ഭാവത്തിൽ കിളി മൊഴി വന്നു..
ആ മരുന്നും ഫണലിലോട്ട് കയറ്റി വിട്ട് , ആ പലകയന്ത്രത്തെയും ഓണാക്കി നഴ്‌സ്‌ പുറത്തേയ്ക്ക് പോയി.. ഞാൻ പെട്ടെന്ന് ഫ്രിഡ്‌ജിന്റെ ഫ്രീസറിൽ നിന്ന് തിളയ്ക്കുന്ന ഓവനിലേക്കു ട്രാൻസ്ഫർ കിട്ടിയ ഇറച്ചിക്കഷ്ണത്തിന്റെ അവസ്ഥയിലെത്തി. ഉള്ളിലാകെ എന്തോ കത്തിപ്പടരുന്നു .. പണ്ട് ഫ്ളയിംഷോട്ട് അടിച്ചപ്പോളുണ്ടായ കത്തലിന്റെ ഒരു നൂറിരട്ടി കത്തൽ..
അയ്യോ എന്നെ രക്ഷിക്കണേ എന്നൊക്കെ വിളിക്കാൻ ശ്രമിച്ചു.. നെഞ്ചിൽ ഒരു പാറക്കല്ലൂ കയറ്റി വച്ചപോലത്തെ ഭാരം കാരണം വിളി പുറത്തോട്ട് വന്നില്ല. പുറത്ത് ടീവിയിലൂടെ എൻ്റെ പ്രകടനം കണ്ടുകൊണ്ടിരിക്കുന്നവർ വന്നെന്നെ രക്ഷിക്കും എന്ന് കരുതി ക്യാമറ എന്ന് തോന്നിയ ഒന്നിലേക്ക് നോക്കി നിലവിളിക്കാൻ ശ്രമിച്ചു.. എന്തോ അപശബ്ദങ്ങൾ പുറത്തു വന്നതൊഴിച്ചാൽ ഒന്നും സംഭവിച്ചില്ല.....
അധികം വൈകാതെ യന്ത്രങ്ങളൊക്കെ നിലച്ചു. ഞാൻ പലകയോടൊപ്പം ഗുഹയിൽ നിന്ന് പുറത്തേയ്ക്കു വന്നു..
"ചേട്ടൻ ഇതിനകത്തു കിടന്ന് എന്തൊരു ബഹളമായിരുന്നു!! ..." ആ നഴ്‌സ്‌ ചിരിച്ചു കൊണ്ട് അടുത്തേയ്ക്കു വന്നു..
മനുഷ്യന് പ്രാണവേദന എടുക്കുമ്പോൾ ഗിറ്റാർ അടിക്കുന്ന ഇതിനെയൊക്കെ മാലാഖ എന്ന് വിളിച്ചതാരാണാവോ .. നീരസം പുറത്ത് കാട്ടിക്കൊണ്ടു തന്നെ ഞാൻ ചുണ്ടനക്കി "അത് പിന്നെ എല്ലാം കൂടി കത്തിപ്പോകും എന്ന് ഞാൻ കരുതി , ശ്വാസവും കിട്ടിയില്ല ..
" അത് തന്നെയല്ലേ ഞാൻ നേരത്തേ ചേട്ടനോട് പറഞ്ഞത് .. ഒരു മിനിട്ട് അങ്ങനെ തോന്നും എന്ന് "
ഓ അതാണ് സിസ്റ്റർ നേരത്തേ പറഞ്ഞതല്ലേ?? ഞാൻ അപ്പൊൾ ടേക്ഓഫ് സിനിമയിലെ സമീരയുടെ അടുത്തായിരുന്നല്ലോ.. അതുകൊണ്ടാവും അത് കേൾക്കാത്തത് ..
ആത്മഗതവുമായി തപ്പിത്തടഞ്ഞു പലകപ്പുറത്തു നിന്ന് വല്ലവിധേനയും താഴെയെത്തി ..
പുറത്തേക്കിറങ്ങുമ്പോൾ അതാ അവിടെ നിൽക്കുന്നു ഞാൻ വീട്ടിലിരുത്തിയിട്ട് വന്ന എൻ്റെ സ്വന്തം നായിക . പ്രേംനസീർ സിനിമകളിലെ വികാര ഭരിതമായ ചില രംഗങ്ങളെ ഓർമിപ്പിച്ചു കൊണ്ട് പ്രേംനസീർ ഷീലയുടെ പൊട്ടാൻ റെഡി ആയി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാം പോലുള്ള കണ്ണുകളിലേക്ക് നോക്കി മെല്ലെ മന്ത്രിച്ചു .. എനിക്കൊന്നുമില്ല പ്രിയതമേ ...
രംഗം III
അടുത്ത ദിവസം ഡോക്ടറുടെ മുറിയിലേക്ക് കടക്കുമ്പോൾ , എൻട്രസ് പരീക്ഷയുടെ റിസൾട്ട് അറിയാൻ പോകുന്ന പ്രീഡിഗ്രിക്കാരുടെ മനോനിലയിലായിരിന്നു ഞങ്ങൾ രണ്ടു പേരും.. ഒരു കണക്കിന് ഒരു എൻട്രൻസ് തന്നെയല്ലേ .. നീണ്ടകാലം ആശുപത്രി കിടക്കകളിൽ കഴിയണോ അതോ വീട്ടിലെ സുരക്ഷിതത്വത്തിൽ കഴിയാണോ എന്ന തീരുമാനം വരുന്ന എൻട്രൻസ് റിസൾട്ട്..
ഡോക്ടർ പതിവുപോലെ സ്വതസിദ്ധമായ 30 സെക്കന്റ് മൗനം കഴിഞ്ഞിട്ട് മുന്നിലെ സ്‌ക്രീനിൽ നോക്കി പറഞ്ഞു ..
" ഓ പേടിക്കാനൊന്നുമില്ല വെറും സ്റ്റോൺ ആണ് .." എൻ്റെ ഭാര്യയുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു. അപ്പോൾ അവളുടെ മുഖം കണ്ടാൽ അവൾ സ്റ്റോൺ ആവണേ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു സ്റ്റോൺ ആക്കിയതാണെന്നു തോന്നും.. ഞാനും സത്യത്തിൽ സന്തോഷത്തിലായിരുന്നു.. ഇനി സ്റ്റോൺ അല്ല എന്നായിരുന്നെങ്കിൽ അടുത്ത ടെസ്റ്റുകൾ കാൻസർ ആണോ എന്ന് നോക്കണം എന്ന ഡോക്ടറുടെ വാക്കുകൾ ആകും കേൾക്കേണ്ടി വരുക എന്ന് എനിക്കുറപ്പായിരുന്നു...
"ഡോക്ടറേ , സ്റ്റോൺ ആണെന്ന് കേൾക്കുമ്പോൾ ആളുകൾക്ക് സന്തോഷം വരുമോ ??" ഞാൻ ആത്മാർത്ഥമായി ചോദിച്ചുപോയി ..
"സന്തോഷവും , സങ്കടവും ഒക്കെ ആപേക്ഷികമാണ് .." ഡോക്ടർ ഒരു നിമിഷം കൊണ്ട് താത്വികനായി.. ആദ്യമായി 30 സെക്കന്റ് ഇടവേള അദ്ദേഹം മറന്നു കൊണ്ട് തുടർന്നു .. "എല്ലാവരും always be positve, എന്നൊക്കെ പറയും .. പക്ഷേ മെഡിക്കൽ ടെസ്റ്റ് റിസൾട്ടിൽ മിക്കവാറും നെഗറ്റീവ് ആണ് നല്ലത് ..."
...എന്തായാലും ഇഷ്ടം പോലെ കല്ലുണ്ടല്ലോ രണ്ടു കിഡ്നിയിലും , ഗാൾബ്ലാഡ്‌ഡറിലും ഉണ്ട് .. അദ്ദേഹം പറഞ്ഞു നിറുത്തി ..
'ഇനി ഒരിടത്തും ഉണ്ടാകാനില്ലേ ??.." ഞാൻ അല്പം നിരാശയോടെ ചോദിച്ചു ..
"ഉണ്ടല്ലോ... യൂറിനറി ബ്ളാഡ്ഡറിൽ ആയിട്ടില്ല .." 30 സെക്കന്റ് ഇടവേള കഴിഞ്ഞപ്പോൾ ഡോക്ടറുടെ മറുപടി വന്നു..
"ഈ കല്ലുകളൊക്കെ കൊണ്ടാവും കുറച്ചു ദിവസമായി , എൻ്റെ വെയിറ്റ് കൂടുന്നത് .." ഞാൻ നിറുത്തിയില്ല .
ഡോക്ടർ രൂക്ഷ ഭാവത്തിൽ ഒന്ന് നോക്കിയിട്ട് എന്നെ അങ്ങേരുടെ സ്‌ക്രീനിനടുത്തേക്കു വിളിച്ചു ..
"നിങ്ങളുടെ സ്റ്റോണുകൾ കരിങ്കല്ലുകൾ ഒന്നും അല്ല .. വളരെ ചെറുതാണ് . യൂറിക് ആസിഡ് കുറയ്ക്കാനുള്ള മരുന്ന് കഴിച്ചാൽ പോകും .." ഞാൻ സ്‌ക്രീനിൽ തിളങ്ങുന്ന എൻ്റെ വയറ്റിനുള്ളിലെ മൂന്ന് ചെറിയ രത്‌നങ്ങളെയും അഭിമാനത്തോടെ നോക്കി ..
"ഇത് പോലെയല്ല ഇവിടെ വരുന്ന കേസുകൾ .. ഡോക്ടർ സ്ക്രീനിലെ ഒരു ഫോൾഡർ തുറന്ന് കുറേ പടങ്ങൾ കാണിച്ചു .. ഒന്നൊന്നര കിലോയ്ക്ക് മുകളിൽ ഭാരം തോന്നുന്ന നല്ല സ്വയമ്പൻ ഉരുളൻ കല്ലുകൾ.. എനിക്ക് എൻ്റെ കല്ലുകളെ കുറിച്ച് അല്പം നാണം തോന്നി .. ഇവറ്റകളുടെ മുന്നിൽ അവയൊക്കെ എന്ത് ... കൂടെ ഒരു സംശയവും തികട്ടി വന്നു .. ഈ ഡോക്ടർ വല്ല നാറാണത്തു ഭ്രാന്തന്റെയും പിന്തുടർച്ചക്കാരൻ ആണോ , ഈ കല്ലുകളൊക്കെ ഇങ്ങനെ സൂക്ഷിക്കാൻ ..
ഡോക്ടറുടെ മുറിയിൽ നിന്ന് പുറത്തേയ്ക്കു ഇറങ്ങുമ്പോൾ ഒരു ചിന്ത മനസ്സിനെ അലട്ടിക്കൊണ്ടിരിന്നു .. ഡോക്ടർക്ക് സ്കാനിങ്ങിന് മുൻപ് തന്നെ എനിക്ക് സ്റ്റോൺ ആണ് പ്രശ്നമുണ്ടാക്കുന്നത് എന്ന് അറിയാമായിരുന്നോ ?? ആപേക്ഷിക സിദ്ധാന്തത്തിന്റെ വക്താവായ അദ്ദേഹം റിസൾട്ട് വരുമ്പോൾ ഞങ്ങൾക്ക് സന്തോഷമുണ്ടാവനല്ലേ ക്യാന്സറിന്റെ കൂട്ടു പിടിച്ചത്????
വാൽക്കഷ്ണം :- വീട്ടിൽ കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ഭാര്യ എന്തൊക്കെയോ മൂളിപ്പാട്ട് പാടി നടക്കുന്നുണ്ട്.. കൂടുതൽ ശ്രദ്ധിച്ചപ്പോൾ ഈ പാട്ടല്ലേ എന്ന് ഒരു തോന്നൽ .
"എല്ലാരും ചൊല്ലണ് , ഡോക്ടറും ചൊല്ലണ് , കല്ലാണ്‌ കിഡ്നിയിലെന്ന് , കരിങ്കല്ലാണ് കിഡ്നിയിലെന്ന് ..."
ചുമ്മാ തോന്നലായിരിക്കും അല്ലേ ?.

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo