Slider

പാമ്പേ... പാമ്പ് .. പാമ്പ്

0
Image may contain: 1 person, closeup

പതിവ് പോലെ വെളുപ്പിനേ എഴുന്നേറ്റ്, കമലാക്ഷി അരി കഴുകി കുക്കറിൽ ഇട്ട് ഗ്യാസ് ഓണാക്കി. കറിക്കരിയാൻ എന്താണെന്നുള്ളത് ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ , കാബേജ് ഇരിക്കുന്നു .
അതെടുത്ത് , അരിയാൻ തുടങ്ങിയപ്പോഴാണ്, പതിവു തെറ്റിക്കാതെ തുമ്മൽ ആരംഭിച്ചത്.
ഈ നാശം പിടിച്ച തുമ്മൽ വെളുപ്പിനേ എഴുന്നേല്ക്കുമ്പം, ഒപ്പം എണീക്കും. ഏഴു മണിക്കു പിള്ളേർ സ്കൂളിൽ പോകുന്നതോടെ, തുമ്മലും അതിന്റെ പാട്ടിനു പോകും. അതാണ് സ്ഥിരമായിട്ടുള്ള പതിവ്.
ഭീകരനാണെന്നു പറഞ്ഞാൽ പോരാ, അതുപോലെയുള്ള കൊടും ഭീകരനാണ് ഈ പറയണ തുമ്മലും, അതിനോടൊപ്പമുള്ള മൂക്കൊലിപ്പും.
മൂക്കു പിഴിയാനായിട്ട്, തുണി എടുക്കാൻ വേണ്ടി, അടുത്ത മുറിയിലേക്ക് പോയി, തുണി എടുത്തു , ശക്തിയായി ഒന്നു തുമ്മി അതിലും ശക്തിയായി മൂക്കു ചീറ്റി , കൈയ്യിലിരുന്ന തുണിയെടുത്തു ഒന്നു നന്നായി മൂക്കു തുടച്ചതിനു ശേഷം, തുമ്മലിനൊപ്പം വന്ന കണ്ണീരും തുടച്ചു.
തിരിച്ചു കറിക്കരിയാൻ വേണ്ടി, അടുക്കളേയിലേക്ക് തിരിഞ്ഞപ്പോഴാണ് , ഒരു കറുത്ത ചരട് വളഞ്ഞുപുളഞ്ഞ് കിടക്കുന്നത് കണ്ടത്. അതെടുത്ത് അടുത്തു കണ്ട വേസ്റ്റ് ബിന്നിൽ ഇടാം എന്നു വിചാരിച്ച് , കുനിഞ്ഞപ്പോൾ , അതാ കറുത്ത ചരട് അനങ്ങുന്നു.
തുമ്മലിന്റെ ബാക്കിപത്രമായ , കണ്ണിൽ അവശേഷിക്കുന്ന കണ്ണീർ തുണിയെടുത്ത് ഒപ്പിക്കൊണ്ട്, ഒരിക്കൽ കൂടി, അനങ്ങുന്ന ആ കറുത്ത ചരടിനെ നോക്കി.
കമലാക്ഷി പിന്നെ ഒട്ടും അമാന്തിച്ചില്ല, സകല ജീവജാലങ്ങളേയും ഞെട്ടിയുണർത്താൻ പോന്ന ഘോരമായ ശബ്ദത്തിൽ, "എന്റെ പൊന്നും തമ്പുരാനേ... നേ ... നേയ്... അയ്യോ.. അല്ല ... വേലായുധൻ ചേട്ടാ... ട്ടാ... ട്ടാ... ഓടിവായോ... പാമ്പ് ...പാമ്പേ... പാമ്പേയ് ...."
കമലാക്ഷിയുടെ വിളി കേട്ട് ഞെട്ടിപ്പോയ പാമ്പ്, കമലാക്ഷിയെ ഒന്നു നോക്കി.
പേടിയോടെ കമലാക്ഷി ഒന്നു കൂടെ വേലായുധൻ ചേട്ടാ.. ട്ടാ.. പാമ്പ് എന്നെ തുറിച്ചു നോക്കുന്നേയ് .. വേഗം വാ ചേട്ടാ.. എന്നു നിലവിളിച്ചു.
കെട്ടിയോൻ വരുന്നുണ്ടോ എന്നു ഇടയ്ക്കിടെ നോക്കിയും.. പാമ്പ് അവിടെ ത്തന്നെയില്ലേ എന്നു നോക്കിയും കമലാക്ഷി അല്പനേരം വിറച്ചു നിന്നു.
ഈ പറയുന്ന വേലായുധൻ ചേട്ടൻ ആരാണെന്നറിയാൻ , പാമ്പും നോക്കിയിരുന്നു. കുറച്ചു നേരം നോക്കിയിട്ടും ആളെ കാണാതായപ്പോൾ കട്ടിളയുടെ ചെറിയ ദ്വാരത്തിലൂടെ പാമ്പ് കേറിപ്പോയി.
നല്ല ഉറക്കത്തിലായിരുന്നു, വേലായുധൻ ചേട്ടൻ. കമലാക്ഷിയുടെ നിലവിളി ശബ്ദം കേട്ട് ഞെട്ടിയ പല്ലി , മച്ചിൻ മേലുള്ള പിടി വിട്ടു, വേലായുധൻ ചേട്ടന്റെ നെഞ്ചത്തു വീഴലും, അയ്യോ .. അലറി വിളിച്ച് ചാടിയെഴുന്നേല്ക്കലും ഒപ്പമായിരുന്നു.
പിന്നെ സ്ഥലകാലബോധം വന്നപ്പോൾ ഉടുത്തിരുന്ന മുണ്ട്, ഒന്നഴിച്ചു കുടഞ്ഞ് കമലാക്ഷിയുടെ വിളി കേട്ട സ്ഥലത്തേക്ക് പാഞ്ഞു ചെന്നു.
എന്താ... എന്താണ് കാര്യം?
പാമ്പ് .. ഞാൻ കണ്ടു പാമ്പിനെ .. ഇത്രേം നീളമുണ്ട്, കമലാക്ഷി ചുറ്റിനും നോക്കി സ്കെയിൽ ഉണ്ടോന്ന്. അത് കിട്ടാത്തതിനാൽ , കമലാക്ഷി തന്റെ കൈ തല്ക്കാലത്തേക്ക് സ്കെയിലാക്കി , നീളം അളന്നു കാണിച്ചു കൊടുത്തു, എന്നിട്ടു തുടർന്നു, കറുത്തതാണ്, നല്ല എണ്ണക്കറുപ്പ് .
എന്നിട്ടെവിടെ...?
ഞാൻ കുറേ നേരമായി നിങ്ങളെ വിളിക്കുന്നു. പാമ്പും, നിങ്ങളു വരാൻ വേണ്ടി നോക്കിയിരുന്നു. അതിനു നോക്കി മടുത്തപ്പോൾ , ദാ... ഈ പൊത്തിനകത്തോട്ട് കേറിപ്പോയി.
എന്റെ ടീ... ഇനി എന്തു ചെയ്യും? ഒരു കാര്യം ചെയ്യ്.. നീ ആ .. മണ്ണെണ്ണ എടുത്തോണ്ട് വാ..
ആ .. ശരി ചേട്ടാ...
മണ്ണെണ്ണക്കുപ്പിയും കൊണ്ട് കമലാക്ഷി തിരികെ വന്നപ്പോൾ , കെട്ടിയോൻ കട്ടിലിന്റെ മുകളിൽ കയറി നില്ക്കുന്നതാണ് കണ്ടത്.
നിങ്ങളെന്താണ് കട്ടിലിന്റെ മുകളിൽ കയറി നില്ക്കുന്നത്?
എടീ.. പാമ്പ് എങ്ങാനും പുറത്തു വന്നാൽ കടി കിട്ടാതെ നോക്കെണ്ടടീ... അതിനാണ്. മുൻകരുതൽ വേണം മുൻകരുതൽ.. മനസ്സിലായോ ..യോ..
നീ .. ആ .. മണ്ണെണ്ണ എടുത്ത് , ആ പൊത്തിലേക്ക് ഒഴിച്ചോ ..
ചേട്ടൻ കട്ടിലിൽ നിന്നറങ്ങി വരുന്നുണ്ടോ..? എന്നിട്ട് പാമ്പിനെ തല്ലിക്കൊല്ലാൻ നോക്ക്..
എടീ രാക്ഷസീ'.. നീ എന്നെ കൊലയ്ക്ക് കൊടുക്കും.
എന്താ... എന്തോന്നാ എന്നെ വിളിച്ചെ ...?
എടീ കമലാക്ഷീ ... എന്നാണ് വിളിച്ചത് .. നീ പോയി പാമ്പിനെ തല്ലിക്കൊല്ലാനുള്ള വടി എടുത്തോണ്ടു വാ ... അതു പറഞ്ഞ് കട്ടിലേന്നിറങ്ങി, കമലാക്ഷിയുടെ കൈയ്യിൽ നിന്ന് മണ്ണെണ്ണക്കുപ്പി വാങ്ങി കട്ടിളയ്ക്കു ചുറ്റും ഒഴിച്ചു.
അപ്പോഴേക്കും, കമലാക്ഷി ചൂരൽ വടിയുമായി വന്നു. അതിനിടയിൽ, കുക്കറിൽ നിന്നുള്ള വിസിൽ കേട്ട്, സ്റ്റൗ ഓഫാക്കിയിരുന്നു.
രണ്ടു പേരും, മണ്ണെണ്ണയുടെ മണം കിട്ടി, പാമ്പ് പുറത്തു വരുന്നതും നോക്കി, നിന്നു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞു, അര മണിക്കൂർ കഴിഞ്ഞു. ഒരു രക്ഷയുമില്ല.
കമലാക്ഷിക്ക് വല്ലാത്ത ആധി കേറി. എന്റെ ദൈവമേ.. ഈ പാമ്പ് എന്തിനാണ്, ഇത്രയും നാണിച്ചിരിക്കുന്നത്? ഒന്നു പുറത്തേക്ക് വരാത്തത് എന്താണ്? എന്റെ പിള്ളേരുടെ കാര്യം ഓർത്തിട്ട് ഒരു സമാധാനവുമില്ലല്ലോ .. അതും പറഞ്ഞ് ആഞ്ഞു തുമ്മിക്കൊണ്ട്, കെട്ടിയോന്റെ മുണ്ടിന്റെ അറ്റം പിടിച്ചു മൂക്കു പിഴിഞ്ഞു.
വിടടീ ...എന്റെ മുണ്ടേന്ന് .... നിന്റെ ഈ ... ബഹളം കാരണമാണ് പാമ്പ് പുറത്തേക്ക് വരാത്തതെന്നാ എനിക്ക് തോന്നുന്നത്.
പാമ്പിനെ പുറത്തെത്തിക്കാൻ നിങ്ങൾക്ക് അറിയാന്മേലങ്കിൽ, അറിയാവുന്ന ആരെയെങ്കിലും ഒന്നു വിളിക്കെന്റെ മനുഷ്യാ..
ഇതൊക്കെ കേട്ടിട്ടും , വേലായുധന്റെ മനസ്സിൽ പാമ്പിനെ എങ്ങനെ പുറത്തു ചാടിക്കും ? എന്നതായിരുന്നു ചിന്ത.
എടീ .. കമലാക്ഷീ .. നീ ഇവിടെത്തന്നെ നിലക്ക് . ഞാൻ ഇപ്പം വരാം.
ആഹാ.. അതു കൊള്ളാം.. നിങ്ങളെവിടെ പോകുന്നു?
ഇപ്പം വരാമമെന്നു പറഞ്ഞില്ലേ...?
വേലായുധൻ പഴയ സാധനങ്ങൾ സൂക്ഷിച്ചു വച്ചിരിക്കുന്ന പെട്ടി തുറന്ന്, അല്പനേരത്തെ തിരച്ചിലുനുശേഷം, സൂചിയsക്കമുള്ള ഒരു സിറിഞ്ച് കിട്ടി.
അതു കൊണ്ടുവന്നു, സിറിഞ്ചിൽ മണ്ണെണ്ണ വലിച്ചു കേറ്റി, ആ പൊത്തിലേക്ക് കേറ്റി , സിറിഞ്ചിന്റെ ബാക്ക് അമർത്തിയപ്പോൾ, അകത്ത് നാണം കുണുങ്ങിയിരുന്ന പാമ്പ്, വെപ്രാളത്തിൽ, പുറത്തേക്ക് ചാടി.
അതു കണ്ട കമലാക്ഷി പിന്നിലേക്ക് ചാടി.
വേലായുധൻ ചേട്ടൻ ചൂരലുമായി മുന്നോട്ട് ചാടി.
പിന്നെ നടന്നത്, ഘോരമായ സംഘട്ടനമായിരുന്നു.
സംഘട്ടനത്തിനൊടുവിൽ, പാമ്പ് തന്റെ ഇഹലോകവാസം അവസാനിപ്പിച്ചു നിത്യതയിലേക്ക് യാത്രയായി.
അതു കണ്ട കമലാക്ഷി, പാമ്പിനെ പുറത്തുചാടിക്കാനുള്ള കെട്ടിയോന്റെ ബുദ്ധിവൈഭവം ഓർത്ത്, യുദ്ധം കഴിഞ്ഞു തളർന്നിരിക്കുന്ന കെട്ടിയോനെ നോക്കി പ്രേമപൂർവ്വം ഒന്നു കടാക്ഷിച്ചു.
സുമി ആൽഫസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo