നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആത്മാവിന്റെ ഓർമകൾ


...ആത്മാവിന്റെ ഓർമകൾ....
ചവിട്ടി ഒടിക്കണ്ടെങ്കീ പൊയ്ക്കോ നീയിവിടുന്ന്..
രാഘവേട്ടൻ നിന്ന് വിറക്കുകയാണ്. മുറ്റത്ത് വീണു കിടക്കുന്ന മെലിഞ്ഞ എല്ലുംതോലുമായ രൂപം.
സുമതീ നീ എന്റെ കൂടെ വരണം ..എന്റെ കൂടെ വരണം ..
ചവിട്ടേറ്റ് അർദ്ധബോധാവസ്ഥയിൽ കിടക്കുമ്പോഴും
അയാൾ മന്ത്രിക്കുന്നുണ്ടായിരുന്നു
ചവിട്ടിക്കൊല്ലണ്ടേങ്കില് അരെങ്കിലും വലിച്ചു കൊണ്ട് പൊയ്ക്കോ ഇതിനെ..
രാഘവേട്ടന്റെ വിളയാട്ടത്തിൽ നിന്ന് ആരൊക്കെയോ
രാമേട്ടനെ അല്ല ആത്മാവ് രാമേട്ടനെ വലിച്ചു പട്ട ഷാപ്പിന്റെ മുന്നിലെത്തിച്ചു.
ആദ്യമായി കാണുന്നവർക്ക് വല്ലാതാകുമെങ്കിലും എന്റെ നാട്ടുകാർക്കിത് സ്ഥിരം ചടങ്ങാണ്
വൈകുന്നേരമാകുമ്പോൾ ശാന്തചിത്തനായ ആത്മാവ് രാമേട്ടൻ പട്ടഷാപ്പിലെത്തും ആരോടും മിണ്ടില്ല അഥവാ മിണ്ടിയാലും ആരും കേൾക്കില്ല
ഒരു ഇരുന്നൂറ് അടിച്ചു കഴിഞ്ഞാൽ മെല്ലെ വച്ച് പിടിക്കും. പിന്നെ സുമതിയേച്ചിയുടെ മുറ്റത്തു ചെന്ന് ഒറ്റനിൽപാണ് കയ്യിൽ കടലയോ പരിപ്പുവടയോ കാണും . ആരും കണ്ടില്ലെങ്കിൽ സുമതിയേച്ചിയുടെ പിള്ളേര് വാങ്ങി തിന്നും കണ്ടിട്ടുണ്ടെങ്കിൽ അപ്പുറത്തെ തോട്ടിൻ കരയിലെത്തും !
പിന്നെ സുമതിയേച്ചിയോട് പ്രണയാഭ്യർത്ഥനയാണ്.
സുമതിയേച്ചിയുടെ ആട്ടും രാഘവേട്ടന്റെ ചവിട്ടും കൊണ്ട് ആ ദിവസം തീർക്കും
പിറ്റേന്ന് ഒന്നുമറിയാത്ത പോലെ തന്റെ തൊഴിലായ തെങ്ങുകയറ്റത്തിന് പോകും.
നാട്ടിലെ ആസ്ഥാന തെങ്ങുവിദഗ്ധൻ ആണ് പുള്ളി . വിളിക്കേണ്ടതില്ല
ഏതൊക്ക വീട്ടിൽ എപ്പോഴൊക്കെ തേങ്ങ പാകമാകുമെന്ന് രാമേട്ടനറിയാം സമയാസമയം അത് കൃത്യമായി പറിച്ചു ഷാപ്പിൽ കൊടുക്കാനുള്ളത് മാത്രം വാങ്ങി പോകും. മാത്രമല്ല ഏതെങ്കിലും തെങ്ങിന് അസുഖം കണ്ടാൽ പുള്ളി തന്നെ മരുന്നോ വളമോ വാങ്ങിക്കൊണ്ട് വന്ന് ചികിത്സയ്ക്കും .
എന്റെ ചെറുപ്പകാലത്തൊക്കെ രാമേട്ടൻ സുന്ദരനായിരുന്നു അക്കാലത്തെ ഫാഷൻ ആയ കുരുവിക്കൂട് സ്റ്റൈൽ മുടി.. പൂക്കൾ ഷർട്ട് ..ഭയങ്കര ലൂക്കായിരുന്നു .
രാമേട്ടൻ തേങ്ങയിടാൻ വന്നപ്പോ അഴിച്ചു വച്ച ഷർട്ടിൽ നിന്നും മോഷ്ടിച്ചാണ് ഞാനും ചേച്ചിയും ആരും കാണാതെ ബീഡിവലി പരീക്ഷിച്ചത് എന്ന് ഓർക്കുമ്പോ അറിയാതെ ചിരിച്ചു പോകുന്നു. കൗതുകങ്ങളുടെ കുട്ടിക്കാലം അല്ലെ !
എന്റെ വീടിന്റ തൊട്ടടുത്തു രാമേട്ടന്റെ കുടുംബസ്വത്തായി ഒരു ചെറിയ കശുവണ്ടിത്തോട്ടം ഉണ്ടായിരുന്നു. ഞങ്ങൾ പിള്ളേരുടെ ഉപജീവനമാർഗം കൂടിയായിരുന്നു അത്.
അന്നൊക്കെ ബാർട്ടർ സംബ്രദായം നിലവിലുണ്ടായിരുന്നത് കൊണ്ട് കശുവണ്ടി സീസൺ ഞങ്ങള്ക്ക് സുവർണ കാലഘട്ടമായിരുന്നു.
അതിസാഹസികമായി രാമേട്ടന്റെ പറമ്പിൽ
നിന്നും ശേഖരിക്കുന്ന (മോഷ്ടിക്കുന്ന എന്നും ചിലർ പറയും ) കശുവണ്ടി കൊരെട്ടന്റെ പീടികയിൽ എത്തിക്കുന്നു അദ്ദേഹത്തിനറെ കർശന ഗുണനിലവാര പരിശോധനക്ക് ശേഷം ഉദ്ദേശം 2 കശുവണ്ടിക്ക് 10 പൈസ എന്ന എക്സ്ചേഞ്ച് റേറ്റ് പ്രകാരം
മണിക്കടല ലഭിക്കുമായിരുന്നു.
കടല തിന്നു തിന്നു രുചിയുടെ പാരമ്യത്തിൽ എത്തുമ്പോഴായിരിക്കും മുന്കൂട്ടി പ്രോഗ്രാം ചെയ്ത പോലെ കൃത്യമായി ഒരു മൺകട്ട കടിക്കുക 5 പൈസയുടെ കടല അരഞ്ഞ നിലയിൽ വായിൽ കിടക്കുംബോഴായിരിക്കും ഇത്, ആകാശത്തിലേക്ക് വിക്ഷേപിച്ച റോക്കെറ്റ്‌ താഴെ വീണ ഫീലായിരിക്കും ആ സമയത്ത് !
ഹോ ! അതൊക്കെ ഒരു വല്ലാത്ത ഇതായിരുന്നു.
അത് പോലെ ഒരുദിവസം സ്കൂൾ വിട്ടു വന്ന ഉടനെ ഞാനും ചേച്ചിയും ചേർന്ന് കശുവണ്ടി വേട്ടക്കിറങ്ങി പറമ്പിലെത്തി നോക്കുമ്പോൾ നിലത്തു നിറയെ കശുവണ്ടികൾ !
പെറുക്കി കീശ നിറച്ചു അണ്ടിയിതാ വീണുകൊണ്ടേയിരിക്കുന്നു ഈശ്വരാ കണ്ടയ്നർ വിളിക്കേണ്ടി വരുമൊന്നു വിചാരിച്ചു മുകളിലേക്ക് നോക്കിയപ്പോ എന്താ? രാമേട്ടൻ തോട്ടിയുമായി മുകളിൽ ! പുള്ളി പറിച്ചു താഴേക്കിടുന്നതാണ് ഇതുവരെ പെറുക്കി കൂട്ടിയത്. തിരിച്ചു വീട്ടിലെത്തിയത് ഞാൻ തന്നെ അറിഞ്ഞില്ല അമ്മാതിരി സ്പീഡായിരുന്നു.. പ്രശ്നമതല്ല രാമേട്ടൻ അച്ഛനോട് പറയും അച്ഛൻ വന്നാൽ എന്റമ്മേയ് ..
"നിന്നെ മാത്രമേ രാമേട്ടൻ കണ്ടുള്ളു" ഭയപ്പാടിനിടയിൽ ചേച്ചിയുടെ ബൂസ്റ്റർ ഡയലോഗ് !ചവിട്ടിക്കൂട്ടാൻ തോന്നി ..
പക്ഷെ രാമേട്ടൻ അച്ഛനോട് പറഞ്ഞില്ല .മാത്രമല്ല വൈകുന്നേരം സാധനങ്ങൾ വാങ്ങാൻ കടയിൽ ചെന്നപ്പോ പുള്ളി അവിടെയുണ്ട് എന്തിനാ ഓടിയേ ? സ്നേഹത്തോടെയുള്ള ചോദ്യം !പോരാത്തതിന് അമ്പതു പൈസക്കുള്ള കടലയും വാങ്ങിത്തന്നു .
ആ കാലഘട്ടത്തിലൊന്നും രാമേട്ടൻ പരിധി കവിഞ്ഞു കുടിക്കില്ലായിരുന്നു
അദ്ദേഹത്തിന്റ അച്ഛനും അമ്മയും പ്രായമായി മരിച്ചതോടെയാണ് ആകെ മാറിയത് ഒറ്റത്തടിയായ രാമേട്ടനെ സഹോദരങ്ങൾ ബാധ്യതയായി കാണാൻ തുടങ്ങി വീട്ടിൽ പോകാതെയായി സദാസമയം ചാരായ ഷാപ്പിനടുത്തുണ്ടാകും ഭക്ഷണം കഴിക്കൽ വളരെ അപൂർവമായി. സദാസമയം മദ്യലഹരിയിൽ തന്നെ. പക്ഷെ ആരോടും സംസാരിക്കില്ല ആകെയുള്ള പ്രകടനം സുമതിയേച്ചിയുടെ അടുത്ത് മാത്രം
നാട്ടിലെ പെണ്ണുങ്ങൾ പറയുന്ന കേട്ടു രാമേട്ടന് സുമതിയേച്ചിയോട് ഇഷ്ടം തോന്നുമ്പോഴേക്കും സുമതിയേച്ചിയും രാഘവേട്ടനും പ്രണയബദ്ധരായിരുന്നു പക്ഷെ രാമേട്ടൻ തീരുമാനം മാറ്റിയില്ല വേറൊരു പെണ്ണിന്റെ ചിന്ത രാമേട്ടനിൽ ഉണ്ടായില്ല
നാട്ടുവാർത്ത അനുസരിച്ചു സുമതിയേച്ചി ചില സാമ്പത്തിക മുതലെടുപ്പുകൾ നടത്തി എന്നും പറയപ്പെടുന്നു സ്വത്തു വീതം പോകുമല്ലോന്ന് കരുതി സഹോദരങ്ങൾ വേറെ കല്യാണത്തിനും നിർബന്ധിച്ചില്ല എന്നും കേട്ടു
അക്കാലത്തിനിടയിൽ ചാരായം നിരോധിക്കപ്പെട്ടു.ലോക്കൽ കുടിയന്മാർക്കായി കുറഞ്ഞ വിലയ്ക്ക് കണ്ടാൽ വിഷം പോലെ തോന്നിക്കുന്ന കൂതറ ബ്രാൻഡ് ബ്രാണ്ടിയും റമ്മും ഇറങ്ങാൻ തുടങ്ങി.
ഒരു പച്ചമുളകും ടച്ചിങ്‌സാക്കി കറുകറുത്ത ഹാഫ് ബോട്ടിൽ ഡ്രൈ ആയി അണ്ണാക്കിലോട്ടൊഴിക്കുന്ന രാമേട്ടന്റെ രൂപം ഇപ്പോൾ വിചാരിക്കുമ്പോഴും ഉളുത്തുകയറുന്നു. ഹോ ..
ഈ കാലയളവിലാണ് രാമേട്ടന് ആത്മാവ് എന്ന വിളിപ്പേര് വീണത്
ക്രമേണ രാമേട്ടൻ എല്ലും തോലുമായി. ചായക്കടക്കാരൻ ഗോപാലേട്ടൻ നിർബന്ധിച്ചു എന്തെങ്കിലും കഴിപ്പിച്ചാലായി . ആകെ കഴിക്കുന്നത് എന്തെങ്കിലും കാട്ടു റമ്മു മാത്രം.
അതിനിടയിൽ വെള്ളമിറക്കാനാവാതെ കടവരാന്തയിൽ കിടപ്പായി . ഡോക്ടറെ കാണാൻ കൂട്ടാക്കാത്തതിനാൽ എല്ലാരും ചേർന്ന് പിടിച്ചു സർക്കാർ ആശുപത്രിയിൽ എത്തിച്ചു .
വൈകിപ്പോയിരുന്നു ..
തൊണ്ടയ്ക്ക് ക്യാന്സറാണ് ചികിൽസിച്ചിട്ടു കാര്യമില്ല ഡോക്ടർ പറഞ്ഞു.
മരുന്നും വാങ്ങി വീട്ടിലേക്ക് കൊണ്ട് പോയ് കിടത്തി. സഹോദരങ്ങളെല്ലാം വന്നു പോയി .
കുറച്ചു ദിവസങ്ങളേ കിടന്നുള്ളൂ ..
ഒരുദിവസം രാമേട്ടന്റെ പെങ്ങൾ വന്നു വിളിച്ചു
വിജൂ ഒന്ന് വരുമോ? ഏട്ടൻ വിളിച്ചിട്ട് മിണ്ടുന്നില്ല. കുറേയായത് കൊണ്ട് ഒന്ന് കുളിപ്പിച്ചിരുന്നു അത് കഴിഞ്ഞു കിടത്തിയതാണ്.
തൊട്ടു നോക്കുമ്പോഴേക്കും തണുത്തിരുന്നു.
അറിയാതെയൊരു തുള്ളി കണ്ണുനീർ- അതെന്റെ ആത്മാവിൽ നിന്നായിരുന്നു. രാമേട്ടനെ എനിക്കത്രയ്ക്ക് ഇഷ്ടമായിരുന്നു ശാന്തനായ ഒരു പ്രണയ തപസ്വി ആയിരുന്നു എനിക്കദ്ദേഹം
എത്ര കുടിച്ചിട്ടും ഒരാളോട് പോലും സൗമ്യത വിട്ട് പെരുമാറുന്നത് ഇത്ര വരെ ഞാൻ കണ്ടിരുന്നില്ല
ചേച്ചീ പായയും രണ്ടു തേങ്ങയും വിളക്കും എടുത്തോളൂ
തഴപ്പായയിൽ രാമേട്ടനെ കിടത്തി തേങ്ങാ പൊട്ടിച്ചു തിരിയിട്ടു കത്തിച്ചു.
വെള്ള പുതപ്പിച്ചു എല്ലാരും ചേർന്ന് യഥാവിധി ആത്മാവ് രാമേട്ടനെ യാത്രയാക്കി.
ഇടക്കൊക്കെ ഓർമ്മയുടെ ഏടുകളിലൊന്നിൽ ആത്മാവ് രാമേട്ടൻ ബീഡിക്കു തീ കൊളുത്തിക്കൊണ്ട് എന്നെ നോക്കി ചോദിക്കും
വിജുവേ.. കരുണേട്ടൻ പീടിക തുറന്നിട്ടില്ലേ ? ....

Viju Kannapuram

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot