Slider

സ്വന്തം..

0


ഇതെന്താ.. ?
അവളുടെ ചോദ്യം കേട്ട് അയാൾ അങ്ങോട്ട്‌ നോക്കി. മകന് പുതുതായി വാങ്ങിയ സൈക്കിൾ കാണിച്ചു കൊടുക്കുന്ന തിരക്കിലായിരുന്നു. വേനലവധിക്ക് സ്കൂൾ അടച്ചപ്പോൾ നാട്ടിൽ നിന്നും വന്നതാണ് ഭാര്യയും മകനും.
നിലത്തുനിന്നും ഒരു മുടിയെടുത്തു അവൾ അയാൾക്കുനേരെ നീട്ടി.
...ഓ നീ തുടങ്ങിയോ. ഇതിനാണോ ഇങ്ങോട്ട് കെട്ടി എഴുന്നള്ളിച്ചത്..
അയാൾ ഈർഷ്യയോടെ പറഞ്ഞു .
....കഴിഞ്ഞ വേനലവധിക്ക് വന്നതല്ലേ ഞാൻ. ഇപ്പോൾ വർഷം ഒന്നായി. അപ്പോൾ പിന്നെ ഈ മുടി എവിടെനിന്നു വന്നു. പറ.. ?
അവൾ ഒരു കുറ്റാന്വേഷകയുടെ ഭാവത്തോടെ ചോദിച്ചു.
...മാത്രമല്ല ചുവന്ന മുടി എന്റേതല്ല. അതുറപ്പാ.
മകൻ രണ്ടുപേരെയും മാറി മാറി നോക്കി സൈക്കിൾ ഓടിക്കാൻ തുടങ്ങി.
....നീയൊന്നു നിർത്തുന്നുണ്ടോ. അത് വല്ല കാറ്റിനും പറന്നു വന്നതായിരിക്കും.
അയാൾ ദേഷ്യം കടിച്ചമർത്തി.
...നിങ്ങളെ എനിക്കത്ര വിശ്വാസം പോരാ. ഇപ്പോളും ഓർമയുണ്ട് ആദ്യരാത്രി ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടും നിങ്ങൾ ഒന്നും തുറന്നു പറഞ്ഞില്ല..
...എടി തുറന്നു പറയാൻ എന്തെങ്കിലും ഉണ്ടായിട്ടു വേണ്ടേ..
അയാൾ അക്ഷമനായി.
..എനിക്ക് വിശ്വാസം പോരാ മനുഷ്യാ. അവൾ ആവർത്തിച്ചു..
ഇവൾ എന്തിനുള്ള പുറപ്പാടാണ്.. അയാൾ താഴോട്ട് നോക്കി. തന്റെ കാലിനടുത്ത്‌ കണ്ട ഒരു നീണ്ട മുടി അയാൾ തട്ടി മാറ്റി. ഭാര്യ വരുന്നതിനു മുന്നേ മുറി വാക്യുഎം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കിയതാണ്. അയാൾ ഒരല്പം ആശങ്കയോടെ മുറിയുടെ നാനാ ഭാഗത്തേക്കും കണ്ണ് പായിച്ചു. തന്റെ കണ്ണിൽ പെടാത്ത വല്ല തെളിവുകളും ഉണ്ടോ. മനസ്സിൽ ഒരു ഭയം..
മകൻ അപ്പോഴേക്കും പുറത്തേക്കു പോകാൻ തിടുക്കം കാട്ടിത്തുടങ്ങിയിരുന്നു .
വർഷം അഞ്ചായി അയാൾ മരുഭൂമിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട്.ജിവിതം ഒരു ആഘോഷമായിരുന്നു അയാൾക്ക്‌.
... എപ്പോൾ കാണാൻ പറ്റും...?
വാട്സാപ്പിൽ മെസ്സേജ് വന്ന ശബ്ദം അയാൾ കേട്ടു. എലീന ആണ്.ഓഫീസിലെ സഹപ്രവർത്തക..
..ഒരു മാസത്തോളം ഭാര്യയും മകനും കൂടെ ഉണ്ടാകും.. ഒട്ടൊരു അസ്വസ്ഥതയോടെ അയാൾ ചിന്തിച്ചു. വിവാഹം എന്ന സങ്കല്പത്തിന് അയാൾ എതിരായിരുന്നു .ബന്ധങ്ങൾ അയാൾക്ക്‌ ശ്വാസം മുട്ടിക്കുന്ന കെട്ടുപാടുകൾ ആയിരുന്നു . ഉത്തരവാദിത്തങ്ങളെ അയാൾ വെറുത്തു. എന്നിട്ടും എപ്പോഴോ അയാൾ വിവാഹിതനായി . വിവാഹം കഴിഞ്ഞ് ആറാം മാസം ഗർഭിണിയായ ഭാര്യയെയും തനിച്ചാക്കി ജോലിസ്ഥലത്തേക്ക് തിരിക്കുമ്പോൾ അയാളുടെ മുഖം ദൃഢമായിരുന്നു .. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ കിടക്കയിൽ തളർന്നിരിക്കുകയായിരുന്നു അവൾ.
..ഒരു മാസം കഴിഞ്ഞ് കാണാം..
ബാൽക്കണിയിൽ പ്രാവുകൾ ഒഴിഞ്ഞു പോയ കൂടിനടുത്തു നിന്നും അയാൾ എലീനക്ക് മെസ്സേജ് അയച്ചു.
...മനസ്സിലായി. ഭാര്യ വന്നിട്ടുണ്ടല്ലേ ..... അവൾ കെറുവിച്ചു .. ദേഷ്യത്തിന്റെ സിംബൽ അയച്ച് അവൾ മാഞ്ഞുപോയി.
ചെറു പിണക്കങ്ങളും പിന്നെയും ഇണക്കങ്ങളുമായി ഒരു മാസം കടന്നു പോയി.. ഇടക്കെപ്പോഴോ രാത്രിയുടെ ഏതോ യാമത്തിൽ പനി പിടിച്ച് വിറച്ച അയാളെ ഭാര്യ സ്വന്തം നെഞ്ചിന്റെ ചൂട് നൽകി ഉറക്കിയിരുന്നു . പിന്നീടൊരിക്കൽ കടൽത്തീരത്ത് കുട്ടിയുടെ കൂടെ മണലിൽ രൂപങ്ങൾ ഉണ്ടാക്കി അയാൾ ഉച്ചത്തിൽ ചിരിച്ചു.. ജീവിതത്തിൽ ഏറെക്കാലത്തിനു ശേഷമായിരുന്നു അയാൾ ഹൃദയം തുറന്ന് ചിരിച്ചത്...
അവസാനം അവധി തീരുന്ന അന്ന് അയാളുടെ മുഖത്ത് നോക്കാതെ കൺകോണിൽ ഊറിക്കൂടിയ വെള്ളം തുടച്ചു കുട്ടിയേയും കൂട്ടി വിമാനത്താവളത്തിനകത്തേക്കു അവൾ വേഗത്തിൽ നടന്ന് പോയി.. പോകുന്നതിനിടയ്ക്ക് മകൻ പിന്തിരിഞ്ഞു നോക്കി കൊണ്ടിരിക്കുന്നത് അയാൾ കണ്ടു. മനസ്സിന്റെ മരുഭൂവിൽ എവിടെയോ ഒരു നീരുറവ പൊട്ടിയൊഴുകാൻ തുടങ്ങിയത് അയാൾ അറിയുന്നുണ്ടായിരുന്നു.
...കാൻ വി മീറ്റ് ടുഡേ
എലീനയുടെ മെസ്സേജിന്റെ ശബ്ദം കേട്ട് അയാൾ ഞെട്ടിയെണീറ്റു. അയാൾ ഗാഢ നിദ്രയിലായിരുന്നു . ഭാര്യയെ യാത്രയാക്കി റൂമിലെത്തുമ്പോഴേക്കും പുലർച്ചെ ആയിരുന്നു.
ഇന്ന് മുതൽ ഒറ്റക്കാണ്. എപ്പോഴും ഒറ്റക്കായിരുന്നു അയാൾ.
..ഇന്ന് വൈകുന്നേരം കാണാം..
തിരിച്ചു മറുപടി അയച്ചു അയാൾ വീണ്ടും ഉറക്കത്തിലേക്കു വീണു . നേരം ഇരുട്ടി തുടങ്ങിയിരുന്നു.നീണ്ട ഉറക്കം കഴിഞ്ഞ് അയാൾ എഴുന്നേറ്റു. മുറിയൊക്കെ ഒരുക്കി.. മകനും ഭാര്യയും പോകുന്നതിനു മുൻപ് ഉപയോഗിച്ച വസ്ത്രങ്ങൾ സോഫയിൽ ചിതറിക്കിടക്കുന്നു .. അതെടുത്തു അയാൾ ഷെൽഫിന്റെ ഒരു മൂലയിലേക്കെറിഞ്ഞു ..
...പുതിയ ബെഡ്ഷീറ്റ് വേണം എന്ന് എലീന മെസ്സേജിലൂടെ നിർബന്ധം പിടിച്ചു.. അയാൾ അലമാരയിൽ നിന്നുംപുതിയ ബെഡ്ഷീറ്റെടുത്തു് കിടക്കയിൽ വിരിച്ചു.
കുളിച്ചു അവൾക്കിഷ്ടപ്പെട്ട പെർഫ്യൂം പൂശി. ഷെൽഫിൽ സ്കോച്ച് വിസ്കി ഉണ്ട്. അയാൾ ഒരു മൂളിപ്പാട്ടോടെ ബോട്ടിലെടുത്തു മേശ മേലെ വെച്ചു.. കൂടെ അച്ചാറും. ആപ്പിൾ കഷണങ്ങൾ കൂടെ ഉണ്ടെങ്കിൽ നന്നാവും. അയാൾ ഫ്രിഡ്ജ് തുറന്നു. ഒരു പച്ച ആപ്പിൾ പുറത്തെടുത്തു.
അപ്പോളാണ് ഫ്രിഡ്ജിൽ അടുക്കി വൃത്തിയായി അടച്ചു വെച്ചിരിക്കുന്ന ചെറുപാത്രങ്ങൾ കണ്ടത്. ഭാര്യ പോകുന്നതിനു മുൻപേ തയ്യാറാക്കി വെച്ചതാണ്.. ഓരോന്നോരോന്നായി അയാൾ തുറന്നു നോക്കി. വറുത്തരച്ച കോഴിക്കറിയുടെയും, കറിവേപ്പിലയുടെയും, ചമ്മന്തിയുടെയും ഗന്ധം പരന്നു. അടുത്ത പാത്രത്തിൽ നെയ്യിൽ തേങ്ങയും അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും പഴവും ഇട്ടു വിളയിച്ച അവൽ. അയാളുടെ ഇഷ്ട ഭോജ്യം. യാന്ത്രികമായി അതിലേയ്ക്ക് അയാളുടെ കൈകൾ നീണ്ടു. സ്നേഹത്തിന്റെയും കരുതലിന്റെയും ഘനീഭവിച്ച രുചിയായിരുന്നു അതിന്. അപ്പോൾ അയാൾക്ക് മരുഭൂമിയിൽ ഒഴുകാൻ തുടങ്ങിയ നീരുറവയുടെ തണുപ്പ് അനുഭവപ്പെട്ടു. അടച്ചിട്ട മുറിയുടെ ഏതോ മൂലയിൽ നിന്നും മകൻ അച്ഛാ എന്ന്‌ വിളിക്കുന്നത്‌ അയാൾ വ്യക്തമായി കേട്ടു.
വേർപാടിന്റെ വേദനയുള്ള നിശ്ശബ്ദത തളം കെട്ടിക്കിടക്കുന്ന മുറിയുടെ മൂലയിൽ ഒരു അവധിക്കാലത്തിന്റെ ഓർമചിത്രം പോലെ മകന്റെ സൈക്കിൾ...
വലിയ ലോകത്തിൽ താനൊറ്റപ്പെട്ടതുപോലെ അയാൾക്ക് തോന്നി. തലേന്ന് യാത്ര പുറപ്പെടുന്നതിനു മുൻപ് ഭാര്യ ഉപയോഗിച്ച വസ്ത്രങ്ങൾ അയാൾ വാരിയെടുത്തു. അതിൽ നിന്നുയർന്ന വിയർപ്പിന്റെ മണം ഭ്രാന്തമായി അയാൾ മൂക്കിലേക്ക് വലിച്ചു കയറ്റി. വില കൂടിയ ഒരു പെർഫ്യൂമിനും നല്കാനാവാത്ത ഒരു മാന്ത്രിക സ്പർശം അതിനുണ്ടാവുന്നതുപോലെ അയാൾക്ക്‌ തോന്നി.
വാട്സ് ആപ്പിലെ മെസ്സേജ് നോട്ടിഫിക്കേഷൻ ശബ്ദം അയാളെ ഉണർത്തി.
കാൻ ഐ കം നൗ..
മൊബൈൽ ഫോണിന്റെ സ്‌ക്രീനിലെ അക്ഷരങ്ങൾ ഒരു ചോദ്യചിന്ഹമായി അയാളെ നോക്കി.
നോ.... നമ്മൾ ഇന്ന് കാണില്ല....
മറുപടി അയക്കുമ്പോൾ അയാളുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകിയിരുന്നു . .
....ചിലപ്പോൾ ഇനി ഒരിക്കലും...
അയാൾ ഫോൺ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു..
പുറത്ത് ബാൽക്കണിയിൽ പ്രാവുകൾ വീണ്ടും കൂടു കെട്ടാൻ തുടങ്ങിയിരുന്നു..
നിരഞ്ജൻ
3/ 12/ 2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo