അഷ്ടമി എന്നു കേൾക്കുമ്പോൾ ആദ്യമോർമ വരുന്നത് വൈക്കം എന്ന പേരാണ്. വേമ്പനാട്ടു കായലിന്റെ ഓരം പറ്റി കിടക്കുന്ന ഒരു ഗ്രാമ പട്ടണം.
അതായത് ഗ്രാമത്തിന്റെ വിശുദ്ധിയും പട്ടണത്തിന്റെ തിരക്കും ഒത്തുചേർന്ന സ്ഥലം. അതിരാവിലെ തന്നെ തുടങ്ങുന്ന ബോട്ടുസർവീസ്.അക്കരെ ഇക്കരെ കടന്നു പോകുന്ന ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും തൊഴിലാളികളും. രാവിലെ ഇവിടെ നിന്നും വേർപിരിഞ്ഞു പോകുന്നവർ വൈകുന്നേരം തിരിച്ച് ഇവിടെ ഒത്തുചേരും.
വൃശ്ചികമാസം പുലരുന്നതോടെ വൈക്കത്തിന്റെ മുഖം മാറുകയായി. ശബരിമല ദർശനത്തിനു പോകുന്ന സ്വാമിമാരുടെ ശരണം വിളികൾ വീഥികളിൽ മുഴങ്ങിത്തുടങ്ങും. പിന്നെ അഷ്ടമിയുത്സവത്തിനു കൊടിയേറ്റ്. അതോടെ വൈക്കം അടിമുടി മാറുകയായി. വഴിവാണിഭക്കാരെ കൊണ്ട് നിറയുന്നതോടെ മറ്റേതോ സംസ്ഥാനത്തെത്തിയതുപോലെ തോന്നും. വളകളും മാലകളും നിർമ്മിച്ചു വില്ക്കുന്നവരും വറ പൊരി ബജ്ജിക്കടകളും കളിപ്പാട്ടക്കടകളും പൂവില് പനക്കാരും നിറയുന്ന നിരത്തുകൾ. ഇതെല്ലാം കണ്ടും ആസ്വദിച്ചും രുചിച്ചും വാങ്ങിയും നീങ്ങുന്ന ആ ബാലവൃദ്ധം ജനങ്ങൾ. തലയിൽ ബന്തിപ്പൂമാല ചൂടിയ തരുണി മണികൾ അഷ്ടമിക്കാഴ്ചയുടെ പ്രത്യേകതയാണ്. ഒടുവിൽ തിരക്കു കൂടിക്കൂടിനിലയ്ക്കാത്ത ജനപ്രവാഹമാകും.രാവ് പകലാകുന്ന നിമിഷങ്ങൾ. പുലർച്ചെ അഷ്ടമി ദർശനം കണ്ട് സായൂജ്യമടയുന്ന ഭക്തസഹസ്രങ്ങൾ. ശേഷം യുദ്ധം കഴിഞ്ഞ പോർക്കളം പോലെയാകും വൈക്കം. ഇനി അടുത്ത വർഷം കാണാമെന്ന് നിശ്ശബ്ദമായ് യാത്ര പറച്ചിലുകൾ. ഒടുവിൽ ഈ ഗ്രാമ പട്ടണം ശാന്തതയിലേയ്ക്ക്.....!
ശ്രീകുമാർ ഹരി.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക