ഹലോ...
ഹലോ....
രേഖാ.. നീ എവിടെയാ...
ഞാൻ... ഞാൻ ഓഫീസിലാ...
ഓഫീസിലോ..? ഇന്ന് ഞായറാഴ്ച അല്ലെ.?പിന്നെന്താ ഓഫീസിൽ..?
അത്... ഞാൻ ഒരു വർക്ക് ഉണ്ട്... ഞാനാ അത് തുടക്കം മുതലേ നോക്കുന്നത്. അപ്പൊ ഇന്ന് വരാമോ എന്ന് ചോദിച്ചു. ഞാൻ സമ്മതിച്ചു. നീ എന്താ വിളിച്ചത്?
ഞാൻ എത്ര ദിവസമായി വിളിക്കുന്നു. നീ എന്താ ഫോൺ എടുക്കാഞ്ഞത്?
ഞാൻ നല്ല ബിസി ആയിരുന്നു. വർക്ക് ഭയങ്കര ലോഡ്.
ഹ്മ്... എനിക്ക് നിന്നെ ഒന്ന് കാണണം. ഇന്ന് നീ ടൗണിൽ ഉണ്ടല്ലോ. ഞാനിപ്പോ വരാം.
ഹേ... ഹേയ്... വേണ്ടാ... ഞാൻ ഇറങ്ങാൻ നിൽക്കുവാ... അമ്മ കാത്തിരിക്കും.
അങ്ങനെ പറയല്ലേ... എത്ര നാളായി ഒന്ന് കണ്ടിട്ട്... അഞ്ചു മിനിറ്റ് മതി. ഒന്ന് കണ്ടാ മതി എനിക്ക്. പ്ലീസ്...
വേണ്ട ഗൗതം... എനിക്ക് സമയമില്ല. പിന്നെ കാണാം.
കൂടുതൽ എന്തെങ്കിലും പറയാൻ ഗൗതം മുതിരുമ്പോളേക്കും രേഖ ഫോൺ കട്ട് ചെയ്തു. കുറച്ച് നാളായി രേഖ ഇങ്ങനെ ആണ്. പണ്ട് പഠിക്കുന്ന സമയത്ത് എത്ര നേരം കൂടെ ഇരുന്നാലും അവൾക്ക് മതിയാവില്ലായിരുന്നു. ഇണക്കുരുവികളായി കിന്നരിച്ച് നടന്നത് വേദനയോടെ അവൻ ഓർത്തു.
പക്ഷെ ഈയിടെയായി രേഖയുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റം ഉണ്ട്. ഒന്ന് കാണാൻ വേണ്ടി ഒരുപാട് ദിവസമായി ശ്രമിക്കുന്നു. അവൾ പിടി തരാതെ നടക്കുകയാണ്. ഫോണിൽ വിളിച്ചാൽ പോലും എടുക്കുന്നില്ല. തന്നെ ഒഴിവാക്കുകയാണോ? ഗൗതം സംശയത്തോടെ നിന്നു.
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഗൗതം ചിന്തകളിൽ നിന്നുണർന്നത്.
മായ കോളിങ്...
ഹലോ...
ഹലോ... നീ എന്തെടുക്കുവാ...? ഞാൻ കുറെ നേരമായി വിളിക്കുന്നു. കോൾ വെയിറ്റിങ് ആയിരുന്നല്ലോ...?
ആഹ്... ഞാൻ രേഖയെ വിളിച്ചതാ...
ആണോ.? എന്ത് പറഞ്ഞു?
മായ ആകാംഷയോടെ ചോദിച്ചു.
പതിവ് പല്ലവി തന്നെ. കാണാൻ പറ്റില്ലെന്ന് പറഞ്ഞ് കട്ട് ചെയ്തു.
ആണോ?
മായ്ക്ക് വലിയ നിരാശയായി. ഗൗതമിന്റെയും രേഖയുടെയും ബന്ധത്തിന് എപ്പോളും സാക്ഷി ആയിരുന്നത് മായ ആയിരുന്നു. രണ്ടു പേരുടെയും സ്നേഹം അവൾക്ക് നന്നായി അറിയാം. ഈയിടെയായി രേഖയ്ക്ക് വന്ന മാറ്റവും അതിന്റെ പേരിൽ ഗൗതം അനുഭവിക്കുന്ന മനോവേദനയും ഒക്കെ നന്നായി അറിയാവുന്ന ആൾ മായ ആണ്. രണ്ടുപേരുടെയും ഉറ്റ ചങ്ങാതി.
രേഖയുടെ ഇപ്പോളത്തെ മനം മാറ്റത്തിന്റെ കാരണം അറിയാൻ അവൾ ആവുന്നത്ര ശ്രമിച്ചതാണ്. പക്ഷെ ഗൗതമിനോടെന്ന പോലെ അവൾ മായയോടും ഒഴിഞ്ഞു മാറി. അതിന്റെ പേരിൽ പലപ്പോഴും മായയും രേഖയും തമ്മിൽ വഴക്കുണ്ടായിട്ടുണ്ട്.
ദിവസങ്ങൾ പിന്നെയും നീങ്ങി.
മായ... ഞാനാ ഗൗതം... എനിക്ക് നിന്നെ അത്യാവശ്യമായിട്ടൊന്ന് കാണണം.
മായ... ഞാനാ ഗൗതം... എനിക്ക് നിന്നെ അത്യാവശ്യമായിട്ടൊന്ന് കാണണം.
എന്തെടാ...?
നേരിട്ട് പറയാം. ഇന്ന് വൈകീട്ട് ടൗണിൽ കാണാം. ബൈ.
കൃത്യ സമയത്ത് മായ വന്നു. ഗൗതമിന്റെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല. വല്ലാത്തൊരു നിരാശ അവന്റെ മുഖത്ത് ഉണ്ടായിരുന്നു. അത് കണ്ടപ്പോൾ മായക്കും വല്ലാത്ത വിഷമം തോന്നി.
എന്താടാ...? എന്താ കാര്യം...? നിന്റെ മുഖമെന്താ വല്ലാതെ...?
വേദനയോടെ ഗൗതം മായയെ നോക്കി.
രേഖ... അവൾ...
അവൾ???
അവൾക്ക് വേറെ കല്യാണം ഉറപ്പിച്ചു.
എന്തോ അരുതാത്തത് കേട്ട പോലെ മായ തുറിച്ച് നോക്കി. പക്ഷെ ഒന്നും ഉരിയാടാൻ അവൾക്കായില്ല. അല്പനേരത്തെ മൗനത്തിന് ശേഷം ഗൗതം തന്നെ സംസാരിച്ചു.
രേഖ എന്നെ കാണാൻ വന്നിരുന്നു. ഞാൻ ആവുന്നത്ര പറഞ്ഞു നോക്കി. പക്ഷെ ഇനി ഈ ബന്ധം തുടരേണ്ട എന്ന അവൾ തീർത്തുപറഞ്ഞു. ഞാൻ അവളെ സംശയിക്കുന്നു പോലും. ഇനിയും എന്റെ കൂടെ ജീവിക്കുന്നത് അറിഞ്ഞുകൊണ്ട് കുഴിയിൽ ചാടുന്ന പോലെ ആണെന്ന്.
ഞാൻ സംസാരിക്കാം രേഖയോട്.
വേണ്ടടി... ഇനി അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. അവൾ എല്ലാം നിശ്ചയിച്ചുറപ്പിച്ച് കഴിഞ്ഞു.
അൽപനേരം കൂടി മൗനം അവർക്കിടയിൽ നിറഞ്ഞു നിന്നു.
അവളെപ്പറ്റി ഓരോന്ന് കേട്ടപ്പോ സാഹിക്കാഞ്ഞിട്ടാ ഞാൻ അന്ന് അവളെ ചോദ്യം ചെയ്തത്. പക്ഷെ, അവളെ ഒരിക്കൽ പോലും ഞാൻ സംശയിച്ചിരുന്നില്ല. അവൾ ഒന്ന് ശ്രദ്ധിക്കണമെന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ. പക്ഷെ അവൾ... ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല മായാ... എല്ലാം... എല്ലാം കഴിഞ്ഞു.
നീ ഇങ്ങനെ വിഷമിക്കാതെ ഞാൻ... ഞാനൊന്ന് സംസാരിച്ച് നോക്കട്ടെ.
പ്രതീക്ഷയുടെ ഒരു തിളക്കം അവന്റെ കണ്ണുകളിൽ മായ കണ്ടു. ഫോണുമായി അവൾ അല്പം മാറി നിന്ന് രേഖയ്ക്ക് ഡയൽ ചെയ്തു. പക്ഷെ, ഗൗതമിനോട് പറഞ്ഞതിലപ്പുറം ഒന്നും അവൾ മായയോടും പറഞ്ഞില്ല. നിരാശയോടെ മായ ഗൗതമിനടുത്ത് തിരിച്ചെത്തി.
എന്ത് പറഞ്ഞു?
അവൾ തലതാഴ്ത്തി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. ഗൗതമിന്റെ മുഖത്തെ പ്രതീക്ഷ മാഞ്ഞ് പിന്നെയും നിരാശയുടെ നിഴൽ വീണു.
സാരമില്ല മായ. നീ... നീ നല്ലൊരു ഫ്രണ്ട് ആണ്. എന്നെ മനസ്സിലാക്കാൻ നിനക്കെങ്കിലും സാധിക്കുന്നുണ്ടല്ലോ... അവൾ പൊയ്‌ക്കോട്ടെ... സന്തോഷമായി ജീവിക്കട്ടെ.
അത്രയും പറയുമ്പോളെക്കും അവന്റെ കണ്ണുകൾ നിറഞ്ഞ് വന്നു. അത് മായ കാണാതിരിക്കാൻ അവൻ മുഖം തിരിച്ചു. പിന്നെയും അവർക്ക് സംസാരിക്കാൻ വിഷയങ്ങൾ ഉണ്ടായില്ല.
അല്പനേരം കഴിഞ്ഞ് ഗൗതം യാത്ര പറഞ്ഞു.
മായ ഞാൻ പോവാണ്. പിന്നെ കാണാം. പിന്നെ... താങ്ക്സ്... എല്ലാത്തിനും... ബൈ.
മായക്ക് ഒന്നും പറയാനായില്ല. അവൻ പോകുന്നത് നോക്കി അവളിരുന്നു. ജീവനോളം താൻ സ്നേഹിച്ചവനാണ് ആ പോകുന്നത്.
ഇഷ്ടമാണെന്ന് പറയാൻ ഒരിക്കൽ പോലും സാധിച്ചില്ല. ഇഷ്ടമല്ലെന്ന് അവൻ പറഞ്ഞെങ്കിലോ എന്ന് കരുതി നല്ലൊരു കൂട്ടുകാരിയുടെ മുഖം എടുത്തണിയുകയായിരുന്നു. പക്ഷെ, അതിനിടയിൽ അവൻ രേഖയുമായി ഇഷ്ടത്തിലായി.
തന്റെ പ്രണയസൗധം തകർന്നടിയുകയാണെന്ന് തിരിച്ചറിഞ്ഞപ്പോളും അവന്റെ സന്തോഷം മാത്രമേ ആഗ്രഹിച്ചുള്ളൂ. കൂടെ നിന്നിട്ടെ ഉള്ളു എന്നും, നല്ലൊരു കൂട്ടുകാരിയായിട്ട്...
എന്നിട്ടും അവൻ വേദനിക്കുന്നു. രേഖയെ അവൻ അത്രമാത്രം സ്നേഹിച്ചിരുന്നു. അവൾ അത് മനസ്സിലാക്കിയില്ല. അവരുടെ ബന്ധത്തിൽ വിള്ളൽ വീഴാൻ തുടങ്ങിയപ്പോൾ മുതൽ താൻ ശ്രദ്ധിക്കുന്നതാണ്. എല്ലാം പഴയ പോലെ ആക്കാൻ ആവുന്നത്ര ശ്രമിച്ചതുമാണ്. എന്നിട്ടും...
കണ്ണുനീർ അവളറിയാതെ പുറത്തേക്കൊഴുക്കി. ഇല്ല അവനെ വേദനിക്കാൻ താൻ അനുവദിക്കില്ല. രേഖയോട് സംസാരിക്കണം. എങ്ങനെയും അവളെ പറഞ്ഞ് മനസ്സിലാക്കണം. ഒരുറച്ച തീരുമാനം എടുത്ത് കൊണ്ട് അവൾ രേഖയെ തേടി യാത്രയായി.
പക്ഷെ അവൾ എത്ര ശ്രമിച്ചിട്ടും രേഖ ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല. മായയുടെ ഒരു വാക്കുകളും രേഖ ചെവി കൊണ്ടില്ല. ഗൗതമിനെ അവൾ പൂർണ്ണമായും മറന്ന് കഴിഞ്ഞിരുന്നു. അവൾ അവനെ സ്നേഹിച്ചിരിന്നുവോ എന്ന് പോലും മായ സംശയിച്ചു. വേദനയോടെ അവൾ രേഖയുടെ വീടിന്റെ പടിയിറങ്ങി.
ഗൗതമിനെ ഫേസ് ചെയ്യാൻ കഴിയാതെ മായ ഒഴിഞ്ഞ് മാറുകയായിരുന്നു. അവന്റെ വിഷമം കാണാൻ വയ്യ എന്നത് തന്നെ ആയിരുന്നു കാരണം. പക്ഷെ ഒരു ദിവസം കാണേണ്ടി വന്നു. പക്ഷെ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല ഗൗതം. അവൻ കുറെ കൂടി പ്രസന്നനായിരുന്നു.
നീ എന്തിനാ പിന്നെയും രേഖയെ കാണാൻ പോയത്?
മായക്ക് മിണ്ടാൻ കഴിഞ്ഞില്ല.
വേണ്ട മായ... നീ എന്നോടുള്ള സ്നേഹംകൊണ്ടാണ് പോയതെന്ന് എനിക്കറിയാം. പക്ഷെ ഇനി വേണ്ട. എന്നെ വേണ്ടാത്ത അവളെ ഞാനും വേണ്ടാന്ന് വച്ച് കഴിഞ്ഞു. ഇനി നീ ഇതിന്റെ പുറകെ നടക്കേണ്ട. പിന്നെ...
മായ ഗൗതമിന്റെ മുഖത്തേക്ക് നോക്കി.
നിനക്ക്... നിനക്കെന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം.
മായ ഞെട്ടലോടെ ഗൗതമിനെ നോക്കി. ഒരു ചെറു പുഞ്ചിരിയോടെ ഗൗതം തുടർന്നു.
പക്ഷെ... ഞാൻ നിന്നെ ഒരു സുഹൃത്തായി മാത്രമേ കണ്ടിരുന്നുള്ളൂ. എന്നോടുള്ള സ്നേഹംകൊണ്ടാണ് നീ ഇത്രയും എനിക്ക് വേണ്ടി ചെയ്തത് എന്ന് എനിക്കറിയാം. ഞാൻ നിന്റെ സ്നേഹം മനസ്സിലാക്കുന്നു. പക്ഷെ...
വേണ്ട ഗൗതം... എനിക്കറിയാം. എന്റെ മനസ്സ് വേണ്ടാത്തതൊക്കെ ആഗ്രഹിച്ചു. നീ എന്നിൽ നിന്നും പ്രതീക്ഷിച്ചത് അതൊന്നുമല്ലെന്ന് എനിക്കറിയാം. എന്റെ സ്നേഹം നീ തിരിച്ചറിഞ്ഞല്ലോ... അതും ഞാൻ പറയാതെ തന്നെ. അത് മതി. ഞാനെന്നും നിനക്ക് നല്ലൊരു കൂട്ടുകാരി ആയിരിക്കും. അതിൽ കൂടുതൽ ഒന്നും വേണ്ട.
ഗൗതം മായയെ നോക്കി. എന്തെന്നില്ലാത്ത ഒരാശ്വാസം അവന് തോന്നി. പെയ്തൊഴിഞ്ഞ കാർമേഘം പോലെ രണ്ടുപേരും മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു.
- ശാമിനി ഗിരീഷ്-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക