Slider

ഇര

0
Image may contain: 2 people, people smiling, closeup

ആ പെൺകുട്ടി ഓട്ടോയിൽ വന്നിറങ്ങുന്നത് അയാൾ ഇരുട്ടിൻ്റെ മറവിൽ നിന്ന് കാണുന്നുണ്ടായിരുന്നു. റോഡിന് അരികിലെ ഒരു ഇടവഴിയിലൂടെ അവൾ ഇരുളിലേക്ക് നടന്നു നീങ്ങി.
രണ്ടു മൂന്ന് ദിവസമായി അയാൾ അവളെ ശ്രദ്ധിക്കുന്നു. ഇന്ന് പക്ഷെ ചുറ്റും വിജനമായിരുന്നു. ആകാശത്ത് ഇരുണ്ട മേഘങ്ങൾ നിലാവിനെ മറഞ്ഞു നിന്നു. ഒരു ചാറ്റൽ മഴയുടെ തുടക്കം പോലെ. വഴിവിളക്കുകളും അണഞ്ഞു കിടന്നു.
ദൂരെ നിന്നും പാഞ്ഞു വന്ന രണ്ടു ബൈക്കുകൾ അയാളെ കടന്നു പോയി. ഹെഡ് ലൈറ്റുകളുടെ പ്രകാശം അപ്പുറത്തെ വളവ് തിരിഞ്ഞതും അയാൾ ആ പെൺകുട്ടിയുടെ പുറകെ ഇടവഴിയിലേക്ക് ഇറങ്ങി.
ഇടവഴിയുടെ അറ്റത്തായി അരണ്ട വെളിച്ചത്തോടെ ഒരു വഴിവിളക്ക് കത്തിക്കിടന്നിരുന്നു. അതിൻ്റെ വെട്ടത്തിൽ ആ പെൺകുട്ടി വളവു തിരിയുന്നത് അയാൾ കണ്ടു. വഴിക്കപ്പുറം ഇനി വരണ്ടു കിടക്കുന്ന പാടങ്ങളാണ് . അയാൾ വേഗം കൂട്ടി.
പെൺകുട്ടി ആകാശത്തേക്ക് നോക്കിക്കൊണ്ട് പാടവരമ്പിലേക്ക് കയറി.
സാധാരണ വരുമ്പോൾ പാടത്തിനരികിലെ സർപ്പക്കാവിൽ നിന്നും ചീവീടുകളുടെ മുരളിച്ച കേൾക്കാറുണ്ട്. അവൾക്ക് വഴി കാണിച്ചു കൊണ്ട് നിലാവെട്ടവും. ഇന്ന് ഇരുട്ടും നിശബ്ദതയും. ഇരുണ്ട മേഘക്കൂട്ടങ്ങൾക്കിടയിലൂടെ നേരിയ പ്രകാശം ആകാശത്ത് ഇടയ്ക്കിടെ നിഴലുകൾ വീഴ്ത്തുന്നു.
ഇനിയും കുറേക്കൂടി നടക്കാനുണ്ട്. ഇന്ന് സാധാരണ ഇറങ്ങുന്ന സമയം കഴിഞ്ഞിരുന്നു, ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ. അവസാനത്തെ ബസ്സാണ് ഓടിക്കിതച്ച് എത്തിയപ്പോൾ കിട്ടിയത്. ആ ബസ്സാണെങ്കിൽ ടൗൺ വരെയേ ഉള്ളൂ. പിന്നെ ഓട്ടോ പിടിച്ച് എത്തിയപ്പോഴേക്കും സമയം വൈകി.
"ഇങ്ങിനെ രാത്രിയാത്ര ആവശ്യമില്ലാത്ത ഏതെങ്കിലും ജോലി മതി മോളെ", ഇന്നലെയും കൂടി അമ്മ പറഞ്ഞു.
"വേറെ ജോലി നോക്കണം", പാടവരമ്പിൻ്റെ അരികിലൂടെ ഒഴുകുന്ന കുഞ്ഞുതോട് കവച്ചു വെച്ച് അപ്പുറത്തെ വരമ്പിലേക്ക് കയറുന്നതിനിടെ അവൾ ചിന്തിച്ചു.
"നീ വന്നു കയറുന്നത് വരെ ഒരു സമാധാനോം ഇല്ല.", എല്ലാ ദിവസവും വീട്ടിലേക്ക് കയറുന്നത് അമ്മയുടെ ഈ വാക്കുകൾ കേട്ട് കൊണ്ടാണ്.
പുറകിൽ എന്തോ ഒരു അനക്കം പോലെ തോന്നിയപ്പോഴാണ് അവൾ തിരിഞ്ഞു നോക്കിയത്. പാടത്തിൻ്റെ അരികിലെ മാവിൻ്റെ മറവിലേക്ക് ഒരു രൂപം പതുങ്ങി മാറിയത് പോലെ. അവൾ മുന്നോട്ട് രണ്ടടി കൂടി വെച്ചിട്ട് പെട്ടെന്ന് ഒന്ന് കൂടി തിരിഞ്ഞ് നോക്കി.
അയാൾ പെൺകുട്ടി പെട്ടെന്ന് തിരിഞ്ഞു നോക്കും എന്ന് പ്രതീക്ഷിച്ചില്ലായിരുന്നു. വീണ്ടും മരത്തിൻ്റെ മറവിലേക്ക് മാറാൻ അയാൾക്ക് സമയം കിട്ടിയില്ല. അരണ്ട വെളിച്ചത്തിൽ അവൾ അയാളുടെ രൂപം കണ്ടു. അവൾ ആലോചിക്കുമ്പോഴേക്കും അയാൾ അവളുടെ നേർക്ക് നീങ്ങി.
നെഞ്ചിലെ ആളൽ അടങ്ങുന്നതിന് മുൻപ് അവൾ തിരിഞ്ഞ് പാടവരമ്പിലൂടെ ഓടി. പാടം കഴിയാറായിരുന്നു. അതിൻ്റെ അപ്പുറം ഒരു തെങ്ങിൻ തോപ്പും പിന്നെ നാട്ടിലെ പഴയ സ്‌കൂൾ കെട്ടിടവും. സ്‌കൂളിൻ്റെ മതിലിനപ്പുറം രണ്ടാമത്തെ വീടായിരുന്നു അവളുടെ.
അവൾ തെങ്ങിൻ തോപ്പിലേക്ക് കടന്നു. ആകാശത്ത് മേഘങ്ങൾക്കിടയിലൂടെ നിലാവെട്ടം ഇടയ്ക്കിടെ തല നീട്ടിക്കൊണ്ടിരുന്നു. അത് മതിയായിരുന്നു അവൾക്ക്. വീണ്ടും തിരിഞ്ഞു നോക്കിയപ്പോൾ അയാളും പാടത്തിൻ്റെ മൂലയിൽ എത്തിയിരുന്നു. അവൾ തോളത്ത് കിടന്ന ബാഗിൻ്റെ വള്ളിയിൽ മുറുക്കെപ്പിടിച്ച് തെങ്ങിൻതോപ്പിൻ്റെ അറ്റത്തെ പൊളിഞ്ഞു കിടന്ന കയ്യാല ചാടിക്കടന്നു.
സ്‌കൂൾ മുറ്റത്തേക്ക് കടന്നപ്പോഴാണ് അയാൾ തെങ്ങിൻ തോപ്പ് കടക്കുന്നത് അവൾ കണ്ടത്. അവൾ ആകെ ക്ഷീണിച്ചിരുന്നു. ശ്വാസം വിലങ്ങി നിൽക്കുന്നത് പോലെ. ഇനി ഓടാൻ കഴിയില്ല എന്ന് തോന്നിയ അവൾ നേരെ സ്കൂൾ കെട്ടിടങ്ങളുടെ ഇടയിലേക്ക് ഓടിക്കയറി.
മൂന്ന് വേറെ വേറെ കെട്ടിടങ്ങൾ. സ്‌കൂൾ അവിടെ നിന്നും ടൗണിലേക്ക് മാറിയിട്ട് ഒരു കൊല്ലമായി. എല്ലാം കാടു പിടിച്ചു കിടക്കുന്നു. അവൾക്ക് പക്ഷേ ഓരോ മുക്കും മൂലയും പരിചിതമായിരുന്നു. കുട്ടിക്കാലത്ത് അവധിക്കാലങ്ങളിൽ പിള്ളേർ എല്ലാരും കൂടി ഒളിച്ചുകളി കളിച്ചു നടന്നത് ഇവിടെത്തന്നെയായിരുന്നു.
അവൾ പുറത്തേക്ക് കാണാൻ കഴിയുന്ന ഒരു മുറിയുടെ അകത്തേക്ക് കയറി. ജനാലപ്പാളിയിലൂടെ സ്‌കൂൾ മുറ്റത്തേക്ക് നോക്കി. അയാൾ സ്‌കൂൾ മുറ്റത്തേക്ക് കടക്കുന്നുണ്ടായിരുന്നു. അവൾ ശ്വാസം അടക്കിപ്പിടിച്ച് നിന്നു.
അയാൾ സ്‌കൂൾ മുറ്റത്തേക്ക് കടന്നപ്പോഴാണ് അവൾ പെട്ടെന്ന് ആ കാഴ്‌ച കണ്ടത്.
തെങ്ങിൻതോപ്പ് കടന്ന് നാല് രൂപങ്ങൾ വേഗത്തിൽ സ്‌കൂൾ മുറ്റം ലക്ഷ്യമാക്കി വരുന്നു. അയാളുടെ കൂടെയുള്ളവർ ആയിരിക്കുമോ എന്നവൾ ചിന്തിച്ചു.
പെൺകുട്ടി മുറ്റം വരെ വരുന്നത് അയാൾ കണ്ടിരുന്നു. പെട്ടെന്നാണ് അവളെ കാണാതായത്. അയാൾ അവൾ എങ്ങോട്ടു പോയി എന്ന് ആലോചിക്കുന്നതിന് ഇടയിലാണ് പെട്ടെന്ന് പുറകിൽ ആരുടെയോ അടക്കിപ്പിടിച്ചുള്ള സംസാരം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ നാല് രൂപങ്ങൾ ഇരുട്ടിൽ നിന്നും അയാളുടെ നേർക്ക് വരുന്നത് അയാൾ കണ്ടു.
അയാൾ പെട്ടെന്ന് അപകടം മണത്തു. കഴിഞ്ഞ മാസം തൊട്ട് പ്രതീക്ഷിച്ചതാണ് ഇത്. അമ്പലത്തിലെ ഉത്സവത്തിനിടയിലെ അടിപിടിക്കിടയിൽ ഒരാൾ മരിച്ചിരുന്നു. അയാളും ആ കേസിൽ പ്രതിയായിരുന്നു. ജ്യാമം കിട്ടി ഇറങ്ങിയപ്പോൾ തൊട്ട് ഒരു തിരിച്ചടി അയാൾ എന്നും പ്രതീക്ഷിച്ചിരുന്നു.
ചെറിയ പ്രകാശത്തിൽ അവരുടെ കൈകളിൽ ആയുധങ്ങൾ അയാൾ കണ്ടു. അടുത്ത നിമിഷം അയാൾ സ്‌കൂൾ കെട്ടിടത്തിന് അരികിലൂടെ അവരെ വെട്ടിച്ച് മൈതാനത്തിൻ്റെ മൂലയിലേക്ക് ഓടി. അവിടെ സ്റ്റേജിന് വേണ്ടി കെട്ടിയ തറയിലേക്ക് ചാടിക്കയറി. തൊട്ടരികിൽ സ്‌കൂൾ മതിൽ പൊളിഞ്ഞു കിടന്നതിൻ്റെ ഇടയിലൂടെ തെങ്ങിൻതോപ്പിലേക്ക് കയറി. അവിടന്ന് പാടവരമ്പിലേക്ക് ഓടിയിറങ്ങി.
അയാൾക്ക് പുറകെ ആയുധങ്ങളുമായി അവർ നാലു പേരും.
പെൺകുട്ടി ജനലിലൂടെ ഇത് കണ്ട് ഞെട്ടി നിൽക്കുകയായിരുന്നു. എന്തോ അവൾക്ക് വീട്ടിലേക്ക് ഓടാൻ തോന്നിയില്ല. അവൾ പാടവരമ്പിലേക്ക് നോക്കി നിന്നു.
ഓടുന്നതിന് ഇടയിൽ അയാൾ തെന്നി വീണു. അയാൾ തിരിഞ്ഞു നോക്കുന്നതും പിന്നെ വീണ്ടും എഴുന്നേറ്റ് ഓടുന്നതും അവൾ കണ്ടു. നാലു പേരും അയാളുടെ പുറകിൽ എത്താറായിരുന്നു. അയാൾ വരമ്പുകൾ മാറി മാറി ഓടിക്കൊണ്ടിരുന്നു.
വീണ്ടും അയാൾ വഴികൾ വളഞ്ഞ് സ്‌കൂളിന് നേരെ കുതിച്ചു. പുറകെ വരുന്നവരിൽ ഒരാൾ എന്തോ അയാളുടെ നേരെ എറിയുന്നത് അവൾ കണ്ടു. അയാളുടെ ചലനങ്ങൾക്ക് വേഗത കുറഞ്ഞത് പോലെ.
അയാൾ സ്‌കൂൾ മുറ്റം കടന്ന് കെട്ടിടങ്ങൾക്ക് ഇടയിലേക്ക് കടന്നു. ഇരുട്ടത്ത് അയാൾക്ക് എങ്ങോട്ടു പോകണം എന്ന് മനസ്സിലായില്ല.
അയാൾ സ്‌കൂളിലേക്ക് കടക്കുന്നതും ഓടി വന്ന നാലു പേരും അയാൾ എങ്ങോട്ട് പോയി എന്നറിയാതെ മുറ്റത്ത് പകച്ചു നിൽക്കുന്നതും അവൾ കണ്ടു.
അയാൾ കെട്ടിടത്തിൻ്റെ ചുമരിൽ കൈ അമർത്തി ശ്വാസം അടക്കിപ്പിടിച്ചു നിന്നു.
"അവൻ ഇവിടെത്തന്നെ കാണും. നിങ്ങൾ അപ്പുറത്ത് നോക്ക്. ഞാൻ ഇവിടെ നോക്കാം", കൂട്ടത്തിലെ ഒരാളുടെ ശബ്ദം കേട്ടു.
അയാൾ പതുക്കെ കെട്ടിടത്തിൻ്റെ അകത്തേക്ക് കടന്നു. ഇരുട്ടു മൂടിയ ഇടനാഴികകൾക്ക് മുന്നിൽ അയാൾ പകച്ചു നിന്നു.
പെട്ടെന്ന് ഒരു കൈ അയാളുടെ കയ്യിൽ പിടിച്ച് അകത്തേക്ക് വലിച്ചു. അയാൾ ഭയത്തോടെ ആ കൈ തട്ടി മാറ്റാൻ ശ്രമിച്ചു.
"ശ്ശ്..മിണ്ടല്ലേ", ആ പെൺകുട്ടിയുടെ ശബ്ദം.
ആ മുറിയിലെ മരപ്പാളികൾ മൂടിയ, ചുമരിലെ അലമാരയിലേക്ക് അയാളെ വലിച്ചു കൊണ്ട് അവൾ കയറി. എന്നിട്ട് ആ മരപ്പാളികൾ ഉള്ളിൽ നിന്നും പതുക്കെ ശബ്ദമുണ്ടാക്കാതെ അടച്ചു.
അയാൾ തളർന്ന് അവളുടെ തോളത്തേക്ക് ചാരിയിരുന്നു.
കുട്ടിക്കാലത്തെ ഒളിച്ചു കളിയിൽ എന്ന പോലെ അവൾ അനങ്ങാതെ ശ്വാസം പിടിച്ചിരുന്നു. കൂടെ അയാളും.
-----------------------------------
ചെറുകഥ | സ്വപ്നരാജ്
- അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo