കുട്ടേട്ടൻ.
അങ്ങനെയാണ് അയാളെ ആ നാട്ടിൽ എല്ലാവരും വിളിക്കുക. എല്ലാവരും എന്ന് പറഞ്ഞാൽ സംസാരിച്ച് തുടങ്ങുന്ന കുഞ്ഞുങ്ങൾ മുതൽ, 70-80 വയസുള്ളവർ വരെ..
വെള്ളി വീണ തലയും താടിയും, പെരുമ്പറ മുഴങ്ങുന്ന ശബ്ദവും ഒരു അൻപത് വയസ്സിനോടടുത്ത് പ്രായവും. അതായിരുന്നു കുട്ടേട്ടൻ.
ഗ്രാമമെന്ന് നിസ്സംശയം വിളിക്കാവുന്ന ആ നാട്ടിലോടുന്ന ഒരേയൊരു ബസ്സിന്റെ കാലങ്ങളായുള്ള ഡ്രൈവർ.
ഓരോ സ്റ്റോപ്പിൽ നിന്നും കയറുന്നവരോട് കുശലമന്വേഷിച്ചും, അന്നാട്ടിലുണ്ടാവുന്ന കുഞ്ഞുങ്ങളുടെ നൂലുകെട്ടിനെകുറിച്ചും, ചോറൂണിനെക്കുറിച്ചും വരെ സംസാരിച്ചും, ആദ്യം മുതലേ കുട്ടേട്ടൻ, ആ നാട്ടുകാരനായി മാറിയിരുന്നു.
സ്റ്റോപ്പുകളിൽ നിർത്തുന്നതുകൂടാതെ, ബസ് കിട്ടാൻവേണ്ടി ഓടിവരുന്നവരുടെ വീടിനുമുന്നിൽ പോലും കുട്ടേട്ടൻ ബസ് നിർത്തിക്കൊടുക്കും.
"ആ കുട്ടേട്ടാ, സുഖല്ലേ" എന്നും ചോദിച്ചാണ് ആളുകൾ ബസിൽ കയറുന്നതുതന്നെ..
അതിരാവിലെ 6 മണിക്കാണ് ആ ബസിന്റെ ആദ്യ ട്രിപ്പ് ആരംഭിക്കുക..
മഞ്ഞത്തോ ചാറ്റൽമഴയത്തോ ഒക്കെ ടൗണിൽ നിന്ന് പുറപ്പെട്ട്, ആ ഗ്രാമത്തിനെ വലംവെച്ച്, തിരികെ ടൗണിൽ എത്തും..
കൃത്യനിർവഹണം ഭംഗിയായി ചെയ്ത ആത്മസംതൃപ്തിയോടെ ഒരു ഗ്ലാസ് ചായയും ഒരു ബീഡിക്കുറ്റിയും പിടിച്ച്, ഓരോ ട്രിപ്പ് കഴിയുമ്പോഴും കുട്ടേട്ടൻ വിശ്രമിക്കുന്നുണ്ടാവും. അഞ്ചോ പത്തോ മിനിറ്റുകൾ മാത്രം.
അവിടങ്ങളിലെ കല്യാണങ്ങൾ, മരണം, കുട്ടികളുടെ പിറന്നാൾ, വീടുകൂടൽ എന്നുവേണ്ട, പൂരവും പള്ളിപ്പെരുന്നാൾ പോലും കുട്ടേട്ടനെ അറിയിച്ചിരുന്നു.
എന്നിരുന്നാലും കാക്കിഷർട്ടിലും കാവിമുണ്ടിലും അല്ലാതെ അധികമാരും കുട്ടേട്ടനെ കണ്ടിരുന്നില്ല.
ഞായറാഴ്ചകളിൽ സ്റ്റോപ്പുകളിൽ നിന്ന് കൂട്ടത്തോടെ കയറുന്ന ചേടത്തിമാരെ, പള്ളിയുടെ മുന്നിൽ ഇറക്കിയിട്ട് കുട്ടേട്ടൻ പറയും,
"മ്മടെ കാര്യം കൂടി പറഞ്ഞോളോട്ടാ.."
അമ്പലത്തിൽ നിന്ന് മടങ്ങുന്നവരാകട്ടെ പ്രസാദത്തിൽ ഒരുപങ്ക് കുട്ടേട്ടന് കൊടുക്കാനും മറന്നിരുന്നില്ല.
കാലങ്ങളായി കാണാതിരിക്കുന്നവരെ, വഴിവക്കിൽ കണ്ടാൽ കുട്ടേട്ടൻ ബസ് നിർത്തി സംസാരിച്ചിട്ടേ പോവൂ..
ഞാറുനടുന്നവരോടും, നടന്നുപോകുന്നവരോടും മുറ്റത്ത് കളിക്കുന്ന കുട്ടികളോടുമൊക്കെ കുട്ടേട്ടൻ കയ്യുയർത്തിക്കാണിക്കും..
ആ ഗ്രാമത്തിലെ കാറ്റിനുപോലും കുട്ടേട്ടനെ അറിയാമെന്ന് പറഞ്ഞാൽ അധികമാവില്ല.
കാലമങ്ങനെ കടന്നുപോയി..
നീണ്ട 15 വർഷങ്ങൾ..
അന്നൊരു ദുഃഖവെള്ളിയാഴ്ച ആയിരുന്നു..
പള്ളിയിൽ നിന്നും വന്ന് ടി.വി ഓൺ ചെയ്ത കൊച്ചിനോടമ്മ പറഞ്ഞു,
"ഇന്ന് ടി.വി ഒന്നും കാണാൻ പാടില്ല കൊച്ചേ. ആർപ്പും ആരവങ്ങളും ബഹളങ്ങളും ഒന്നുംകൂടാതെ പ്രാർത്ഥനയോടെ കഴിച്ചുകൂടേണ്ട ദിവസമാണിന്ന്.."
അതുകേട്ടവൾ അമ്മയോട് ചോദിച്ചു,
"ദുഃഖവെള്ളി ആയതുകൊണ്ടാണോ അതോ കുട്ടേട്ടൻ മരിച്ചതുകൊണ്ടാണോ അമ്മേ.."
അമ്മക്ക് ഉത്തരമില്ലായിരുന്നു..
ആ നാട് മുഴുവൻ അന്ന് നിശബ്ദമായി കരഞ്ഞും, ഓർമ്മകൾ അയവിറക്കിയും ദുഃഖവെള്ളി അക്ഷരംപ്രതി ആചരിച്ചു.
യഹൂദന്മാർ വെള്ളിയാഴ്ച കുരിശിലേറ്റിയ ക്രിസ്തു, മൂന്നാംനാൾ ഉയർത്തെഴുന്നേറ്റപോലെ, കുട്ടേട്ടനും തിരിച്ചുവന്നിരുന്നെങ്കിൽ എന്ന് വെറുതെയെങ്കിലും അവർ ആഗ്രഹിച്ചിരിക്കണം..
ദിൽന..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക