കുറെ നാളായി കെട്ടിയോന്റെ മുഖം ഒരുമാതിരി ഇഞ്ചി കടിച്ചെന്നോണം, പോലെ ഇരിക്കാൻ തുടങ്ങിയിട്ട്.
എന്താ എന്താ പറ്റിയെ എന്ന് ടീന ചോദിക്കുമ്പോഴൊക്കെ, ഒന്നുമില്ല എന്ന് മറുപടി പറഞ്ഞൊഴിയുകയാണ് എബി എന്ന അവളുടെ ഭർത്താവ്.
എന്താ എന്താ പറ്റിയെ എന്ന് ടീന ചോദിക്കുമ്പോഴൊക്കെ, ഒന്നുമില്ല എന്ന് മറുപടി പറഞ്ഞൊഴിയുകയാണ് എബി എന്ന അവളുടെ ഭർത്താവ്.
എന്നാലും കൃത്യമായി ഉത്തരം കിട്ടിയില്ലേൽ , കെട്ടിയോന് സ്വൈര്യം കൊടുക്കാത്ത കൂട്ടരാണല്ലോ പൊതുവെ ഭാര്യമാർ.
ആ കൂട്ടത്തിൽപെട്ട ടീന എബിയെ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു.
എന്നാലും എന്റെ എബിയേട്ടാ… പ്ളീസ് ..ഒന്ന് പറ , എന്താ പറ്റിയെ എന്ന്?
ഒന്നുമില്ല…. , ഒന്നുമില്ലാന്നു………..പറഞ്ഞില്ലേ?
പിന്നെ എന്നാത്തിനാ , മോന്തേം വീർപ്പിച്ചിരിക്കുന്നെ…? ടീനയ്ക്കു ദേഷ്യം വന്നു തുടങ്ങിയിരുന്നു.
ശ്യോ ! ടീനയോട് കാര്യം പറയണോ, എന്ന് കൂലങ്കഷമായി എബി ചിന്തിച്ചു.
ഒന്ന് വേഗം പറ .... എനിക്ക് നൂറു കൂട്ടം പണിയുള്ളതാ... എന്നെ ഇങ്ങനെ പിന്നാലെ നടത്തിക്കല്ലേ...ടീന ധൃതി കൂട്ടി.
ഒടുവിൽ എബി ടീനയോടു കാര്യം പറഞ്ഞു, ടീനെ .. , നീ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ , എന്റെ പ്രശനം വളരെ ഗുരുതരമാണ്. .പരിഹരിക്കാൻ പറ്റുമോന്നു സംശയം ഉണ്ട്.
എന്താ പ്രശ്നം എന്ന് പറ ചേട്ടാ… അതൊക്കെ കേൾക്കാൻ വേണ്ടിയല്ലേ, നമ്മൾ പള്ളിയിൽ വച്ച് , കർത്താവിന്റെ മുന്നിൽ ഭാര്യാഭർത്താക്കന്മാരായി സത്യപ്രതിജ്ഞ ചെയ്തത്. എന്തുണ്ടെലും നമുക്ക് പരിഹരിക്കാം. പറയൂന്നേ .....
അതെ കുറച്ചു ദിവസമായിട്ടു വയറ്റിന്നു പോകുന്നില്ല. അതായതു കോൺസ്റ്റിപേഷൻ , അത് തന്നെ പ്രശ്നം. ചൂടുവെള്ളം കുടിച്ചു നോക്കി, പഴം തിന്നു നോക്കി ഒരു രക്ഷയുമില്ല.
അതാണോ ഇത്ര വലിയ ഘടാഘടിയൻ പ്രശ്നം. അതൊക്കെ നമുക്ക് പരിഹരിക്കാം.
എങ്ങനെ?..
ടീന ഒരു നിമിഷം ആലോചിച്ചു. പെട്ടെന്ന് തന്നെ അവൾ ഉത്തരം പറഞ്ഞു,
അതെ ചേട്ടാ, ഇന്നാളൊരു ദിവസം കൊച്ചിന് വയറ്റിനുപോകാൻ ബുദ്ധിമുട്ടുണ്ടായത് ഓർക്കുന്നുണ്ടോ? അന്ന് നമ്മൾ ബാലസുധ വാങ്ങി കൊച്ചിന് കൊടുത്തതു ഓർക്കുന്നുണ്ടോ?
അയ്യോ ബാലസുധയോ?
അതെ ചേട്ടാ, ബാലസുധ തന്നെ. ആ കുപ്പി ഇവിടെ എവിടെയോ ഉണ്ട്. അതിൽ നിന്നും ഒരു പത്ത് തുള്ളിയെടുത്ത്, ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിച്ചാൽ മതിയെന്നേ.. അപ്പോൾ ഈ പറയണ കോൺസ്റ്റിപേഷൻ പൊക്കോളും.
എന്റെ പൊന്നു ടീനേ.., വയറു വേദനിക്കും.
എനിക്ക് വയ്യ.
എനിക്ക് വയ്യ.
ഏയ്... അങ്ങനെയൊന്നുമില്ല. കൊച്ചിനു ഞാൻ ബാലസുധ കൊടുത്തപ്പോൾ , അവൻ ചിരിച്ചുകൊണ്ടാണല്ലോ വയറ്റീന്നു പോയത്. വേദന ഉണ്ടെങ്കിൽ അവൻ കരയുകയല്ലേ ഉണ്ടാവുള്ളൂ. മോന് ബാലസുധ കൊടുത്തതിനുശേഷം ഉണ്ടായ സംഭവ വികാസങ്ങൾ ടീന ഓർത്തു.
ന്ദേ അങ്ങനെയാണോ...എന്നാൽ നീ ആ കുപ്പി കൊണ്ടുവാ...
ശരി ചേട്ടാ..അതും പറഞ്ഞു , ടീന ബാലസുധ കുപ്പി എവിടെയാണ് വച്ചതെന്ന് കണ്ടുപിടിച്ച്, അതും എടുത്ത് ഒരു ഗ്ലാസ് വെള്ളവും കൊണ്ടുവന്നു എബിക്ക് കൊടുത്തു.
എബി കുപ്പിയിലെ ഇൻസ്ട്രക്ഷൻ അനുസരിച്ചു , പത്തു തുള്ളി ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിക്കുന്നത് കണ്ടിട്ട്, കർത്താവേ.., അദ്ദേഹത്തിന്റെ വയറിനെ കാത്തോളണേ , അല്ലെങ്കിൽ എനിക്ക് പണിയാണെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ടീന കുരിശു വരച്ചു.
ആ വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ, ടീന എബിയോട് പറഞ്ഞു,
ചേട്ടാ.. റിസൾട് എന്താണെന്നു എന്നോട് പറയണേ..എപ്പോഴാ ആവശ്യം വരുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ?. , അതുകൊണ്ടാ ..പിന്നെ ചേട്ടാ.. വയറു വേദന എങ്ങാനും വരുന്നുണ്ടെങ്കിൽ അതും എന്നോട് പറയണേ.. ഒരു മുൻകരുതൽ എടുക്കാനാണ്...
ടീനയെ ഒന്ന് രൂക്ഷമായി നോക്കിയശേഷം, എബി അന്നത്തെ പത്രമെടുത്തു വായിക്കാനിരുന്നു. കുറച്ചു കഴിഞ്ഞു , കെട്ടിയോൻ ടോയ്ലെറ്റിലേക്കു പാഞ്ഞു പോകുന്നത് കണ്ടപ്പോൾ തന്നെ ടീനക്കു മനസിലായി, ബാലസുധ പണി കൊടുത്തു തുടങ്ങീ എന്ന്.
കുറെ കഴിഞ്ഞതിനുശേഷം, പട വെട്ടി തളർന്നവശനായ ഒരു യോദ്ധാവിനെപ്പോലെ , ചപ്രത്തലമുടിയുമായി ടോയ്ലെറ്റിൽ നിന്നും ഇറങ്ങി വന്ന എബിയെ കണ്ട ടീന ആശങ്കയോടെ ചോദിച്ചു, എന്തായീ…..?
അപ്പോൾ എബി പൊട്ടിത്തെറിച്ചുകൊണ്ടു പറഞ്ഞു,
ഡീ..നീയല്ലെടീ പറഞ്ഞെ... ബാലസുധ കുടിച്ചാൽ ചിരിച്ചോണ്ട് വയറ്റിന്നു പോകും എന്ന്.. എനിക്ക് നന്നായി വയറു വേദനിച്ചു ..അറിയോടി
എൻ്റെ പൊന്നു ചേട്ടാ , സത്യമായിട്ടും, കൊച്ചു ചിരിച്ചോണ്ടാ വയറ്റിനു പോയത്. നിങ്ങൾ ബാലസുധ കുടിച്ചാൽ, ചിരിച്ചോണ്ടായിരിക്കും വയറ്റിന്നു പോകുക എന്ന് ഞാൻ പറഞ്ഞില്ലല്ലോ. ടീന നിഷ്കളങ്കയായി മറുപടി പറഞ്ഞു.
ടീനയെ ദയനീയമായി നോക്കിയ എബി, പെട്ടെന്ന് വയർ പൊത്തിപ്പിടിച്ചു കൊണ്ട് , “ഹയ്യോ .. ഹെന്റമ്മേ ..എന്റെ വയർ”... എന്നും പറഞ്ഞു വീണ്ടും ടോയ്ലെറ്റിലേക്കു പാഞ്ഞു പോയി.
അത് കണ്ട ടീന മൂക്കത്തു വിരൽ വച്ചു കൊണ്ടു ആത്മഗതം ചെയ്തു, “ഒരു ബാലസുധ വരുത്തിവച്ച ദുരന്തമേ ...”
സുമി ആൽഫസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക