Slider

നൂറ്റിയൊന്നാമത്തെ പെണ്‍കുട്ടി

0
Image may contain: 1 person, sitting, outdoor, water and nature

നേരം പാതിരയായിട്ടും കൈയ്യിലൊരു ബ്രാണ്ടിക്കുപ്പിയും പിടിച്ച് ആ റെയില്‍ പാളത്തിന്‍റെ മധ്യത്തിലൂടെ നടന്നു പോകുന്ന മനുഷ്യനെ കണ്ടോ ? പുള്ളിക്കാരനാണ് ഈ കഥയിലെ നായകന്‍ ..പേര് ബൈജു.ബൈജുവിനെ എനിക്ക് വര്‍ഷങ്ങളായിട്ട്‌ അറിയാം അതുകൊണ്ടാണ് ബൈജുവിന്‍റെ കഥ ഞാന്‍ തന്നെ പറയാമെന്ന് വിചാരിച്ചത് ..പേടിക്കണ്ട ബോറടിക്കില്ല..
ഇനി ബൈജുവിനെ കുറിച്ച് പറയുകയാണെങ്കില്‍ വയസ്സ് മുപ്പത്തിയൊന്ന്,അവിവാഹിതന്‍,ബിരുദധാരി,കാണാന്‍ അല്പം സൌന്ദര്യം കുറഞ്ഞ ..അല്ലെങ്കില്‍ വേണ്ട ..കാണാന്‍ വല്യ കുഴപ്പമില്ലെന്ന് പറയാം,ഉയരം ഒരു അഞ്ചടി കാണുമായിരിക്കും ..പിന്നെ പുള്ളിക്കാരന്‍ ഒരു മോട്ടിവേഷണല്‍ സ്പീക്കറാണ്..ആലിബാബ എന്ന ആഗോള ഭീമന്‍ കമ്പനിയുടെ തലവനായ ജാക്ക് മാ ആണ് ബൈജുവിന്‍റെ റോള്‍ മോഡല്‍ ..കാരണം എന്താന്നറിയുമോ ? ജാക്ക് മാക്കും ബൈജുവിന്‍റെ അത്രയേ ഉയരമുള്ളു ..ജാക്ക് മായെപ്പോലെ ചെറിയ മുഖമാണത്രേ ബൈജുവിനും ..ഇതൊന്നും ഞാന്‍ പറയുന്നതല്ല ..ബൈജു തന്നെ പറഞ്ഞ കാര്യങ്ങളാണ്‌ .ബൈജുവിന് എന്തെങ്കിലും വിഷമം വന്നാല്‍ അപ്പൊ ജാക്ക് മായുടെ പ്രശസ്തമായ ഒരു ഉദ്ധരണിയുണ്ട് അതെടുത്ത് ഉച്ചത്തില്‍ പറഞ്ഞു ബൈജു സ്വയം ആശ്വസിക്കും
“Never give up. Today is hard, tomorrow will be worse, but the day after tomorrow will be sunshine “ കുപ്പിയില്‍ നിന്ന് വീണ്ടും വായയിലേക്ക് ബ്രാണ്ടി കമഴ്ത്തി ബൈജു ഉച്ചത്തില്‍ പറഞ്ഞു
പറഞ്ഞു നാക്ക്‌ വായയില്‍ ഇട്ടില്ല..കേട്ടോ ? ബൈജു പറഞ്ഞത് കേട്ടോ ? ഇതാണ് ഞാന്‍ പറഞ്ഞ ഉദ്ധരണി.ഞാന്‍ ഇടക്കിടയ്ക്ക് ഇത് കേള്‍ക്കാറുള്ളതാണ്.പുള്ളി ഇന്ന് ഒത്തിരി വിഷമത്തിലാണ്.ബൈജുവിനെ പറ്റി പറഞ്ഞപ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല “അവിവാഹിതന്‍ “ എന്ന് സൂചിപ്പിച്ചിരുന്നു .അതെ തന്‍റെതല്ലാത്ത കാരണങ്ങളാല്‍ അവിവാഹിതനാവാന്‍ വിധിക്കപ്പെട്ടവന്‍ എന്ന് പറയുകയാണ് ഉചിതം.എത്രയെത്രെ പെണ്ണുകാണലുകള്‍ ..മൂന്നുവട്ടം കല്യാണം ഉറപ്പിച്ചു(പക്ഷേ മുടങ്ങി,ഏതോ തെണ്ടി മുടക്കി ) രണ്ടുതവണ വിവാഹ പന്തല്‍ വരെ എത്തിയ വധു(രണ്ടും നടന്നില്ല ,അവരൊക്കെ അവരുടെ കാമുകനൊപ്പം ഒളിച്ചോടി ) ..പാവം ബൈജു
”ഒ രാജഗോപാല്‍ വിജയിച്ചു ,VS അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായി എന്തിനേറെ പറയുന്നു ലിയാര്‍ണഡോ ഡികാപ്രിയോക്ക് ഓസ്കാര്‍ അവാര്‍ഡ്‌ അടക്കം കിട്ടി നിനക്ക് മാത്രം പെണ്ണ് ശരിയായില്ലേ ബൈജു ? “ എന്നൊക്കെ പറഞ്ഞു ബൈജുവിനെ പലരും കളിയാക്കാറുണ്ട് ..പാവം ബൈജു അല്ലാതെന്താ പറയാ
രണ്ടായിരത്തി നാലിലാണ് ബൈജു ആദ്യമായി പെണ്ണുകാണാന്‍ പോകുന്നത് .ആ സമയത്താണ് അല്ലു അര്‍ജുന്‍ന്‍റെ ആര്യ എന്ന ചിത്രം മലയാളത്തില്‍ മൊഴിമാറ്റം ചെയ്തു വരുന്നത് ..ചായ ഗ്ലാസ്സുമായി ബൈജുവിന്‍റെ അരികില്‍ വന്ന പെണ്‍കുട്ടി ബൈജുവിനെയൊന്ന് ആക്കി നോക്കിയശേഷം മുഖത്ത് നോക്കി പറഞ്ഞത്രേ
“ചേട്ടാ ..എനിക്ക് വേണ്ടത് കുറച്ചൂടെ സ്റ്റൈലിഷായ അല്ലു അര്‍ജുന്‍ പോലെയുള്ള ഒരാളെയാണ് “
ബൈജു അതുകേട്ടതും കുടിച്ച ചായ അതേപോലെ വായയില്‍ നിന്ന് തിരിച്ച് അവന്‍റെ ഗ്ലാസ്സിലേക്ക് ഒഴുകി .
പിന്നെയും കണ്ടു ഒരുപാട് പെണ്‍കുട്ടികളെ .അവര്‍ക്കൊക്കെ വേണ്ടിയിരുന്നത് അല്ലു അര്‍ജുന്‍ ,പൃഥ്വിരാജ്,ഹൃതിക് റോഷന്‍ ,ടോം ക്രൂസ് ,ബ്രാഡ്ലീ കൂപ്പര്‍ പോലെയുള്ള ചുള്ളന്മാരേ ആയിരുന്നു
ഇനി ബൈജുവിന്‍റെ സൌന്ദര്യത്തിന്‍റെ കാര്യം വിടൂ ..വേറെ ചില പെണ്‍കുട്ടികള്‍ പെണ്ണ് കാണാന്‍ പോയപ്പോള്‍ ചോദിച്ചത് കേള്‍ക്കണോ ?
“ചേട്ടന് ഗവണ്മെന്റ് ജോലിയാണോ ? ,ചേട്ടന് സിക്സ് പാക്കുണ്ടോ ? ചേട്ടന് ബുള്ളറ്റ് ഉണ്ടോ ?ചേട്ടന് കാറുണ്ടോ ? ചേട്ടന്‍ എന്താ മീശ വെക്കാത്തെ ? ചേട്ടന്‍ എന്താ താടി വെക്കാത്തെ?ചേട്ടന് ഫുഡ്‌ വെക്കാന്‍ അറിയുമോ ? “ ഈ പറഞ്ഞതൊക്കെ വെറും സാമ്പിള്‍ ക്വസ്റ്റ്യന്‍സ് ആണ് .കാറുപോയിട്ട് ഒരു സൈക്കിള്‍ കയറ്റി വെക്കാന്‍ സ്ഥലമില്ലാത്ത വീട്ടിലെ ഒരുത്തിക്ക് വേണ്ടത് സ്വന്തമായി കാറുള്ള ഒരു പയ്യനെയാണ് ..ഈ ലോകം എങ്ങോട്ട് പോകുന്നു ദൈവമേ
ഒരിക്കല്‍ ബൈജു എന്നോട് പറഞ്ഞിരുന്നു “അളിയാ പെണ്‍കുട്ടികളുടെ മനസ്സ് എന്ന് പറയുന്ന സാധനം ഉണ്ടല്ലോ സബ് ടൈറ്റില്‍ ഇല്ലാത്ത കൊറിയന്‍ ഫിലിം പോലെയാണ് ..ഒരുത്തരത്തിലും മനസ്സിലാക്കാന്‍ പറ്റില്ല “
അത് ശരിയാണെന്ന് ബൈജു പറഞ്ഞത് കേട്ടിട്ട് പലപ്പോഴും തോന്നിയിട്ടുണ്ട് ..കട്ടി മീശ വെച്ചിട്ട് പെണ്ണുകാണാന്‍ പോയാല്‍ കണ്ട ഉടനെ പെണ്ണ് പറയും “അയ്യേ എനിക്കൊന്നും വേണ്ടാ ഈ വീരപ്പനെ ..എനികിഷ്ടം ഷാരൂഖ്‌ ഖാനെ പോലെ ക്ലീന്‍ഷേവ് ചെയ്ത ആളെയാണ് “ ഇതും കേട്ട് ഇസ്തിരിയിട്ടപോലെ ക്ലീന്‍ഷേവ് ചെയ്തു വേറൊരു പെണ്ണിനെ കാണാന്‍ പോയാല്‍ അവള്‍ പറയും അവള്‍ക്ക് വേണ്ടത് പ്രേമത്തിലെ നിവിന്‍ പോളിയെപോലെ നല്ല കട്ട മീശയും താടിയുമുള്ള ഒരാളെയാണ് വേണ്ടതെന്ന്..പെണ്‍കുട്ടികളുടെ മനസ്സ് സീസണല്‍ ആണെന്ന വാദമാണ് കുറച്ചൂടെ ചേരുന്നത് കാരണം അവരുടെ മനസ്സ് എപ്പോഴും ട്രെന്‍ഡിനൊപ്പമാണ്.ട്രെന്‍ഡിനൊത്ത കാമുകനെയും ജീവിത പങ്കാളിയെയുമൊക്കെയാണ് അവര്‍ക്ക് ആവശ്യം..അത് പോട്ടേ ബൈജുവിന്‍റെ കഥയിലേക്ക് മടങ്ങി വരാം
ഇന്ന് ബൈജു സെഞ്ച്വറി അടിച്ചിരിക്കുകയാണ് ..അതെന്നെ നൂറാമത്തെ പെണ്ണുകാണല്‍ ആയിരുന്നു ഇന്ന് .ഇന്ന് കണ്ട പെണ്‍കുട്ടി ബൈജുവിന് കണ്ട കുറ്റം എന്താന്ന് അറിയോ ? ബൈജുവിന് അമിതാബ് ബച്ചന്‍റെ അത്ര ഉയരമില്ലന്ന് പോരാത്തതിന് ബൈജു റൊമാന്റിക്‌ അല്ലത്രേ ..ചെണ്ടക്കോലിന്‍റെ അത്രയേ ഉയിരമുള്ള അവളുടെ അഹങ്കാരമേ..
വിഷമം വന്നാല്‍ ജാക്ക് മായുടെ ഉദ്ധരണികള്‍ പറഞ്ഞു അവന്‍റെ വീടിന് അടുത്തുള്ള ഈ റെയില്‍വേ ട്രാക്കിലൂടെയുള്ള നടത്തം പതിവാണ് ..തുടക്കകാലങ്ങളില്‍ ബ്രാണ്ടി പതിവില്ലായിരുന്നു ..പിന്നെ എത്രയൊക്കെ മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നൊക്കെ പറഞ്ഞാലും ബൈജുവും മനുഷ്യനല്ലേ..ഏതോ ദുര്‍ബല നിമിഷത്തില്‍ ബൈജുവും ലഹരിക്ക്‌ അടിമയാവുകയായിരുന്നു
“Never give up. Today is hard, tomorrow will be worse, but the day after tomorrow will be sunshine “ ബൈജു വീണ്ടും ഉറക്കെ വിളിച്ചു പറഞ്ഞു
കേട്ടോ ? പാവത്തിന് നല്ല വിഷമമുണ്ട് ..ഞാനൊന്നു അവനെ സമാധാനിപ്പിച്ചിട്ട് വരാം..ങേ അവന്‍ ഇതെങ്ങോട്ടാ ഓടുന്നെ ..ബൈജു പാളത്തിന്റെ നടുവിലൂടെ ഓടുകയാണ് ..അതാ അവിടെ ഒരു പെണ്‍കുട്ടി.അവള്‍ പാളത്തില്‍ തല വെച്ചു കിടക്കുകയാണ്.ദൈവമേ ട്രെയിന്‍ വരുന്നുണ്ടല്ലോ ..ബൈജു അവളുടെ അടുത്ത് ചെന്ന് അവളെ പാളത്തില്‍ നിന്ന് പിടിച്ചുമാറ്റി
“വിടൂ .എന്നെ വിടൂ എനിക്കിനി ജീവിക്കണ്ട “ ആ പെണ്‍കുട്ടി ഉച്ചത്തില്‍ അതും പറഞ്ഞു അലറുന്നുണ്ട് .അവള്‍ കുതറിയോടാന്‍ ശ്രമം നടത്തി പക്ഷെ ബൈജു അവളുടെ കൈയ്യില്‍ കയറി പിടിച്ചു അവളെ പിന്നോട്ട് തള്ളി
(കഥ എങ്ങോട്ടാണ് പോകുന്നതെന്ന് പിടുത്തം കിട്ടുന്നില്ല ..കുറച്ചുനേരം ഞാന്‍ മാറി നില്‍ക്കുകയാണ് ..ബാക്കി ഭാഗം നിങ്ങളോടൊപ്പം ഞാനും കാണട്ടെ )
“സ്വസ്ഥമായി മനുഷ്യനെ ചാകാന്‍ വിട്ടൂടടോ “ അവള്‍ ബൈജുവിനോട് ചോദിച്ചു
ബൈജു അവളെ അടി മുതല്‍ പാദം വരെ ഒന്ന് നോക്കി ബ്രാണ്ടി വായയിലേക്ക് കമഴ്ത്തി
“ഓരോ മാരണങ്ങള്‍ വന്നോളും “ അവള്‍ അയാളെ നോക്കി പിറുപിറുത്തു
“ഡീ പെണ്ണേ ഇനി എന്തെങ്കിലും പറഞ്ഞാല്‍ ഉണ്ടല്ലോ .നീ ചാവുകയോ ജീവിക്കുകയോ എന്തെങ്കിലും ചെയ്യ്‌ എന്‍റെ കണ്മുന്നില്‍ ആവണ്ട എന്ന് കരുതി പിടിച്ചുമാറ്റിയതാണ് .ഇനി രണ്ടേ നാല്‍പതിനു കാരക്കല്‍ എക്സ്പ്രസ്സ്‌ വരാനുണ്ട്..അതിന് മുന്‍പില്‍ ചാടിക്കോ “ ബൈജു അല്പം ദേഷ്യത്തോടെ അവളോട്‌ പറഞ്ഞു.അവള്‍ വാച്ചിലേക്ക് നോക്കി
“ഈശ്വരാ സമയം ഒരുമണി..ഇനിയും ഒരുപാട് നേരം കാത്തിരിക്കണമല്ലോ..അതുവരെ ഒറ്റയ്ക്ക് ,ഈ രാത്രിയില്‍ ,ഇവിടെ, എങ്ങനെ ഞാന്‍ നില്‍ക്കും ? “ അവളൊരു ചോദ്യത്തോടെ ബൈജുവിനെ നോക്കി
“ആ എനിക്കറിയില്ല “ ബൈജു മറുപടി കൊടുത്തു
“തന്നോടാരാടോ എന്നെ രക്ഷിക്കാന്‍ പറഞ്ഞെ ? “
“പറ്റി പോയി ക്ഷമിയ്ക്ക് ..ഇനി ആവര്‍ത്തിക്കില്ല “ ബൈജു മുന്നോട്ട് നടന്നു
“ഡോ ..ഒരു പെണ്‍കുട്ടിയെ രാത്രിയില്‍ ഒരു വിജനമായ ഒരു സ്ഥലത്ത് ഒറ്റയ്ക്ക് ആക്കി പോകാന്‍ നാണമില്ലടോ ? “ അവള്‍ നടന്നകലുന്ന ബൈജുവിനോട് ചോദിച്ചു .ബൈജു ആ ചോദ്യം കേട്ട് അവളെയൊന്ന് നോക്കിയശേഷം അവളുടെ അടുത്തേക്ക് നടന്നുവന്നു
“എന്താ ? എന്താ പറഞ്ഞെ ? “ അവന്‍ അവളോട്‌ ചോദിച്ചു
“ഒരു പെണ്‍കുട്ടിയെ രാത്രിയില്‍ ഈ വിജനമായ സ്ഥലത്ത് ഒറ്റയ്ക്ക് ആക്കി പോകാന്‍ നാണമില്ലയെന്ന്‍ “
“ഇയ്യാളെ ഞാന്‍ ആണോ ഇവിടെ കൊണ്ടുവന്നെ ? ഇയ്യാള്‍ മരിക്കാന്‍ വേണ്ടി വന്നതല്ലേ ..പിന്നെ എന്താണ് ഭയം ? “
“അതിനിടയില്‍ താന്‍ എന്നെ പിടിച്ചുമാറ്റിയത് കൊണ്ടല്ലേ ആ ട്രെയിന്‍ മിസ്സായത് ..എനിക്ക് പേടിയാ അടുത്ത ട്രെയിന്‍ വരുംവരെ ഇവിടെ ഒറ്റയ്ക്ക് നില്‍ക്കാന്‍ ..അതുകൊണ്ട് “
“അതുകൊണ്ട് ? “
“അതുകൊണ്ട് അടുത്ത ട്രെയിന്‍ വരുംവരെ എനിക്കൊരു കൂട്ടുതന്നാല്‍ നന്നായിരുന്നു ..അടുത്ത ട്രെയിന്‍ വരുന്നത് വരെ മാത്രം ..അതുകഴിഞ്ഞാല്‍ പോയിക്കൊള്ളൂ “
“മം ..ശരി ..അല്ല അറിയാന്‍ കാര്യമുണ്ടായിട്ടു ചോദിക്കുകയല്ല എന്നാലും ചോദിക്കുകയാണ് ഇയ്യാള്‍ എന്തിനാ ആത്മഹത്യ ചെയ്യുന്നത് ? കണ്ടിട്ട് നല്ല കുടുംബത്തില്‍ പിറന്നതാണെന്ന് തോന്നുന്നു ..കാണാനും സുന്ദരിയാണ്..പിന്നെ എന്തിനാണാവോ ട്രെയിന് തല വെയ്ക്കാന്‍ ചാടി പുറപ്പെട്ടത്‌ ? “
“Love Failure ..അവന്‍ എന്നെ ചീറ്റ് ചെയ്തു ..അവന് വേറെ ഭാര്യയും കുട്ടികളും ഉണ്ടത്രേ “അല്‍പ്പം മടിച്ചാണെങ്കിലും അവള്‍ മറുപടി പറഞ്ഞു
“ഹ ഹ ..അത് ഇഷ്ടായി ..ചതിച്ചവന്‍ കാണാന്‍ എങ്ങനെ ? അല്ലു അര്‍ജുനെ പോലെയോ അതോ പൃഥ്വിരാജിനെ പോലെയോ ? അതോ ഏതെങ്കിലും ബോളിവുഡ് നടന്മാരെ പോലെയോ ? “ബൈജു ഒരു പുച്ഛത്തോടെ അവളോട്‌ ചോദിച്ചു
അവള്‍ ആ ചോദ്യത്തിന് മറുപടി നല്‍കിയില്ല
“അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ക്ക് ശരാശരിക്കാരായ ആണ്‍കുട്ടികളെ പിടിക്കില്ല ..ഒന്നുകില്‍ അവര്‍ക്ക് ഏതെങ്കിലും സിനിമ നടന്മാരെ പോലെ സുന്ദരന്മാര്‍ വേണം അല്ലെങ്കില്‍ കട്ട ഹീറോയിസം കാണിക്കുന്ന ഗുണ്ടകളെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ തല്ലാനും കൊല്ലാനും നടക്കുന്നവരെയോ പറ്റുള്ളൂ “ ബ്രാണ്ടി കുപ്പിയിലെ അവസാന തുള്ളി മദ്യവും കുടിച്ച് കുപ്പി വലിച്ചെറിഞ്ഞു കൊണ്ട് ബൈജു പറഞ്ഞു
“ഇനി അധികം സമയമില്ല ..ട്രെയിന്‍ ഇപ്പോ വരും..ചാകാന്‍ തന്നെയാണോ പ്ലാന്‍ ? അതല്ലെങ്കില്‍ എനിയ്ക്കൊരു കാര്യം ചോദിയ്ക്കാന്‍ ഉണ്ട് “ ബൈജു അവളോട് ചോദിച്ചു
“എന്താണ് ചോദിക്കാനുള്ളത് ? “ അവള്‍ക്ക് ചാകാനുള്ള പ്ലാന്‍ തല്ക്കാലം ഇല്ലെന്ന് തോന്നുന്നു
“എന്‍റെ പേര് ബൈജു ..വയസ്സ് മുപ്പത്തിയൊന്ന് ..ഉയരം കഷ്ടി അഞ്ചടി ..തന്‍റെതല്ലാത്ത കാരണം കൊണ്ട് അവിവാഹിതന്‍ ..ഇതുവരെയ്ക്കും നൂറ് പെണ്ണുകാണലുകള്‍..മൂന്നുവട്ടം കല്യാണം ഉറപ്പിച്ചു പക്ഷേ മുടങ്ങി.. രണ്ടുതവണ വിവാഹ പന്തല്‍ വരെ എത്തിയ വധു അവരുടെ കാമുകന്മാരുടെ കൂടെ ഒളിച്ചോടി പോയി..ഗവണ്മെന്റ് ജോലി ഇല്ലാത്തതിനാലും ബുള്ളറ്റ് ഇല്ലാത്തിതിനാലും സിക്സ് പാക്ക് ഇല്ലാത്തിതിനാലും സ്വന്തമായി കാര്‍ ഇല്ലാത്തിതിനാലും കട്ടിമീശ,താടി,ക്ലീന്‍ഷേവ് ചെയ്യാത്തിതിനാലും റൊമാന്റിക്‌ അല്ലാത്തതിനാലും സര്‍വോപരി പെണ്‍കുട്ടികളുടെ മനസ്സ് അഥവാ ട്രെന്‍ഡ് മനസ്സിലാക്കാന്‍ പറ്റാത്തതിനാലും വിവാഹം കഴിക്കാന്‍ ഒരു പെണ്ണിനെ കിട്ടാത്ത ഹതഭാഗ്യനായ പാവം ശരാശരിക്കനായ എനിയ്ക്ക് വിവാഹം ചെയ്യാന്‍ ഒരു പെണ്ണിനെ ആവശ്യമുണ്ട് ..വിരോധമില്ലെങ്കില്‍ എന്‍റെ കൂടെ വരാം “
അല്പം നേരം അവര്‍ക്കിടയില്‍ നിശബ്ദത വിരുന്നുകാരനായി എത്തി .അവള്‍ വാച്ചിലേക്ക് സമയം നോക്കി സമയം രണ്ടേ നാല്പത് .അങ്ങ് ദൂരെ നിന്ന് കാരക്കല്‍ എക്സ്പ്രസിന്റെ ശബ്ദം കേള്‍ക്കാനുണ്ട്
“ശരി ..ഇഷ്ടം പോലെ ആവട്ടെ ..ട്രെയിന്‍ വരുന്നുണ്ട് ..ആശംസകള്‍ “ ബൈജു പതിയെ മുന്നോട്ട് നടന്നു.ട്രെയിന്റെ ശബ്ദം അടുത്തടുത്ത്‌ വന്നുകൊണ്ടിരിന്നു .അവന് പിറകിലേക്ക് തിരിഞ്ഞു നോക്കണമെന്നുണ്ട് പക്ഷെ അവന്‍ നോക്കിയില്ല .ട്രെയിന്‍ പൂര്‍ണമായി കടന്നുപോയപ്പോള്‍ അവന്‍ പിറകിലേക്ക് തിരിഞ്ഞു നോക്കിയതും ഒരു ചോദ്യം
“താന്‍ എന്ത് മനുഷ്യനാടോ..ഒരാള്‍ ചാകാന്‍ പോകുമ്പോഴാണോ ആശംസകള്‍ പറയുന്നത് ? “ അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു .അവന് എന്ത് മറുപടി പറയണമെന്ന് അറിയാതെ അവളെ നോക്കി നിന്നു
“ബൈജുവിന്‍റെ വീട് എവിടെയാന്നാ പറഞ്ഞെ ? “ അവള്‍ വീണ്ടും ചോദിച്ചു .അവന്‍ അവന്‍റെ വീട് ചൂണ്ടി കാണിച്ചു
“എന്നാ വാ പോകാം “ അവള്‍ അവന്‍റെ കൈകളില്‍ കയറിപ്പിടിച്ചു .അവര്‍ പതിയെ ആ പാളത്തിലൂടെ കൈകള്‍ ചെര്‍ത്തുപ്പിടിച്ചു നടന്നു
ബൈജു അതാ പോകുന്നു ..ബൈജു കണ്ട നൂറ്റിയൊന്നാമത്തെ പെണ്‍കുട്ടിയുടെ കൈകള്‍ പിടിച്ച് ..അവന്‍റെ മുഖം കാണുംബോള്‍ ഹാപ്പിയാണ് ..എന്നും അവന്‍ ഹാപ്പിയായിരിക്കട്ടെ

By: Lijin John
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo