Slider

ഓഖി

0
Image may contain: 1 person

ഓഖി" ചുഴലിക്കാറ്റ് ദുര്‍ബ്ബലമായി. നാളെ നിര്‍വ്വീര്യമാകും എന്ന് പത്രവാര്‍ത്ത ഉണ്ട്. ഓഖിയുടെ താണ്ഡവം കഴിഞ്ഞ പ്രദേശങ്ങളില്‍ പോയി വന്നപ്പോഴാണ് അവിടെ കുറെ മനസ്സുകളില്‍ ഇപ്പോഴും ശക്തമായി നില്‍ക്കുന്ന ഓഖിയേ കുറിച്ചു മനസ്സിലാകുന്നത്. തിരുവനന്തപുരത്തെ പൂന്തുറയിലും വിഴിഞ്ഞത്തും ഇന്ന് പോയിവന്നു. കുറെ സമയം അവിടെ ചിലവഴിക്കുകയും ചെയ്തു. കുടുംബത്തിനു വേണ്ടി, കുറെ ജീവിതങ്ങള്‍ക്ക് വേണ്ടി അവരുടെ തൊഴിലിനായി പോയിരുന്നവര്‍ ആയിരുന്നു അവരൊക്കെ. പന്ത്രണ്ടിലധികം പേര്‍ അഴുകിത്തുടങ്ങിയ മൃതശരീരങ്ങളായി തിരിച്ചെത്തി. പലരും ആരാണെന്ന് ഇനിയും തിരിച്ചറിയപ്പെട്ടിട്ടില്ല. നൂറ്റിയെഴുപത്തിയഞ്ചില്‍ അധികം പേരെ കുറിച്ച് ഇതുവരെ ഒരു വിവരവും ഇല്ല. മഹാരാഷ്ട്രയിലും ഗോവയിലും എത്തപ്പെട്ടവരില്‍ ഇവരില്‍ ചിലര്‍ ഉണ്ടാകും എന്ന് കുറേപ്പേര്‍ വിശ്വസിക്കുന്നു. ബോട്ടുകളിലും വള്ളങ്ങളിലുമായി പോയിട്ടുള്ളവരുടെ കൃത്യമായ എണ്ണം അറിയുവാന്‍ വഴിയൊന്നുമില്ല. എന്‍റെ അച്ഛന്‍, എന്‍റെ മകന്‍, എന്‍റെ ഭര്‍ത്താവ്, എന്‍റെ സഹോദരന്‍ പണിക്കു പോയിട്ട് തിരിച്ചെത്തിയില്ല എന്ന് ആരെങ്കിലുമൊക്കെ പറയുമ്പോള്‍ അത്രയും എണ്ണം കൂടി കൂട്ടുക മാത്രമേ വഴിയുള്ളൂ. കാണാതായവരുടെ ബന്ധുക്കള്‍ പള്ളിമുറ്റത്തും മറ്റുമായി കൂടിയിരിക്കുന്നു. ആരെങ്കിലുമൊക്കെ അവിടെയെത്തുമ്പോള്‍ കരഞ്ഞുപോകുന്നു. അവര്‍ തിരികെയെത്തുമെന്നു ചിലര്‍ പ്രതീക്ഷിക്കുന്നു. "ആറു ദിവസമായില്ലേ? ഇനി അവര്‍ വരുമോ?" എന്ന് ചിലര്‍ തിരിച്ചറിയുന്നു. ഭക്ഷണവും, കുടിവെള്ളവും വൈദ്യസഹായവും എത്തിക്കാന്‍ ഏറെ സംഘടനകളും വ്യക്തികളുമുണ്ട്.പക്ഷേ, അവര്‍ക്ക് വേണ്ടത് അതൊന്നുമല്ല. മരിച്ചു എന്നുറപ്പായവരുടെ ബന്ധുക്കള്‍ വീടുകളില്‍ തന്നെ കരഞ്ഞുകൊണ്ട്‌ കിടക്കുന്നു. ജോലി കഴിഞ്ഞു തിരികെ പോരുമ്പോള്‍ "ഇതാ ഈ വല ഒന്ന് കയറ്റട്ടെ. ഞങ്ങള്‍ പുറകെ എത്തും" എന്ന് പറഞ്ഞ സ്വന്തം സഹോദരനെ ആറു ദിവസമായിട്ടും കാണാത്ത സഹോദരന്‍. രക്ഷപെടുത്താന്‍ കൈപിടിച്ച് ബോട്ടിലേക്ക് കയറ്റുന്നതിനിടെ നാല് വശത്തുനിന്നും ആഞ്ഞടിച്ച തിരമാലകളില്‍ പെട്ട് കടലിലേക്ക്‌ വീണുപോയ അയല്‍വാസിയെ ഓര്‍ത്തു ഞെട്ടല്‍ മാറാത്ത ഒരാള്‍. അങ്ങനെ പലരെയും കാണേണ്ടിവന്നു. കരയാന്‍ പോലും കഴിയാത്ത അമ്മമ്മാര്‍. ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചു വിതുമ്പുന്ന യുവതികള്‍. അങ്ങനെ മനസ്സില്‍ വിങ്ങലേല്‍പ്പിക്കുന്ന മനുഷ്യര്‍. കാണാതായവരെ തേടി വള്ളമിറക്കി പോയി. ആരെയും കണ്ടെത്തിയില്ല. കടലില്‍ ഒഴുകി നടക്കുന്ന ചില വള്ളങ്ങള്‍ കണ്ടു. അതുപേക്ഷിച്ചു പോന്ന യുവാക്കള്‍. അങ്ങനെയുള്ള പലരും. ആ പ്രദേശം മുഴുവന്‍ ഇനിയും മടങ്ങിയെത്താത്തവര്‍ക്കായി കാത്തിരിക്കുന്നു. അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്യുന്ന വേറെയും ചിലര്‍. ഓഖിയുടെ ബാക്കിപത്രങ്ങളും വിഴുപ്പലക്കലും ചാനലുകളില്‍ അലസമായി കണ്ടിരിക്കുന്ന പലരും കാണാതെപോകുന്ന ദൃശ്യങ്ങള്‍. ഓര്‍ക്കുക. ഉല്ലാസത്തിനായി കടല്‍ക്കരയില്‍ നില്‍ക്കുമ്പോള്‍ ഒരു ചെറുതിര വന്നു കാല്‍ നനയ്ക്കുമ്പോള്‍ ഓടി കരയ്ക്ക്‌ കയറുന്നവരാണ് നമ്മളില്‍ പലരും. അന്നത്തിനുവേണ്ടി ആ കടലില്‍ വള്ളമിറക്കിയവര്‍ ആയിരുന്നു അവര്‍. അവര്‍ കരിലെത്തിച്ച ചൂരയും മത്തിയും ചെമ്മീനും എല്ലാമായിരുന്നു നമ്മള്‍ നാണമില്ലാതെ വിലപേശി വാങ്ങി രുചികരമായി ഭക്ഷിച്ചുപോന്നത്. ഇത്രയോക്കെയെയുള്ളൂ മനുഷ്യജീവന്‍, 
(മുപ്പതിലധികം വര്‍ഷങ്ങളായി ഈ മനുഷ്യരെ, ജോലിയുടെ ഭാഗമായി, കുറച്ചൊക്കെ അടുത്തറിയുന്ന ഒരാളുടെ മനസ്സിനെ വേദനിപ്പിച്ച ഒരു ദിവസത്തിന്‍റെ ബാക്കിപത്രമായി കുറിച്ചത്)

By: RamdasN
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo