Slider

ജാതകവും ഊമക്കത്തും

1
Image may contain: 1 person, selfie and closeup

ചായ കുടിക്കാൻ (പെണ്ണുകാണാൻ )
ഉച്ച കഴിഞ്ഞാണു പെണ്ണിന്റെ വീട്ടിലെത്തിയത് ആന്റി വഴിയാണ് അവളെ പെണ്ണുകാണാൻ ചെന്നത് , കൂടെ അളിയനും ചങ്കുകളായ കൂട്ടുകാരിൽ നിന്നും തലേന്ന് രാത്രി നറുക്കെടുപ്പിലൂടെയാണ് രണ്ടെണത്തിനെ തിരഞ്ഞെടുത്ത് എല്ലാവരും കൂടെ പോരാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ലോട്ടറി പോലെ നറുക്കെടുക്കേണ്ടി വന്നു.
പെണ്ണിന്റെ വീടിന്റെ മുന്നിലുള്ള വലിയ ഗേറ്റിന് മുന്നിൽ ചെന്ന് ഞങ്ങളുടെ ചുവന്ന പേടകം ആൾട്ടോ രണ്ട് തവണ ഹോണടിച്ചു .. പെണ്ണിന്റെ അച്ഛൻ വന്ന് ഗേറ്റു മലർക്കേ തുറന്നു അതേ പോലെ അദ്ദേഹം ചിരിക്കുകയും ചെയ്തു. അളിയനും കൂട്ടുകാരുമിറങ്ങി .. ഞാൻ നാണിച്ച് ഇറങ്ങാൻ അല്പം മടി കാണിച്ച് സീറ്റിൽ തന്നെയിരുന്നു .മുറ്റത്തെ കല്ലുപാകിയ തറയിലേക്ക് കൂട്ടുകാരൻ എന്നെ വലിച്ചിറക്കി ...
പൂമുഖത്തെ സെറ്റിയിൽ ഇരിക്കുമ്പോൾ പെണ്ണിനെക്കാളും നാണമായിരുന്നു എനിക്ക് .മുകളിൽ ചെറിയ ശബ്ദത്തോടെ കരഞ്ഞു കറക്കുന്ന ഫാനിലേക്ക് ഇടയ്ക്കിടെ നോട്ടമെറിഞ്ഞ് ഞാനിരുന്നു. അളിയനും പെണ്ണിന്റെ അച്ഛനും ബന്ധുക്കളും സംസാരിക്കുകയായിരുന്നു. കൂട്ടുകാരുടെ മുഖത്ത് അപ്പോഴും കുടിക്കാൻ ജ്യൂസും ജിലേബിയും ആയിരിക്കണേ എന്ന പ്രാർത്ഥന ഭാവം മാത്രം .
പെണ്ണിന്റെ അച്ഛനും അമ്മയും എന്നോടും എന്തൊക്കെയോ ചോദിച്ചു. കേട്ടപാതി കേൾക്കാത്ത പാതി പതിഞ്ഞ ശബ്ദത്തിൽ എക്സ്ട്രാ വിനയത്തോടെ ഞാനും മറുപടി പറഞ്ഞു. എന്റെ കണ്ണുകൾ പെണ്ണിനെ ഒന്നു കാണാനുള്ള ആക്രാന്തത്തോടെ വീടിന്റെ ഉള്ളിലൂടെ അലയുകയായിരുന്നു. ചെറിയ നിശബ്ദതയെ മുറിച്ചു കൊണ്ട് എന്റെ ചെവിയിലേക്ക് ഒരു പാദസര കിലുക്കം . എന്റെ കാതുകളും നേത്രങ്ങളും ആ ശബ്ദം കേൾക്കുന്നിടത്തേക്ക് കുതിച്ചു പറഞ്ഞു . ഒരു നിമിഷം മനസ് സന്തോഷത്താൽ ആനന്ദമുളവാക്കുന്ന കാഴ്ച .
ട്രേയിൽ നാല് കപ്പുകളിലുമായ് ചായയുമായ് ഒരു സുന്ദരി നീല ചുരിദാറുമായ് കാലിൽ കൊഞ്ചുന്ന കൊലുസ്സുമായ് .
അവളെ തന്നെ നോക്കിയിരുന്ന എന്റെ വാ റാ പോലെയായിരുന്നു കണ്ണുകൾ തള്ളിയിരുന്നു. മുന്നിലിരുന്ന ചെറിയ ടീ പോയിൽ ചായ വെച്ചിട്ട് അതിൽ നിന്നൊന്ന് എനിക്കു നേരെ നീട്ടി . കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി പിണരുകൾ കോർത്തൊരു നിമിഷം .ചയക്കപ്പിൽ പിടിക്കുമ്പോൾ അവളുടെ വിരലിൽ എന്റെ വിരലുകൾ സ്പർശിച്ചുവോ .. ഏയ് ഇല്ല ...
അവളോട് ആദ്യം എന്ത് പറയണം എങ്ങിനെ തുടങ്ങണം എന്ന ചിന്തകൾ മാറിമറിയുകയായിരുന്നു .
ചായ പകുതി കുടിച്ചു ഞാൻ അളിയനെ ഒന്നു പാളി നോക്കി .അളിയൻ കാര്യങ്ങളൊക്കെ വിശദീകരിക്കുകയാണ് .
പെട്ടന്നാണ് ആ സന്തോഷ വാർത്ത കേട്ടത് പെണ്ണിന്റെ മാമനാണ് അത് പറഞ്ഞത് .
" ഇനി ചെക്കനും കുട്ടിക്കും എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം.
മനസ്സിലൊരു ആയിരം പൂരത്തിരികൾ ഒരുമിച്ച് കത്തി .അത് കേട്ടയുടനെ അവൾ നേരെ ഹാളിൽ നിന്നും സ്റ്റെയർ വഴി ടെറസിലേക്ക് വേഗത്തിൽ കയറി പോയി .
ഒന്നും മനസ്സിലാകാതെ മുകളിലേക്ക് നോക്കി വാ പൊളിച്ച് നിന്ന എന്നെ അളിയൻ ഉന്തി തള്ളി അവളുടെ പുറകേ പോകാൻ പറഞ്ഞു .കേൾക്കേണ്ട താമസം ഞാൻ അവളുടെ പുറകേ K S R T C പോകുമ്പോലെ പാഞ്ഞു.
ടെറസിൽ ചെന്ന് നോക്കുമ്പോൾ അവിടെയാകെ കാടുപിടിച്ച് ഒരു സർപ്പക്കാവിൽ ചെന്നപോലെ .. കാടല്ല അതൊരു പച്ചക്കറി തോട്ടമാണെന്ന് മനസ്സിലായതോടെ ആ തോട്ടത്തിൽ അവളെ ഞാൻ തിരഞ്ഞു ,
വാട്ടർ ടാങ്കിനോട് ചേർന്ന് അവൾ പുറത്തേ കാഴ്ചകൾ കണ്ടു നിൽക്കുകയായിരുന്നു.
മുകളിൽ തൂങ്ങിയാടുന്ന പടവലത്തിലും കൈപ്പക്കയിലും പയറുകളിലും ഒന്നും തല തട്ടാതെ പൂച്ച പതുങ്ങി നടക്കും പോലെ അവളുടെ പുറകിലെത്തി പിന്നെ ഡോൾബി ശബ്ദത്തിലൊന്നു ചുമച്ചു.
തിരിഞ്ഞു നോക്കിയവൾ എനിക്കൊരു ചിരിതന്നു തിരിച്ചു ഞാനും കൊടുത്തു. ടാങ്കിന് ചുറ്റും പലതരം ചെടികളും അതിൽ നിറയെ പൂക്കളും പൂക്കളെല്ലാം എന്നെ കണ്ടു ഒന്നു കൂടെ വിടർന്നു ഒരു കള്ള ചിരിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. ചെടികൾക്കിടയിൽ രണ്ട് മൂന്ന് കാന്താരിമുളകിന്റെ തൈകളും അതിൽ മൂത്ത് പഴുത്ത മുളകുകളും .
അവളോട് പറയാനുള്ളത് മനസ്സിലൊന്നു അതിവേഗ റിഹേഴ്സൽ നടത്തി . പിന്നെ പാറയുടെമേൽ ചിരട്ട കൊണ്ടുരയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു ..
" എത്രയിലാണ് പേര് ...ച്ഛേ .. പേരെന്താണ് ? പഠിക്കുവാണോ ?
" കാർത്തിക ... ബാങ്കിൽ വർക്ക് ചെയ്യുന്നു.
അപ്പോഴും അവൾ ചിരിച്ചുക്കൊണ്ട് ഒരു നാലുമണി പൂവിനെ തലോടി ..
പരസ്പരം പേരുകളും പറഞ്ഞു വേണ്ടതും വേണ്ടാത്തതുമായ വാലും തലയുമില്ലാത്ത കുറെ ചോദ്യങ്ങളും ഉത്തരങ്ങളും സംസാരത്തിനടയിൽ എന്റെ കൈ ചെടിയിലും പൂക്കളിലും ചെന്നെത്തിയിരുന്നു രണ്ട് പൂക്കളും പറിച്ചു ..അതെന്റെ ഒരു സ്വഭാവമാണ് .
" നിങ്ങൾ പാടാറുണ്ട് ലെ ഞാൻ കേട്ടിട്ടുണ്ട് നിങ്ങളുടെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ് ട്ടോ .
അവളുടെ ആ വാക്കുകൾ എന്നെ ആനന്ദപുളകിതനാക്കി എനിക്ക് കുറച്ചു കൂടെ പൊക്കം വന്നത് പോലെ
അവൾക്കായ് ഒരു പാട്ടെന്റ ചുണ്ടിൽ വന്നു .. കരിനീല കണ്ണുള്ള പെണ്ണേ ....
പാടിയില്ല . ആ നേരത്ത് പാടിയാൽ താളം കിട്ടില്ല കാരണം.അവളുടെ സൗന്ദര്യ കണ്ട് എന്റെ താളബോധം പോയിക്കിടക്കുകയായിരുന്നു.
" ചെറുതായൊക്കെ പാടും .
അവൾ പാടുവാൻ പറയുമോ എന്ന സംശയത്താൽ ഞാൻ വെട്ടിയൊതുക്കിയ നാല് മീശ രോമങ്ങളും ചുണ്ടും വലതുകൈക്കൊണ്ട്നന്നായൊന്നു തുടച്ചു പിന്നെ നാക്ക് നീട്ടി ഗൗളിയെ പോലെ ചുണ്ടൊന്നു നക്കി തുടച്ചു ...
ഒരു നീറ്റൽ ചുണ്ടും നാക്കും മുളകിന്റെ രൂക്ഷരസം മൂർദ്ധാവിലേക്ക് കയറി പൊള്ളുന്ന എരിവ് കൊണ്ടു കണ്ണുകൾ നിറഞ്ഞു തുളുമ്പി ഉടനെ കണ്ണുകൾ അമർത്തിയൊന്നു തുടച്ചു എരിവ് കണ്ണിലും ഇരുട്ടു പരത്തി .അവൾ കാണാതെ കൈവിരൽ നോക്കുമ്പോൾ വിരലിൽ പഴുത്ത കാന്താരിമുളകിന്റെ അവശിഷ്ടങ്ങൾ ..
" എന്താ എന്തു പറ്റി ??
അവളുടെ ചോദ്യം ??
" എയ് ഒന്നുല്യാ ..
ടാങ്കിലേക്കൊന്നു ഏന്തി വലിഞ്ഞു നോക്കി .. നിറയെ വെള്ളം ..അതിലേക്ക് ചാടി വെള്ളം കുടിച്ച് ചത്താലോ എന്നു വരെ ചിന്തിച്ച നിമിഷം .
പാന്റിന്റെ പോക്കറ്റിൽ ഒരു വൈബ്രേഷൻ ..പോക്കറ്റിൽ കൈയിടാനൊരു പേടി കൈയിട്ടാൽ സർവ്വവും പുകഞ്ഞെരിയും എന്ന ഭയം .
വളരെ സാഹസികമായ് മൊബൈൽ എടുത്തു നോക്കുമ്പോൾ കൂട്ടുകാരന്റെ മെസേജ് .. ഡാ മതി പഞ്ചാരയടിച്ചത് ഇറങ്ങി പോര് .
ഒരു വിധത്തിൽ അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ കണ്ണിൽ എരിവ് പടർന്ന് പുകഞ്ഞു നീറുകയായിരുന്നു.
താഴെ വന്നപ്പോൾ എന്റെ മുഖഭാവം കണ്ട് എല്ലാവരും പരസ്പരം നോക്കി .ഞാനൊരു സ്റ്റിക്കർ ചിരിയും ചിരിച്ച് വേഗം മുറ്റത്തേക്കിറങ്ങി എന്റെ കണ്ണു നിറഞ്ഞത് കണ്ട് കൂട്ടുകാരൻ ചോദിച്ചു..
" ഡാ എന്താടാ അവൾ നിന്നെ തല്ലിയോ ...
" തല്ലിയതൊന്നുമില്ല ...
" കണ്ണും മുഖവുമെല്ലാം ചുവന്നിരിക്കുന്നു.
" കാന്താരി ... കാന്താരി
" ങേ കാന്താരിയോ ?? അവൾ കാന്താരിയാണോ ?
" അല്ലെടാ ... കാന്താരിമുളക് കണ്ണിലായി ...
കാറിന്റെ ഡോർ വലിച്ചു തുറന്നു കാറിലേക്ക് കയറി .
തിരിച്ചുപോരുമ്പോൾ രണ്ട് ലിറ്റർ വെള്ളവും കുടിച്ച് ശരവേഗത്തിൽ വീട്ടിലെത്തി .
രണ്ടാം നാൾ ജാതകപ്പൊരുത്തവും കുരുത്തവുമില്ലാതെ അത് മുടങ്ങിയതിലുള്ള വ്യസനത്തോടെ അച്ഛനിരിക്കാറുള്ള ചാരുകസേരയിൽ സിറ്റൗട്ടിൽ മേഘങ്ങളിലാത്ത ആകാശത്തേക്കും കണ്ണും നട്ടിരിന്നു .മനസ്സ് ചിന്തകളില്ലാതെ ശൂന്യമായിരുന്നു .
അയൽപക്കത്തുള്ള വീട്ടിൽ നിന്നും കൂട്ടുകാരന്റെ അമ്മ രമണി ചേച്ചി അവന്റെ കൊച്ചിനെ ഞാൻ കേൾക്കാൻ വേണ്ടി ഉറക്കെ കൊഞ്ചിക്കുന്നു. എന്നിട്ടൊരു ചോദ്യവും .
" ഡാ നീ പോയ കാര്യം എന്തായീ ഇനി എന്നാണ് നിന്റെയൊരു കല്യാണസദ്യയുണ്ണുക ?
" എന്റെ പതിനാറടിയന്തിര ചോറു മതിയോ ??
ശബ്ദം താഴ്ത്തിയാണ് മറുപടി കൊടുത്തത് .
" എന്ത് ...?
" അല്ല പതിനാറാം തിയ്യതി അറിയിക്കാം എന്നു പറഞ്ഞിട്ടുണ്ട് ..
" ഉം ..
രമണി ചേച്ചിയുടെ മകൻ പ്രേമിച്ച് ഒളിച്ചോടി കെട്ടിയതാണ് ചുളുവില് ചിലവില്ലാതെ കല്യാണവും കഴിഞ്ഞ് ന്നിട്ടാണ് എന്റെ കല്യാണ സദ്യയ്ക്ക് ആക്രാന്തം കാണിക്കുന്നത് .

" എട്ടാ ... ഏട്ടൻ ബാഗ്ലൂർ ആയിരുന്നപ്പോൾ ഏട്ടനൊരു ഊമക്കത്ത് വന്നില്ലേ ..? അത് ആരെഴുതിയതാണെന്ന് അറിഞ്ഞോ ? കണ്ടു പിടിച്ചോ ?
അനിയത്തിയുടെ ആ ഓർമ്മപ്പെടുത്തൽ വീണ്ടും പത്ത് വർഷം പുറകോട് ഓർമ്മകളെ സഞ്ചരിപ്പിച്ചത് .അന്ന് ആ ഊമക്കത്ത് വീട്ടിൽ ഒരു ബോമ്പ് പൊട്ടിയ പോലെയായിരുന്നു. ആ കത്തിന്റെ കെപ്പടത്തേടി കുറെ അലഞ്ഞു. ആരാണയച്ചത് പോലും അറിയാൻ കഴിഞ്ഞില്ല ...
റൂമിൽ കയറി അലമാരയിലും പെട്ടികളിലും അരിച്ചുപെറുക്കി വലിച്ചു വാരിയിട്ട് തിരഞ്ഞു ..കട്ടിയുള്ള ഡയറിക്കുള്ളിൽ നിന്നും ആ കത്ത് കണ്ടെടുത്തപ്പോൾ ആ എഴുത്തിന്റെ ഉടമസ്തയെ കാണാത്തതിലുള്ള നിരാശയും നിറഞ്ഞിരുന്നു .
കത്ത് നിവർത്തി പലയാവർത്തി വായിച്ചു .. ഓർമ്മകളിൽ പല മുഖങ്ങളും മനസ്സിൽ തെളിഞ്ഞു .തെളിഞ്ഞു വന്ന മുഖങ്ങളെല്ലാം നല്ല സൗഹൃദങ്ങൾ . കത്തിലെ കൈപ്പട ആരുടെ എന്ന ചോദ്യം മാത്രം ബാക്കിയായി ..
പോക്കറ്റിൽ നിന്നും മൊബൈൽ ആട് കരയും പോലെ ശബ്ദിച്ചു എടുനോക്കി ഡിസ്പ്ലേ യിൽ ബ്രോക്കർ തങ്കപ്പൻചേട്ടൻ ..
തങ്കപ്പൻ ചേട്ടനോട് ഫോൺ സംഭാഷണം അവസാനിപ്പിച്ച് ഞാൻ അടുത്ത ദിവസം ചായക്കുടിക്കാൻ (പെണ്ണു കാണാൻ ) പോകാനുള്ള പാന്റും ഷർട്ടും അയൺ ചെയ്യൽ ആരംഭിച്ചു . വസ്ത്രങ്ങൾ മടക്കി വച്ചു ഞാൻ റൂമിൽ വലിച്ചു വാരിയിട്ട കടലാസുകളെല്ലാം വാരിക്കൂട്ടി അടുക്കള ഭാഗത്ത് അലക്കു കല്ലിന്റെ ചുവട്ടിൽ തീയിട്ടു കത്തിക്കുമ്പോൾ അമ്മയോടായി വിളിച്ചു പറഞ്ഞു.
" അമ്മേ ... എന്റെ തലവര കുറിച്ച കടലാസൊന്നു തരുവോ ??
" എന്തിനാ ..
" ചുട്ടുക്കളയാനാ ..
വീടിനുള്ളിൽ നിന്നും അച്ഛന്റെയും അനിയത്തിയുടെയും ഉറക്കെയുള്ള ചിരികൾ കേൾക്കാമായിരുന്നു അടുക്കളയിൽ നിന്നു മാത്രം അമ്മയുടെ മറുപടിയൊന്നും കേട്ടില്ല ...
... മുരളിലാസിക ...
1
( Hide )
  1. നല്ലെഴുത്ത്, ഒരു ശരാശരി യുവാവിന്റെ സങ്കടങ്ങളെല്ലാം ഹാസ്യ രൂപേണ അവതരിപ്പിച്ചു

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo