Slider

ഉറയൂരും നാഗം പോലൊരുവൻ

0
Image may contain: 1 person, selfie and closeup
കൊത്തങ്കല്ലാടി കണ്ണാരം പൊത്തി
കിന്നാരം ചൊല്ലി 
ചെമ്മൺപാതേ ഒരേ ദിശയിൽ
ചലിച്ചവർ ഞങ്ങൾ..
മനസ്സിൻ ചെപ്പിൽ മഞ്ചാടിമണികളും പുന്നാരവും നിറയേ സ്നേഹവായ്പ്പും കുന്നോളം കാത്തവർ....
കാറ്റിന്റെ കുസൃതിയിൽ പാറിപ്പറക്കും കൂന്തലിൽ നെയ്ത്തുകൾ
പരസ്പരം ഏറെമെടഞ്ഞവർ.
ഋതുക്കൾ മാറി
കാലമൊഴുകി
പ്രകൃതിതൻ കണക്കുകൾ പിഴച്ചതെന്നിൽ.
സമസ്യമായിതീരും വിധിതൻവിളയാട്ടമതിൽ
ഞാൻ കണ്ടുവെൻ കൂട്ടുകാരിതൻ കവിളിൽ മിനുത്തൊരു നുണക്കുഴിയും
പിന്നെയാ ചെഞ്ചൊടികളിൽ കിനിയുമേതോ മലരിൻ മധുവും....
കാറ്റിൽ പാറുന്ന കൂന്തലിൽ
അഴകൊഴുകും കാറൊളിയും
എന്നെ മയക്കുംമട്ടുയരും സൗരഭ്യവും....
അവൾതൻനീണ്ട വിരൽത്തുമ്പുകളിൽ മിന്നുംരുധിരവർണ്ണമെന്നുള്ളിൽ മഴവില്ലു തീർക്കുന്നുവോ .... സഖേ
തിരിച്ചറിവെൻ പ്രജ്ഞയിൽ ഫണം വിരിച്ചാടുന്നു കരിനാഗങ്ങളായ് .....
മാമ്പഴമൊന്നു പകുത്തു നൽകവേ
ഒരു മൃദുസ്പർശനത്തിൽ തരിക്കുമാ
വൈദ്യുതിയാലെൻ നെഞ്ചുപൊള്ളി......
ദിക്കിരുളവേ ചുവരലരമാരയിൽ മങ്ങിയ ചില്ലിലെൻ പ്രതിബിംബം കണ്ടു ഞാനെൻ കൈകളാൽ പരതിയെടുത്തോരു മഷിക്കൂടിൽ അണിവിരലാലൽപ്പം പകർന്നെടുത്തു....
അറിയാതെ വിരൽനീണ്ടു മേൽ ചുണ്ടിനു മീതേ നിരയിട്ടരോമരാജിയിൽ...
കരിയെഴുതാൻ.
കണ്ണുകളിൽ നിറയേ കളിക്കൂട്ടുകാരി തൻ മയ്യെഴുതിയ മിഴികളും തൊടുത്തുവിടും ചാട്ടുളി പോൽ മൂർച്ചയേറും നോട്ടവും.....
പാദങ്ങൾ തൊട്ടുലയുന്ന നീളൻപാവാടതൻ അരികുകൾ ചേർത്തു മടക്കിയുടുത്തോരെൻ സ്വരൂപം ഒപ്പിയെടുത്തോരാ കണ്ണാടിയിൽ ദൃഷ്ടിയൂന്നി ഞാനേറെ നേരം....
അകതാരിലുണർന്നെണീറ്റ പൗരഷച്ചിന്തയിൽ ഇടിത്തീയായ് ആക്രോശിക്കും വിധിതൻ നഗ്നസത്യം....
പെണ്മയെന്നിലന്യമായെന്നറിയേ ലോകം
വെറുക്കും നാളുകൾ എത്തിയെൻ ചാരെ
തീതുപ്പുമായിരം വ്യാളികളെൻ നേരേ
ചീറ്റും മിന്നൽപിണരുകൾ
പരിഹാസ ശരങ്ങളായ്.....
നിഴലും നിലാവു ഇഴപിരിയും രാവിൽ
പെൺചിന്തകൾ അഴിയുന്നുവോ
ഉറയൂരും നാഗം പോൽ ഞാൻ മാറിടുന്നു.....
വൈതരണിയിൽ തളർച്ചയേറി വലഞ്ഞീ തീക്കനൽപടർത്തും വിധിയെ ആധിയോടാലംബമറ്റു ഞാൻ
ആത്മാവിനാഴത്തിൽ ഗോപ്യമായ് ആഴ്ത്തിവപ്പൂ.....
ദീപാസോമൻ ദേവീകൃപ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo