ലഹരി തേടി അലയുകയായിരുന്നു. സിറിഞ്ചുകൾ മുറിയിലെ ആരും കാണാത്ത മൂലകളിൽ കുന്നുകൂടി.
അടുത്തൊരു ലഹരിക്ക് പണം തേടി പായുകയായിരുന്നു മനസ്സ്.
വിൽക്കാൻ ഒന്നും ഇല്ല.ഒടുവിലായിരുന്നു കൈകൾ ഉറങ്ങുന്ന അമ്മയുടെ കഴുത്തിലേക്ക് നീണ്ടത്. ഇരുട്ടിൽ ആരെന്നറിയാതെ എതിർത്ത ആ പ്രാണനെ ആ ഇരുട്ടിൽ തന്നെ പറിച്ചെടുത്തു.
ആ ജീവന് പകരം നേടിയത് പകുതി ദിവസം മാത്രം കിട്ടിയ ലഹരി. പിന്നെ ജയിൽവാസം.
ഇരുൾമൂടിയ ജയിലറകളിൽ പിന്നെ പിന്നെ ചെവിയിൽ കേൾക്കാൻ തുടങ്ങിയത് പ്രാണൻ പറിയുന്ന വേദനയിൽ ഉള്ള മോനെ എന്ന കരച്ചിൽ ആയിരുന്നു. ഒടുക്കം ഒരു ഭ്രാന്തനായി ഭ്രാന്താശുപത്രിയിൽ.
കൗമാരം ലഹരിക്കും യൗവ്വനം തടവറയ്ക്കും ഭ്രാന്തിനുമായി പങ്കുവെക്കപെട്ടപ്പോൾ നഷ്ടമായത് ജീവിതത്തിലെ സ്വർഗ്ഗതുല്യമായ നിമിഷങ്ങൾ ആയിരുന്നു.
ഭ്രാന്തിന്റെ ആഴക്കടൽ നീന്തിക്കയറിയപ്പോൾ ചേർത്തു പിടിക്കാൻ ദൈവത്തിന്റെ മണവാട്ടിമാർ ആയിരുന്നു ഉണ്ടായിരുന്നത്.
ഇന്നീ അഗതിമന്ദിരത്തിൽ കുറെ അമ്മമാർക്ക് മകനാണ്.
ലഹരി കണ്ണുമറച്ചപ്പോൾ പിഴുതെടുത്ത അമ്മയുടെ പ്രാണൻ പൊറുക്കുമോ ഈ ജന്മത്തോട്.അറിയില്ല. പ്രായശ്ചിത്തം ആവില്ലെങ്കിലും ഇനിയുള്ള ശിഷ്ടജീവിതം ഒരു പിടി നന്മയ്ക്കായി കൊടുക്കണം. അമ്മയ്ക്കായി നൽകാൻ ആവാത്തത് ഇന്നീ അമ്മമാർക്ക് നൽകുകയാണ്.
കണ്ണടയ്ക്കുമ്പോൾ അമ്മയുടെ 'ആദീ' എന്ന നേർത്ത വിളി
പൊറുക്കുക അമ്മേ ഞാനെന്ന മകനോട്..
✍സിനി ശ്രീജിത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക