Slider

ചന്ദ്രുവിന്റെചിന്തകൾ

0
Image may contain: 1 person, smiling, closeup

"എന്തുവാ സാറേ ചോറും പാത്രത്തില്‍ താളം പിടിച്ചിരുന്നു ആലോചിക്കുന്നത് ? "
ടിഫിന്‍ ബോക്സിലെ ചോറില്‍ വലതുകൈ കൊണ്ട് ഞെരടി ആലോചനയില്‍ മുഴുകിയിരുന്ന ചന്ദ്രകാന്തിന് മുന്നിലുടെ കടന്നു പോയ ഓഫീസിലെ സഹപ്രവര്‍ത്തക ലീനയുടെ ചോദ്യം .....
"ഇല്ല ലീന ,ഞാന്‍ ചുമ്മാ ......"
ഒരു ഞെട്ടലോടെ കട്ടിലില്‍ നിന്നും ചാടി എഴുന്നേറ്റ ചന്ദ്രു എന്ന ചന്ദ്രകാന്ത്‌ , അടുത്ത് നില്‍ക്കുന്ന ലീനയടക്കമുള്ള സഹപ്രവര്‍ത്തകരെയും ഭാര്യയെയും മാറിമാറി നോക്കിയശേഷം ജഗ്ഗില്‍ നിന്ന്‍ അല്‍പ്പം വെള്ളം കുടിച്ച് കിതപ്പടക്കികൊണ്ട് പറന്നു ....
" ഞാന്‍ പെട്ടന്ന് ഓഫീസില്‍ ആണെന്ന് ഓര്‍ത്തു "
"ശരി സാറെ , സാറ് വിശ്രമിക്ക് ഞങ്ങള്‍ ഇറങ്ങുവാ "
ചന്ദ്രുവിനോട് യാത്രപറഞ്ഞു പുറത്തേക്കിറങ്ങിയ സഹപ്രവര്‍ത്തകര്‍ ഭാര്യയെ അടുത്ത് വിളിച്ചു ആശ്വസിപ്പിച്ചു ....
"ഓഫീസില്‍ വെച്ച് ചെറുതായി ആളിന് ഒരു അസ്വസ്ഥത തോന്നി , പേടിക്കാനൊന്നുമില്ല ,ചെറിയ പനി ഉണ്ട് അതിന്‍റെതാവാം ,രണ്ട് ദിവസം റസ്റ്റ്‌ എടുക്കട്ടെ സാറ് "
അപ്പോഴേക്കും മുറിക്കുള്ളിലെ കട്ടിലില്‍ കിടന്ന് കണ്ണടച്ച് തുടങ്ങിയ ചന്ദ്രുവിന്‍റെ മനസ്സിലേക്ക് ആ പഴയ മന വീണ്ടും തെളിഞ്ഞുവന്നു ,
പകല്‍മാഞ്ഞ് തുടങ്ങുന്ന ആ സന്ധ്യാനേരത്ത് , മറ്റേതൊരു വാരാന്ത്യവും പോലെ ഒരുകുപ്പി റമ്മുമായി ഭ്രാന്തമായ ആവേശത്തോടെ ചന്ദ്രുവും , കാശിയും ആ മനയുടെ തകര്‍ന്നു വീഴാറായ വാതിലുകള്‍ തള്ളിതുറന്ന് അകത്തേക്ക് .....................
ചാത്തനും ,മറുതയും വിഹരിക്കുന്നു എന്ന് നാട്ടുകാരില്‍ ഏറിയ പങ്കും വിശ്വസിച്ചു പോരുന്ന ആ മനയുടെ ഇടനാഴിയിലുടെ ഇരുവരും നടന്നു നീങ്ങുന്നു .............
" പച്ചോലപനയോല മാടങ്ങള്‍ കാക്കുന്ന , അരിവാളിന്‍ തുമ്പിലെ ചിരിയാണ് ഞങ്ങള്‍ "
അടുത്തിരുന്ന ഫോണിന്‍റെ കരച്ചിലാണ് ചന്ദ്രുവിനെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത് ,മറുതലക്കല്‍ അമ്മയാണ് ...............
" ഒന്നുമില്ല അമ്മെ ,ഓഫീസില്‍ വെച്ച് ശരീരം ഒന്ന് തളരുന്നത് പോലെ തോന്നി , ഇപ്പോള്‍ കുഴപ്പമില്ല "
അമ്മയുടെ സുഖാന്വേഷണത്തിന് മറുപടി നല്‍കി ചന്ദ്രു ഫോണ്‍ ഭാര്യക്ക് കൈമാറി ........
"ഇന്നലെ അമ്മയെ കാണാന്‍ വന്നിട്ട് തിരികെ വന്നപ്പോള്‍ മുതല്‍ എന്തോ ഒരു മാറ്റം ചന്ദ്രുവിനുണ്ട് "
അമ്മായിയമ്മയോട് സംസാരിച്ച് കൊണ്ട് പുറത്തേക്ക് ഇറങ്ങിയ ഭാര്യയുടെ ശബ്ദം കണ്ണടച്ച് വീണ്ടും കിടന്ന ചന്ദ്രുവിന്‍റെ കാതുകളെ തഴുകികൊണ്ട് നേര്‍ത്ത് നേർത്ത് ഇല്ലാതായി...........
ഞായറാഴ്ച്ചകളിലെ സന്ധ്യകളില്‍ നാട്ടാരുടെ കണ്ണ് വെട്ടിച്ച് രണ്ടെണ്ണം വീശാന്‍ ചന്ദ്രുവിനും, കാശിക്കും ,ഏറ്റവും ഉചിതമായ സ്ഥലം തകര്‍ന്നു വീഴാറായ , പകല്‍പോലും അങ്ങനെ ആളുകള്‍ അടുക്കാത്ത ദുഷ്ട്ടശക്തികളുടെ വിഹാരരംഗം എന്ന് നാട്ടാര്‍ വിശ്വസിക്കുന്ന ആ മനയായിരുന്നു . ........
പതിവ് പോല്‍ ആ ഞായര്‍ ആഴ്ച്ചയിലും മനയുടെ ഇടനാഴിയിലുടെ സ്ഥിരമായിട്ട് ഇരിക്കുന്ന തെക്കേ കോണിലേക്ക് നടക്കവേയാണ് ഇരുവരുടെയും കണ്ണുകളില്‍ ആ കാഴ്ച്ചകണ്ടത് .....
പൊളിഞ്ഞുവീഴാറായ തെക്കേ കോണിലെ മുറിക്കകത്ത് വെറും നിലത്ത് കിടന്ന് പരസ്പരം ശരീരം പങ്ക് വെക്കുന്ന പ്രണയജോഡികള്‍..............
ആ മനയുടെ തന്നെ ഉടമസ്ഥാവകാശമുള്ള ഇളമുറക്കാരിക്കൊപ്പം ,കണിയാന്‍ രാഘവന്‍റെ മകന്‍ .............
ചന്ദ്രുവിന്‍റെ മൊബൈല്‍ ക്യാമറ ആ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നത് അറിയാതെ ഒന്നിച്ച് ജീവിക്കാന്‍ കൊതിക്കുന്ന രണ്ട് മനസ്സുകള്‍ , ആരും കയറാത്ത ആ മനയുടെ ഇടിഞ്ഞുവീഴാറായ നാല് ചുവരുകളുടെ സുരക്ഷിതത്വത്തില്‍ വിശ്വസിച്ചു എല്ലാം മറന്നു രമിച്ചുകൊണ്ടേയിരുന്നു ...........
ചന്ദ്രുവിന്‍റെയും കാശിയുടെയും സിരകളിലേക്ക് മദ്യത്തിന്‍റെ ലഹരി പടര്‍ന്നപ്പോഴേക്കുമാണ്,തങ്ങള്‍ പിടിക്കപെട്ടു എന്ന യഥാര്‍ത്ഥ്യം ആ പ്രണയജോഡികള്‍ മനസിലാക്കുന്നത് ..............
ചന്ദ്രുവിലും കാശിയിലും ഉണര്‍ന്ന സദാചാരബോധത്തെ തണുപ്പിക്കാന്‍ ഇരുവരുടെയും കരഞ്ഞുകാലുപിടിച്ചുള്ള അപേക്ഷകള്‍ക്ക് സാധിച്ചില്ല .........
തൊട്ടടുത്ത പ്രഭാതത്തില്‍ കണിയാന്‍ രാഘവന്‍റെ മകനും ,മനയിലെ പെണ്ണും തമ്മിലുള്ള അവിഹിതത്തിനോപ്പം , ചൂടോടെ തന്നെ വീട്ടിലെ ഉത്തരത്തില്‍ ഒരു മുഴം കയറില്‍ മനയിലെ പെണ്ണ് ജീവനൊടുക്കിയ വാര്‍ത്തയും നാടാകെ പരന്നു.................
" അയ്യോ ,ഞാനൊന്നും മനപ്പൂര്‍വ്വമല്ല , പ്ലീസ് എന്നെവെറുതെ വിടൂ ........"
കാശിയുടെ കൈകള്‍ ദേഹത്ത് സ്പര്‍ശിക്കപെട്ടതോടെ മയക്കത്തിലായിരുന്ന ചന്ദ്രു അലറിവിളിച്ചുകൊണ്ട് ഉണര്‍ന്നു ......
" എന്ത് പറ്റിയടാ ,നിനക്ക് ഇത് ഞാനാണ്‌ ,കാശിയാ ? "
കിതപ്പ് മാറ്റാന്‍ പാട്പെടുന്ന ചന്ദ്രുവിനെ ആശ്വസിപ്പിക്കുന്ന കാശിയുടെ മുഖത്ത് അത്ഭുതവും,ആശങ്കയും ഒരുപോലെ വിടര്‍ന്നിരുന്നു ..................
"ഇന്നലെ നാട്ടില്‍പോയപ്പോള്‍ അവനെ കണ്ടു ഞാന്‍ , അന്ന് നാടുവിട്ട് പോയ ആ കണിയാന്‍ രാഘവന്‍റെ മകനെ , മുഴുഭ്രാന്തനായി നാട്ടിലാകെ അലയുന്നുണ്ട് , എന്നെ നോക്കി അവന്‍ ചിരിച്ച ചിരിക്ക് ,പറഞ്ഞ വാക്കുകൾക്ക് ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ട് , ആകെ വല്ലാതെയാകുന്നു എന്‍റെ മനസ്സ് "
കട്ടിലില്‍ തലക്ക് കയ്യുംവെച്ചിരിക്കുന്ന ചന്ദ്രുവിനോട് ചേര്‍ന്ന് കാശി ഇരുക്കുമ്പോള്‍ ,ഒരു ഞെട്ടലോടെ അവന്‍ മുറിയുടെ ഓരത്തേക്ക് വഴുതിമാറുന്നത് ആശങ്കയോടെ കാശി നോക്കിനിന്ന് ............
"ഡാ ഇത് വര്‍ഷം കുറെ ആയതല്ലേ ,നീ ഇന്നലെയാണോ അറിയുന്നത് ,അവനു ഭ്രാന്ത് ആണെന്ന് ,നീ ചുമ്മാ ഓരോന്ന് ആലോചിച്ച് കൂട്ടി ആ പെണ്ണിനെ കൂടി വിഷമിപ്പിക്കാതെ "
കാശിയുടെ ആശ്വാസ വാക്കുകൾക്കൊപ്പം ,ചന്ദ്രുവിന്റെ ഭാര്യയുടെ തേങ്ങലുകളും ആ മുറിക്കുള്ളിൽ ഉയർന്നു....
" അവൻ എന്നോട് ആവശ്യപ്പെട്ടത് എന്താണെന്നു അറിയാമോ,ആ മനയിലെ പെണ്ണിന്റെ ഫോട്ടോ വല്ലതും എന്റെ മൊബൈലിൽ ഉണ്ടേൽ ഒന്ന് കാണിക്ക് അവന് കാണാൻ കൊതിയാകുന്നു എന്ന് ,
ഇല്ല എനിക്ക് വല്ലാത്ത ഭയം, ഈ പാപമൊക്കെ നമ്മളെ വേട്ടയാടും ,കാശി നിനക്കൊന്നും തോന്നുന്നില്ലെടാ "
ചന്ദ്രു കാശിയുടെ തോളിൽ തലചായ്ച്ചു വീണ്ടും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു..
തൊട്ടടുത്ത പകൽ നഗരത്തിലെ പ്രശസ്തനായ മനഃശാസ്ത്രജ്ഞന്റെ ചീല്ക്സാ മുറിയിൽ ചന്ദ്രു കൗൺസിലിംഗിന് വിധേയമായികൊണ്ടിരിക്കുന്ന അതെ നേരത്ത് തന്നെ പുറത്ത് കാത്തിരിക്കുന്ന കാശി ചന്ദ്രുവിന്റെ ഭാര്യയോടായി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു...
"വീട്ടിൽ നിന്ന് ഇപ്പോൾ ഫോൺ ഉണ്ടായിരുന്നു, ആ രാഘവന്റെ മകൻ , തകർന്നു കിടന്ന മനക്കുള്ളിൽ തൂങ്ങി മരിച്ചു,
ഇപ്പോൾ അവനോട് ഈ കാര്യം പറയേണ്ട "
ഇത്രയും പറയുമ്പോഴേക്കും ഹോസ്പിറ്റലിലെ
എയർകണ്ടീഷന്റെ ശീതളിമയിലും കാശി
അസാധരണമാം വിധം വിയർക്കുന്നുണ്ടായിരുന്നു.
കെ.ആർ.രാജേഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo