Slider

കര്‍മ്മസാക്ഷി കവിത.

0
Image may contain: one or more people and people sitting

വിയര്‍പ്പ്
ഒന്നിനും സാക്ഷിയാവുന്നില്ല.
അത്
വിയര്‍ക്കുന്നവരറിയാതെ
മണ്ണില്‍ വീണു വറ്റിപ്പോകുന്നു.
തോര്‍ത്തുമുണ്ടില്‍,
വേഷ്ടിത്തലപ്പില്‍
വലിഞ്ഞില്ലതാവുന്നു.
വയലില്‍ വിളഞ്ഞ നെല്ലും
അടുപ്പില്‍ വെന്ത ചോറും
അതിനു സാക്ഷി പറയില്ല.
പോസിറ്റീവ്, നെഗറ്റീവ് ഗ്രൂപ്പുകളില്ലാതെ,
അതിര്‍ത്തികളുടെ ചുവപ്പു വരകള്‍ക്കപ്പുറത്തിപ്പുറത്ത്
വിയര്‍പ്പ് ഒന്നുമല്ലാതാവുന്നു.
ദേശീയതയ്ക്കു ചുവപ്പു പകരാതെ,
കൊടികള്‍ക്ക് വര്‍ണ്ണപ്പകിട്ടേകാതെ ,
കൊടിമരച്ചോട്ടില്‍
അത് ഒന്നുമല്ലാതാവുന്നു.
ദേശീയ ബഹുമതികളും
ആചാരവെടികളുമില്ലാതെ
വിശക്കുന്നവര്‍ക്കന്നമായി
വിയര്‍പ്പ്
മണ്ണില്‍
വേഷ്ടിത്തലപ്പില്‍
ഒന്നുമല്ലാതാവുന്നു.
വിയര്‍പ്പ്
മണ്ണിലെ ഉപ്പായതും
ചോരയിലെ ചോപ്പായതും
പ്രധാനമന്ത്രി അറിഞ്ഞില്ല.
അന്നമായി,
ഭൂതമായി,
പര്‍ജ്ജന്യമായി,
യജ്ഞമായി,
കര്‍മ്മസാക്ഷിയായി
അതു നിറഞ്ഞു നില്‍ക്കുന്നത്
ആരും അറിയുന്നതേയില്ല.
By Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo