
അതൊരു രഹസ്യ വേഴ്ച ആയിരുന്നു ,
അച്ഛനും അമ്മയും കാണാതെ നോട്ടുബുക്കിൽ കുത്തികുറിക്കുമ്പോൾ “എന്താടി ഒരു പരുങ്ങൽ” അമ്മയുടെ തുറിച്ചു നോട്ടം .” ഒന്നും ഇല്ലമ്മേ" എന്ന് പറഞ്ഞു സോവിയറ്റു പൊതിക്കുള്ളിൽ കഥയുടെ ബീജം ഒളിപ്പിച്ചു .നാളെ എഴുതാം ,നടക്കാവ് മരത്തിന്റെ ചോട്ടിലിരുന്നു ആരും കാണാതെ ആ കഥ ഒന്ന് പൂർത്തിയാക്കണം .യുറീക്കയുടെ അഡ്രസ് ഒക്കെ മനഃപാഠം ആണ് .പക്ഷെ എന്നാ ഇതൊന്നു പൂർത്തിയാവുക .
നടക്കാവ് മരം , മുത്തശ്ശൻ പറഞ്ഞിരുന്നു അതിനു മുത്തശ്ശന്റെ മുത്തശ്ശന്റെ വയസ്സുണ്ടെന്നു ,നേർത്ത പുളി,എത്ര പഴുത്താലും പുളി മാറില്ല .
പിള്ളേരുടെ കല പില ശബ്ദത്തിനിടക്ക് അവൾ ആ കഥ പൂർത്തിയാക്കി . ഇയ്യാ.... എന്ന് വിളിച്ചു അവൾ ആ നടക്കാവ് മരത്തിനും ഉയരത്തിൽ തുള്ളിച്ചാടി ...
യൂറീക്കാ..........
കിട്ടുട്ടിയേട്ടനോട് പറഞ്ഞു അഞ്ചു രൂപയുടെ സ്റ്റാമ്പ് വാങ്ങിച്ചു സ്വപ്നങ്ങളുടെ ആദ്യാക്ഷരം കവറിൽ നിറച്ചു ,വളരെ അപൂർവമായി കിട്ടുന്ന ഇ എം എസ് ന്റെ സ്റ്റാമ്പ് തുപ്പല് കൊണ്ട് ഒട്ടിച്ചു തപാൽ പെട്ടിയിൽ നിക്ഷേപിച്ചു .ഇത് വെളിച്ചം കണ്ടാൽ മഠത്തിൽ ഭഗവതിക് 50 മില്ലി വെളിച്ചെണ്ണയും നേർന്നു
ഭഗവതി കനിഞ്ഞില്ല
എഡിറ്റർ കനിഞ്ഞില്ല
ചാപിള്ളയായി .....
അവൾ വളർന്നു വലുതായി
നടക്കാവ് മരം നിന്ന സ്ഥലത്താണ് ഇപ്പോൾ താമസിക്കുന്നത് .നടക്കാവിനോളം പൊക്കത്തിൽ നാലാം നിലയിൽ ...
അന്നെഴുതിയ കഥ ഓർത്തു
ഫേസ് ബുക്ക് എടുക്കുന്നു
എന്താ മോളെ മൊബൈലിൽ ? അമ്മയുടെ സ്നേഹ സ്വരം
അമ്മെ ഞാൻ ഒരു കഥ പോസ്റ്റ് ചെയ്യുകയാ
ഉം നടക്കട്ടെ ,അമ്മയുടെ പ്രോത്സാഹനം
എഡിറ്റർ അവൾ തന്നെ
ഭഗവതിയും അവൾ തന്നെ
ഇത്തവണ ചാപിള്ള ആയില്ല
500 ലൈകും 1000 സുഖിപ്പീരുകളും
നിരൂപകൻ മാർ പ്രൊഫൈൽ പിക്ചർ ചേഞ്ച് ചെയ്യുന്ന തിരക്കിലും
By: Yashel
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക