Deepa Narayanan
Liverpool,Newyork
|
ലക്ക് കെട്ട തീറ്റയും, സ്ഥലകാലാബോധമില്ലാതെ കടന്നു വരുന്ന ചില ഉൾവിളികളും തിരിച്ചെടുക്കാൻ പറ്റില്ല. ഓർക്കുക. ഓർത്താൽ നന്ന്.
ഷാജി, ഷിബു, ഷിജു , ബിജു, ബൈജു ... ഈ പേരുകൾക്ക് അർഥം ഉണ്ടോ? അറിയില്ല. എന്തായാലൂം സദ്യ, ഉത്സവം ,ലാലേട്ടൻ , മമ്മൂക്ക ...... മലയാളികളുടെ സ്വകാര്യഅഹങ്കാരങ്ങളുടെ ലിസ്റ്റിലേക്ക് ചേർക്കാം ഈ പേരുകളും. കാരണം മലയാളികൾക്ക് മാത്രമേ ഇത്തരം പേരുകൾ കാണൂ. പേരിന്റെ അറ്റത്തു മോൾ ,മോൻ എന്ന്ചേർക്കുന്ന രീതിയും മലയാളിക്ക് സ്വന്തം. കൊച്ചു വളരുമ്പോൾ വേറേ മോൻ മോൾ കൂട്ടി ചേർത്ത് നാട്ടുകാർ വിളിക്കുമ്പോൾ ഒരു അമ്പരപ്പ് ഒഴിവാക്കാനാവുംചെറുപ്പത്തിലേ ശീലിപ്പിക്കുന്നതു.
ഈ കഥയും , പേര് കാരണം പണി കിട്ടിയ ഒരുവളുടേതാണ്. . ഇത് എന്റെ കഥയല്ല. പേര് കാരണം ദുരൂഹ സാഹചര്യത്തിൽ അകപ്പെടുകയും, മലയാളിയുടെഅവസരത്തിനൊത്തുയരുന്ന ബുദ്ധികൂർമതയുടേയും തൊലികട്ടിയുടേയും പ്രതീകമായ ഒരു കൂട്ടുകാരിയുടെ കഥയാണ്.
കഥ നടക്കുന്നത് 20 കൊല്ലം മുൻപ്. കഥാനായികയുടെ പേര് സൂര്യ. നല്ല പേര് . കേരളത്തിലെ കുറെ പെണ്കുട്ടികൾക്കുണ്ട് ആ പേര്. അന്നവൾക്കു മധുര പതിനേഴു.കാണാൻ അതിസുന്ദരി. ഇവള് കാരണം ആ ജില്ലയിലെ ആൺകുട്ടികൾ ഞങ്ങളെ പോലുള്ള 'ആവറേജ് ലുക്കിങ്' പെൺപിള്ളേരെ ഒന്ന് മൈൻഡ് പോലുംചെയ്യാറില്ലായിരുന്നു. എന്നാൽ ഇവൾക്കതിന്റെ അഹങ്കാരം ഒന്നുമില്ല. ഹോംവർക്, റെക്കോർഡ് എഴുത്തു ,ബാഗ് ചുമക്കൽ ഇങ്ങനെ ചില പ്രേമ പരീക്ഷകൾ ഇവൾഅവരെ കൊണ്ട് ചെയ്യിക്കാറുണ്ട്. വൃത്തി കണ്ടു പിടിച്ചത് ഇവൾ ആണെന്നാണ് വിചാരം. പച്ചവെള്ളം വരെ കഴുകി വൃത്തിയാക്കിയേ കുടിക്കു. ട്യൂഷൻ ക്ലാസ്സിലെബെഞ്ചിൽ ഇരിക്കുന്നതിന് മുൻപ് " oh my god ,this place is full of dust " എന്നൊക്കെ പറയും. രാജകുമാരിയുടെ ആസനത്തിൽ dust പറ്റാതിരിക്കാൻ , ഏതെങ്കിലും കോന്തൻഅവിടെ തുടയ്ക്കും. അങ്ങനെ അവൾ വിലസി നടന്ന പ്രീ ഡിഗ്രി കാലം.
പ്രീ ഡിഗ്രി കഴിഞ്ഞു ഒരു ചടങ്ങു പോലെ എല്ലാരും എഴുതൂലോ എൻട്രൻസ്. ഇവളും എഴുതാൻ തീരുമാനിച്ചു. കേരളാ എൻട്രൻസ് എഴുതിയപ്പോൾ തന്നെ അവൾക്കുമനസ്സിലായി കേരളത്തിൽ പഠിക്കണമെങ്കിൽ ഇനി ഒരു അഞ്ചാറു ജില്ലകൾ കൂടി രൂപപ്പെടണമെന്നു. അതോണ്ട് അവൾ അയൽ സംസ്ഥാനമായ തമിഴ് നാട് ലക്ഷ്യംവെച്ചു. ഇവളുടെ കൂടെ പരീക്ഷ എഴുതാൻ ഞങ്ങളുടെ വേറെ ഒരു കൂട്ടുകാരിയും. അങ്ങനെ ഇവർ രണ്ടു പേരും, ഇവരുടെ അച്ഛന്മാരുമായി തിരോന്തരത്തൂന്നുനഗർകോവിലിലേക്കു യാത്ര തിരിച്ചു. ഏതാണ്ട് 3 മണിക്കൂർ യാത്ര -അത്രേ ഉള്ളു. പക്ഷെ കാശിക്കു കാൽനടയായി മോള് പോകുന്നു എന്ന മട്ടിൽ ഇവളുടെ 'അമ്മ അപ്പം ,മുട്ടക്കറി, ചിക്കൻ കറി എന്ന് വേണ്ട അവർക്കറിയാവുന്ന എല്ലാ കറികളും ഉണ്ടാക്കി. 'അമ്മ പറഞ്ഞാൽ ഒരു വക കേൾക്കാത്തവളാണ്. "മുഴുവൻ കഴിക്കണേയ് മോളെ "എന്ന് അവർ പറഞ്ഞത് എന്തോ അക്ഷരം പ്രതി അവൾ അന്ന് അനുസരിക്കാൻ തീരുമാനിച്ചു. കേരളത്തിന്റെ അതിർത്തി കടക്കുന്നതിനു മുൻപ് തന്നെ അപ്പം,ചിക്കൻഈ രണ്ടിന്റെ കാര്യത്തിലും അവൾ ഒരു തീരുമാനം ഉണ്ടാക്കി. തമിഴ് നാട്ടിൽ കാലു കുത്തി കുറച്ചു കഴിഞ്ഞതും മുട്ടക്കറിയും ഒരു 4 ദോശയും. ഭക്ഷണത്തിനോട് ചെയ്തപ്രതികാരം തീരാതെ നഗർകോവിലിലെ അണ്ണാച്ചീടെ ഹോട്ടലീന്ന് ഇഡലിയും വടയും. ശുഭം.
പരീക്ഷ നടക്കുന്നത് നാഗർകോവിലിലേ ഏതോ സർക്കാർ സ്കൂളിൽ. ആ സ്കൂളും പരിസരവും ഒന്നും ഇവൾക്കൊട്ടും പിടിച്ചിട്ടില്ല. dirty place, country people എന്നൊക്കെപുലമ്പിക്കൊണ്ടിരുന്ന അവളെ "സാരമില്ല മോളെ, ഒരു 2 മണിക്കൂറത്തെ കാര്യമല്ലേ?" എന്നൊക്കെ പറഞ്ഞു അവളുടെ അച്ഛൻ ഒരു വിധത്തിൽ സമാധാനിപ്പിച്ചു. ഫാൻഒന്നും കാണുന്നില്ല ക്ലാസ്സ് റൂമിൽ , പുന്നാര മോൾക്ക് വിയർക്കരുതല്ലോ . അച്ഛൻ ഒരു വെൺപട്ടു തൂവാല പോക്കറ്റിൽ നിന്നെടുത്തു മോൾക്ക് കൊടുത്തു.
“വിയർക്കും മോളെ, നീ ഇത് കയ്യിൽ വെച്ചോ. “ തൂവാലയും വാങ്ങി എക്സാം ഹാൾ തപ്പി നടന്ന അവൾ ഒരു സത്യം മനസ്സിലാക്കി.
ആ സ്കൂളിൽ രണ്ടു ബ്ലോക്കുകൾ ഉണ്ട്. പെൺകുട്ടികളുടെ സ്കൂളും ,ആൺകുട്ടികളുടെ സ്കൂളും. പെണ്കുട്ടികൾക്കൊക്കെ പെൺകുട്ടികളുടെ ബ്ളോക്കിലും,ആൺകുട്ടികൾക്ക് ബോയ്സ് ബ്ളോക്കിലുമാണ് പരീക്ഷ. "ദർശനേ പാപം" എന്ന സംസ്കൃത ശ്ലോകത്തിൽ വിശ്വസിക്കുന്ന ഏതോ തമിഴൻ ഡിസൈൻ ചെയ്തതാവും.പെൺകുട്ടികളുടെ ബ്ലോക്കിൽ ഒട്ടിച്ചു വച്ചിരുന്ന ലിസ്റ്റിന്റെ ഓരോ അരിയും പെറുക്കി എടുത്തിട്ടും സൂര്യയുടെ പേര് ഇല്ല. ' ഏയ് ഞാൻ പെണ്കുട്ടിയല്ലേ? അല്ലേ അച്ഛാ"?കരച്ചിൽ, ബഹളം ആകെ പാടെ ജഗപൊക. അപ്പോഴാണ് ആരോ പറയുന്നത് സൂര്യ എന്ന പേര് തമിഴ്നാട്ടിലോക്കെ ആൺകുട്ടികൾക്കാ ഇടണേ, അതോണ്ട് ബോയ്സ്ബ്ലോക്കിൽ നോക്കാൻ. അച്ഛനും മോളും ഓടി ബോയ്സ് ബ്ലോക്കിലേക്കു. അവിടെ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വച്ചിരിക്കുന്നു SURYA DAMODHARAN.
"ഈ പേരെന്തിനാ അച്ഛാ എനിക്കിട്ടത്” എന്ന് ചോദിച്ച അവളെ
"നീ എന്റെ ആൺ കുട്ടിയല്ലേടാ ,ചക്കര കുട്ടി " എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു ആ പാവം മനുഷ്യൻ ഒരു വിധത്തിൽ ക്ലാസ്റൂമിൽ കേറ്റി വിട്ടു. മകൾഎഞ്ചിനീയർ ആവുന്നതും, മുല്ലപെരിയാർ ഡാം ഇടിച്ചു നിരപ്പാക്കി വേറേ പണിയുന്നതും സ്വപ്നം കണ്ടു ആ പാവം ഏതോ മരച്ചുവട്ടിൽ കാത്തിരുന്നു.
എക്സാം ഹാളിൽ ഒരു പറ്റം ചെക്കന്മാരുടെ ഇടയിൽ ചോക്ലേറ്റിലെ പൃഥ്വിരാജിനെ പോലേ അവൾ ഇരുന്നു. ആൺകുട്ടികളുടെ ബ്ലോക്കിൽ ഇവൾ എങ്ങനെ വന്നു?ചെക്കന്മാർക്കു ആക്രാന്തം ഛെ ആകാംക്ഷ അടക്കാൻ വയ്യ. ഫിസിക്സും ,കെമിസ്ട്രിയും ഒക്കെ മാറ്റി വച്ച് അവർ ഇവളുടെ ഭൂമിശാസ്ത്രവും ബയോളജിയും പഠിച്ചുതുടങ്ങി. പെണ്ണ് തന്നെ. സംശയമില്ല. കൂട്ടത്തിൽ രജനി കാന്തിന് പഠിക്കുന്ന ഒരുത്തൻ സർവ ധൈര്യവും സംഭരിച്ചു ചോദിച്ചു " ഇത് ബോയ്സ് ബ്ലോക്ക് ,നീങ്ക എപ്പിഡി ഇങ്ക?”
“What? I don’t know Tamil.What the hell do you want?”
പകച്ചു പോയി അവനും ഹാളിൽ ഉള്ള ബാക്കി ചെക്കന്മാരും. അങ്ങനെ ഇംഗ്ലീഷിൽ ചോദിച്ചു കാര്യം മനസ്സിലാക്കേണ്ട ഗതികേടില്ലെന്ന മട്ടിൽ "ഇംഗ്ലീഷ് ഒഴിക" എന്നമുദ്രാവാക്യം മനസ്സിൽ വിളിച്ചു രജനി കാന്ത് വന്ന സ്പീഡിൽ തിരിച്ചു പോയി സീറ്റിൽ ഇരുന്നു.
ടീച്ചർ വന്നു. ഇവളെ ഒന്ന് സൂക്ഷിച്ചു നോക്കി. പേര് ചോദിച്ചു. അവർക്കു കാര്യം പിടി കിട്ടി. ബെൽ അടിക്കുന്നു, ചോദ്യ കടലാസ്സു കിട്ടുന്നു. പരീക്ഷ തുടങ്ങുന്നു. ചൂട്കാരണം , അച്ഛൻ കൊടുത്ത തൂവാല കൊണ്ട് ഇവൾ വിയർപ്പു തുടക്കുന്നു. ഇവൾ ഒഴുക്കുന്ന വിയർപ്പുതുള്ളികൾ കാരണം ചെക്കന്മാർക്കും കോൺസെൻട്രേഷൻ ഇല്ല.ആകെ അസ്വസ്ഥത. പെട്ടന്നാണ് ഇവൾക്ക് എന്തോ ഒരു വല്ലായ്ക. വയറിൽ നിന്ന് എന്തൊക്കെയോ അപശബ്ദം കേൾക്കുന്നു. ചെറുതായി വയറു വേദനിക്കുന്നുണ്ടോ?അവഗണിക്കുന്തോറും വേദന കൂടി കൂടി വരുന്നു. ഇവൾ വയറു അമർത്തി പിടിച്ചിരിക്കുന്നു, കുറച്ചു നേരം ഡെസ്കിൽ തല വച്ച് കിടക്കുന്നു ,ഒരു രക്ഷയുമില്ല ,വേദനകൂടി വരുന്നു. ബാത്റൂമിൽ പോണം. ആ തോന്നൽ കലശലാവാൻ അധികനേരം വേണ്ടി വന്നില്ല.
തോന്നലും വേദനയും പല ശബ്ദങ്ങളിൽ പുറത്തേക്കു വന്നു . അടുത്തിരുന്ന ചെക്കൻ അവളെ ഒന്ന് നോക്കി. "നല്ല ഡീസെന്റ് ലുക്ക് .ഛെ ഇവൾ ആയിരിക്കില്ല'. ശബ്ദതരംഗങ്ങൾ അന്തരീക്ഷത്തിൽ ആകെ പാടെ പരിമളം പരത്തി തുടങ്ങി. ടീച്ചറും ചെക്കന്മാരും മൂക്ക് പൊത്തി എന്തൊക്കെയോ കോപ്രായങ്ങൾ കാണിക്കുന്നു. ഇനിഇവിടെ ഇരുന്നാൽ ശെരിയാവില്ല. ബാത്റൂമിൽ പോയേ പറ്റൂ. അവൾ ടീച്ചറോട് കാര്യം പറഞ്ഞു. " ഇപ്പൊ ഇറങ്ങിയാൽ തിരിച്ചു കയറാൻ പറ്റില്ല. 15 മിനിറ്റല്ലേ ആയുള്ളൂ.എക്സാം ക്ലിയർ ചെയ്യില്ല. "
"എന്റെ പൊന്നു ടീച്ചറെ ഇനി ഞാൻ ഇവിടിരുന്നാൽ പലതും ഇവിടെ ക്ലിയർ ആവും. എനിക്ക് പോണം. " നാറ്റം സഹിക്കാൻ പറ്റാത്ത ടീച്ചർ പിന്നെ നിർബന്ധിക്കാൻനിന്നില്ല. അവൾ എക്സാം ഹാളിൽ നിന്ന് ഇറങ്ങി ഓടിയ മണിച്ചിത്രത്താഴിലെ ശോഭനയെ പോലേ ഉത്തരക്കടലാസ്സു വലിച്ചെറിഞ്ഞു ഇറങ്ങി ഓടി. ലേഡീസ് ടോയ്ലറ്റ് girlsബ്ലോക്കിലാണെന്നും അവിടെ എത്തുന്നത് വരെ പുറത്തു വരാൻ വെമ്പി നിൽക്കുന്ന സാധനം ബ്ലോക്കാൻ പറ്റില്ലെന്നും മനസ്സിലാക്കിയ അവൾ ബോയ്സ് ടോയ്ലറ്റിലേക്കുകയറി. ഒന്നും രഹസ്യമാക്കി വെക്കാൻ താല്പര്യമില്ലാത്ത ആരോ നിർമിച്ച കതകുകൾ ഇല്ലാത്ത ബാത്രൂം. അവിടെ കാറ്റിനു സുഗന്ധം. വൃത്തിയുടെ രാജകുമാരിക്ക്പക്ഷേ അതൊന്നും പ്രശ്നമായിരുന്നില്ല. ആപത്തിനു കയറിക്കൂടാൻ പറ്റിയ ആ പൊട്ട കക്കൂസ് അവൾക്കു താജിലെ ഫൈവ് സ്റ്റാർ മുറി പോലേ തോന്നി. ഇരുന്നു. അപ്പം,മുട്ട, ചിക്കൻ, ഇഡലി എല്ലാം പുറത്തു വന്നു. പല രൂപങ്ങളിൽ പല നിറങ്ങളിൽ പല ശബ്ദങ്ങളോടെ. 5 മിനിറ്റ് .കഴിഞ്ഞു. വേദന പോയി. ഒരു മഴ പെയ്തു തോർന്നആശ്വാസം.
ഒരു പുഞ്ചിരിയോടെ അവൾ ടാപ്പ് തുറന്നു. വെള്ളം നഹി നഹി. പൊട്ടിയ ബക്കറ്റും മഗ്ഗും . ഒരു തുള്ളി വെള്ളം ഇല്ല അതിലൊന്നും. "പണി പാളിയാ?" എങ്ങനെപുറത്തിറങ്ങും? കയ്യിലാണെങ്കിൽ ഒരു തുണ്ടു കടലാസ്സു പോലും ഇല്ല. അവൾ പരിഭ്രമത്തിൽ വിയർത്തു തുടങ്ങി. അച്ഛൻ കൊടുത്ത വെൺപട്ടു തൂവാല വിയർപ്പുതുടക്കാൻ എടുത്തതും മനസ്സ് "യുറേക്ക യുറേക്ക "എന്ന് നിലവിളിച്ചു . പിന്നെ സമയം പാഴാക്കിയില്ല. ചിത്ര പണി ചെയ്ത വെൺപട്ടു തൂവാല കൊണ്ട് പറ്റുന്നത് പോലേ ....ആശ്വാസം . പതുക്കെ ഇറങ്ങി ബാത്റൂമിൽ നിന്ന്.
ഇനിയാണ് ട്വിസ്റ്റ്. ഇവൾ തമിഴ്നാട്ടിൽ എൻട്രൻസ് എഴുതുന്നതറിഞ്ഞു , ഇവളുടെ കൂടെ പഠിക്കാനുള്ള മോഹവുമായി ഒരു തിരോന്തരംകാരൻ ഇവളുടെ പുറകെകൂടിയിരുന്നു. ഇവൾ പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങി ഓടുന്നത് കണ്ട അവനും എഴുത്തു നിർത്തി. “ഇവൾ എഴുതാത്ത പരീക്ഷ എനിക്കെന്തിന്?” എന്ന മട്ടിൽ.ഇവൾക്കെന്തോ അസുഖമാണെന്നും ,ഇപ്പോൾ സഹായിച്ചാൽ ഇവളുടെ മനസ്സിന്റെ വടക്കു കിഴക്കേ അറ്റത്തു തെങ്ങു നടാമെന്നും ഉള്ള പ്രതീക്ഷയിൽ അവൻബാത്റൂമിന് വെളിയിൽ കാത്തു നിന്നു.
പുറത്തിങ്ങിയ അവളോട് "എന്ത് പറ്റി സൂര്യ" എന്ന് ചോദിച്ചതും ആയിരം കൈകളുള്ള ഭീകര സത്വമായി അവൾ മാറി. പരീക്ഷ എഴുതാൻ പറ്റാത്തതിലുള്ള കലിപ്പ്,ഇറങ്ങി ഓടുന്നത് ഇവൻ കണ്ടത്തിലുള്ള അമർഷം, തൂവാല പോയതിലുള്ള ദുഃഖം എല്ലാം കൂടി നല്ല അസ്സല് തെറിയായി പുറത്തു വന്നു. "എന്നാലും ഇവൾക്കിതു എന്ത്പറ്റി"? കാമുക ഹൃദയം തുടിച്ചു. അവൾ പോയതും അവൻ ബാത്രൂമിന്റെ അകത്തു കയറി . ഒരിക്കലേ കണ്ടുള്ളു, അവൻ മാത്രേ കണ്ടുള്ളു.തിരുപ്പതിയായി.
ഈ ചങ്ങാതി പിന്നെ തിരോന്തരത്തെ അറിയപ്പെട്ട മനഃശാസ്ത്ര വിദഗ്ധനായി. ബ്രേക്ക് അപ്പ് കേസുകൾ മാത്രേ കൈകാര്യം ചെയ്യൂ. തേപ്പു കിട്ടിയ കാമുകന്മാരുടെ നിരാശഒറ്റ ഡയലോഗിൽ തീർക്കും "ഡാ , നീ അവളെ മിസ് ചെയ്യുമ്പോൾ, അവൾ വയറിളകിക്കിടക്കുന്നതു ഓർത്താൽ മതി. വിഷമം താനേ പൊയ്ക്കോളും".
Deepa Narayanan
Liverpool,Newyork
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക