കാലം ഒളിപ്പിച്ചുവെച്ച ഒരു പെൺചാരുത..
രാമായണകഥയിലെ ഏറ്റവും തഴയപ്പെട്ട കഥാപാത്രങ്ങളിലൊന്ന്.
പുരാണ കഥാപാത്രങ്ങളില് എനിക്കേറ്റവും പ്രീയമുള്ള ഒരു സ്ത്രീ കഥാപാത്രമാണ് ഊർമ്മിള.
ജനക മഹാരാജാവിൻറെ പൊന്നോമന പുത്രി...സീതയുടെ അനുജത്തി...അയോധ്യയിലെ രാജകുമാരനായ ലക്ഷ്മണൻറെ ഭാര്യ..
എന്നും സീതയുടെ നിഴലായി ചരിത്രത്തില് ഇടം നേടാനായിരുന്നു അവളുടെ വിധി..അവഗണിക്കപ്പെട്ട സ്ത്രീജന്മത്തിന്റെ പ്രതീകമാണ് ഊർമ്മിള.
പതിവ്രതയായും കുലീനയായും സീതയ്ക്കൊപ്പം നിന്നിട്ടും സീതയെ വാനോളം പുകഴ്ത്തുന്ന കവികളും കഥാകാരന്മാരും ഊർമ്മിളയ്ക്ക് വേണ്ടത്ര പരിഗണന നല്കിയിട്ടില്ല.
ഊർമ്മിള അനുഷ്ഠിച്ച ത്യാഗമോർത്താല് ഊർമ്മിളയ്ക്ക് സീതയോളം മഹത്വമുണ്ട്. ഒരു സ്ത്രീയ്ക്കുള്ള എല്ലാ വികാരവിചാരങ്ങളുമുള്ള ഈ സ്ത്രീ രത്നം ഒന്നും രണ്ടുമല്ല നീണ്ട പതിനാലു സംവല്സരങ്ങളാണ് ഭർത്താവിനെ ഭർത്തുസഹോദരൻറെയും പത്നിയുടേയും സംരക്ഷണത്തിനായി വനവാസത്തിന് വിട്ടിട്ട് ഭർതൃഗൃഹത്തില് യാതൊരു എതിർപ്പുകളും പരിഭവങ്ങളുമില്ലാതെ അമ്മമാരേയും സേവിച്ചു കഴിഞ്ഞുകൂടിയത്. ഒരിക്കൽപ്പോലും തൻറെ ഭർത്താവിന് തന്നെ ഓർമ്മ വരരുതേയെന്നു പ്രാർത്ഥിച്ച ഒരേ ഒരു ഭാര്യ. അദ്ദേഹത്തിന് തന്നെ ഓർമ്മ വന്നാല് ജേഷ്ടന്റെയും പത്നിയുടെയും സംരക്ഷണത്തിന് ഭംഗം വരുമെന്നവൾ ഭയന്നു.
സീത രാമനൊപ്പം വനവാസത്തിന് പോയതുപോലെ ഊർമ്മിളയും ലക്ഷ്മണനൊപ്പം പോയിരുന്നെങ്കില് ഇന്ദ്രജിത്തിനെ ജയിക്കാന് ലക്ഷ്മണനോ അതുവഴി രാവണനെ ജയിക്കാന് ശ്രീരാമനോ കഴിയുമായിരുന്നില്ല. രാമായണകഥാഗതിയേ മാറുമായിരുന്നു. ..ഇവിടെയാണ് ഊർമ്മിളയുടെ പ്രസക്തി.
എന്നിട്ടും ഊർമ്മിളയുടെ ഈ ത്യാഗത്തിന് വേണ്ടത്ര പ്രസക്തി കിട്ടിയില്ല. വനാന്തരത്തില് ഭർതൃസാമീപ്യത്തില് കഴിഞ്ഞ സീതയേക്കാളും കൊട്ടാരജീവിതത്തിലെ സുഖഭോഗങ്ങള്ക്ക് നടുവില് ഒരു തപസ്വിനിയെപ്പോലെ കഴിഞ്ഞ ഊർമ്മിള എന്തുകൊണ്ടും ആദരണീയയാണ്. ഒരു തുളസ്സിക്കരിൻറെ നൈർമല്യം പോലെ..
വിധിവൈപരീതങ്ങളുടെ ചക്രവ്യൂഹത്തില് പെട്ട് സീതയെ കാട്ടിലുപേക്ഷിച്ചു ബ്രഹ്മചര്യജീവിതം നയിച്ച ശ്രീരാമന് കൂട്ടായി ഭൌതികസുഖങ്ങള് ത്യജിച്ചു ലക്ഷ്മണന് കൂട്ടിരുന്നപ്പോള് ഒരിക്കല്ക്കൂടി അവഗണിക്കപ്പെട്ടത് ഊർമ്മിളയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും മോഹങ്ങളുമാണ്... എന്തേ... ഊർമ്മിളയുടെ ദുഃഖം വാല്മീകി മഹർഷി കാണാതെപോയത്...?
ഇതുപോലെ അർഹിക്കുന്ന പ്രാധാന്യം കിട്ടാതെ പോയ പല കഥാപാത്രങ്ങളും നമ്മുടെ പുരാണങ്ങളിലുണ്ട്. നമ്മുക്കിടയിലും ഒരുപാടു ഊർമ്മിളമാര് ഇന്നും ... ആരും അറിയാതെ ജീവിക്കുന്നുണ്ട്....!!
~~~~~~~~~~~~~~~~~~
(ബിന്ദു പുഷ്പൻ)
~~~~~~~~~~~~~~~~~~
(ബിന്ദു പുഷ്പൻ)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക