ഏട്ടൻ പ്രേമിച്ച പെണ്ണിനെ ഞാൻ വിവാഹം കഴിക്കൂന്നറിഞ്ഞപ്പോൾ മുതൽ നാട്ടുകാരും വീട്ടുകാരും മൂക്കത്ത് വിരൽ വെച്ചു. വീട്ടുകാരും ഏട്ടനുമെല്ലാം ശക്തമായി എതിർത്തെങ്കിലും ഞാനെന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.
എന്റെ ജീവിതപങ്കാളി ആരെന്നു തീരുമാനിക്കണ്ടത് ഞാനാണെന്നു പറഞ്ഞ് ഏട്ടന്റെ വായ് അടപ്പിച്ചു.ഏട്ടത്തിയമ്മയാണെന്നു കരുതിയവളെ അനിയത്തിയായി കരുതാൻ വയ്യെന്ന് ചേച്ചി തുറന്നടിച്ചു.നീയും ഒരുപെണ്ണുതന്നെയല്ലെ എന്ന ചോദ്യത്തിനു മുമ്പിൽ ചേച്ചിയും നിശബ്ദയായി.അമ്മയുടെ മകൾക്കാണീ ഗതി വന്നിരുന്നെങ്കിൽ അമ്മയിത് പറയുമായിരുന്നോ". ആ ചോദ്യത്തിനു മുമ്പിൽ അമ്മയുടെ ഉത്തരവും മുട്ടി.
"നാട്ടുകാരല്ല എനിക്ക് ചെലവിനു തരുന്നത്.ഞാൻ ഞാനായാണു ജീവിക്കുന്നത് അതുകൊണ്ട് അവരെന്തു പറഞ്ഞാലും ഞാൻ നോക്കികൊളളാം"
അവസാന ആണിയുമടിച്ച് പതിയെ ഞാൻ വീട്ടിൽ നിന്നിറങ്ങി ചങ്കിന്റെ വീട്ടിലേക്ക് നടന്നു.
"വീട്ടിലെല്ലാവരും എന്തു പറയുന്നു മച്ചാനേ"
ചങ്കിന്റെ പ്രതീക്ഷാ നിർഭരമായ ചോദ്യത്തിനു മുമ്പിൽ ഞാനൊന്നു പതറി.
"വീട്ടിലാകെ സീനാടാ മച്ചു.അവരുടെയെല്ലാം വായടപ്പിച്ചിട്ടുണ്ട്.എന്നാലും"
"ആ " എന്നാലുമാടാ എന്നെ പേടിപ്പിക്കുന്നത്"
"നീ വിഷമിക്കാതെടാ ചങ്കേ.ഞാനല്ലെ വാക്കു തന്നത് .പറഞ്ഞ സമയത്ത് ഇത് നടന്നിരിക്കും"
"ശരി മച്ചാനേ"
"അവളെവിടെ"
"അകത്തുണ്ട്"
ഞാൻ പതിയെ അവളുടെ മുറിയിലേക്കു ചുവടുകൾ വെച്ചു.അകത്ത് മുറിയുടെ മൂലയിൽ കുത്തിയിരുന്ന് മുഖം കുനിച്ചു തേങ്ങിക്കരയുന്ന അവളെ കണ്ടപ്പോൾ തന്നെ മനസ്സൊന്നിടറി.എങ്കിലും ആ ഭാവം പ്രകടിപ്പിക്കാതെ അകത്തു കയറി ഞാനവളുടെ പേര് നീട്ടി വിളിച്ചു.
"സോപാനേ"
അവൾ പതിയെ മിഴികൾ ഉയർത്തി.കണ്ണുനീർ ധാരയായി ഒഴുകുന്നു.ഞാനവളുടെ മുഖമുയർത്തി മിഴികളിൽ നോക്കി മന്ത്രിച്ചു.
"നമ്മൾ വിചാരിക്കുന്നത് പോലല്ല കാര്യങ്ങൾ നടക്കുന്നത്.ഏട്ടത്തിയമ്മയായി ഞാൻ കരുതിയ പെണ്ണാണു നീ.നീയെന്നെ അനുജനായും കരുതി.പക്ഷേ വിധി നമ്മളെ തോൽപ്പിച്ചു കളഞ്ഞു"
"ഇല്ല എനിക്ക് നാഥിനെ അങ്ങനെ കാണാൻ കഴിയില്ല"
"അങ്ങനെ കാണണ്ട.താലി കെട്ടുന്നൂന്നെയുള്ളൂ .നിന്റെ മനസിൽ എനിക്കൊരു സ്ഥാനം ലഭിച്ചാൽ മാത്രം ഭർത്താവായി കരുതിയാൽ മതി.അച്ഛനില്ലാത്ത കുഞ്ഞിനെ പ്രസവിക്കുന്നതിനേക്കാൾ നല്ലത് ഇതല്ലെ.നാട്ടുകാരുടെ പരിഹാസവുമേറ്റ് എന്റെ ഏട്ടന്റെ കുഞ്ഞ് വളരരുത് എന്നെനിക്ക് ആഗ്രഹമുണ്ട്. നിന്റെ വീട്ടുകാരുടെ അവസ്ഥകൂടി മനസിലാക്ക്.എനിക്കും ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.എന്തായാലും ഏട്ടന്റെ വിവാഹവും നമ്മുടെ വിവാഹവും ഒരുദിവസം തന്നെ ആയിരിക്കും"
പൊട്ടിക്കരയുന്ന അവളെ ആശ്വസിപ്പിക്കാൻ ഞാൻ നിന്നില്ല.കരയട്ടെ പാവം കരഞ്ഞു തീർക്കട്ടെ വിഷമങ്ങൾ.ഗാഢമായ പ്രണയത്തിനൊടുവിൽ ശരീരം പങ്കുവെക്കുന്നവളുമാർക്കിത് ഒരുപാഠമാവട്ടെ ഇതെന്നും.അങ്ങനെയെങ്കിലും ഇവരൊക്കെ ഒന്ന് നന്നായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു.
ഏട്ടൻ നിഥിലും സോപാനയും അവളുടെ ഏട്ടനും ഞാനും കളിക്കൂട്ടുകാർ ആയിരുന്നു. ഞങ്ങളെല്ലാം ഇരട്ടകളായിരുന്നു എന്ന സാദൃശ്യമാണ് ഞങ്ങളെ പരസ്പരം അടുപ്പിച്ചത്.ഇരട്ടകൾ ആയിരുന്നെങ്കിലും രൂപ സാദൃശ്യവും സ്വഭാവങ്ങൾ തമ്മിലും വലിയ അന്തരങ്ങൾ ഉണ്ടായിരുന്നു. സ്വപ്നങ്ങൾക്കു നിറം വെച്ചപ്പോൾ ഏട്ടന്റെ മനസിൽ സോപാന കടന്നു കൂടി. അവനെന്നും സ്വാർത്ഥൻ ആയിരുന്നു. അവളുടെ ശരീരത്തിന്റെ ചൂടു പറ്റിയപ്പോൾ അവളെ മതിയാക്കി.അവളൊരു പൊട്ടിക്കൊച്ചാണു സ്നേഹിക്കാൻ മാത്രമേ അറിയൂ.
എന്റെ നിർബന്ധത്തിനു ഒടുവിൽ അമ്മ സമ്മതം മൂളി.ഒരേദിവസം ഒരു ശുഭമുഹൂർത്തത്തിൽ തന്നെ വിവാഹിതരകാൻ തീരുമാനം എടുത്തു. നാട്ടുകാർക്ക് മുമ്പിൽ അപഹാസ്യരാകാതിരിക്കാൻ ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ചു.
താലികെട്ട് ദിവസം മണ്ഡപത്തിൽ വന്നിരുന്ന പെണ്ണിനെ കണ്ട് ഏട്ടനും ബന്ധുക്കളും ഞെട്ടി.എനിക്കും അമ്മക്കും ഏട്ടന്റെ കണ്ട പെൺ വീട്ടുകാർക്കും അമ്പരപ്പില്ലായിരുന്നു.ഏട്ടനു സമീപം വന്നിരുന്നത് സോപാനയും എന്റെ അടുത്ത് വന്നിരുന്നത് ഏട്ടൻ കണ്ട താരകയുമായിരുന്നു.
ഞെട്ടിയിരിക്കുന്ന ഏട്ടന്റെ നെഞ്ചിൽ അമ്മ അവസാനത്തെ ആണിയുമടിച്ചു.
"നീയെന്താടാ കരുതിയെ സ്നേഹിച്ച പെണ്ണിനെ ചതിച്ചിട്ട് മറ്റൊരുത്തിയെ സ്വന്തമാക്കാമെന്നോ.ഞാനുമൊരു പെണ്ണാടാ മൂന്നു പെറ്റത്. എനിക്ക് മക്കൾ മൂന്നാണു.താരകയുടെ വീട്ടിൽ കാര്യം തുറന്നു പറഞ്ഞപ്പോൾ ആദ്യം അമ്പരന്നെങ്കിലും അവരും എന്റെ തീരുമാനം അവസാനം അംഗീകരിച്ചു. താരകയാണു നിന്നെയെതിർത്ത് ആദ്യം അനുകൂലിച്ചത്.നാഥൻ എല്ലാം എന്നോട് പറഞ്ഞിരുന്നു. അനുസരിച്ചില്ലെങ്കിൽ നീയിനി പോലീസ് സ്റ്റേഷനിൽ ആയിരിക്കും. മകനാണെന്നൊന്നും നോക്കില്ല.ഇനിയെങ്കിലും അവളെ വേദനിപ്പിക്കാതെ നന്നായി ജീവിച്ചാൽ നിനക്കാണു നല്ലത്"
ആയുധം നഷ്ടപ്പെട്ട പോരാളിയെപ്പോലെ ഏട്ടൻ തല കുനിച്ചു.അങ്ങനെ താരകയെ ഞാനും സോപാനയെ ഏട്ടനും വിവാഹം കഴിച്ചു.
ആദ്യമൊക്കെ ചമ്മൽ ഉണ്ടായിരുന്നെങ്കിലും പതിയെ ഞങ്ങൾ നാട്ടുകാർക്ക് മുമ്പിൽ തല ഉയർത്തി നടന്നു.
എന്തായാലും ഏട്ടൻ അതോടെ മര്യാദരാമനായി. അല്ലെങ്കിലും മര്യാദ പഠിപ്പിക്കാൻ ആരെങ്കിലും ഇടക്കിടെ പ്രത്യക്ഷപ്പെടുന്നത് നല്ലതാണെന്നാ എന്റെ അനുഭവ സാക്ഷ്യം"
A story by സുധീ മുട്ടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക