Slider

കഥ: ഭാഗം 5: ഒരു മെസ്സൻജർ പ്രണയം

0

കഥ: ഭാഗം 5: ഒരു മെസ്സൻജർ പ്രണയം: എന്നിട്ട് അവൾ മറുപടി കൊടുക്കാൻ തന്നെ തീരുമാനിച്ചു. പരസ്പരം കാണാതെയുള്ള പ്രേമമെന്നൊക്കെ പറഞ്ഞാൽ എന്താണെന്ന് അവൾ അനുഭവിച്ചു തുടങ്ങിയിരുന്നു. അയാളുടെ പ്രൊഫൈൽ ചിത്രം സംശയത്തോടെയാണ് അവൾ കണ്ടത്. വൈരൂപ്യമെല്ലാം എഡിറ്റ് ചെയ്ത് ഭംഗിയാക്കിയ ചിത്രമായിരിക്കാം. എങ്കിലും അതവളെ ആവേശം കൊള്ളിച്ചു. പിന്നെ അയാളുടെ പോസ്റ്റുകളിൽ അവൾ അവളെ തന്നെ തിരയുന്ന പ്രത്യേക മാനസികാവസ്ഥയിലെത്തി. അയാളുടെ സ്ത്രീ കഥാപാത്രങ്ങളിൽ താൻ ഒളിഞ്ഞിരിപ്പുണ്ടോ എന്നവൾ സസൂഷ്മം നിരീക്ഷിച്ച് പോന്നു. അങ്ങനെയിരിക്കെ അയാൾ ഒരു പുതിയ തുടരൻ കഥ പോസ്റ്റ് ചെയ്യാൻ തുടങ്ങി. "ഒരു ഇൻബോക്സ് പ്രണയം" എന്നായിരുന്നു കഥയുടെ പേര്! അതോടെ അവൾ ആവേശത്തിന്റെയും ആകാംക്ഷയുടെയും കൊടുമുടിയിലെത്തി. തന്നെ കുറിച്ചാണോ ആ കഥ എന്നറിയാൻ അവൾ സസൂഷ്മം നിരീക്ഷിക്കാൻ തുടങ്ങി. അയാൾ പോസ്റ്റുന്ന തുടർക്കഥയിലെ ഓരോ വാക്കിലും വാചകത്തിലും അവൾ തന്നെ ചികഞ്ഞു കൊണ്ടിരുന്നു. അങ്ങനെ ഞെട്ടലോടെ അവൾ അത് തിരിച്ചറിഞ്ഞു. ആ കഥയിലെ നായിക താൻ തന്നെ! പക്ഷെ ബുദ്ധിമാനായ അയാൾ, .അത് താനാണെന്ന് മറ്റുള്ളവർ തിരിച്ചറിയാതിരിക്കാനായി ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. തന്റെ നിറവും രൂപവുമെല്ലാം വ്യത്യാസം വരുത്തിയിരിക്കുന്നു! അവിവാഹിതയായ തന്നെ വിവാഹിതയാക്കിയിരിക്കുന്നു. അവിവാഹിതയായ തന്നെ കഥാപാത്രമാക്കിയപ്പോൾ വിവാഹിതയാക്കിയെങ്കിലും തന്റെ ഭർത്താവ് ഇതുവരെ തന്നോടൊപ്പം ശയിച്ചിട്ടില്ലത്രെ!! തന്റെ ചാരിത്ര്യം നുകരാനൊന്നും നേരമില്ലാത്ത ഒരുത്തനാണത്രെ ഭർത്താവ്. ആളെ തിരിച്ചറിയാതിരിക്കാൻ കഥയിൽ തന്നെ വിവാഹിതയാക്കിയെങ്കിലും, അത് ഒരു കഥ മാത്രമാണെങ്കിലും, കഥാപാത്രത്തിന്റെ ചാരിത്ര്യത്തെ കുറിച്ചൊക്കെ എന്തൊരു ശ്രദ്ധ !! അത് തനിക്കുള്ള സന്ദേശമാണ് എന്നവൾക്ക് തോന്നി. തന്റെ ഭർത്താവാക്കിയ കഥാപാത്രത്തെ എത്ര വിദഗ്ദമായാണ് ശാരീരിക ബന്ധത്തിലൊന്നും താൽപര്യമില്ലാത്ത ഒരാളായി ചിത്രീകരിച്ചിരിക്കുന്നത്! ഏതായാലും അയാൾ പോസ്റ്റിയ കഥയുടെ അടുത്ത ലക്കത്തിനായി അവൾ ആകാംക്ഷാപൂർവ്വം കാത്തിരുന്നു. ഓരോ എപ്പിസോഡും വായിക്കുമ്പോൾ അവൾക്ക് ഒരു കാര്യം ബോധ്യമായി. താൻ മെസ്സൻജറിലൂടെ അയക്കുന്ന കുറിപ്പുകളും മറ്റ് പബ്ലിക്ക് പോസ്റ്റുകളുമൊക്കെയാണ് അയാളുടെ കഥയെ മുന്നോട്ട് നയിക്കുന്നത്! രഹസ്യമായി ചാറ്റിയപ്പോൾ പറഞ്ഞ ചില വാചകങ്ങൾ വ്യാഖ്യാനിച്ച് വലിയ കഥയാക്കി മാറ്റുന്നു അയാൾ! ചെറിയൊരു എഴുത്തുകാരി എന്ന നിലയിൽ അവൾക്കയാളോട് ബഹുമാനം തോന്നി. എന്തൊരു ഭാവന!. ഭാവനാ ശാലിയായ അയാളുടെ കഥ മുന്നാട്ട് പോകണമെങ്കിൽ താൻ കൂടെ വേണമെന്ന് അവൾക്ക് ബോധ്യപ്പെട്ടു. മാത്രമല്ല താൻ ചാറ്റിങ്ങിനിടയിൽ പറയുന്ന കൊച്ചു വാചകങ്ങളെ അയാൾ ഭാവന കൊണ്ട് വലിയ കഥയാക്കുന്ന ആ അത്ഭുതസിദ്ധി കണ്ടാസ്വദിക്കാൻ അവളിഷ്ടപ്പെട്ടു. മജ്ജയും മാംസവും കുറവുകളുമുള്ള താൻ, കഥയിൽ വിശുദ്ധയായ ഒരു ദേവതയാകുന്നത് കണ്ട് അവൾ അത്ഭുതംകൂറി. കൂടെ അവൾ അയാളെ പ്രണയിക്കാൻ തുടങ്ങി. മാസ്മരികമായ അയാളുടെ വാചക കസർത്ത് കണ്ട് ആകർഷിക്കപ്പെട്ട ആ പാവം എഴുത്തുകാരി അകലെയിരുന്ന് അയാളെ ധ്യാനിച്ചു തുടങ്ങി!. (തുടരും) 

Kadarsha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo