നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവിവാഹിതനായ കുട്ടപ്പൻ..

Image may contain: 1 person, beard and indoor

കുട്ടപ്പൻ അവിവാഹിതനായിരുന്നു.
വയസ്സ് മുപ്പത്തെട്ടു കഴിഞ്ഞു.
നല്ല വെളുത്ത നിറം. ഉയരത്തിനൊത്ത തടി. പഞ്ചായത്തിലെ യു ഡി ക്ലർക്ക് ജോലി.. മദ്യപാനമോ പുകവലിയോ ഇല്ല. എന്നിട്ടും കുട്ടപ്പനാരും പെണ്ണുകൊടുത്തില്ല..
നാട്ടിൽ വിവാഹപ്രായമെത്തിയ പെൺകുട്ടികളുടെ ദൗർലഭ്യമായിരുന്നില്ല കുട്ടപ്പന്റെ വിവാഹത്തിനു തടസ്സമായത്. രാഘവൻ മാഷിന്റെ മോൾ സുനന്ദയും, നളിനി ടീച്ചറുടെ മകൾ അനഘയും സിന്ധുവും മഞ്ജുവും കോമളവല്ലിയും ഒക്കെ പുരുഷൻമാരുടെ കണ്ണുകളിൽ സ്വപ്നങ്ങളായി തിരയടിക്കുമ്പോളും കുട്ടപ്പൻ മാത്രം അവിവാഹതനായി കഴിയുന്നതു കാലത്തിന്റെ മാത്രം കുറ്റം കൊണ്ടല്ല.
അതൊരു കഥയാണ്. ആരുടേയും കരളലിയിക്കുന്ന ഒരു കഥ.
അതാ നോക്കൂ. കൃഷിയില്ലാത്ത പാടങ്ങൾക്കു കുറുകെ വെട്ടിയ വഴിയിലൂടെ അവിവാഹിതനായ കുട്ടപ്പൻ നടന്നു വരുന്നു. ചാഞ്ഞു നിന്നൊരു വലിയ തെങ്ങിന്റെ പച്ചോലയിൽ വിരുന്നു വിളിച്ചിരുന്ന കാക്ക കുട്ടപ്പനെ കണ്ടപാടെ പറന്നകന്നു പോയി. എതിരെ കുശലം പറഞ്ഞു വന്ന രമണിയും സാവിത്രിയും പെട്ടെന്നു നിശബ്ദരായി കുട്ടപ്പനായി വഴിയൊതുങ്ങി നിന്നു.. വടക്കു പുറത്തെ മാവിന്റെ ചോട്ടിൽ പാത്രം കഴുകി നിന്ന ഉഷയേട്ടത്തി ഓടി പുരയ്ക്കകത്തു കയറി വാതിൽ കുറ്റിയിടുന്നു.കുട്ടപ്പനെന്ന കാഴ്ച പോലും നാടിനും നാട്ടാർക്കും ബുദ്ധിമുട്ടാവുന്നു.
എന്നാൽ പണ്ട്.. അങ്ങനെയൊന്നും ആയിരുന്നില്ല. സ്കൂളിലും ,നാട്ടിലും ഒക്കെ കുട്ടപ്പൻ പ്രിയപ്പെട്ടവനായിരുന്നു. പഠിക്കാത്ത കുട്ടികളോടു അമ്മമാർ കുട്ടപ്പനെ മാതൃകയാക്കി നോക്കി "കണ്ടു പഠിക്കെടാ " എന്നു പറഞ്ഞിരുന്നു. വാലിട്ട കണ്ണെഴുതി പൗഡറിട്ടു അമ്പലത്തെരുവിൽ പെൺകുട്ടികൾ കുട്ടപ്പനെ നോക്കി നിന്നിരുന്നു.വെള്ളിയാഴ്ചകൾ തോറും ജയയുടെ അമ്മ കുട്ടപ്പനെ സ്വന്തം മകൾക്കു ഭർത്താവായി വരുവാനായി ദേവീക്ഷേത്രത്തിൽ സ്വയംവര പുഷ്പാജ്ഞലി കഴിപ്പിച്ചിരുന്നു.വിനീതയും, ലളിതയും പുസ്തകത്തിനുള്ളിൽ പ്രണയ ലേഖനങ്ങൾ ഒളിപ്പിച്ചു ഇടവഴികളിൽ കുട്ടപ്പനായി കാത്തു നിന്നിരുന്നു.രശ്മി സ്കൂളിലെ ഇടനാഴിയിലൊന്നിൽ വച്ചു തന്റെ പ്രണയം തുറന്നു പറയുകയും ചെയ്തിരുന്നു.
പക്ഷെ കുട്ടപ്പൻ മാന്യനായി ജീവിച്ചു. പേരുദോഷങ്ങൾ കേൾപ്പിക്കാതെ നല്ലവനായി ,നാടിന്റെ പൊന്നോമനയായി വളർന്നു . വളരെ ചെറുപ്രായത്തിൽ തന്നെ ജോലിയും നേടി.
ഏതൊരു സുമുഖനും സുന്ദരനുമായ യുവാവിനു സംഭവിക്കുന്ന പോലെ അവസാനം കുട്ടപ്പനും അതു സംഭവിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയ ശ്രീധരൻ സാറിന്റെ ഒറ്റ പുത്രി.
സുന്ദരി.. വെള്ളാരം കല്ലുപോലുള്ള കണ്ണുകൾ.ചുവന്ന ചുണ്ടുകൾ. ചുവന്ന മുക്കൂത്തി. ചെറുതായി അറ്റം ചുരുണ്ട മുടിയുമായി...
"സ്മൃതി."
അവൾ.ഏതോ ഒരു നിമിഷം കുട്ടപ്പന്റെ മനസ്സിന്റെ വാതിലുകൾ തള്ളിത്തുറന്നു .
ഏക്കറുകൾ കണക്കിനു ഭൂ സ്വത്തുക്കൾ. പട്ടണത്തിലെ പ്രശസ്തമായ ടെക്സറ്റെൽ ഷോറും. രണ്ടു മുന്തിയയിനം കാറുകൾ..
അകമ്പടി സേവിക്കാൻ പരിവാരങ്ങൾ..
ജയയുടെ അമ്മ ബോധരഹിതയായി. കഴിച്ച സ്വയംവര പുഷ്പാജ്ഞലികളോർത്തു പിന്നീടവർ നെടുവീർപ്പിട്ടു.അടുത്ത വെള്ളിയാഴ്ച മുതൽ അവർ ആ വഴിപാട് ശത്രുസംഹാര പുഷ്പാജ്ഞലിയാക്കി..
മാറ്റിയെഴുതി.
പ്രണയമറിഞ്ഞ നാട്ടുകാർ പിറുപിറുത്തു. പ്രായപൂർത്തിയായ പെൺകുട്ടികളുടെ അമ്മമാർ ദീർഘനിശ്വാസമുതിർത്തു. കിട്ടാത്ത മുന്തിരിക്കനിയായ കുട്ടപ്പനെ അവർ കുറ്റം പറഞ്ഞു.
അസൂയ മൂത്ത പെൺക്കുട്ടികൾ ശപഥം ചെയ്തു.. ഇനി കുട്ടപ്പനെ മോഹിക്കില്ല. സ്നേഹിക്കില്ല.. കുട്ടപ്പനെ വെറുപ്പോടെ നോക്കി അവർ തല തിരിച്ചു. വൈകുന്നേരത്തെ വനിത സമ്മേളനങ്ങളിൽ കുട്ടപ്പനെതിരെ അവർ സംഘടിച്ചു.വിനീത മൂക്കുപിഴിഞ്ഞു കരഞ്ഞു. ലളിത വീട്ടിലെ പട്ടിയ്ക്ക് കുട്ടപ്പൻ എന്ന പേരു നൽകി. വനിതാ മെമ്പറായ രശ്മി കുട്ടപ്പനെ ബഹിഷ്ക്കരിക്കുവാൻ ഉറക്കെ ഇങ്ങനെ ആഹ്വാനം ചെയ്തു.
ഈ നാട്ടിലെ ഇനിയൊരു പെണ്ണും കുട്ടപ്പനെ ഓർക്കരുത്.. മിണ്ടരുത് മോഹിക്കരുത്..
പ്രണയത്തിന്റെ അന്ധതയിൽ കുട്ടപ്പൻ ഇതൊന്നുമറിഞ്ഞില്ല. കുട്ടപ്പനും സ്മൃതിയും. അവർ അവരുടെ ലോകത്തു പാറി പറന്നു നടന്നു..
പ്രിയമുള്ളവരേ.. ഏതൊരു നല്ല കഥയിലും ഒരു ട്വിസ്റ്റ് സ്വഭാവികമാണ്. ഈ കഥയിലെ ട്വിസ്റ്റ് വ്യക്തമാകണമെങ്കിൽ ഞാൻ മുമ്പെഴുതിയ "മൂന്നാമത്തെ ചോദ്യം " എന്ന കഥ നിർബന്ധമായും നിങ്ങൾ വായിക്കേണ്ടതാണ്. ഒത്തിരിയേറേ വായനക്കാരുടെ പേടിസ്വപ്നമായി മാറിയ മൂന്നാമത്തെ ചോദ്യത്തിലെ കാർത്ത്യായനിയമ്മയുടെ രംഗപ്രവേശം ഇവിടെയും ഉണ്ടാവുകയാണ്. ആദ്യത്തെ രണ്ടു ചോദ്യങ്ങൾ സ്വഭാവികമായി ചോദിച്ചു മൂന്നാമത്തെ ചോദ്യം ആരും അറിയാത്ത രഹസ്യങ്ങളുടെ ചുരുളഴിച്ച കാർത്ത്യായനിയമ്മ.. പ്രവചനങ്ങളിലൂടെ പല രഹസ്യങ്ങളും അങ്ങാടിപ്പാട്ടാക്കിയ കാർത്ത്യായനിയമ്മ . ഞങ്ങളുടെ നാട്ടിലെ എല്ലാ സൽകർമ്മങ്ങളും അവരുടെ അനുവാദത്തോടെ, അനുഗ്രഹത്തോടെ മാത്രമേ നടന്നിട്ടുള്ളൂ ഇതുവരെ..
പ്രണയത്തിന്റെ മൂർദ്ധന്യതയിൽ വിവാഹം ഏകദേശം ഉറപ്പിച്ച കുട്ടപ്പന്റെ കുടുംബവും ,സ്മൃതിയുടെ കുടുംബവും കാർത്ത്യായനിയമ്മയുടെ അനുഗ്രഹത്തിനും പ്രവചനത്തിനുമായി അവിടെയെത്തി..
പടിഞ്ഞാറെ മുറിയിൽ പഴയ പോലെ കാർത്ത്യായനിയമ്മ മയങ്ങുകയായിരുന്നു. മുകളിലെ പഴയ സീലിങ്ങ് ഫാൻ വല്ലാത്ത ശബ്ദത്തിൽ അന്നത്തെ പോലെ കറങ്ങുന്നു.
രണ്ടാളും കാർത്ത്യായനിയമ്മയുടെ കാൽ തൊട്ടു വന്ദിക്കൂ.
ശ്രീധരൻ സാർ സ്മൃതിയോടും കുട്ടപ്പനോടുമായി പറഞ്ഞു.കുട്ടപ്പന്റെ അച്ഛൻ മുകുന്ദൻ തലയാട്ടിക്കൊണ്ടു ശ്രീധരൻ സാറിനെ പിൻതുണച്ചു..
കാലിൽ വിരൽ സ്പർശമേറ്റപ്പോൾ കാർത്ത്യായനിയമ്മ കണ്ണു തുറന്നു. ചുറ്റുമുള്ളവരെ പതറി നോക്കി..
മുകുന്ദനല്ലേ ... ആ ചുണ്ടുകൾ ചലിച്ചു.
അത്ഭുതത്തോടെ കുട്ടപ്പന്റെ അച്ഛൻ തൊഴുതു കൊണ്ടു തലയാട്ടി..
കല്യാണം തീരുമാനിച്ചോ? രണ്ടാമത്തെ ചോദ്യം പെട്ടെന്നായിരുന്നു.
കാർത്ത്യായനിയമ്മ അനുഗ്രഹിക്കണം.മുകുന്ദന്റെ ശബ്ദം ഇടറിയിരുന്നു.. അമ്മയ്ക്ക് ഇഷ്ടായോ ഇവരെ?
തുറന്നിട്ട ജനലിലൂടെ കാർത്ത്യായനിയമ്മ പുറത്തേയ്ക്കു നോക്കി. പിന്നെ ഉറക്കെ ചോദിച്ചു..
"കുട്ടപ്പനവന്റെ അടിയിൽ കിടക്കുന്ന പെണ്ണ് പോരേ മുകുന്ദാ".?
ആ മൂന്നാമത്തെ ചോദ്യത്തിൽ എല്ലാമുണ്ടായിരുന്നു. ആ ചോദ്യം ഒരു പ്രണയത്തിന്റെ അന്ത്യമായിരുന്നു..
കുട്ടപ്പനെ പിരിഞ്ഞ സ്മൃതി വേറേ വിവാഹം കഴിച്ചു. കുട്ടികളുമായി ഇന്നും സുഖമായി ജീവിക്കുന്നു.
പക്ഷെ...
നാട്ടിലെ സ്ത്രീകൾ കുട്ടപ്പനെ വെറുത്തു. ആ വെറുപ്പു നാടു കവിഞ്ഞൊഴുകി.. ദേശങ്ങളും രാജ്യങ്ങളും കവിഞ്ഞൊഴുകി. സ്ത്രീകൾ വെറുത്ത കുട്ടപ്പൻ അങ്ങനെ അവിവാഹിതനായി...
പ്രിയപ്പെട്ട വായനക്കാരാ..
ഒരു പക്ഷെ കഥയില്ലാത്തൊരു കഥയുമായി ,കൃഷിയില്ലാത്ത പാടങ്ങൾക്കു കുറുകെ വെട്ടിയ വഴിയിലൂടെ അവിവാഹിതനായ മറ്റൊരു കുട്ടപ്പൻ ഇനിയും നടന്നു വന്നേക്കാം... മാറി നിന്നോളൂ..
... പ്രേം.....

മൂന്നാമത്തെ ചോദ്യത്തിനായി ഈ ലിങ്കിൽ Click ചെയ്യുക
https://m.facebook.com/groups/1106244119458074?view=permalink&id=1479824595433356

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot