Slider

പെണ്ണിന്റെ മനസ്സറിയാൻ

0


പ്രണയിച്ച പെണ്ണിന്റെ വിവാഹത്തിനു ശേഷമാണ് പെൺക്കുട്ടികളോടുതന്നെ വെറുപ്പ്‌ തോന്നി തുടങ്ങിയത്
വർഷങ്ങൾക്കു ശേഷം വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വേറൊരുവളെ താലി കെട്ടുമ്പോൾ ജീവിതത്തിലെ ആ വലിയ നഷ്ടത്തിന് പകരമാകുമെന്നു കരുതിയില്ല.
വിവാഹത്തിനു ശേഷം അവളുടെ ഒരിഷ്ടങ്ങളും ഒരിക്കൽപ്പോലും ചോദിച്ചിട്ടില്ല. മനസ്സുകൊണ്ട് വെറുക്കാതെ അവളും അവളുടെ ലോകത്തിലേക്ക് ഒതുങ്ങി കൂടി.
ഞങ്ങളുടെ വിവാഹ ശേഷം രണ്ടുപേർക്കും ഞങ്ങളുടേതായ വഴിയായിരുന്നു.
മനസ് തുറന്ന് സംസാരിക്കുക പോലുമുണ്ടായിട്ടില്ല.
അവൾക്കു വേണ്ടതെല്ലാം ചെയ്തു ജീവിച്ചുകൊള്ളാൻ സമ്മതം കൊടുത്തത് ഞാനായിരുന്നു.
എന്താണെങ്കിലും വീട്ടുകാരെ കൊണ്ടോ നാട്ടുകാരെ കൊണ്ടോ മോശം പറയിപ്പിക്കാത്ത രീതിയിൽ ജീവിക്കണമെന്നും എന്റെ കാര്യങ്ങളിൽ തലയിടാൻ വരരുത് എന്നുമായിരുന്നു നിബന്ധനകൾ.
അതിനപ്പുറം എന്റെ സഹായമില്ലാതെ വേണ്ടതെല്ലാം ചെയാം.
ആറു മാസം അവൾക്കു വേണ്ടപോലെ ജീവിച്ചു. അവളുടെ ഇഷ്ടങ്ങളിലും സന്തോഷങ്ങളിലും മാത്രമായിരുന്നു ജീവിച്ചത്.
പക്ഷെ ഒരു പെണ്ണിന്റെ ചതിയിൽ എനിക്ക് നഷ്ട്ടപ്പെട്ട എന്റെ ഇഷ്ട്ടങ്ങളിലാണവൾ ജീവിക്കുന്നത് എന്നറിയാൻ അലക്ഷ്യമായിക്കിടന്ന ഡയറിയിലെ ഒരു താളിൽ കുറിച്ച വാക്കുകൾ വേണ്ടി വന്നു.
"എന്റെ ഇഷ്ട്ടങ്ങളെക്കാൾ ഏട്ടന് നഷ്ട്ടമായ ഇഷ്ടങ്ങളിൽ ജീവിക്കാനാണ് എനിക്കിഷ്ടം " എന്ന വാക്കുകൾ.
അന്ന് വരെ അവൾ എന്ത് ചെയ്യുന്നു എവിടെ പൊവുന്നു എന്നൊന്നും അന്വേഷിക്കാത്ത ഞാൻ അന്ന് പതിവിലും നേരത്തെ എഴുന്നേറ്റു അവളറിയാതെ നിരീക്ഷിക്കാൻ തുടങ്ങി.
അതിരാവിലെ കുളിച്ചൊരുങ്ങി ഈറൻ മുടിയോടെ അമ്മയുടെയും കുഞ്ഞുപെങ്ങളുടെയും കൂടെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് പ്രസാദവുമായി വരുന്ന അവളെ ഞാൻ ആദ്യമായി കാണുന്ന പോലെ അനുഭവപ്പെട്ടു.
അമ്മയ്ക്കും കുഞ്ഞുപെങ്ങൾക്കുമൊപ്പമിരുന്ന് കളിതമാശകൾ പറഞ്ഞു ഭക്ഷണം കഴിക്കുകയും ഒരു നേരം പോലും അവരെ പിരിഞ്ഞിരക്കാതെ അവരുടെ കൂടെ സന്തോഷങ്ങളിൽ മുഴുക്കിയിരിക്കുകയും ചെയ്യുന്ന ഒരു പാവം പൊട്ടിപ്പെണ്ണ് .
പണ്ട് ഞാൻ എങ്ങനെ ആയിരുന്നൊ അതുപോലെയാണ് അവളിന്ന് ജീവിക്കുന്നത്.
നേരം ഒരുപാടായിട്ടും ഉണരാതെ അമ്പലത്തിന്റെ പടി ചവിട്ടാത്ത സദാ സമയവും മൊബൈലിൽ കളിചോണ്ടിരുന്ന്‌ ഒരുനേരം പോലും വീട്ടുകാരുടെ കൂടെ ഭക്ഷണം കഴിക്കാത്ത അവളിൽ നിന്നും എന്നിലേക്കുള്ള മാറ്റം.
അതും കണ്ടറിഞ്ഞപ്പോൾ
അന്നാദ്യമായി എനിക്കവളോട് ഇഷ്ട്ടം തോന്നി. ചേർത്തു പിടിച്ചു നെറുകയിലൊന്ന് ചുംബിക്കണമെന്ന് തോന്നി.
പെട്ടന്ന് അവരുടെ കൂടെ ചേരാൻ മനസ്സനുവദിച്ചില്ല എങ്കിലും അതിയായ ആഗ്രഹം കൊണ്ട് കാലങ്ങൾക്ക് ശേഷം ഒരേ മേശയിലിരുന്നു ഒന്നും മിണ്ടാതെ അവരുടെ സന്തോഷങ്ങൾ കണ്ട്‌ ഞാനുമിരുന്നു.
ഭക്ഷണം കഴിച്ചു ആർക്കും മുഖം കൊടുക്കാതെ നിറഞ്ഞു വന്ന കണ്ണ് തുടച്ചു മുറിയിൽ പോയി കിടന്നപ്പോൾ ഒരു തണുത്ത കൈസ്പർശം. അതവളായിരുന്നു.
എന്റെ ഭാര്യ
എന്ന് പറയാൻ എനിക്കർഹതയുണ്ടോ എന്നറിയില്ല.
എങ്കിലും ഇന്നു മുതൽ ഞാൻ ഞാനായിരിക്കും എന്ന് മനസിലുറപ്പിച്ച് എഴുന്നേറ്റിരുന്നു അവളുടെ കണ്ണിലേക്കു നോക്കിയപ്പോൾ ആ കണ്ണുകളും നിറഞ്ഞിരുന്നു.
അവളെ നെഞ്ചോട്‌ ചേർത്തു പിടിച്ച് തേങ്ങുമ്പോൾ ഉള്ളിന്റെ ഉള്ളിൽ കൊട്ടിയടച്ച വാതിലുകൾ അവൾക്കു വേണ്ടി തുറന്നു കൊടുത്തു.
ഇനിയുള്ള ജീവിതം പരസ്പരം അറിഞ്ഞും സ്നേഹിച്ചും ജീവിച്ച് തീർക്കണം.
അവൾക്കും വീട്ടുകാര്ക്കും തുണയായി. അവളെ പ്രണയിച്ചു നെഞ്ചോട്‌ ചേർത്തു പിടിച് അവളിലെ പെണ്ണിനെ അറിഞ്ഞുകൊണ്ട് ജീവിക്കണം.
പെണ്ണിന്റെ മനസ്സറിയാൻ നഷ്ടപ്പെട്ട പെണ്ണിനെയല്ല സ്വന്തമാക്കിയ പെണ്ണിനെ പ്രണയിക്കുമ്പോഴാണെന്നു ജീവിതം പഠിപ്പിച്ചു തന്നത് എന്റെ പ്രിയതമയിലൂടെയായിരുന്നു.
. ഫസ്ന റാഷിദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo