Slider

ഉത്‌കൃഷ്ട സ്നേഹം

0


കിട്ടാത്ത സ്നേഹത്തിൻ പിന്നാലെ പായുമ്പോൾ
കാണാതെ പോകുന്നു കനിവാർന്ന സ്നേഹം
കിട്ടിയിരുന്നെങ്കിലെന്നാശിച്ച സ്നേഹമോ
കിട്ടിയനിമിഷമതിൻ മൂല്യം ശൂന്യമാവും
കാണാൻ കഴിയണം സ്നേഹാർദ്രമാം ഹൃദയം
കാണുമതിലെന്നും സുദൃഢമാം സ്നേഹബന്ധം
കണ്ടറിയാൻ കഴിഞ്ഞാലാ സ്നേഹം, വരക്കും
കാലത്തിനും മായ്ക്കാനാവാത്ത വർണ്ണചിത്രം.
കാപട്യമില്ലാത്ത സ്നേഹത്തിന്നുറവിടം
കാണാൻ കഴിയണമുൾകണ്ണുകളാലെ നാം
കാഞ്ചനയഴകും പണവും പ്രതാപവുമങ്ങിനെ
കാണുന്ന കാഴ്ച്ചയിലല്ല ഉദാത്തമാം സ്നേഹബന്ധം
കൌമാരകാലത്തെ സ്നേഹങ്ങളൊക്കെയും
കളി ചിരി മാറുമ്പോൾ അകന്നു പോകാം
കാമ്യകാര്യാർത്ഥം നടിക്കുന്ന സ്നേഹങ്ങളോ
കാണാൻ കഴിയില്ല സ്നേഹാന്ധകാരത്തിൽ
കഷ്ടകാലത്തിൻ നടുക്കടലിലൊറ്റയ്ക്ക്
കൈകാലടിച്ച് ജീവനായ് കേഴുമ്പോൾ
കൈതന്നു കനിയുന്നതാണാത്മാർഥസ്നേഹം,
കാത്തുസൂക്ഷിക്കണമത് ഒരായുസ്സ് മുഴുവനും
കാട്ടുന്നു സ്നേഹം ചിലർ വാക്കിലും നോക്കിലും
കാട്ടുന്നു സ്നേഹം ചിലർ തൻ പ്രവൃത്തികളില്‍
കാട്ടാനറിയില്ല സ്നേഹം ചിലർക്കെന്നാൽ
കറയറ്റ സ്നേഹമവർക്കുള്ളിലുണ്ടുതാനും.
ഗിരി ബി വാരിയര്‍
11 ഡിസംബര്‍ 2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo