Slider

കോരൻ തെയ്യം....

0
കോരൻ തെയ്യം.....
പ്രിയരേ എൻ്റെ കോരൻ തെയ്യത്തേ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ഓരോരുത്തർക്കും ഒരുപാട് നന്ദി.
തീചാമുണ്ടി അഥവാ ഒറ്റക്കോലത്തിൻ്റെ ഐതിഹ്യം:
മഹാവിഷ്ണുവിൻ്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തിയേയെയാണ് വിഷ്ണുമൂർത്തി തെയ്യമായി കെട്ടിയാടിക്കുന്നത്.വിഷ്ണുമൂർത്തിയുടെ മറ്റൊരു വകഭേദമാണ് തീചാമുണ്ടി.വിഷ്ണുമൂർത്തി തെയ്യം എല്ലാ കളിയാട്ട സ്ഥലങ്ങളിലും പരദേവതയായി കെട്ടിയാടിക്കുമെങ്കിലും തീചാമുണ്ടിക്ക് അതിൻ്റെതായ പ്രത്യേക ഇടങ്ങളുണ്ട്...
ഹിരണ്യകശിപുവിനെ കൊന്നതിന് ശേഷവും നരസിംഹമൂർത്തിയുടെ കോപം അടങ്ങാത്തതിനെ തുടർന്ന് ശിവൻ തൻ്റെ തൃക്കണ്ണ് തുറന്ന് അഗ്നിയുണ്ടാക്കുകയും ആ അഗ്നിയിൽ ചാടി അഗ്നി ശുദ്ധി വരുത്തിയതിനെ തുടർന്ന് നരസിംഹമൂർത്തിയുടെ കോപം കെട്ടടങ്ങിയതിനെ സൂചിപ്പിക്കുന്നതാണ് തീചാമുണ്ടി തെയ്യത്തിൻ്റെ തീ പണക്കം(തീ കൂനയിൽ വീഴുന്നത്)എന്നാണ് ഒരു ഐതിഹ്യം... എന്നാൽ തൻ്റെ ഭക്തനായ പ്രഹ്ളാദനെ ഹിരണ്യകശിപു തീയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ രക്ഷിക്കാൻ എത്തുന്ന ഭക്തവത്സലനായാണ് മറ്റൊരു ഐതിഹ്യം പറയുന്നത്.. രണ്ടാമത്തേത് ആവാനാണ് കൂടുതൽ സാധ്യതയും കാരണം,തെയ്യം കെട്ടി പുറപ്പെട്ടതിന് ശേഷമുള്ള തോറ്റം പാട്ടിൽ അക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്
തീചാമുണ്ടി തെയ്യത്തെ കുറിച്ച്:
മറ്റ് തെയ്യങ്ങളിൽ നിന്ന് തികച്ചും വിഭിന്നമാണ് തീചാമുണ്ടി അഥവാ ഒറ്റക്കോലം.ഇരുപത്തിയൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനം ഈ തെയ്യം കെട്ടുന്ന കോലാധാരിക്ക് വേണം.തലേന്ന് രാത്രി മുതൽ കത്തി കൊണ്ടിരിക്കുന്ന തീ പുലർച്ചയാകുമ്പോഴെക്കും ഒരു വലിയ തീകനൽ കൂനയായി മാറിയിട്ടുണ്ടാവും.അതിനെ മേലേരി എന്നാണ് പറയുന്നത്. മേലേരി തയ്യാറാക്കുന്നവർക്കും പ്രത്യേക വ്രതാനുഷ്ഠാനങ്ങളുണ്ട്..
തെയ്യം കെട്ടി കഴിഞ്ഞാൽ കോലാധാരി കമിഴ്ന്നാണ് മേലേരിയിലേക്ക് വീഴുന്നത് അതുകൊണ്ട് തന്നെ രണ്ട് പേർ രണ്ട് ഭാഗത്ത് നിന്നും പിടിച്ച് വലിക്കണം..ആ വലി ഒരു പോലെയല്ലെങ്കിൽ കെട്ടിയ ഉടയുടെ ഉള്ളിലൂടെ തീകനൽ വീണ് കോലാധാരിയുടെ നെഞ്ചും വയറും വെന്തുരുകും..അതുകൊണ്ട് തന്നെ കോലാധാരിയേക്കാൾ ശ്രദ്ധയും കഷ്ടപ്പാടും വലിക്കുന്നവർക്ക് വേണം..ഇങ്ങനെ വലിക്കാൻ കോലാധാരിയുടെ അരയുടെ ഇരു വശത്തും തെങ്ങോല കൊണ്ട് പ്രത്യേക രീതിയിൽ മടഞ്ഞ കയറ് കാണും അതിനെ 'കൊട്ടുംകൈ 'എന്നാണ് പറയുക..ഒരു തവണ മേലേരിയിലേക്ക് വീഴുന്നതിനെ 'ഒരു കൈ' വീണു എന്നാണ് പറയുക..നൂറ് തവണ വീണാൽ 'നൂറ് കൈ'..
ഇത്രയും വിവരിച്ചത് കഥയുടെ ബാക്കി ഭാഗം വായിക്കുമ്പോൾ എളുപ്പത്തിൽ മനസ്സിലാക്കാനാണ്...ഇനി കഥയുടെ തുടർച്ചയിലേക്ക്.....
............കോരൻ തെയ്യം-3....
................................................
അങ്ങനെ ഇരുപത്തിയൊന്ന് ദിനരാത്രങ്ങൾ കഴിഞ്ഞിരിക്കുന്നു.ചാമുണ്ടി കോട്ടത്ത് തെയ്യം കൂടിയിട്ട് ഇന്നേക്ക് മൂന്നാംനാൾ.നാളെ പുലർച്ചയാണ് തീചാമുണ്ടിയുടെ അഗ്നി പ്രവേശം.അതിനായുള്ള മേലേരി തയ്യാറാക്കുകയാണ് വാല്യക്കാർ.പുറത്തെ കുച്ചലയിൽ ധ്യാനനിഗമനനായി കോരൻ പണിക്കർ..തൻ്റെ മനസ്സും ശരീരവും തീചാമുണ്ടി എന്ന തൻ്റെ പരദേവതേയെ ആവാഹിക്കാനുള്ള തയ്യാറെടുപ്പ്.
പിറ്റേന്ന് പുലർച്ചെ...
പുറത്തെ അണിയറയിൽ നിന്ന് അണിയലത്തിൻ്റെയും കാൽചിലമ്പിൻ്റെയും ശബ്ദം... കോരൻ പണിക്കർ ഒരുങ്ങുകയാണ്.. തീചാമുണ്ടിയുടെ വരവറിയിച്ച് ആകാശത്തേക്ക് തുടരെ തുടരെ കതിന ഉയർന്നു..ഭക്ത ജനങ്ങളുടെ ചുണ്ടിൽ 'നാരായണ...നാരായണ' മന്ത്രം.വാദ്യക്കാരൻ്റെ ഒറ്റക്കോൽ ചെണ്ട ശബ്ദിച്ചു..പുറകേ ഇലത്താളത്തിൻ്റെയും കുറംകുഴലിൻ്റെയും ശബ്ദം... മറ്റ് വാദ്യക്കാരും തങ്ങളുടെ ചെണ്ടകളെ തോളിലേറ്റി.ആസൂര വാദ്യം മുഴങ്ങി...
തീചാമുണ്ടിയുടെ കോമരവും മേലേരി കൂട്ടിയ വാല്യക്കാരും മേലേരിയെ മൂന്ന് തവണ വലംവച്ചു.തീചാമുണ്ടി പാരണക്കിരുന്നു.കോമരവും വാല്യക്കാരും മേലേരിയിലേക്ക് നഗ്നപാദരായി ഓടി കയറി..
കോരൻ പണിക്കർ മുഖാരിയെടുത്ത് തൻ്റെ മുഖത്തേക്ക് ഒന്നു നോക്കി..കണ്ണുകൾ ചുഴറ്റി...ഇനി കോരൻ പണിക്കർ എന്ന വ്യക്തിയില്ല രൗദ്രഭാവം പൂണ്ട നരസിംഹമൂർത്തിയായ തീചാമുണ്ടി മാത്രം..
'ഇന്ധനം പോലെ മല കത്തി ജ്വലിപ്പിച്ചതിൽ
നിർത്തിയിട്ടുണ്ടെൻ ഭക്തനാം പ്രഹ്ളാദനെ-
ദുഷ്ടനാം ഹിരണ്യകശിപു
അഗ്നിയിൽ കുരുത്ത വൃക്ഷമാണല്ലോ-
വിഷ്ണുമൂർത്തി
അതിനു തിരുവാട്ടകേട് വന്നിരിക്കുന്നതായൊരുപരാധത്തിന്
ഇടവരുത്തരുതല്ലോ,ആയതൊന്ന് ഞാൻ പരീക്ഷിക്കട്ടെ.'
തോറ്റം മുറുകി..ചെണ്ടകളുടെ പുറത്ത് ചെണ്ട കോലുകൾ ശക്തിയായി പതിച്ചു..തീചാമുണ്ടി തീയെ പരിരംഭണം ചെയ്യാനുള്ള പുറപ്പാടിനായി മേലേരിയെ വലംവച്ചു. മേലേരിയിൽ വീഴുന്ന കോലകാരനെ വലിച്ചുകയറ്റുന്ന വലിക്കാരായി 'കെട്ടുംകൈ' പിടിച്ച് കൊണ്ട് കണ്ണൻ പണിക്കറും ചാത്തു പണിക്കറുടെ മരുമകനും.തീചാമുണ്ടി മേലേരിയെ ഒരു കൈ പുണർന്ന് കഴിഞ്ഞു... കോരൻ പണിക്കർ ആ പഴയ പതിമൂന്ന് വയസ്സുകാരനായി,തൻ്റെ ശരീരത്തിന് പ്രായമായിട്ടില്ല എന്ന് തെളിയിച്ചു കൊണ്ടേയിരുന്നു..
കെട്ടുംകൈ പിടിച്ച കണ്ണൻ പണിക്കർക്ക് തളർച്ച ബാധിച്ചതോ അതോ മനപൂർവമോ? കണ്ട് നില്ക്കുന്ന ഭക്തജനങ്ങൾക്കത് മനസ്സിലായില്ലെങ്കിലും കോരൻ പണിക്കർ മനസ്സിലാക്കി കഴിഞ്ഞു..കാരണം അയാൾ ധരിച്ച ഉടയുടെ ഉള്ളിലൂടെ മേലേരിയിലെ തീകനൽ കടന്ന് കോരൻ പണിക്കറുടെ നെഞ്ചും വയറും വെന്തെരിയാൻ തുടങ്ങിയിരുന്നു.. പുറത്ത് മാത്രമേ ഉഗ്രരൂപിയായ നരസിംഹമൂർത്തിയായ തീചാമുണ്ടിയുള്ളു..അകത്തുള്ളത് ഒരു മനുഷ്യനാണ് മജ്ജയും മാംസവും ഉള്ള പച്ച മനുഷ്യൻ..
പിന്നെയും ഇടയ്ക്കിടെ കണ്ണൻ പണിക്കർക്ക് തളർച്ച ബാധിച്ചു.. ഇരുപത്തിയഞ്ചാമത്തെ കൈയും മേലേരിയെ പുണർന്നു... കോരൻ പണിക്കർക്ക് കണ്ണിൽ ഇരുട്ട് കയറിതുടങ്ങി.ഇരുപത്തിയാറാം കൈ മേലേരിയെ പുണരുക്കുമ്പോഴേക്കും കോരൻ പണിക്കർ ചോര ശർദ്ദിച്ചു..വാടി തളർന്ന ചേമ്പില പോലെയായി ആ നല്ല തെയ്യക്കാരൻ്റെ ശരീരം..തന്നെ ചതിച്ചവൻ്റെ മുഖത്ത് നോക്കി,ആ നോട്ടം നേരിടാനാവാതെ കണ്ണൻ പണിക്കർ മുഖം തിരിച്ചു.കോരൻ പണിക്കറുടെ കണ്ണുകൾ നിറഞ്ഞിരുന്നു..ആ കണ്ണുകൾ പതുക്കെ അടയാൻ തുടങ്ങി..അപ്പോൾ കണ്ടു അങ്ങ് വൈകുണ്ഠത്തിൽ ഭക്തവത്സലനായാ ഭഗവാൻ തന്നെ നോക്കി പുഞ്ചിരിക്കുന്നു....
****
കോരൻ പണിക്കറുടെ മരണ ശേഷം ചാമുണ്ടി കോട്ടത്ത് ആര് തീചാമുണ്ടിയെ കെട്ടിയാലും ആ കോലം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.തീചാമുണ്ടി കെട്ടിയവരെല്ലാരും ചോര ശർദ്ദിച്ച് മൃത്പ്രായരായാണ് ചാമുണ്ടി കോട്ടം വിടുന്നത്...പിന്നെ ഒരു മലയൻ പണിക്കർക്കും ചാമുണ്ടി കോട്ടത്തേക്ക് വരാൻ ധൈര്യമില്ലാതായി.
****
കഴിഞ്ഞ വർഷം സ്വർണ്ണ പ്രശ്നം വച്ചപ്പോഴാണ് കോരൻ പണിക്കറുടെ ശാപമാണ് എല്ലാത്തിനും കാരണമെന്നും അദ്ദേഹത്തിന് അർഹമായ സ്ഥാനം കോട്ടത്ത് കൊടുത്താൽ മാത്രമേ ഇനിയിവടെ തീചാമുണ്ടിയെ കെട്ടിയാടിക്കാൻ പറ്റുകയുള്ളുവെന്നും അറിയാൻ കഴിഞ്ഞത്...അതിൻ്റെ ഫലമായാണ് ഏഴ് വർഷങ്ങൾക്ക് ശേഷമുള്ള ഈ തെയ്യം കൂടൽ..
അതിനിടയിൽ കോരൻ പണിക്കറുടെ മക്കളായ കൃഷ്ണനും മുരളിയും തെയ്യം കലയിൽ വൈദ്ഗധ്യം നേടി വാഴുന്നോരുടെ കൈയിൽ നിന്ന് പട്ടും വളയും വാങ്ങി പണിക്കർ സ്ഥാനം ആചാരപ്പെട്ടിരുന്നു...ആ അച്ഛൻ്റെ പാരമ്പര്യം കാക്കാൻ രണ്ട് ഉശിരുള്ള ആൺമക്കൾ...
കോരൻ പണിക്കറുടെ മരണശേഷം ഒരു രാത്രിയിൽ എന്തോ കണ്ട് പേടിച്ച് മതിഭ്രമം ബാധിച്ച കണ്ണൻ പണിക്കരെ കുതിരവട്ടം മാനസികരോഗാശൂപത്രിയിൽ കൊണ്ടു പോയി ചിക്തിസിപ്പിച്ചു.രാത്രിയിൽ തീചാമുണ്ടി വന്ന് തന്നെ പേടിപ്പിച്ചു എന്നാണ് കണ്ണൻ പണിക്കറുടെ ഭാഷ്യം..ഇപ്പോഴും നല്ല തണുപ്പുള്ള രാത്രിയിൽ പോലും ചുട്ടുപൊള്ളുന്ന നീറ്റലോടെ തണുത്ത വെള്ളത്തിൽ കുളിക്കുന്ന കണ്ണൻ പണിക്കർ നാട്ടുക്കാർക്ക് ഒരു പരിഹാസ കഥാപാത്രമാണ്....
...........................................................
"നീയൊന്ന് ബേഗം ബന്നേ പെണ്ണേ...ഇപ്പം കോരൻ തെയ്യത്തിൻ്റെ തോറ്റെറങ്ങും..ഉയ്യ് ഓറെല്ലാം ബല്ല്യ മനിച്ചനായിരുന്നു".നാണിയമ്മയുടെ നടത്തതിന് വേഗത കൂടി.
പിറ്റേന്ന് പുലർച്ചെ....
കോരൻ തെയ്യം ഉറഞ്ഞ് തുള്ളി കൊണ്ട് തൻ്റെ ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നു...കോരൻ തെയ്യത്തിൻ്റെ സ്വരൂപത്തെ കെട്ടിയാടുന്നത് കോരൻ പണിക്കറുടെ മൂത്തമകൻ കൃഷ്ണൻ പണിക്കർ... സ്വന്തം അച്ഛൻ്റെ ദൈവിക രൂപം കെട്ടിയാടാൻ ഭാഗ്യം സിദ്ധിച്ച മകൻ...
അപ്പോൾ പുറത്തെ അണിയറയിൽ തൻ്റെ അച്ഛന് കെട്ടി പൂർത്തിയാക്കാൻ പറ്റാത്ത ആ തീചാമുണ്ടി എന്ന വിശ്വരൂപത്തെ ആവാഹിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കോരൻ പണിക്കറുടെ ഇളയ മകൻ മുരളി പണിക്കർ...(ശുഭം)
N.P: കോരൻ തെയ്യം എന്നത് വെറുമൊരു ഭാവനാസൃഷ്ടി മാത്രമാണ്.അങ്ങനെയൊരു തെയ്യം ഒരു തെയ്യാട്ട കാവുകളിലും കെട്ടിയാടിക്കുന്നില്ല...
സമർപ്പണം:ഉത്തര മലബാറിലെ എല്ലാ തെയ്യം കലാക്കാരന്മാർക്കും
ചില പദ പരിചയങ്ങൾ:
മുഖാരി(മുഖം നോക്കുന്ന കണ്ണാടി.കോലക്കാരൻ വേഷമെല്ലാം കെട്ടിയതിന് ശേഷം മുഖാരിയിൽ നോക്കിയാണ് തങ്ങൾ കെട്ടിയ ദൈവസ്വരൂപത്തെ സ്വീകരിക്കുന്നത്)
കോമരം(ഓരോ തെയ്യത്തിനും ഓരോ കോമരങ്ങൾ ഉണ്ടാവും.അത് ഏത് സമുദായകാരുടെതാണോ ആ കോട്ടം ആ സമുദായത്തിലെ ഒരു വ്യക്തിയായിരിക്കും കോമരമാകുക..അതിന് പ്രത്യേക ചടങ്ങുകൾ ഉണ്ട്)
മനിച്ചൻ:മനുഷ്യൻ.
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo