അന്നൊരു ഞായറാഴ്ചയായിരുന്നു.തലേന്ന് രാത്രി എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. അല്ലെങ്കിലും ഉറക്കം നഷ്ടപ്പെട്ടിട്ടെത്ര രാത്രികളായി. വെളുപ്പാൻ കാലമാണ്. പുറത്ത് പതിവിലേറെ ഭയപ്പെടുത്തുന്ന, കട്ടയായ ഇരുട്ട്... ആ ഇരുട്ട് അവളിലേയ്ക്ക് പെയ്തിറങ്ങാൻ വെമ്പിനില്ക്കുകയായിരുന്നെന്ന് അവളറിയാതെ പോയതെന്തേ? ജീവിതം മാറ്റിയെഴുതപ്പെടുകയാണെന്നും?
പുറത്ത് മാവ് മുറിക്കുന്ന യന്ത്രത്തിൻ്റെ കർണ്ണകഠോരമായ ശബ്ദം, പൂക്കൾ കൊണ്ട് തീർത്ത റീത്തുകളുടെ മനം മടുപ്പിക്കുന്ന ഗന്ധം. ചന്ദനത്തിരിയുടെ പുക ഒരു ദുർഗന്ധമായി തോന്നിയത് അന്നാദ്യമായിട്ടായിരിക്കും.
അവിടേ നിന്ന് എഴുന്നേറ്റോടാൻ അവൾ ആഗ്രഹിച്ചു. പിന്നെ തോന്നി പാടില്ല, ഇന്നെല്ലാവർക്കും വേണ്ടി ഇരിന്നു കൊടുത്തേ പറ്റൂ. നല്ല ദിവസം നോക്കി കാണാൻ വരാൻ നാളേയ്ക്ക് ആൾക്കാരുണ്ടാവരുത്. എല്ലാരും അവളെ ഇന്ന് തന്നെ കണ്ട് പോകട്ടെ.
ഓരോ കണ്ണുകളും ദയനീയമായി അവളെ നോക്കി. ചിലർ കണ്ണീരൊഴുക്കി, മറ്റു ചിലർ ദീർഘനിശ്വാസങ്ങൾ കൊണ്ട് നിശബ്ദത ഭേദിച്ചു.
"എന്താപ്പോ ഓരോർത്തർടെ വിധി, ഈ കുട്ടിയ്ക്ക് എങ്ങന്യായാലും ജോലി കിട്ടും. അത്രേം ആശ്വാസം" ആരോ അടക്കം പറഞ്ഞത് ഇതിനിടയിലും വ്യക്തമായി കേൾക്കാമായിരുന്നു .
"ദേ, ഉണ്ണിയ്ക്ക് വെശ്ക്ക്ണ്ട് തോന്നുണു. അയാള് നെലോളിയ്ക്ക്‌ണ്ട്. "
ആരാ മടീല് കൊണ്ട് വച്ചേന്ന് നോക്കില്ല്യ. അമ്മിഞ്ഞപ്പാലിന് ഉപ്പുകൂടി ചേർന്നതുകൊണ്ടാവും, വേഗം ഉണ്ണി പാലുകുടി മതിയാക്കി.
"ഇന്ന് മുതലിങ്ങന്യാക്കുട്ടാ ഭാര്യാ പദം നിലത്തു വീണുടഞ്ഞു . ഇപ്പോൾ ഉള്ളത് അമ്മയെന്ന അച്ഛനാണ് ".
"കുട്ടനെ എട്ക്കട്ടെ ?" അവടെ ചടങ്ങുകൾ തുടങ്ങി.
അമ്മേന്ന് വിളിച്ചുള്ള കരച്ചിൽ ചെവിയിൽ നിന്നകന്നകന്ന് പോയി.
ഓരോ നോട്ടവും അവഗണിച്ച് , കോസറിയിൽ മുഖമമർത്തി കിടന്നു. എത്രനേരമെന്നോർമ്മയില്ല. "എണീയ്ക്കൂ കുട്ടി"ഒരു പുരുഷശബ്ദമാണ്.
''ആ താലികളൊന്നൂരി തന്നോളൂ." (നമ്പൂരാർക്ക് രണ്ട് താലീണ്ടല്ലോ)
അവൾ താലികളിൽ മുറുക്കി പിടിച്ച് നെഞ്ചോട് ചേർത്തു. " ആ കളിപ്പാട്ടം എനിയ്ക്ക് തര്യോ "ന്ന് ചോദിയ്ക്കുമ്പോ "ഇല്ല്യ ഇതെൻ്ററ്യാന്" പറയണ കുട്ടീടെ ഭാവമായിരുന്നു അവൾക്കപ്പോൾ.
"താലികൾ ഊരിതരൂ കൂട്ടി"ന്ന് പിന്നേയും പറയുന്നത് കേട്ടപ്പോഴാണ് ചുറ്റുമുള്ള നിശബ്ദ തേങ്ങലുകൾ വൻ അലർച്ചകളായി രൂപപ്പെട്ടതറിഞ്ഞത്. "തരൂ കുട്ടീ" പുരുഷ ശബ്ദങ്ങൾ മാറികൊണ്ടേയിരുന്നു.
അവൾ കണ്ണുകളടച്ച് താലി കളിൽ മുറുകെ പിടിച്ചിരുന്നു. പെട്ടന്ന് ദൃഢമായ ഒരു കൈ മാലയിൽ പിടുത്തമിട്ടു. അവളുടെ കൈ തട്ടിമാറ്റപ്പെട്ടു. താലികൾ ഊരിയെടുത്ത് മാല മടിയിലേയ്ക്കിട്ടു.
കണ്ണീരിൽ മുങ്ങി ശുദ്ധീക്കരിയ്ക്കപ്പെട്ടതുകൊണ്ടാവാം താലികൾ അയാളുടെ കൈയ്യിലിരുന്ന് തിളങ്ങി.
" ആ സിന്ദൂരം കൂടി മാച്ചു കളഞ്ഞോളൂ". മയമില്ലാത്ത ആ പരുക്കൻ ശബ്ദം വല്ലാത്തൊരു അസ്വാസ്ഥ്യത്തോടെ അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ടു.
സതി സമ്പ്രദായം കൂടി ഉണ്ടായിരുന്നെങ്കിൽ..... അനാഥത്ത്വം പേറി പിച്ച വയ്ക്കുന്ന രണ്ട് കുഞ്ഞിക്കാലടികൾ കൂടി.......
ചടങ്ങല്ലേ ? നടക്കട്ടെ. താലികൾകൂടി ചിതയിലെറിഞ്ഞില്ലങ്കിൽ ഒരുപക്ഷേ ആത്മാവിന് മോക്ഷം കിട്ടാതെ പോയാലോ?
അവളുടെ ഭാവനയിൽ സ്വർഗ്ഗലോകവും, ചിത്രഗുപ്തനും, താലികളുമായി പരുങ്ങി നിൽക്കുന്ന പാവം ആത്മാവും തെളിഞ്ഞു വന്നു.
ചിത്രഗുപ്തൻ ആളെ തിരിച്ചറിഞ്ഞു. കണക്ക് പുസ്തകം നോക്കി, ഏയ് പറയത്തക്ക തെറ്റുകളൊന്നുമില്ല. ദേ ആ വലിയ ഗോപുരം തുറന്ന് തരും അവിടേയ്ക്ക് പോവ്വാം. ആത്മാവ് ഗോപുരത്തിൻ്റെ മുകളിലെഴുതി വച്ചിരിയ്ക്കുന്ന സ്വർണ്ണാക്ഷരങ്ങൾ വായിച്ചു. "സ്വർഗ്ഗം "
"ഉണ്ണി ഒറങ്ങീണ്ണൂട്ടോ. എവ്ട്യാ കെടത്തണ്ടേ?" പാറുക്കുട്ടിയാണ്. അവൾ കോസറിയുടെ നനവിലേക്ക് അവനെ ചേർത്ത് പിടിച്ചു. ഇനിയുള്ളത് യാത്ര പറച്ചിലുകളാലണ്.
നനുത്ത കര സ്പർശങ്ങൾ തോളിൽ തട്ടി, സഹതാപം നിറഞ്ഞ കുറേയേറെ കണ്ണുകൾ അവളുടെ മേൽ പതിഞ്ഞുകൊണ്ടേയിരുന്നു. ആർക്കും മുഖം കൊടുത്തില്ല.
ആരെങ്കിലും ഒരു വെള്ളസാരിയുമായി വരുമോയെന്നുള്ള പരിഭ്രാന്തി മാത്രമായിരുന്നു അപ്പോൾ മനസ്സിൽ.
എല്ലാം കഴിഞ്ഞു. അവനെ ചേർന്ന് പിടിച്ച് നിസ്സംഗമായി കിടന്നപ്പോഴാണ് ,ആരോ അവൻ്റെ ചുരുട്ടിപ്പിടിച്ച കൈ അവളുടെ മേലെടുത്ത് വച്ച പോലെ തോന്നിയത്.
കൈ പതുക്കെ തുറന്നു നോക്കിയപ്പോൾ കുഞ്ഞി വിരലുകൾക്കിടയിൽ പറ്റിപ്പിടിച്ചൊരു താലി. ആത്മാവ് വീണ്ടും അവളുടെ മുന്നിൽ പ്രത്യക്ഷനായി "സങ്കടപ്പെടണ്ട ചിതയിലേക്ക് ഒരു താലി മതി. തൃശങ്കു സ്വർഗ്ഗത്തിലും പരമാനന്ദമാണ്. "
സൗമ്യ ഹിന്ദോളം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക