Slider

ഭാഗം 6: ഒരു മെസ്സൻജർ പ്രണയം

0

ഭാഗം 6: ഒരു മെസ്സൻജർ പ്രണയം :- അയാളെ വട്ടം ചുറ്റിക്കണമെന്ന് ആദ്യം കരുതിയ അവൾ ഇപ്പോൾ സ്വയം വട്ടം ചുറ്റാൻ തുടങ്ങി! കുറേ ദിവസം അയാളുടെ തുടർക്കഥയെ പിന്തുടർന്ന ശേഷം അവൾ അയാളോട് ഒരു മെസ്സേജിലൂടെ ചോദിച്ചു: "സത്യം പറയൂ, ഈ കഥയിലെ നായികയെ എന്നെ മനസ്സിൽ സങ്കൽപിച്ച് എഴുതിയതല്ലേ? എന്തിനാണെന്നെ ലക്ഷ്യം വച്ച് ഇത്രയധികം എഴുതുന്നത്? ദോഷം കിട്ടാതെ നോക്കിക്കോ!. ഞാൻ നിങ്ങളെ പ്രണയിച്ചാലും എനിക്ക് നിങ്ങളെ സ്വന്തമാക്കാനാകില്ല. അതറിഞ്ഞു കൊണ്ട് എന്നെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് പാപമല്ലേ?... എഴുത്ത് നിർത്തണമെന്ന് ഞാൻ പറയില്ല. എനിക്കിഷ്ടമാണ് അത് വായിക്കാൻ. പക്ഷെ എന്നെ ഉദ്ദേശിച്ച് എന്നെ തൃപ്തിപ്പെടുത്താനായി എഴുതുകയാണോ എന്നൊരു തോന്നൽ ! പ്ലീസ് മറ്റെന്തെങ്കിലുമൊക്കെ കഥ എഴുതൂ. എന്നെ മറക്കൂ. എന്നെ എന്റെ പാട്ടിന് വിടൂ!" ഈ മെസ്സേജ് വായിച്ചപ്പോൾ, അവളുടെ മനസ്സ് പ്രണയ സംഘർഷത്തിൽ അകപ്പെട്ടുവെന്ന് അയാൾക്ക് മനസ്സിലായി. പരസ്പരം കാണാതെ പ്രണയിക്കുക എന്നത് ചില സമയങ്ങളിൽ എത്ര വേദനാകരമാണെന്ന് അയാൾക്ക് തോന്നി. ആദ്യം താൻ കരുതിയ പോലെ വെറുതെ അയവിറക്കി രസിച്ച് തള്ളാവുന്ന ഒന്നല്ല ഈ പ്രണയമെന്ന് അയാൾക്ക് തോന്നി. അയാൾ കണ്ണുകൾ പൂട്ടി അവളുടെ ഒരു ഫോട്ടോയെ ധ്യാനിച്ചു. ആദ്യകാലങ്ങളിൽ ആ ഫോട്ടോയെ അയാൾ കുറച്ച് വിഷയാസക്തിയോടെ കണ്ടിരുന്നു എന്നതാണ് സത്യം . എന്നാലിപ്പോൾ വിഷയാസക്തി മാത്രമല്ല, ദയയും തോന്നി തുടങ്ങി. അവളോടുള്ള കാരുണ്യത്താൽ അയാളുടെ മനം നിറഞ്ഞു. മനസ്സിലെ കാരുണ്യം മുഴുവൻ ആവാഹിച്ച് അയാൾ പതിവില്ലാതെ ഒരു മെസ്സേജയച്ചു. "ടേക്ക് കെയർ !" എന്നായിരുന്നു ആ മെസ്സേജ്. എല്ലാവരും എപ്പോഴും ഉപയോഗിക്കുന്ന ആ മെസ്സേജിന് ഇപ്പോൾ വലിയ അർത്ഥതലങ്ങളുണ്ടായിരുന്നു. ശ്രദ്ധിക്കണേ എന്ന ആത്മാർത്ഥമായ അപേക്ഷയായിരുന്നു അത്. അവൾക്ക് വേദനിക്കുന്നതും അപകടം പിണയുന്നതും അയാൾക്ക് സങ്കൽപിക്കാനേ വയ്യ. എന്നിട്ടയാൾ തുടർന്നെഴുതി: "പ്രിയപ്പെട്ടവളെ., ശ്രദ്ധയോടെ ,പക്വതയോടെ ജീവിക്കുക. എന്നോട് പ്രണയമുണ്ടെങ്കിൽ അതിനെ അതിജീവിക്കാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല! ഭവതി വേദനിക്കുന്നത് എനിക്കിഷ്ടമല്ല. ആ വേദനക്ക് കാരണം എന്നോടുള്ള പ്രണയമാണെങ്കിൽ പോലും, ഞാനതിഷ്ടപ്പെടുന്നില്ല. പരസ്പരം കാണാതെ പ്രണയിക്കാം എന്ന എന്റെ ആഗ്രഹം നിറവേറിയ ദിവസങ്ങളാണ് കടന്നു പോയത്. ഇനി ഇതിവിടെ വച്ച് അവസാനിപ്പിക്കാത്ത പക്ഷം, ഈ പ്രണയം മജ്ജയിലും അസ്ഥിയിലും വ്യാപിച്ച് ഒരു മഹാ വേദനയോ വ്യാധിയോ ആയി മാറിയേക്കാം! അതുകൊണ്ട് നമുക്ക് ഇൻബോക്സ് ചാറ്റിങ് അവസാനിപ്പിക്കാം. ഭവതി മുന്നൊരിക്കൽ പറഞ്ഞ പോലെ നമുക്ക് സുഹൃത്തുക്കളായി തുടരാം. വിവാഹം കഴിച്ച് സുഖമായി ദീർഘകാലം ജീവിക്കണം. എന്റെ പ്രണയാഭ്യർത്ഥന മറന്നേക്കുക. കുറേ കാലം കഴിഞ്ഞ് എന്നെ ഓർക്കുമ്പോൾ അതൊരു രസകരമായ വ്യത്യസ്തമായ ഓർമയായിരിക്കും എന്നെനിക്കുറപ്പുണ്ട്. നിന്നോട് ദയയും കാരുണ്യവും കാണിക്കുന്ന സദ്സ്വഭാവിയായ ഒരാൾ നിന്നെ വിവാഹം കഴിക്കട്ടെ എന്നാശംസിക്കുന്നു... എന്റെ മനസ്സിൽ ഇപ്പോൾ പ്രണയമല്ല! ഭവതിയോടുള്ള കാരുണ്യമാണ്! അതുകൊണ്ട് നല്ലൊരു ഭാവി ജീവിതം ഞാൻ ആശംസിക്കുന്നു. Take care..." ഈ മെസ്സേജ് അയച്ച ശേഷം അയാൾ block option ൽ തൊട്ട് അവളോട് മനസ്സില്ലാമനസ്സോടെ വിട പറഞ്ഞു... പക്ഷെ ,അവളുടെ മനസ്സ് വേദനിക്കുമോ എന്ന ഉത്കണ്oയാലും വിരഹ വേദനയാലും അയാളുടെ മനസ്സ് വിങ്ങുകയായിരുന്നു... -ശുഭം

Kadarsha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo