Slider

റെഡ് വൈൻ

0
Image may contain: 1 person, smiling, outdoor and closeup
ഇനി എത്ര ദിവസം വെക്കണം മമ്മി വൈൻ ശരിയാകാൻ?"
ഭരണിയിൽ മുന്തിരി കെട്ടി വെക്കുമ്പോൾ റോസിൻ്റെ ചോദ്യം..
"നാൽപത്തഞ്ച് മോളെ..ക്രിസ്തുമസിന് എടുക്കാം.."
"പഴകുന്തോറും വൈനിന് മാധുര്യം കൂടും. എന്ന് പറയുമല്ലോ... ശരിയാണോ..?"
അതിനുള്ള മറുപടി ഒന്ന് മൂളി..
"എന്റെ ബെസ്റ്റ് ഫ്രണ്ട് സ്വീറ്റിക്ക് കൊടുക്കാമോ വൈൻ..? കഴിഞ്ഞ തവണ കൊടുത്ത മമ്മിയുടെ വൈൻ നല്ല രുചിയാണെന്ന് അവളുടെ പപ്പ പറഞ്ഞുവെന്ന് .."
അതിനും ഒന്ന് മൂളി..
പിന്നെയും അവളെന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു.മനസ്സ് പക്ഷേ ..പഴകും തോറും മാധുര്യം കൂടുന്ന വൈനിൽ തന്നെ തങ്ങി നിന്നു..
പഴകുന്നതെന്തിനും മാധുര്യം കൂടുമെങ്കിൽ എന്തുകൊണ്ട് ഇന്നും തനിക്ക് ക്രിസ്സിനോട് ഇത്ര അകലം..
വർഷങ്ങളുടെ ദാമ്പത്യം ഹൃദയങ്ങളെ അദൃശ്യമായ ചങ്ങല കണ്ണികളെന്ന പോലെ അടുപ്പിക്കുന്നുവെന്ന് പറയുന്നുവെങ്കിലും തങ്ങളിൽ ഇന്നും തുടരുന്ന അപരിചിതത്വം ഇനിയും എത്ര നാൾ..
ദാമ്പത്യമെന്നത് നിയമാധിഷ്ഠിതമായ ഒരു കരാറായി ചുരുങ്ങുന്ന കാലഘട്ടത്തിൽ അവിടെയും തങ്ങൾ അതീതരാണ്..
''അനുഗ്രഹീത ദമ്പതികൾ 'എന്ന ആശംസവാക്കുകളാൽ പലപ്പോഴും പൊതിയപ്പെടുമ്പോൾ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെടാറുണ്ട് ..
അത് കേൾക്കുമ്പോഴൊക്കെയും അദ്ദേഹത്തിന്റെ ചുണ്ടിൽ വിരിയുന്ന ചിരി തന്റെ നേർക്കുള്ള ഒളിയമ്പാണെന്ന് മനസ്സ് മന്ത്രിക്കും..
തനിക്കൊരിക്കലും നല്ലൊരു ഭാര്യയാവാൻ കഴിഞ്ഞിട്ടില്ല എന്നുള്ള സത്യം അറിയുന്ന ഒരേയൊരാൾ...അത് അദ്ദേഹം മാത്രമാണ്..
പുലർച്ചേ ഉണർന്നു ഭക്ഷണം തയ്യാറാക്കി..വസ്ത്രം തേച്ച് മടക്കി.. കിടപ്പറയിലെ ശ്വാസനിശ്വാസങ്ങൾക്കുമപ്പുറം അദ്ദേഹത്തിന്റെ മകളെ പ്രസവിച്ച് വളർത്തി..എന്നാലും ഒരു ചോദ്യം ബാക്കി നിൽക്കുന്നു. താൻ നല്ലൊരു ഭാര്യയാണോ.?
ഉള്ളിന്റെ ഉള്ളിലേവിടെയോ ഒരു കിളിയുടെ മറുമൊഴി ഉയരുന്നു.
ഇല്ല ഒരിക്കലുമില്ല..
അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരിക്കലും തനിക്ക് പ്രണയം കണ്ടെത്താനായിട്ടില്ല..എത്ര അടുക്കാൻ ശ്രമിച്ചാലും എന്തോ ഒന്ന് തങ്ങളെ തമ്മിൽ അകറ്റുന്നുണ്ട്
കാരണം തിരഞ്ഞു പലപ്പോഴും പലവഴിയേ മനസ്സ് പോയി..പഴകി ദ്രവിച്ച പ്രണയം കൊണ്ടോ..കഴുത്തിൽ താലി ചാർത്തും മുന്നേ മനസ്സ് പകുത്ത് പോയതിനാലോ
മനസ്സ് പകുത്ത് നൽകിയപ്പോൾ ഒപ്പം പകർന്ന ചുണ്ടിലെ മധുരത്തിന്റെ ഓർമകളാലോ...
ഓരോ വർഷവും കെട്ടി വെക്കുന്ന മുന്തിരി വൈനില് താൻ തന്റെ പഴകിയ പ്രണയവും..അടച്ച് കെട്ടി സൂക്ഷിക്കുന്നു..
ഓരോ തവണയും വൈനായി പുറത്തെടുത്ത് രുചിക്കുമ്പോഴും ഉള്ളിരുയരുന്ന ഗൂഢമായ ആത്മസന്തോഷത്തിൽ തന്റെ മനസ്സ് പൂത്ത് തളിർക്കുന്നുവോ...
ഡിസംബർ ...
എക്കാലവും സമ്മാനിച്ച സന്തോഷത്തിന്റെ ...നക്ഷത്രങ്ങളുടെ പ്രഭാ പൂർണിമയിൽ മറ്റൊരു ഒരു വാൽ നക്ഷത്രം പോലെ തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന... ഹണി ഡേവിഡ്
സാമ്പത്തിക ഉച്ചനീചത്വങ്ങളുടെ തുലാസിൽ അവനു തന്റെ ഭർതൃപദവി നിഷേധിക്കപ്പെട്ടു...
ഇറങ്ങിചെല്ലാൻ പറഞ്ഞ ഹണിക്ക് മുന്നില്‍
ആത്മഹത്യ ഭീഷണി മുഴക്കി നിൽക്കുന്ന മാതാപിതാക്കളുടെ നിലപാടറിയിച്ച് മുഖം പൊത്തികരഞ്ഞപ്പോൾ ഒരു വാക്ക് പോലും ഉരിയാടാതെ ഹണി അകന്നു പോയപ്പോള്‍ കൊട്ടിയടക്കപ്പെട്ടതോ തന്റെ മനസ്സ്
അനുസരണ ഉള്ള കുഞ്ഞായി കഴുത്ത് നീട്ടുമ്പോൾ വളർത്തി വലുതാക്കിയ മാതാപിതാക്കളോട് കടുത്ത പക തോന്നി പോയി...പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചപ്പൊഴും ജീവിതം വെച്ച് നീട്ടിയ പങ്കാളിയോട്...കടുത്ത അമർഷമായിരുന്നു.
പതിയെ പതിയെ അദ്ദേഹത്തിന്റെ സ്നേഹവായ്‌പിൽ വെറുപ്പലിഞ്ഞലിഞ്ഞ് ഇല്ലാതായി എങ്കിലും...
എന്തിനോ വേണ്ടി മനസ്സ് തേങ്ങി കൊണ്ടിരുന്നു..
രാത്രിമയക്കത്തിൽ നീളുന്ന അദ്ദേഹത്തിന്റെ കൈവലയത്തിനുള്ളിൽ പലപ്പോഴും വിങ്ങലോടെ കരഞ്ഞ് പോകുന്നു..
കഴിയുന്നില്ല മനസ്സെവിടെയോ കെട്ടപ്പെട്ട് കിടക്കുന്നു...പൊട്ടിച്ചെറിയാൻ പല തവണ ശ്രമിച്ചപ്പോഴും വേർപിരിക്കാനാവാത്ത വിധം ഇഴ പിരിഞ്ഞു കിടന്നൂ മനസ്സ്...
പ്രണയം എന്ന മൂലക്കല്ലിൽ തളച്ചിട്ടിരിക്കുന്നു മനസ്സ് എന്നത് തന്റെ ഒരു കണ്ടെത്തൽ മാത്രമോ..അതിലപ്പുറം ക്രിസ് എന്ന വ്യക്തിയിൽ തന്റെ പുരുഷനെ കണ്ടെത്താൻ തനിക്ക് കഴിയാതെ പോകുന്നുവോ. .
ശരീരങ്ങളുടെ സംഗമത്തിനപ്പുറം സ്നേഹ സംഭാഷങ്ങൾക്കുമപ്പുറം ....യാത്രക്കൾക്കുമപ്പുറം ... മനസ്സിന്റെ കൂടിച്ചേരൽ ..
അതുണ്ടാകുന്നില്ല
ഇനിയും ചേർത്ത് വെക്കാൻ കഴിയാത്ത സമാന്തര പാലങ്ങളായി ജീവിത കാലം മുഴുവൻ..
മനസ്സ് എപ്പോഴും കടിഞ്ഞാണില്ലാത്ത കുതിരഎന്നവണ്ണം പാഞ്ഞു കൊണ്ടിരുന്നു.. തന്റെ ചുണ്ടിൽ ഒളിപ്പിച്ച കള്ള ചിരിയിൽ എല്ലാരേയും വിശ്വസിപ്പിക്കാൻ.ശ്രമിപ്പിക്കുന്നു..താൻ സന്തോഷവതിയാണ് ആരെക്കാളും ..സ്വയം പറഞ്ഞു പഠിപ്പിക്കുന്നു...സ്വന്തം മനസാക്ഷിയെ പോലും വഞ്ചിക്കുന്നു .. എന്നിട്ടും ..
ചിന്തകളുടെ വേലിയേറ്റം സിരകളെ ചൂട് പിടിപ്പിക്കുമ്പോൾ അക്ഷരങ്ങളായി പെയ്തിറങ്ങുന്ന മനസ്സ്...
ചാരുകസേരയിൽ ഇരുന്ന് ഫോണിൽ നോക്കി ചിരിക്കുന്നു റോസ്.
പതിയെ അവളുടെ പുറകിൽ പോയി നിന്നു..
ഫേസ്ബുകിലാണ്....ആരുടെയോ പ്രൊഫൈൽ ഫോട്ടോ നോക്കുന്നു..
ഏന്തീ വലിഞ്ഞ് പേര് വായിച്ചെടുത്തു.
സ്വീറ്റി ഹണി ഡേവിഡ്...
മൂടികെട്ടി വച്ചിരുന്ന വൈൻ ഭരണിയിൽ നിന്നും ഗന്ധം പുറപ്പെടുന്നത് അറിഞ്ഞു ...
ഡിസംബര്‍ എത്തും മുന്നേ ഒരു കുളിര് ..പരിഭവത്തിൻ്റെ നൂൽപാലങ്ങൾ ഭേദിച്ച് വർഷങ്ങൾക്കിപ്പുറം അറിയാതെയെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നൂ .. വൈനിന്റെ മാധുര്യം...
പുറത്ത് ക്രിസ്സിൻ്റെ കാറിന്റെ ഹോൺ...
ഉള്ളില്‍ അടക്കി പിടിച്ച കെട്ടുകളഴിഞ്ഞു വീഴുന്ന പോലെ ..
വണ്ടി പാർക്ക് ചെയ്തു അകത്തേക്ക് കടന്നു വന്ന ക്രിസ്സിനെ അറിയാതെ നോക്കിനിന്നു പോയി ...
ക്രിസ്സിൻ്റെ കണ്ണുകളിലെവിടെയോ ഒരു വാൽനക്ഷത്രത്തിൻ്റെ പൊൻതിളക്കം

BY: Shabna Shabna Felix
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo