Slider

ഭാഗം 4: ഒരു മെസ്സൻജർ പ്രണയം :

0
ഭാഗം 4: ഒരു മെസ്സൻജർ പ്രണയം :-വിവാഹിതൻ മറ്റൊരു സ്ത്രീയെ പ്രണയിക്കുന്നതിന് മനസ്സിൽ തെളിഞ്ഞ ന്യായീകരണങ്ങൾ ശരിയായാലും തെറ്റായാലും, അതറിയിച്ച് അവളെ സ്വാധീനിക്കാൻ തന്നെ അയാൾ തീരുമാനിച്ചു. അയാൾ എഴുതി: "പ്രിയപ്പെട്ട എഴുത്തുകാരീ... ഭവതി പറഞ്ഞതൊക്കെ ശരി തന്നെ !. ഭവതിയുടെ ഭാവി വരൻ വഞ്ചിക്കപ്പെടുന്നതോ എന്റെ നേർപ്പാതി വഞ്ചിക്കപ്പെടുന്നതോ ഞാനും ഇഷ്ടപ്പെടുന്നില്ല. പക്ഷെ എന്റെ മനസ്സിൽ മുള പൊട്ടിയ പ്രണയത്തിന് ഇതറിയില്ലല്ലോ! ഹൃദയത്തിൽ പ്രണയം മൊട്ടിടുകയും രക്തത്തിൽ അത് വ്യാപിക്കുകയും ചെയ്താൽ എന്ത് ചെയ്യാൻ പറ്റും! ഞാൻ നിസ്സഹായനാണ്. പ്രണയത്താൽ എന്റെ കൗമാരം തിരികെ വന്നതു പോലായിട്ടുണ്ട് ഇപ്പോൾ കാര്യങ്ങൾ. എന്നാൽ പക്വത കൈവിടാനും വയ്യ. അതു കൊണ്ടാണ് പരസ്പരം കാണരുത് എന്ന് ഞാൻ ആദ്യമേ പറഞ്ഞ് വച്ചത്! പരസ്പരം കണ്ടാൽ യാഥാർത്ഥ്യബോധം വന്ന് ഈ പ്രണയമെല്ലാം അലിഞ്ഞില്ലാതായേക്കാം. അല്ലെങ്കിൽ പ്രണയം കൂടുതൽ തീവ്രമായി തീരുകയും വേർപിരിയാനാകാത്ത വിധം പരസ്പരം അടുക്കുകയും ചെയ്യാം. രണ്ട് സാധ്യതകളുമുണ്ട്. രണ്ടാമത് പറഞ്ഞ പോലെ പരസ്പരം കണ്ട്, ഇനി ഒന്നായേ പറ്റൂ എന്നെങ്ങാനും തോന്നിയാൽ എന്തു ചെയ്യും. അതുകൊണ്ട് പ്രണയം ഇങ്ങനെ മുന്നോട്ട് പോകട്ടെ. ഇനി നിങ്ങൾ പിന്മാറിയാലും ഞാനിവിടിരുന്ന്‌ നിങ്ങളെ പ്രേമിച്ചുകൊണ്ടിരിക്കും! നിങ്ങളുടെ ഹൃദയത്തിൽ മാത്രമല്ല., ഇന്ത്യൻ പീനൽ കോഡിൽ പരതിയാലും, ഇതുപോലൊരു വിശുദ്ധ പ്രണയത്തെ കുറ്റമായി വിധിക്കാൻ യാതൊരു വകുപ്പുമില്ല. ഇനി നിങ്ങൾ എന്നെ block ഓപ്ഷനിൽ തൊട്ട് വിലക്കിയാൽ പോലും നിന്റെ ഹൃദയത്തിന്റെ നടുക്കണ്ടത്തിൽ മലർന്ന് കിടന്ന് ഞാൻ മന്ദഹസിച്ചു കൊണ്ടിരിക്കും. പാവം നിന്റെ ഭാവി വരൻ! അവന് നിന്റെ ഹൃദയത്തിൽ രണ്ടാം സ്ഥാനത്തിനാണ് വിധി! ഇതെന്റെയോ നിന്റെയോ കുറ്റമല്ല! പ്രകൃതി നിയമമാണ് എന്ന് കരുതി ആശ്വസിക്കുക! ഇതെഴുതി കൊണ്ടിരിക്കുമ്പോൾ എനിക്ക് നിന്നോട് കൂടുതൽ അടുപ്പം തോന്നുന്നു. തീവ്രമായ ഒരടുപ്പം!. ഭവതിയെന്നും എഴുത്തുകാരിയെന്നും നിങ്ങളെന്നും നിന്നെ വിളിച്ച എനിക്കിപ്പോൾ "നീ ,എടീ ,പോടീ, മണ്ടീ ,മണ്ടൂസേ, പൊട്ടീ" എന്നൊക്കെ വിളിക്കാൻ തോന്നുന്നു. അതു കൊണ്ട് തൽക്കാലം ഈ കുറിപ്പ്‌ അവസാനിപ്പിക്കുകയാണ്. ഇനി ഒന്നുകിൽ എന്നെ പ്രണയിക്കാൻ തയ്യാറാകുക. അല്ലെങ്കിൽ ബ്ലോക്ക് ചെയ്യുക! രണ്ടായാലും വെൽകം. പക്ഷെ നീ എന്ത് തീരുമാനിച്ചാലും എന്റെ നിന്നോടുള്ള പ്രണയം നിർബാധം തുടരും എന്നറിയിക്കട്ടെ!! " ഈ കുറിപ്പ് വായിച്ച അവൾ എന്ത് മറുപടി കൊടുക്കണം എന്ന ചിന്തയിൽ മുഴുകി. അവളുടെ ദിനചര്യകളിൽ ചില മാറ്റങ്ങളൊക്കെ വന്നു തുടങ്ങി. താൻ അയാളുടെ സ്വാധീനവലയത്തിലേക്ക് കൂടുതലായി ആകർഷിക്കപ്പെടുകയാണ് എന്നവൾക്ക് മനസ്സിലായി. ഒന്നുകിൽ അയാൾ പറഞ്ഞ പോലെ അയാളെ ബ്ലോക്ക് ചെയ്യണം. അല്ലെങ്കിൽ മറുപടി ഒന്നും പറയാതെ നിസ്സംഗത പാലിക്കണം. അല്ലെങ്കിൽ മറുപടി കൊടുക്കണം. ഇതിൽ ഏത് തീരുമാനമെടുക്കണമെന്നത് തന്റെ സ്വാതന്ത്ര്യമാണ്! അവൾ അവളുടെ മനസ്സിൽ ഉടലെടുക്കേണ്ട സ്വന്തം തീരുമാനത്തിനായി കാത്തിരുന്നു... (തുടരും)

Kadarsha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo