Slider

ഒരുദിനം 2

0
Install Nallezhuth Android App from Google Playstore and visit "പുതിയ തുടർരചനകൾ " to read all chapters of long stories.

ഒരുദിനം 2
കായലിൽ മുങ്ങി മരിക്കുന്ന ജഡങ്ങളുടെ ദുർഗന്ധമാണോ കാറ്റിലൂടെ വരുന്നത് ശക്തിയായ കാറ്റിൽ വള്ളമുലയുന്നത് പോലുമറിയാതെ ശ്വാസം നിലച്ചവളിരുന്നു.
കൂയ്... കൂയ്.... മീനമ്മോയ്....
ഒരു ശബ്ദം കാതുകളിലേക്ക് കേൾക്കുവാണോ കൈപ്പത്തിയിലൊളിപ്പിച്ച് വച്ച മുഖമുയർത്തി നോക്കിയവൾ മുന്നിൽ ഇരു കൈകളും വള്ളത്തിന്റെ വശത്തെ പലകയിൽ പിടിച്ച് മുകളിലേക്ക് തല മാത്രം കാണാവുന്ന പോലെ പിടിച്ചു തൂങ്ങിനിൽക്കുന്നുണ്ടവൻ
വെള്ളത്തിൽ മുങ്ങി കുളിച്ച അവന്റെ നര വീണ തലമുടിയിൽ നിന്നും താടിയിൽ നിന്നുമൊക്കെ വെള്ളം ഇറ്റിറ്റ് വീഴുന്നുണ്ട്
ഇപ്പൊ... വിശ്വാസമായോ.....
പ്രാന്തൻ.....തെണ്ടി.....കുരങ്ങൻ... എന്നു പറഞ്ഞ് കൊണ്ടാണ് അവൾ വേഗം എഴുന്നേറ്റ് അവന്റെ അടുക്കലേക്ക് ചെന്നത്
ഹ...ഹ..ഹ.കണ്ടോ ഇപ്പോൾ നീ സ്കൂൾ കുട്ടിയായി അല്ലേൽ ഒരു ഗസറ്റഡ് ടീച്ചറുടെ വാക്കുകളാണോയിത്...
കാറ്റിലാടുന്ന പലകമേൽ പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുമ്പോഴും ചിരിച്ചു കൊണ്ടവൻ ചോദിച്ചു.
മീന ഇരുകൈകളും അവനു നേരെ നീട്ടി...
പിടിച്ചു കയറുവാനായി
കൺമുന്നിൽ പുണരുവാനെന്നോണം നീണ്ടു നിൽക്കുന്ന ആ കൈകൾ ഒരു കാലത്ത് താൻ ഒരു സ്പർശനം മോഹിച്ചിരുന്ന വിരലുകൾ മഴത്തുള്ളികൾ ചെറുതായി പൊഴിഞ്ഞു തുടങ്ങി പുലരിയിലെ പുൽക്കൊടികളിൽ മഞ്ഞു തുള്ളികൾ പറ്റിയിരിക്കുന്നത് പോലെയവളുടെ കൈകളിലെ രോമങ്ങളിൽ മഴത്തുള്ളികൾ തങ്ങിനിൽക്കുന്നത് കണ്ടപ്പോൾ പണ്ട് അവൾക്കിട്ടു കൊടുത്ത പേര് ഓർത്തു കൊണ്ടവൻ പറഞ്ഞു ജടായു കൈകൾ മാറ്റ് പെണ്ണേ ഞാൻ കയറിക്കൊള്ളാം.
മഴ ശക്തിയായി പെയ്തു തുടങ്ങി നീ എന്തിനാ മഴ നനയുന്നത് അകത്തേക്ക് പൊയ്ക്കൊള്ളു മീന ഇരുവശങ്ങളിലേക്കും കൈകൾ വിടർത്തി പിടിച്ചു നിന്ന് ആകാശത്തു നിന്നുള്ള സ്നേഹത്തുള്ളികളെ മുഖമുയർത്തി സ്വീകരിച്ചു കൊണ്ടവൻ ഉറക്കെ പറയുന്നുണ്ടായിരുന്നു.
കൈയ്യുയർത്തി നിൽക്കുന്നതിനാൽ ഷർട്ടിലെ ബട്ടൺസുകളിളകി നെഞ്ചിലെ നരച്ച രോമങ്ങൾക്കിടയിൽ മായാതെ കിടക്കുന്ന രണ്ടക്ഷരമുള്ള തന്റെ പേര് പൊള്ളലേറ്റാരു മുറിവ് ഉണങ്ങിയ അടയാളം പോൽ ഒരു ഇടിമിന്നലിന്റെ വെളിച്ചത്തിലവൾ കണ്ടു
വർഷങ്ങൾക്ക് മുൻപുള്ള അവന്റെ ആ പ്രവൃത്തി അറിഞ്ഞപ്പോൾ താൻ അവന് കൊടുത്ത പേരാണ് പ്രാന്തൻ.
ആ അടയാളം ഇതുവരെ മാഞ്ഞു പോയില്ലേ....
പഴയകാല ഓർമ്മതൻ വേദനയിലോ അറിയില്ല കണ്ണുകൾ നിറഞ്ഞവൾ ആ സ്വന്തം നാമത്തിലേക്ക് തൊടാനായി വിരലുകൾ നീട്ടി.
മഴ രണ്ടു പേരെയും നനച്ച് കൊണ്ട് തകർത്ത് പെയ്യുന്നുണ്ടായിരുന്നു
അകത്തേക്ക് പൊയ്ക്കോ വെറുതെ നനയണ്ട ആ വിരൽ തുമ്പുകൾ സ്പർശിക്കുന്നതിന് മുൻപ് തന്നെ പുറകോട്ട് മാറിയവൻ കൈകളിലെ മഴവെള്ളം അവളുടെ മുഖത്തേയ്ക്ക് തെറിപ്പിച്ചു കൊണ്ട് പറഞ്ഞു.
മഴ നിനക്കിഷ്ടമല്ലേ പണ്ടേ അത് എനിക്കുമറിയാം ഞാനും നനയട്ടെ നിന്റെ ഇഷ്ടങ്ങൾക്കായി അവൾ അങ്ങനെ പറഞ്ഞുവെങ്കിലും ഇരു കൈകളും ചുമലിൽ ചേർത്തു പിടിച്ച് താടി കൂട്ടിയിടിക്കുന്നുണ്ടായിരുന്നു
എന്നാലെ അങ്ങനിപ്പൊ എനിക്കിഷ്ടമുള്ളതിനൊന്നും കൊച്ച് കൂട്ടുനിൽക്കണ്ട കേട്ടോ തല തുവർത്തി അകത്ത് പോയി വേഷം മാറിക്കോ പനി പിടിപ്പിക്കണ്ട.... അവൻ വീണ്ടുമാവർത്തിച്ചു.
മഴ മാറി ശാന്തമായിട്ടുണ്ട് ചെറിയ കാറ്റിൽ വള്ളം ഉലയുമ്പോൾ വശങ്ങളിലെ പലകയിൽ വെള്ളം വന്ന് തട്ടി ഒരു താളത്തിലത് സംഗീതമാകുന്നുണ്ട്
ഭാര്യയും മക്കളും ഒക്കെ സുഖമായിരിക്കുന്നോ എങ്ങനെ വിദേശ പൗരത്വവും ബിസ്സിനസ്സും ജീവിതവുമൊക്കെ
വേഷം മാറി കുളിച്ച് മുടി വിടർത്തിയിട്ട് നെറ്റിയിലൊരു ഭസ്മക്കുറിയും ചോദ്യവുമായി അവൾ വന്നപ്പോൾ അവനും വേഷം മാറി ആ സന്ദർശക മുറിയിലെ ചൂരൽ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു
എന്തു പറയാനാ സുഖം ബിസ്സിനസ്സ് എല്ലാം മക്കൾ നോക്കുന്നു ഒരാൾ തന്റെ പങ്കാളിയെ അവിടെ തന്നെ നോക്കി വച്ചു. അടുത്തയാളും അങ്ങനെ തന്നെ ആകാനാണ് സാധ്യത
സാറ എന്നും ഓരോരോ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്നു എന്നെയും മക്കളെയും തീറ്റിച്ച് പരീക്ഷിക്കുന്നു കൂടാതെ അവിടത്തെ മലയാളി മഹിള സംഘടനയുടെ പ്രസിഡന്റും ഒക്കെയാണ് ഈ ഞാൻ വീട്ടിൽ വെറുതെ സാറയുടെ രുചി കൂട്ടുകളുടെ പരീക്ഷണത്തിന്റെ ഇരയായി ഒതുങ്ങിക്കൂടുന്നു
അവൻ പറഞ്ഞു നിർത്തി.
ചെറു പുഞ്ചിരിയോടവൾ അത് കേട്ടിരിന്നിട്ട് പറഞ്ഞു തുടങ്ങി
എന്റെ കൂട്ടീസ് രണ്ടും ഒരാൾ കല്യാണം കഴിഞ്ഞു അവനും ഡോക്ടറാണ് രണ്ടുപേരും മെഡിക്കൽ കോളേജിലാണ് ഇളയ ആൾ സിവിലിന് പഠിക്കുവാണ്
അച്ഛനെ പോലെ അവളുടെയും നീലക്കണ്ണുകളാണ്
ചേട്ടൻ വി.. ബുക്ക്സ് പബ്ലിക്കേഷൻസ് MD ആണ്. അവളും പറഞ്ഞു നിർത്തി പിന്നെ വീണ്ടും തുടർന്നു കഴിഞ്ഞ മാസം അവിടെ യു എസ്സിൽ ഒരു ബുക്ക് ഷോപ്പ് മേള ഉണ്ടായിരുന്നല്ലോ നമ്മുടെ ഷോപ്പും ഉണ്ടായിരുന്നു ചേട്ടൻ കുറച്ച് ദിവസം അവിടെ ഉണ്ടായിരുന്നു.
കായലിന് നടുവിൽ ഒരു ദിനം നിന്റെ കൂടെ എന്റെ സ്വപ്നം ആയിരുന്നു
പണ്ട് ഒരു ക്രിസ്തുമസ്സിന് ഞാൻ നിനക്കൊരു കാർഡ് അയച്ചിരുന്നു കുറച്ച് കവിതകളടങ്ങിയ കടലാസ്സുകളോടെ ഓർക്കുന്നുണ്ടോ...
സംസാരിച്ചു കൊണ്ടിരുന്ന വിഷയത്തിൽ നിന്ന് മാറിയാണ് അവന്റെ ചോദ്യം വന്നത്
പിന്നില്ലേ അവളുടെ മുഖം പ്രസന്നമായി മകൾക്ക് പ്രേമലേഖനം വാങ്ങാൻ ആദ്യമായി പൈസ തരുന്ന അമ്മയായിരിക്കും എന്റെ അമ്മ അതിൽ ഒട്ടിച്ചിരുന്ന സ്റ്റാമ്പുകൾ എങ്ങനെയോ പോയതു കാരണം അമ്മ പൈസ തന്ന് പോസ്റ്റ്മാന് കൊടുത്ത് ആ കത്ത് വാങ്ങി പൊട്ടിച്ചു
വായിക്കേണ്ടി വന്നു....
അമ്മയുടെ മുന്നിൽ വച്ച്
കവിതകൾ ആയിരുന്നു കായലും തോണിയുമൊക്കെയായി ഞാൻ ഓർക്കുന്നു
അവനും അത് കേട്ട് ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടിയത് പോലെ കുറച്ച് നേരം കണ്ണുകളടച്ചിരുന്നു..
എന്ത്പറ്റി പഴയ കാലം അയവിറക്കുവാണോ
ഏയ് സന്തോഷം കൊണ്ടായിരിക്കും നെഞ്ചിലൊരു വേദന...
കൊള്ളാം വയസ്സാൻ കാലത്ത് കായലിന്റെ നടുവിൽ ചുമ്മാ പേടിപ്പിക്കല്ലേ പ്രാന്താ...
നിന്റെ കണ്ണൻ ചേട്ടനോട് എന്താണ് നീ പറഞ്ഞിരിക്കുന്നത് ഇന്ന് അവൻ കണ്ണുകളടച്ചു കൊണ്ട് തന്നെ ചോദിച്ചു.
അൽപ്പസമയം മറുപടി ഒന്നും വന്നില്ല എന്റെ കൂട്ടുകാരിയുടെ വീട് ഇതിനടുത്താണ് അവിടെ പോകുന്നു എന്ന് പറഞ്ഞാണ് വന്നിരിക്കുന്നത് നിന്റെ ഒരൊറ്റ സന്ദേശത്തിന്റെ പുറത്ത്
എന്നെ ഒരുപാട് സ്നേഹിക്കുന്ന നിന്റെ ഈ ആഗ്രഹത്തിനായി മാത്രം
അവൾ പറഞ്ഞു നിർത്തിയിട്ട് ചോദിച്ചു
സാറയ്ക്ക് അറിയാമോ
ഇല്ല......പെട്ടെന്ന് തന്നെ അവൻ മറുപടിയും കൊടുത്തിട്ട് ചോദിച്ചു
നമ്മൾ തമ്മിൽ കള്ളങ്ങൾ പറഞ്ഞിട്ടുണ്ടാകുമോ മീന....
ഒന്നു ചിന്തിക്കും പോലവളുടെ ചോദ്യവും മറുപടിയും വന്നു
ഉണ്ടാകുമോ...
ആകെ രണ്ടു ദിവസമാണ് മുപ്പത്തെട്ട് വർഷങ്ങൾക്കിപ്പുറം നമ്മൾ സംസാരിച്ചത് ഒന്ന് പുലരും വരെ കുറെ സന്ദേശങ്ങളായും പിന്നെ ഇന്നും ഇതിൽ കള്ളം പറയാൻ എവിടെ സമയം ഇനിയും പോകുമ്പോൾ ചിലപ്പോൾ പറയുമായിരിക്കും അവൾ പറഞ്ഞു
അതിന് ഇനി നമ്മൾ കാണുമോ കസേരയിൽ ചാരി കണ്ണുകളടച്ചിരുന്ന അവൻ നിവർന്നു വിരലുകൾ കൊണ്ട് കണ്ണുകൾ രണ്ടും അമർത്തി തുടച്ചു കൊണ്ട് ചോദിച്ചു.
അതെന്താ അങ്ങനെ ചോദിച്ചെ...
എപ്പോൾ വേണമെങ്കിലും സംസാരിക്കാമല്ലോ ഒന്നു വിളിച്ചാൽ പോരെ ഇപ്പൊ എന്തൊക്കെ സൗകര്യങ്ങളാണ് ഉള്ളത് എല്ലാരുമായി വരൂ ഇനി നാട്ടിലേക്കൊക്കെ ഒരു ദിനം അവളിങ്ങനെ പറഞ്ഞപ്പോഴേക്കും അവൻ എഴുന്നേറ്റു അകലെ ഇരുട്ടിലേക്ക് നോക്കിയുള്ള സംസാരത്തിലെ ശബ്ദം പതിഞ്ഞതായിരുന്നു
എന്തോ അറിയില്ല ഇവിടത്തെ സൗകര്യങ്ങളൊക്കെ അവിടെ ഉണ്ടാകുമോ എന്ന് സമയം നേരം പുലരാറായി മീന കുറച്ച് നേരം ഉറങ്ങിക്കൊള്ളു അവൻ വാച്ചിലേക്ക് നോക്കി പറഞ്ഞു
രണ്ടുപേർക്കിടയിൽ കുറച്ച് നേരം മൗനമായി കടന്നു പോയി
നിന്റെ ആഗ്രഹങ്ങൾ ഒക്കെ തീർന്നോ ആ മൗനം മുറിച്ച്കൊണ്ടവളുടെ ചോദ്യത്തിൽ ഒരു പ്രണയത്തിന്റെ മധുരമാർന്ന ശബ്ദമുണ്ടായിരുന്നോ
മൗനം അവർ രണ്ടു പേർക്കിടയിൽ മൂന്നാമതൊരാളായിക്കഴിഞ്ഞു
ഒരാഗ്രഹവും കൂടി ഉണ്ട് നീ രണ്ടുവരി പാടി കേൾക്കണം ഒന്നു പാടാമോ
എഴുന്നേറ്റ് നടന്നു കൊണ്ടവൾ
നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ പുനർജനിക്കുമോ.....
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ..
എന്ന വരികൾ പാടി കൊണ്ടവന്റെ മുന്നിലെത്തി നിന്നു.
ആ നാലു കണ്ണുകൾ തമ്മിൽ മൗനങ്ങളായി നിറഞ്ഞു നിന്നു
ചുണ്ടുകൾ പറയാതെയെന്തോ വിതുമ്പി
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ....
അവളെ പറഞ്ഞു മുഴുമിപ്പിക്കാൻ അവൻ അനുവദിച്ചില്ല ഒരു നൂലിട വ്യത്യാസത്തിൽ അവന്റെ ചൂണ്ടുവിരൽ അവളുടെ ചുണ്ടുകളെ തടുത്തു ആ വിരലിലെ ചൂട് ആ ചുണ്ടുകൾ അറിയുന്നുണ്ടായിരുന്നു
ഒരു സ്പർശനമേൽക്കാതെ തന്നെ
അരുത് ഇങ്ങനെയുള്ള വാക്കുകൾ കേൾക്കാൻ കൊതിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു
ഇനി വേണ്ട ഇനിയും എത്ര ജന്മങ്ങൾ ഉണ്ടെങ്കിലും നീ എനിക്ക് നഷ്ടമാകണം
കണ്ണൻ ചേട്ടനു നീ സ്വന്തമാകണം നീലക്കണ്ണുകളുള്ള കുഞ്ഞുങ്ങളെ പ്രസവിക്കണം നഷ്ടപ്രണയിനിയായി തന്നെ നിന്നെയും നെഞ്ചിലേറ്റി കൊണ്ടെനിക്ക് യാത്രയാകണം സ്വന്തമാക്കി ആ പ്രണയം നഷ്ടപ്പെടുമോ എന്ന് ഭയക്കുന്നു ഞാനിന്ന്
എന്നെന്നുമെനിക്ക് താലോലിക്കണം ഈ പ്രണയം ഒരിക്കലുമവസാനിക്കാതെ ഈ മനസ്സിലിട്ട്...
പുലരിയാകുന്നു മീന കുറച്ച് നേരം ഉറങ്ങിക്കൊള്ളു അവൻ പറഞ്ഞു നിർത്തി
കായലോളങ്ങൾ തൊട്ടിലാട്ടുന്ന വള്ളത്തിനുളളിൽ ഉറങ്ങുന്ന അവൾക്ക് കാവലായി നക്ഷത്രങ്ങൾക്ക് രണ്ടു വരി പാട്ടും സമ്മാനിച്ചുകൊണ്ടവനും ഉറങ്ങാതെ ഉറങ്ങി
ഒരു വശം കായലും മറുവശത്ത് നിന്ന് കായലിനെ ചുംബിക്കാൻ ചാഞ്ഞു നിൽക്കുന്ന തെങ്ങുകൾ വിരിച്ച തണൽ നിറഞ്ഞ റോഡിലെ കാഴ്ചകൾ ആസ്വദിച്ച് പോകുന്ന കാറിനുള്ളിലെ യാത്രയിലെ മൗനം ഭഞ്ജിച്ച് കൊണ്ട് മീന പറഞ്ഞുതുടങ്ങി നിനക്കൊരു കാര്യം കേൾക്കണോ എന്റെ എല്ലാ പിറന്നാളിനും ഓരോ ആശംസാ കഥകൾ പ്രസ്സിലേക്ക് വരാറുണ്ട്.
പണ്ട് കൂടെ പഠിച്ച കൂട്ടുകാരെ കൊണ്ട് ആശംസകൾ പറയിപ്പിക്കുന്നതും ഒരെഴുത്ത് ഗ്രൂപ്പിലെ ആൾക്കാരെ കൊണ്ട് ആശംസകൾ പറയിപ്പിക്കുന്നതും പിന്നെ എന്റെ ഇഷ്ട എഴുത്തുകാരിയായ മാധവിക്കുട്ടിയെ കൊണ്ട് എന്നെ ഫോണിൽ വിളിപ്പിക്കുന്നതുമായ പല പല കഥകൾ വർഷങ്ങളായി വരും ഇതുവരെ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല ചേട്ടനത് വീട്ടിൽ കൊണ്ട് വന്ന് എന്നെ കാണിക്കാറുണ്ടായിരുന്നു കഥാപാത്രത്തിന് ഇട്ടിരിക്കുന്ന പേരിൽ ഒരക്ഷരം മാറ്റിയാൽ ഇത് നിനക്കല്ലേ ഇനി നിനക്ക് വേണ്ടി ആരെങ്കിലും എഴുതുന്നതാണോ എന്ന് ചോദിക്കും നിനക്ക് കുറച്ച് എഴുത്തിന്റെ അസുഖമുണ്ടായിരുന്നതാണല്ലോ സത്യത്തിൽ അത് നീ അല്ലെ അയയ്ക്കുന്നത് സത്യം പറ... അവൾ ഉത്തരത്തിനായി അവന്റെ മുഖത്തേയ്ക്ക് നോക്കി ഡ്രൈവിംങ്ങിൽ ശ്രദ്ധിച്ചു ദൂരേയ്ക്ക് നോക്കി തന്നെ അവൻ പറഞ്ഞു
എന്റെ എഴുത്ത് രോഗമെല്ലാം അന്ന് നീ എന്റെ കായലും തോണിയുമൊക്കെയുള്ള അക്ഷരങ്ങൾ നിറഞ്ഞ
കടലാസ്സ് കീറിക്കളഞ്ഞപ്പോൾ മരിച്ചു പോയില്ലേ ആ അക്ഷരങ്ങൾ കീറി മുറിഞ്ഞ് വേദനിച്ച് ചോര വാർന്നത് അന്ന് നിനക്ക് കാണുവാനായില്ലലോ അതെല്ലാം അന്നവിടെ മരിച്ചു.
എവിടാണ് കൂട്ടുകാരിയുടെ വീട് കായൽ കണ്ണിൽ നിന്ന് മറഞ്ഞ് കാർ മറ്റൊരു റോഡിലേക്ക് കയറി
ആ കാണുന്ന നീല ഗേറ്റിന് മുന്നിൽ നിർത്തു അവളുടെ മറുപടിയായി അവിടെയെത്തി നിന്നു മീന ഇറങ്ങി
ഒരു യാത്ര പറച്ചിൽ വേണ്ട മനു നമ്മൾ ഇനിയും കാണും ഇല്ലേ
മറുപടി പറയാതെ അവളെ നോക്കി ഇരുന്ന ആ കണ്ണുകൾ പറയുന്നു ഇനി ഒരിക്കലും നമ്മൾ കാണില്ല അതുകൊണ്ട് നിന്റെ ഈ മുഖം ഒരിക്കലും മായാതെ ഈ കണ്ണിനകത്ത് ഒപ്പിയെടുത്തോട്ടെ ഞാൻ ആ കാർ അകലേക്ക് മറയുന്നതും നോക്കി നിന്നിട്ടവൾ ഗേറ്റ് തുറന്നു അകത്തേയ്ക്ക് കയറി
മീനമ്മയുടെ കൂട്ടുകാരന് സന്തോഷമായോ വർഷങ്ങളായി നിന്റെ മനസ്സിലുണ്ടായിരുന്ന ആ ഒരു നൊമ്പരം മാറിക്കിട്ടിയല്ലോ അല്ലേ വീട്ടിലേക്കുള്ള യാത്രയിൽ മൗനമായിരുന്ന മീനയുടെ നെറ്റിയിലേക്കലസമായി വീണു കിടന്നിരുന്ന വെള്ളി രോമങ്ങൾ മാടിയൊതുക്കി കൊണ്ടവൻ ചോദിച്ചു
മറുപടി ഒരു മൗനമായി അവൾ ആ നീലക്കണ്ണുകളിലേക്ക് നോക്കി അവന്റെ നെഞ്ചിലേക്ക് ചേർന്നപ്പോൾ ഒരു കൈ കൊണ്ടവൻ ആ നെഞ്ചിലേക്ക് ചേർത്തു പിടിച്ചാ നിറുകയിലേക്കാ ചുണ്ടുകൾ ഒരു സ്നേഹം സമ്മാനിച്ചു
മക്കൾ രണ്ടു പേരും ഇന്നലെ വിളിച്ചപ്പോൾ ചോദിച്ചു അമ്മ എവിടെ എന്ന് ഞാൻ പറഞ്ഞു കൂട്ടുകാരിയുടെ വീട്ടിലാണ് നാളെ വരുമെന്ന് കണ്ണൻ മീനയുമായി വീടിനു മുന്നിൽ കാർ നിർത്തുമ്പോൾ പറഞ്ഞു. അതു കേൾക്കാത്ത പോലെ മൗനമായി ഇരിക്കുന്ന അവളെ അവൻ തട്ടിയുണർത്തി ഹലോ വീടെത്തി ഗേറ്റ് തുറക്കൂ മേഡം മീന പുറത്തിറങ്ങി ഗേറ്റു തുറന്നു നിന്നു.
മനു ഫോൺ ഓണാക്കിയതും സാറ എന്നെഴുതിയ പേരിൽ കാൾ വന്നു അവൻ ഫോണെടുത്തു
ഹലോ ചേട്ടാ മീനമ്മയെ കണ്ടോ സംസാരിച്ചോ കായൽ ദിനം എങ്ങനുണ്ടായിരുന്നു നാളെ ഇവിടെത്തുമോ ഡോക്ടർ അനിരുദധ് എന്നും വിളിയാണ് ഒരാഴ്ചയ്ക്കകം സർജറി വേണമെന്ന് പറയുന്നു ഒന്നും പേടിക്കാനില്ലെന്ന് ചേട്ടൻ ഇന്നലെയും ഇന്നുമൊക്കെ മരുന്ന് കൃത്യമായി കഴിച്ചായിരുന്നല്ലോ അല്ലേ....
ഒറ്റ ശ്വാസത്തിലുള്ള ചോദ്യങ്ങളും സംസാരവും
എന്റെ സാറാമ്മേ നീ നിർത്ത് ഞാൻ മറ്റന്നാൾ അവിടത്തും ഇപ്പോൾ എയർപ്പോർട്ടിലേക്ക് പോകുവാണ്...
കഴിക്കാൻ മറന്നുപോയ മരുന്നുകൾ നിറച്ച ബോക്സ് എവിടെ ആണെന്ന് ചിന്തിച്ചു കൊണ്ടാണത് പറഞ്ഞത് പിന്നെ.. ചേട്ടാ ചേട്ടൻ വരുമ്പോഴേ ഞാൻ കപ്പ കൊണ്ടൊരു സ്പെഷ്യൽ ഉണ്ടാക്കുന്നുണ്ടേ...
ശരി....ശരി... കാൾ വരുന്നു ഞാൻ പിന്നെ വിളിക്കാം കാൾ കട്ട് ചെയ്തിട്ട് നോക്കുമ്പോൾ രണ്ട് മെസ്സേജുകൾ വന്നിരിക്കുന്നു ഒന്ന് ഡോക്ടർ അനിരുദധ്
സർജറി ഒരാഴ്ചയ്ക്കകം ചെയ്യണം അല്ലേൽ പിന്നെ സാധ്യതയില്ലെന്നും മരുന്ന് ഒരു നേരം പോലും മുടങ്ങരുതെന്നും മുടങ്ങിയാൽ പിന്നെ ഒരു ശതമാനം പോലും രക്ഷപെടില്ലെന്നും സാറയോട് ഇതുവരെ ഇതിന്റെ സീരിയസ്സ്നസ്സ് പറഞ്ഞിട്ടില്ലെന്നുമുള്ള ഒരു സന്ദേശം ഇതു കണ്ട് കഴിക്കാൻ മറന്നുപോയ ടാബ്ലറ്റ്സ് എവിടെ പോയി എന്നവൻ ചിന്തിക്കുമ്പോഴേക്കും
ആയുസ്സ് നീണ്ടു കിട്ടാനും ചൂണ്ടയിൽ കുടുങ്ങാതിരിക്കാനുമാകണം കായലിനടിയിൽ മീനുകൾ കലഹം കൂടി അത് കൊത്തിതിന്ന് തീർക്കുന്ന മത്സരത്തിലായിരുന്നു.
ഒരു ചിരിയോടയവൻ അടുത്ത മെസ്സേജിലേക്ക് പോയി
അമേരിക്കയുടെ ഫ്ലാഗിന്റെ ചിത്രം കാണുന്നതിന് അടുത്തായി
V... Books publications എന്നെഴുതിയ ഷോപ്പിനു മുന്നിലായി നീലക്കണ്ണുകളുള്ള ഒരാളുമായി കെട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു പ്രൊഫൈൽ പിക്ച്ചർ ഇട്ടിരിക്കുന്ന വാട്സ്ആപ്പ് സന്ദേശം ഇങ്ങനെയായിരുന്നു
സർജറി ചെയ്യണം ഒന്നും സംഭവിക്കില്ല എന്നിട്ട് തിരികെ വരണം ഒരുദിനം എല്ലാപേരുമായി വീട്ടിലേക്ക് മീനയുടെ ഒരു പിറന്നാൾദിനത്തിന്.
മനു അയച്ച മീനയുടെ പിറന്നാൾ സർപ്രൈസ് കഥകളെല്ലാം ചേർത്ത് ഒരു ബുക്ക് ആക്കി വയ്ക്കുന്നുണ്ട് ഞാൻ മീനയ്ക്ക് ശരിക്കുമുള്ള ഒരു സർപ്രൈസിനായി ഈ ഒരു ദിനത്തിലെ കഥകളും അതിനുണ്ടായ വഴികളും കൂടെ ചേർത്ത് അന്ന് അവൾക്ക് നൽകാം വാക്ക് ഞാൻ പാലിച്ചിരിക്കുന്നു നിന്റെ വരവ് വരെ നൊമ്പരമാകുന്ന മറ്റ് കഥകളൊന്നും അവളറിയില്ല മിത്രമെ..
ശുഭയാത്ര...
മൊബൈലിൽ കളിച്ചിരിക്കാതെ വണ്ടി എടുക്ക് ഗേറ്റും തുറന്ന് പിടിച്ചിരിക്കുന്ന മീനയുടെ ശബ്ദം കേട്ട് അത് താഴെ വച്ച് കാർ മുന്നോട്ടെടുക്കുമ്പോൾ ഒരു മറുപടി സന്ദേശം അതിലേക്കായി വന്നു
ഞാനും വാക്കുപാലിച്ചിട്ടുണ്ട്....
വിരൽതുമ്പുപോലും............................
തിരികെ വരുമോ എന്നറിയില്ല...
നമ്മളെ കൂട്ടിമുട്ടിച്ച വിധി നല്ല മനസ്സുള്ള ഒരു സുഹൃത്തിനെ കൂടെ മനസ്സിൽ ചേർത്തു തന്നു അതു സമ്മാനിച്ച നിധി പോലുള്ള കുറെ ഓർമ്മകളുമായി ഞാൻ യാത്രയാകുന്നു....
നന്ദി...
ആകാശത്തുകൂടെ കടന്നുപോയ വിമാനത്തിലേക്ക് കണ്ണനും മീനയും നോക്കി നിന്നു ആ വിമാനം ദൂരേയ്ക്കേകന്ന് ഒരു പൊട്ടു പോലായി മാറി
ഇനിയും ഒരു ദിനത്തിനായി എന്നെങ്കിലുമൊരിക്കൽ അവൻ തിരികെ വരുമെന്ന പ്രതീക്ഷയോടെ....
ഒരാൾ കഥയറിഞ്ഞും ഒരാൾ കഥയറിയാതെയും
ജെ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo